
ഔറംഗബാദ്(ബിഹാർ): വോട്ടുകവർച്ചയ്ക്കുള്ള ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും പുതിയ ആയുധമാണ് എസ്ഐആറെന്നും (വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്‌കരണം) ഒരു വ്യക്തിക്ക് ഒരു വോട്ടെന്ന അവകാശം സംരക്ഷിക്കാനായി അതിനെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ വോട്ടവകാശ യാത്രയുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരുകൂട്ടം ആളുകളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ച്‌ചയിൽ പങ്കെടുത്തവർക്കൊപ്പമെടുത്ത ഫോട്ടോ പങ്കുവെച്ച രാഹുൽ, വോട്ടുകവർച്ചയുടെ ജീവിക്കുന്ന തെളിവാണിവരെന്നും പറഞ്ഞു. ഇവരെല്ലാവരും 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തവരാണ്. എന്നാൽ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും അവരുടെ വ്യക്തിത്വവും അസ്തിത്വവും ഇന്ത്യയിലെ ജനാധിപത്യത്തിൽനിന്ന് തുടച്ചുനീക്കപ്പെട്ടെന്ന് രാഹുൽ ആരോപിച്ചു. വോട്ടു നഷ്‌ടപ്പെട്ടവരെയും രാഹുൽ പരിചയപ്പെടുത്തി.
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും ഗൂഢാലോചനയിൽ പാവപ്പെട്ടവനും തൊഴിലാളിയും ശിക്ഷിക്കപ്പെടുകയാണെന്നും സൈനികനെപ്പോലും വെറുതേവിടുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
കഴിഞ്ഞ നാലഞ്ചു തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്‌തവരുടെ വോട്ടുകളും ബിഹാറിൽ മോഷ്ടിക്കപ്പെട്ടതായി രാഹുൽ ചൂണ്ടിക്കാട്ടി.
തന്റെ വാർഡിൽ 650 വോട്ടാണുള്ളതെന്നും എന്നാലവിടെ വോട്ടുകൾ ചേർത്ത് ആയിരത്തിന് മുകളിലാക്കിയെന്നും കൂടിക്കാഴ്‌ചയ്ക്കെത്തിയ ഒരാൾ പറഞ്ഞു. വോട്ടു ചേർക്കപ്പെട്ടവർ വാർഡിലുള്ളവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്റെ യാത്രയുടെ രണ്ടാം ദിനം ഔറംഗബാദിൽനിന്ന് തുടങ്ങി. യാത്രയുടെ രണ്ടാം ദിനത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം രാഹുൽഗാന്ധി ദേവ്‌കുണ്ഡ് സൂര്യക്ഷേത്രത്തിൽ ദർശനം നടത്തി. സെപ്റ്റംബർ ഒന്നിനാണ് 1300 കിലോമീറ്റർ യാത്ര സമാപിക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group