
ഇന്ത്യന്‍ വ്യവസായികളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠ നിറഞ്ഞ ദിവസങ്ങളാണ് മുന്നില്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% പകരത്തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പൊതുവേയുള്ള 10% ഇറക്കുമതി തീരുവ കൂടി കണക്കിലെടുമ്പോള്‍ ആകെ 35 ശതമാനമാണ് ഇന്ത്യ നേരിടുന്നത്. ഇതിനു പുറമേ, റഷ്യയില്‍നിന്നു എണ്ണ വാങ്ങുന്നതിനു ശിക്ഷാതീരുവ ഏര്‍പ്പെടുത്താനും അമേരിക്ക ആലോചിക്കുന്നുണ്ട്. പക്ഷേ, അമേരിക്കയ്ക്കു കൂടുതല്‍ അനുകൂലമായ കരാര്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള തന്ത്രമായി തീരുവഭീഷണിയെ കണ്ടാല്‍ മതിയെന്നും ഇനിയും ചര്‍ച്ചകള്‍ക്കു സമയമുണ്ടെന്നും കരുതുന്നവരാണ് വിദഗ്ധരിലേറെയും.
ഇന്ത്യയുടെ പ്രതികരണം വളരെ അളന്നുമുറിച്ചായിരുന്നു. ദേശീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് വിദേശമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അതിനെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം- വിരട്ടലിനു വഴങ്ങുന്ന പ്രശ്നമില്ല അല്ലെങ്കില്‍, ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇനിയും സമയമുണ്ട്. പ്രകോപനപരമായ രീതിയിലാണ് ട്രംപ് സംസാരിക്കുന്നതെങ്കിലും ഇന്ത്യ സംയമനം വെടിയാന്‍ തയ്യാറല്ലെന്നു വ്യക്തമാണ്. ഓഗസ്റ്റ്‌ഒന്നു മുതലാണ് പുതിയ തീരുവ. നേരത്തെ, വ്യാപാരചര്‍ച്ചകളില്‍ മന്ത്രി പിയൂഷ് ഗോയല്‍ നയിച്ച ഇന്ത്യന്‍ സംഘം കാര്‍ഷിക, ക്ഷീരോല്‍പ്പന്ന, സൂക്ഷ്മ. ചെറുകിട, ഇടത്തരം മേഖലകളുടേതടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല.
ഇന്ത്യയിലെ തീരുവകള്‍ വളരെ കൂടുതലാണെന്നും ലോകത്തിലേക്കും വലിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും പറയുന്ന ട്രംപ് റഷ്യയെയും വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെയും റഷ്യയുടെയും 'ജീവനറ്റ സമ്പദ് വ്യവസ്ഥകള്‍' ഒരുമിച്ചു നശിക്കുന്നെങ്കിലാകട്ടെ എന്ന രീതിയില്‍ അദ്ദേഹം പോസ്റ്റിട്ടു. മറ്റൊരു പോസ്റ്റില്‍ പാകിസ്താനുമായി വ്യാപാരക്കരാറില്‍ ഒപ്പുവെച്ചെന്നും അവിടെ സംയുക്തമായി എണ്ണ പര്യവേക്ഷണം നടത്തുമെന്നും ചിലപ്പോള്‍ ഇന്ത്യക്ക് പാകിസ്താന്‍ എണ്ണ വില്‍ക്കുന്ന കാലം വരുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ രണ്ടുദിവസം ഇന്ത്യയുടെ പാര്‍ലമെന്റില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചകളും ട്രംപിനെ പ്രകോപിപ്പിച്ചിരിക്കാം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലെ വ്യോമത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തതിനു പിന്നാലെ താനാണ് ഇരുരാജ്യങ്ങളെയും വെടിനിര്‍ത്തലിന് നിര്‍ബന്ധിതമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ നിഷേധിച്ചെങ്കിലും പിന്നീട് പലതവണ അദ്ദേഹം അതാവര്‍ത്തിച്ചു. ട്രംപ് കള്ളം പറയുകയാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം പാര്‍ലമെന്റിലെ ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സൈനിക തീരുമാനങ്ങളെ ഒരു വിദേശനേതാവും സ്വാധീനിച്ചിട്ടില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും വേണ്ടിവന്നാല്‍ അതിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കാന്‍ തയ്യാറാണെന്നുമുള്ള സൂചനയാണ് ഇന്ത്യയുടെ പ്രതികരണത്തില്‍ കാണുന്നത്.
ഓഗസ്റ്റിൽ ഒരു അമേരിക്കന്‍ പ്രതിനിധിസംഘം വ്യാപാരചര്‍ച്ചക്കായി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അവിടെവച്ച് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയണം. ശശി തരൂര്‍ എംപി സൂചിപ്പിച്ചതുപോലെ ഈ തീരുവ പ്രഖ്യാപനം ചര്‍ച്ചയില്‍ അമേരിക്കയ്ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ വേണ്ടിയുള്ള ഭീഷണി മാത്രമാകാം. അങ്ങനെയല്ലെങ്കില്‍ കൂടി, ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ മാത്രമല്ല, തിരിച്ചടിക്കാനുമാവും. തിരിച്ചടിത്തീരുവ ചുമത്താനും അമേരിക്കയുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കാനും 'ബ്രിക്സ്' സംഘടനയെ ശക്തിപ്പെടുത്താനും ഡോളറിനു വെല്ലുവിളി ഉയര്‍ത്താനുമൊക്കെ.
