
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഞായറാഴ്ച നടത്തിയ പത്രസമ്മേളനം ഉത്തരം നല്‍കിയതിനേക്കാള്‍ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളും സ്റ്റാലിന്‍ ഉന്നയിച്ചു:
1. വീടുകള്‍തോറുമുള്ള പരിശോധന നടത്തുമ്പോള്‍ ഇത്രയധികം വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നത് എങ്ങനെ?
2. വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരുടെ പേരുചേര്‍ക്കുന്നത് അസാധാരണമാംവിധം കുറവാണ്. യോഗ്യതാ തീയതിയില്‍ 18 വയസ് തികഞ്ഞ യുവ വോട്ടര്‍മാരുടെ എണ്ണം ശരിയായി രേഖപ്പെടുത്തിയിരുന്നോ? ഇത് പരിശോധിക്കുന്നതിനായി ഏതെങ്കിലും ഡാറ്റാബേസ് ഉണ്ടോ?
3. 1960-ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള അന്വേഷണവും രണ്ട് തവണകളായുള്ള അപ്പീലുകളും ഉള്‍പ്പെടെ നടക്കുമ്പോൾ ബിഹാര്‍ തിരഞ്ഞെടുപ്പിൽ നിരവധി വോട്ടര്‍മാർ ഒഴിവാക്കപ്പെട്ടേക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് പരിഹാരം കാണുമോ?
4. മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നടത്തുമ്പോഴുള്ള ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുമോ?
5. 2025 മെയ് ഒന്നിലെ വിജ്ഞാപനം പ്രകാരം മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കാന്‍ ഡിഎംകെ 2025 ജൂലൈ 17-ന് സമര്‍പ്പിച്ച അപേക്ഷ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
6. വോട്ടറുടെ അവകാശവാദം സാധൂകരിക്കുന്നതിനുള്ള രേഖകളില്‍ ഒന്നായി ആധാര്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല?
7. നീതിപൂര്‍വമായ തിരഞ്ഞെടുപ്പുകളാണ് യഥാര്‍ഥത്തില്‍ കമ്മിഷന്റെ ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് അത് കൂടുതല്‍ സുതാര്യവും വോട്ടര്‍ സൗഹൃദവുമാക്കാന്‍ കഴിയുന്നില്ല?
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിന് മറുപടിയായി ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍രെ വാര്‍ത്താ സമ്മേളനം. ഒന്നര മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രധാന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ല. ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുരയില്‍ ഒരു ഇടുങ്ങിയ വീട്ടില്‍ നൂറോളം വോട്ടുകള്‍ എങ്ങനെ വന്നു, ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി കാണിച്ച് എന്തിന് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് കമ്മിഷന്‍ ഉത്തരം നല്‍കിയിരുന്നില്ല. മറിച്ച് രാഹുല്‍ ഗാന്ധിയോട് ഏഴ് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ മാപ്പ് പറയുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുലിന്റെ ആരോപണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് വാര്‍ത്താ സമ്മേളനത്തിലുടനീളം കമ്മിഷന്‍ ശ്രമിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group