
ന്യൂഡൽഹി: പതിനഞ്ച് കഴിഞ്ഞ മുസ്‌ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യാൻ ബാലാവകാശ കമ്മിഷന് എന്തുകാര്യമെന്നും ജസ്റ്റിസ് ബി.വി. നാഗര അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. 18 തികയാത്ത പെൺകുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാവില്ലെന്നിരിക്കേ, വ്യക്തിനിയമത്തിൻ്റെ മാത്രം പിൻബലത്തിൽ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും തുറന്നുവെക്കണമെന്ന കമ്മിഷന്റെ ആവശ്യവും കോടതി തള്ളി. ഇതിൽ നിയമപ്രശ്‌നമൊന്നും ബാക്കിനിൽക്കുന്നില്ലെന്നും അത് ഉചിതമായ കേസിൽ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിർദേശിച്ചു.
ഹൈക്കോടതികൾ പറഞ്ഞത്
മുസ്ലിം നിയമപ്രകാരം, പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാൻ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയും ഡൽഹി ഹൈക്കോടതിയും വിധിച്ചിരുന്നു. മുസ്ലിം നിയമപ്രകാരം വിവാഹിതരായ 16-കാരിയും 21-കാരനും വീട്ടുകാരിൽനിന്ന് സുരക്ഷ തേടിയെത്തിയപ്പോഴാണ് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ, സർ ദിൻഷാ ഫർദുൻജി മുല്ലയുടെ 'പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ'യുടെ 195-ാം അനുച്ഛേദപ്രകാരം പ്രത്യുത്പാദനശേഷി (പ്യൂബർട്ടി) കൈവരുന്ന പ്രായമായാൽ വിവാഹിതരാകാമെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി പറഞ്ഞു. അത് തെളിയിക്കാനാവാത്തപക്ഷം 15 വയസ്സ് തികഞ്ഞാൽമതി. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാൾക്കെതിരേ വീട്ടുകാർ പോക്സോ കേസ് നൽകിയിരുന്നു.
ഋതുമതിയായ പെൺകുട്ടി ഇഷ്ടമുള്ളയാൾക്കൊപ്പം ശാരീരികബന്ധത്തിലേർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പെൺകുട്ടി പിന്നീട് ഗർഭിണിയാവുകയും ചെയ്തതിനാൽ ഇവരെ വേർപിരിക്കുന്നത് അവരുടെ കുഞ്ഞിനേയും കുഴപ്പത്തിലാക്കുമെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. അതേസമയം, ബലാത്സംഗമാണ് നടന്നതെങ്കിൽ മുസ്‌ലിം വ്യക്തിനിയമപ്രകാരം 'പ്രായപൂർത്തി'യായി എന്നത് പോക്സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പതിനാറുകാരിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതിന് പോക്സോ കുറ്റം ചുമത്തപ്പെട്ട മുസ്ലിംയുവാവിൻ്റെ വാദമാണ് ഹൈക്കോടതി തള്ളിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group