
ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനക്കാര്യത്തിൽ ഗവർണറും സർക്കാരും തമ്മിൽ തർക്കം നീളുന്നതിനിടെ സെർച്ച് കമ്മിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി.
വിസി നിയമനത്തിന് ചുരുക്കപ്പട്ടികയുണ്ടാക്കാനായി കോടതിയിടപെട്ട് രൂപവത്കരിക്കുന്ന അഞ്ചംഗസമിതിയിലെ ബാക്കിയംഗങ്ങളെ സർക്കാരും ചാൻലസറായ ഗവർണറും നൽകിയ പട്ടികയിൽനിന്ന് നിയമിക്കാം. രണ്ടു സർവകലാശാലകൾക്കുമായി വെവ്വേറെ സെർച്ച് കമ്മിറ്റികളോ സംയുക്തകമ്മിറ്റിയോ ആകാമെന്നും അക്കാര്യങ്ങൾ അധ്യക്ഷന് തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
യുജിസി പ്രതിനിധികളെ ഒഴിവാക്കി
സർക്കാർ എതിർത്തതിനെത്തുടർന്ന് കമ്മിറ്റിയിൽ യുജിസി പ്രതിനിധികളെ ഒഴിവാക്കി. പ്രതിസന്ധി തീർക്കാൻ ഇരുകക്ഷികളും സഹകരിക്കണമെന്ന് തിങ്കളാഴ്ചയും കോടതിയിൽ കൈകൂപ്പി ജസ്റ്റിസ് പർദിവാല അഭ്യർഥിച്ചു. വിദ്യാർഥികൾ കഷ്ട്‌ടപ്പെടരുതെന്ന് ജസ്റ്റിസ് മഹാദേവനും നിരീക്ഷിച്ചു.
ബംഗാളിൽ സമാനപ്രശ്‌നമുണ്ടായപ്പോൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സമിതിയെ പ്രശ്നപരിഹാരത്തിന് നിയമിച്ചത് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ചെയർപേഴ്‌സണായി ജഡ്‌ജിയെ നിയമിക്കണമെന്നും അതല്ലെങ്കിൽ കമ്മിറ്റിയിൽ ഗവർണർക്ക് മേൽക്കൈ ലഭിക്കുമെന്നും വാദിച്ചു. തുടർന്നാണ് ഓഗസ്റ്റിൽ വിരമിച്ച ജസ്റ്റിസ് ധുലിയയെ കമ്മിറ്റിയുടെ ചെയർപേഴ്സണായി നിയമിച്ചത്
കോടതി പറഞ്ഞത്
* രണ്ടാഴ്ചയ്ക്കുള്ളിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കണം
* സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് നാലാഴ്‌ച സമയം നൽകി വിസി നിയമനത്തിന് പരസ്യംചെയ്യണം
അപേക്ഷകൾ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സെലക്‌ഷൻ കമ്മിറ്റിക്ക് കൈമാറണം.
കുറഞ്ഞത് മൂന്നാളുടെ ചുരുക്കപ്പട്ടികയുണ്ടാക്കണം
* പേരുകളുടെ അക്ഷരമാലാ ക്രമത്തിൽ സർക്കാരിന് നൽകണം
വിയോജിപ്പുണ്ടെങ്കിൽ അതും ചേർത്ത് മുൻഗണനാക്രമത്തിൽ പേരുകൾ മുഖ്യമന്ത്രിക്ക് നിർദേശിക്കാം
ഒരുമാസത്തിൽ നടപടിക്രമം പൂർത്തിയാക്കണം
* സംസ്ഥാന സർക്കാർ ആറാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം
ജസ്റ്റിസ് ധൂലിയക്ക് ഓഫീസ് നൽകണം
സെർച്ച് കമ്മിറ്റിയുടെ ഓരോ സിറ്റിങ്ങിനും ജസ്റ്റിസ് സുധാംശു ധൂലിയക്ക് മൂന്നുലക്ഷം രൂപ ഓണറേറിയം നൽകണം. തിരുവനന്തപുരത്ത് ഓഫീസും യാത്രാസൗകര്യങ്ങളും അനുവദിക്കണം. ഔദ്യോഗിക വാഹനം നൽകണം. അദ്ദേഹം വഹിച്ചിരുന്ന ഭരണഘടനാ പദവിക്ക് യോജ്യമായ പരിഗണന നൽകണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group