ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം; ബിജെപി ലക്ഷ്യം തമിഴകരാഷ്ട്രീയം, സ്റ്റാലിന്റെ പിന്തുണ തേടി രാജ്‌നാഥ്

ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം; ബിജെപി ലക്ഷ്യം തമിഴകരാഷ്ട്രീയം, സ്റ്റാലിന്റെ പിന്തുണ തേടി രാജ്‌നാഥ്
ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം; ബിജെപി ലക്ഷ്യം തമിഴകരാഷ്ട്രീയം, സ്റ്റാലിന്റെ പിന്തുണ തേടി രാജ്‌നാഥ്
Share  
2025 Aug 19, 10:28 AM
PAZHYIDAM
mannan


ന്യൂഡൽഹി: തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന ആർഎസ്എസ്-ബിജെപി നേതാവ് സി.പി. രാധാകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പിക്കാൻ ബിജെപി അണിയറനീക്കങ്ങൾ തുടങ്ങി.

മത്സരം ഒഴിവാക്കി സമവായം എന്ന ബിജെപിയുടെ നിർദേശം ഇന്ത്യസഖ്യം തള്ളിയിട്ടുണ്ട്. എന്നാൽ, ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു ഒബിസി വിഭാഗം നേതാവിനെ രംഗത്തിറക്കിയതിലൂടെ പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കുകയും തമിഴ്നാട് രാഷ്ട്രീയത്തിൽ വേരോട്ടമുണ്ടാക്കുകയുമാണ് ബിജെപി ലക്ഷ്യം. തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയുടെ നിലപാട് ശ്രദ്ധേയമായിരിക്കും.


സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനുമുൻപ്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതും സ്റ്റാലിനും രാധാകൃഷ്ണനും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും ഇക്കാര്യത്തിൽ നിർണായകമാണ്. രാജ്‌നാഥ് സിങ്ങിന് സ്റ്റാലിൻ ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകിയില്ലെന്നാണ് സൂചന.


വിപ്പ് ബാധകമല്ലാത്ത ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടികൾക്കിടയിൽ കളംമാറിയുള്ള വോട്ടിങ്ങിനുള്ള സാധ്യതകളും ബിജെപി ആരായുന്നുണ്ട്. അതേസമയം, ഇരുപക്ഷത്തും നിലയുറപ്പിക്കാത്ത ആന്ധ്രാ പാർട്ടി വൈഎസ്ആർ കോൺഗ്രസ്, രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചു.


ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ ജയിക്കാനാവശ്യമായ ഭൂരിപക്ഷം എൻഡിഎയ്ക്കുണ്ട്. എന്നാൽ, ആശയപരമായ പോരാട്ടമുയർത്തി കടുത്ത മത്സരം നൽകാനാണ് ഇന്ത്യസഖ്യത്തിന്റെ നീക്കം.


തമിഴകത്ത് ബിജെപിക്ക് ഇതുവരെ പച്ചപിടിക്കാനായിട്ടില്ല. എങ്കിലും ശ്രമങ്ങൾ കൈവിടാൻ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നില്ലെന്നതിന്റെ സൂചനയാണ് രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വം. ഡിഎംകെ അടക്കമുള്ള തമിഴ്‌നാട്ടിൽനിന്നുള്ള പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കാൻ ബിജെപി ഇതിനെ ഉപയോഗിക്കും. ഡിഎംകെയെ മയപ്പെടുത്തുകയെന്നത് ഇന്ത്യസഖ്യത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെ പദ്ധതികളിലൊന്നാണ്. രാധാകൃഷ്ണനെ എതിർത്താൽ, തമിഴ്‌നാട്ടിൽനിന്നുള്ള ഒരാൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്നതിനെ ഡിഎംകെ അടക്കമുള്ള തമിഴ് പാർട്ടികൾ എതിർക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കും. ബിജെപി തന്ത്രത്തിന് ബദലായി തമിഴ്‌നാട്ടിൽനിന്നുതന്നെയുള്ള ഉപരാഷ്ട്രപതി സ്ഥാനാർഥിയെ രംഗത്തിറക്കാൻ ഇന്ത്യസഖ്യവും ശ്രമിക്കുന്നുണ്ട്.


ഇതിനിടെ, ചെറുകിട പാർട്ടികളുടെ പിന്തുണ തേടാനുള്ള നീക്കവും അണിയറയിലുണ്ട്. ബിജെഡി, ബിഎസ്‌പി, ബിആർഎസ് തുടങ്ങിയ പാർട്ടികളുടെ മനസ്സ് വ്യക്തമല്ല. അതിനിടെ, എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായ മഹരാഷ്ട്രാ ഗവർണർ സി.പി രാധാകൃഷ്ണൻ തിങ്കളാഴ്ച ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ഭൂപേന്ദർ യാദവ്, പ്രഹ്ലാദ് ജോഷി എന്നിവർ ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.


സ്റ്റാലിന്റെ പിന്തുണ തേടി രാജ്‌നാഥ് സിങ്


ചെന്നൈ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണനുവേണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ പിന്തുണ തേടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്‌നാഥ് സിങ് സ്റ്റാലിനുമായി ഫോൺ സംഭാഷണം നടത്തി.


കഴിഞ്ഞയാഴ്ച സി.പി. രാധാകൃഷ്ണൻ ചെന്നൈയിൽ സ്റ്റാലിനെ കണ്ടിരുന്നു. ആശുപത്രിയിലായിരുന്ന സ്റ്റാലിന്റെ രോഗവിവരം തിരക്കാനായിരുന്നു സന്ദർശനം എന്നായിരുന്നു രാധാകൃഷ്ണന്റെ വിശദീകരണം. എന്നാൽ, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പേര് നേരത്തേ പ്രതീക്ഷിച്ചിരുന്നെന്നും കൂടിക്കാഴ്ചയ്ക്കുള്ള കാരണം ഇതായിരിക്കാമെന്നും ഡിഎംകെ ഉന്നതവൃത്തങ്ങൾ പറയുന്നു. ആർ. വെങ്കിട്ടരാമനുശേഷം തമിഴ്‌നാട്ടിൽനിന്ന് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയാകാൻ തയ്യാറെടുക്കുമ്പോൾ ഭരണകക്ഷി കൂടിയായ ഡിഎംകെയുടെ തീരുമാനം നിർണായകമാണ്.


ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് തീരുമാനിക്കുക സ്റ്റാലിനായിരിക്കുമെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പ്രതികരിച്ചു. ഇന്ത്യസഖ്യത്തിന്റെ പൊതുനിലപാടിന് അനുസരിച്ചായിരിക്കും ഡിഎംകെയുടെയും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിലപാടിൽ മാറ്റംവരുത്തേണ്ട എന്നുള്ള തരത്തിലാണ് ഡിഎംകെയുടെ തീരുമാനമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.


തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ഒബിസി വിഭാഗത്തിൽപ്പെടുന്ന തമിഴ്‌നാട്ടിലെ പ്രബലമായ ഗൗണ്ടർ സമുദായത്തിൽപ്പെട്ടയാളാണ്. രണ്ടുതവണ കോയമ്പത്തൂരിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ ഝാർഖണ്ഡ് ഗവർണറായി നിയമിതനായ അദ്ദേഹം 2024 ജൂലായിൽ മഹാരാഷ്ട്ര ഗവർണറായി. തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം 21 ആണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒന്നിൽക്കൂടുതൽ പേർ മത്സരരംഗത്തുണ്ടാവുകയാണെങ്കിൽ സെപ്റ്റംബർ ഒൻപതിനു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam