
ന്യൂഡൽഹി: ബിഹാറിൽ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓൺലൈനായും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച 11 രേഖകളിൽ ഏതെങ്കിലുമോ അല്ലെങ്കിൽ ആധാറോ സമർപ്പിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അതേസമയം, ഒഴിവാക്കപ്പെട്ടവരുടെ പേര് ചേർക്കാനോ അവകാശവാദമുന്നയിക്കാനോ രാഷ്ട്രീയപ്പാർട്ടികളാരും രംഗത്തുവരാത്തതിൽ കോടതി ആശ്ചര്യംപ്രകടിപ്പിച്ചു. ബിഹാറിലെ അംഗീകൃത രാഷ്ട്രീയപ്പാർട്ടികളെക്കൂടി കക്ഷിചേർക്കാൻ ഉത്തരവിട്ട്, വോട്ടർമാരെ പേരുചേർക്കാൻ സഹായിച്ചതിൻ്റെ വിവരങ്ങൾ സമർപ്പിക്കാനും അവരോട് കോടതി ആവശ്യപ്പെട്ടു. ബിഹാറിലെ തീവ്ര വോട്ടർ പട്ടികപരിഷ്‌കരണത്തോട് (എസ്ഐആർ) പാർട്ടികൾ സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവർത്തിച്ചതിനെത്തുടർന്നാണ് നടപടി. കേസ് സെപ്റ്റംബർ എട്ടിന് വീണ്ടും പരിഗണിക്കും.
ബിഎൽഎമാരുടെ രസീതുകൾ സമർപ്പിക്കണം
വിവിധ രാഷ്ട്രീയപ്പാർട്ടികൾക്കായി 1.6 ലക്ഷം ബൂത്തുതല ഏജൻറുമാർ (ബിഎൽഎ) ഉണ്ടായിട്ടും കരടുപട്ടികയിൻമേൽ രണ്ട് എതിർപ്പുകൾമാത്രമാണ് ഇതുവരെ സമർപ്പിച്ചത് എന്നതിൽ സുപ്രീംകോടതി ആശ്ചര്യം രേഖപ്പെടുത്തി. അതേസമയം, ബിഎൽഎമാർ എതിർപ്പ് സമർപ്പിക്കുമ്പോൾ ബൂത്തുതല ഉദ്യോഗസ്ഥർ (ബിഎൽഒ) രസീതുകൾ നൽകുന്നില്ലെന്ന് പാർട്ടികൾ ചൂണ്ടിക്കാട്ടി. തുടർന്ന്, ബിഎൽഎമാർ സമർപ്പിച്ച അപേക്ഷകളുടെ രസീതുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കരടിൽ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കാരണങ്ങൾ സഹിതം പാർട്ടികൾക്ക് കൈമാറിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു. എന്നാൽ, ഇതുവരെ ആരും എതിർപ്പുന്നയിച്ചില്ല. രണ്ടുലക്ഷം പുതിയ വോട്ടർമാർ അപേക്ഷ നൽകി. പാർട്ടികളാരും എതിർപ്പുന്നയിക്കുകയോ കേസിൽ കക്ഷിചേരുകയോ ചെയ്‌തിട്ടില്ലെന്ന് ദ്വിവേദി പറഞ്ഞപ്പോൾ ആർജെഡി നേതാവ് മനോജ് ഝായ്ക്കുവേണ്ടിയാണ് താൻ ഹാജരാകുന്നതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ എംഎൽ തുടങ്ങിയവർക്കുവേണ്ടിയാണ് താനെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വിയും പറഞ്ഞു.
കുടിയേറ്റത്തൊഴിലാളികളായി ഒട്ടേറെപ്പേർ സംസ്ഥാനത്തിന് പുറത്താണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ അറിയിച്ചു. പല പാർട്ടികൾക്കും എല്ലാ മണ്ഡലത്തിലും ബിഎൽഎമാരില്ല. ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷപാർട്ടിയായ ആർജെഡിക്ക് പകുതി മണ്ഡലങ്ങളിലും ബിഎൽഎമാരില്ലെന്നും ഭൂഷൺ പറഞ്ഞു. തുടർന്നാണ് ഓൺലൈനായി അപേക്ഷ നൽകാമെന്നും ആധാറും സമർപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്. ആധാർ നൽകാമെന്ന് നേരത്തേ വ്യക്തമാക്കിയെങ്കിലും ബൂത്തുതല ഉദ്യോഗസ്ഥർ അത് സ്വീകരിക്കുന്നില്ലെന്ന് ഹർജിക്കാർ ആരോപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group