
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറം 2025-ല്‍ സംസാരിക്കവെയാണ് ജയശങ്കര്‍ ഈ വിഷയങ്ങളില്‍ പ്രതികരിച്ചത്.
'ഡൊണാള്‍ഡ് ട്രംപിനെ പോലെ, പരസ്യമായി വിദേശനയങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു യുഎസ് പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല. അതുതന്നെ ഒരു വ്യതിയാനമാണ്, അത് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രസിഡന്റ് ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയില്‍നിന്ന് വളരെ വ്യത്യസ്തമാണ്. വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങള്‍ക്ക് ട്രംപ് തീരുവകള്‍ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്.' ജയശങ്കര്‍ പറഞ്ഞു.
'ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയില്‍ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരായ യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ല.' ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് മുമ്പ്, റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ബിസിനസ് അനുകൂല അമേരിക്കന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകള്‍ മറ്റുള്ളവരെ ബിസിനസ്സ് ചെയ്യുന്നതിന് കുറ്റപ്പെടുത്തുന്നത് തമാശയാണ്.' അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള വ്യാപാരം ഒരു തര്‍ക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്നും ജയശങ്കര്‍ ഊന്നിപ്പറഞ്ഞു.
'ഇന്ത്യയില്‍നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് വാങ്ങരുത്. ആരും നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല. യൂറോപ്പ് വാങ്ങുന്നു, അമേരിക്ക വാങ്ങുന്നു, അതിനാല്‍ നിങ്ങള്‍ വാങ്ങണമെന്നില്ല. നിങ്ങള്‍ക്കിത് ഇഷ്ടമല്ലെങ്കില്‍, വാങ്ങരുത്.' റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലിനെക്കുറിച്ച് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ ഈ തീരുമാനം ദേശീയവും ആഗോളവുമായ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യുഎസുമായി ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍, അടിസ്ഥാനപരമായി ഞങ്ങള്‍ക്ക് ചില ചുവപ്പുവരകളുണ്ട്. ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ആരും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് അവ ഇപ്പോഴും തുടരുകയാണ്. ആളുകള്‍ പരസ്പരം സംസാരിക്കുന്നുണ്ട്. അവിടെ ഒരു പിണക്കവുമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ആ ചുവപ്പുവരകള്‍ പ്രധാനമായും നമ്മുടെ കര്‍ഷകരുടെയും ഒരു പരിധി വരെ നമ്മുടെ ചെറുകിട ഉത്പാദകരുടെയും താല്‍പര്യങ്ങളാണ്.' അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group