
ന്യൂഡൽഹി: അപ്രതീക്ഷിതമായി അണുബോംബ് പ്രയോഗിച്ചതുപോലെയാണ് വിവാദ ബില്ലുമായി മോദിസർക്കാർ ലോക്‌സഭയിലെത്തിയത്. ജനാധിപത്യവിരുദ്ധമെന്ന് വിമർശിച്ച് പ്രതിപക്ഷം ചെറുക്കാൻ ശ്രമിച്ചെങ്കിലും അമിത് ഷാ ആയുധംതൊടുത്തു. ഇരുതലമൂർച്ചയുള്ള ഈ ആയുധത്തിന്റെ പ്രധാനലക്ഷ്യം പ്രതിപക്ഷവേട്ടയാണ്. രണ്ടാമത്തെ ലക്ഷ്യം വോട്ടുവിവാദ ആരോപണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കലും. പാർലമെന്റിന്റെ മഴക്കാല സമ്മേളനം അവസാനിക്കാൻ ഒരുദിവസംമാത്രം ബാക്കിനിൽക്കെ നാടകീയമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിയത്. ജമ്മു കശ്‌മീർ പുനഃസംഘടനാ ബില്ലും ഭാരതീയ ന്യായ സംഹിതയ്ക്കായുള്ള ഭേദഗതി ബില്ലും കൊണ്ടുവന്നതിന് സമാനമായി അവിചാരിതമായ കരുനീക്കമായിരുന്നു പുതിയ വിവാദ ബില്ലിന് പിന്നിലും.
മറ്റുരണ്ട് മുൻ ബില്ലുകളും അവതരണവേളയിലാണ് പ്രതിപക്ഷം അറിഞ്ഞതെങ്കിൽ, ഇക്കുറി തലേന്നുരാത്രി വൈകി സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തി പുറംലോകത്തെ അറിയിച്ചാണ് കൊണ്ടുവന്നതെന്ന വ്യത്യാസമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈ മൂന്നുബില്ലും അവതരിപ്പിച്ചത്. എൻഡിഎ സർക്കാരിൻ്റെ ആദ്യബില്ലുകളൊക്കെ ബിജെപിയുടെ പ്രത്യക്ഷ രാഷ്ട്രീയനിലപാടുകളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെയും പകർപ്പുകളായിരുന്നതിനാൽ വലിയ അതിശയത്തിന് ഇടമില്ല. ചൊവ്വാഴ്ച്‌ച ലോക്‌സഭയിൽ അവതരിപ്പിച്ച 130-ാമത് ഭരണഘടനാഭേദഗതി ബിൽ അങ്ങനെയല്ല. 'രാജ്യത്തെ ജനാധിപത്യം ഈ ഭേദഗതിയോടെ അവസാനിക്കു'മെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിമർശനം ബില്ലിൻ്റെ ഉള്ളടക്കം വെളിവാക്കുന്നു.
ദുരുപയോഗസാധ്യത ഏറെ
കടമ്പകൾ ഏറെയുണ്ടെങ്കിലും ഇത് നിയമമായാൽ വലിയ ദുരുപയോഗത്തിന് കാരണമായേക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെ, അതിനായി പുതിയ ഒരായുധംകൂടി പുറത്തിറക്കിയെന്ന തോന്നലാണ് പ്രതിപക്ഷക്യാമ്പിലുള്ളത്.
ബില്ലിന്റെ പരിധിയിൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ന്യായീകരണം ഭരണപക്ഷം ഉയർത്തുന്നുണ്ടെങ്കിലും ഇവരെ ആരെയും കോടതി നിർദേശമോ സർക്കാരിൻ്റെ അനുമതിയോ ഇല്ലാതെ അന്വേഷണ ഏജൻസികൾക്ക് തൊടാനാകില്ല. ഈ ഏജൻസികളിൽനിന്ന് സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും സംരക്ഷണം കിട്ടുന്നുമില്ല.
പെട്ടെന്നുള്ള കാരണങ്ങൾ
കേസിൽ കുടുങ്ങിയിട്ടും വിവിധ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ പ്രതിപക്ഷനിരയ്ക്ക് ഊർജംപകരുന്നത് ബിജെപിയെ അലോസരപ്പെടുത്തുന്നു. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ മദ്യനയക്കേസിൽ ജയിലിലായിട്ടും മുഖ്യമന്ത്രിക്കസേര കൈവിട്ടില്ല. ജയിലിൽ കിടന്ന് ഭരിച്ചും രാഷ്ട്രീയംപറഞ്ഞും കെജ്രിവാൾ പാർട്ടിയെയും സർക്കാരിനെയും നയിച്ചു. തമിഴ്‌നാട് മന്ത്രി വി. സെന്തിൽ ബാലാജി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്റ്റാലിൻ അദ്ദേഹത്തെ മന്ത്രിപദത്തിൽനിന്ന് നീക്കാത്തത് ഗവർണറുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഭൂമികുംഭകോണക്കേസിൽ ഇഡി അറസ്റ്റുചെയ്യുന്നതിന് ഒരുദിവസംമുൻപാണ് ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബുസോറൻ രാജിവെച്ചത്.
വിവാദബിൽ അവതരിപ്പിച്ച അമിത് ഷാ 2010-ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായി. അതിനുമുമ്പ് ഷാ രാജിവച്ചു എന്നത് വിമർശനങ്ങൾക്ക് ബിജെപിയുടെ തടയാണ്.
ആരോപണങ്ങൾക്ക് പരിച
വോട്ടുകവർച്ച ആരോപണമുയർത്തി രാഹുൽ ഗാന്ധിയും ഇന്ത്യസഖ്യവും നടത്തുന്ന പ്രചാരണങ്ങൾക്കുള്ള പരിചകൂടിയാണ് ബിജെപിക്ക് ഈ വിവാദ ബിൽ രാഹുലിന്റെറെ റാലി, പ്രതിപക്ഷനിരയിലെ ഐക്യം തുടങ്ങിയ ഘടകങ്ങളെ പുകമറയിലാക്കാൻ ബില്ലിലൂടെ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group