ഇന്ത്യയുടെ വ്യാപാരമിച്ചവും അമേരിക്കയുടെ 'നഷ്ടവും'
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 2024-ലെ കണക്കനുസരിച്ച് 8,700 കോടി ഡോളര്‍ ആയിരുന്നു. അമേരിക്കയ്ക്ക് 4,580 കോടി ഡോളറിന്റെ വ്യാപാരക്കമ്മി. അധികാരമേറ്റ കാലത്ത് 26% അധികത്തീരുവ ചുമത്തുമെന്നായിരുന്നു ഈ വര്‍ഷമാദ്യം ട്രംപ് ഭീഷണിപ്പെടുത്തിയത്. ഇന്ത്യ വളരെ ഉയര്‍ന്ന തീരുവകളാണ് ചുമത്തുന്നതെന്ന് തുടക്കംമുതലേ അദ്ദേഹം പറയുന്നുണ്ട്. ഏതാണ്ട് 12 ശതമാനമാണ് ഇന്ത്യയിലെ ശരാശരി ഇറക്കുമതി തീരുവ. ചില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇത് 36 ശതമാനത്തോളമാണ്. ഇതുകൂടാതെ ഇറക്കുമതിക്കുള്ള ഗുണനിലവാര നിബന്ധനകള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള നികുതി തുടങ്ങിയ തടസ്സങ്ങളുമുണ്ട്. അധികത്തീരുവ ഭീഷണി ഇന്ത്യയുടെ കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളായ വസ്ത്രങ്ങള്‍, മരുന്ന്, രത്നം, ആഭരണം, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകളെ കാര്യമായി ബാധിക്കാനിടയുണ്ട്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധികത്തീരുവ കാരണം വില വര്‍ധിക്കുന്നത് അമേരിക്കയില്‍ അവയുടെ ഡിമാന്‍ഡ് കുറയ്ക്കും. സമാനമേഖലകളില്‍ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന തീരുവ താരതമ്യേന കുറവാണെന്നതും നമ്മുടെ മത്സരക്ഷമതയെ ബാധിക്കും. ജപ്പാന് 15%, വിയറ്റ്നാമിന് 20%, ഇന്‍ഡോനേഷ്യക്ക് 19% എന്ന ക്രമത്തിലാണ് തീരുവകള്‍. ചൈനയില്‍നിന്നും ഉല്‍പ്പാദന, വിതരണ ശൃംഖലകള്‍ മാറ്റുന്നതിന്റെ ഭാഗമായി ആപ്പിളും ഫോക്സ്‌കോണുമൊക്കെ ഇന്ത്യയിലേക്ക് ഫാക്ടറികള്‍ മാറ്റുന്ന സമയത്താണ് ട്രംപിന്റെ ഇരുട്ടടി. ഇന്ത്യയെ വലിയൊരു ഉല്‍പ്പാദനകേന്ദ്രമാക്കാനുള്ള ശ്രമങ്ങളെ ഇതു ബാധിച്ചേക്കും. അധികത്തീരുവ നീണ്ടുനിന്നാല്‍ കയറ്റുമതിയെ കാര്യമായി ആശ്രയിക്കുന്ന ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാകാം. വസ്ത്ര കയറ്റുമതി ലാഭകരമല്ലാതായാല്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളെ ബാധിക്കും.
അധികത്തീരുവ അമേരിക്കന്‍ ഉപയോക്താവിനും കനത്ത അടിയാണ്. ഉയര്‍ന്ന തീരുവ ഉപഭോക്തൃവിലകളെ വര്‍ദ്ധിപ്പിക്കും. അത് പണപ്പെരുപ്പം മാത്രമല്ല, ഭരണകൂടത്തോടുള്ള അസംതൃപ്തിയും വളര്‍ത്തും. 2026-ല്‍ ഇടക്കാല തിരഞ്ഞെടുപ്പുള്ളതാണ്. ഇന്ത്യന്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന അമേരിക്കന്‍ ബിസിനസുകള്‍- പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍സ് പോലുള്ളവ- വിഷമത്തിലാവും. ഭൗമരാഷ്ട്രീയപരമായി നോക്കിയാല്‍ ചൈനയ്ക്കും റഷ്യക്കും അരികിലേക്ക് ഇന്ത്യയെ കൂടുതല്‍ തള്ളിവിടുന്നത് അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷേ, അത് സംഭവിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഇന്‍ഡോ പസിഫിക്ക് മേഖലയില്‍ ചൈനീസ് സ്വാധീനം കുറയ്ക്കാനുള്ള അമേരിക്കന്‍ നീക്കങ്ങളെ അത് തളര്‍ത്തും. ഇന്ത്യ സമാനമായ തീരുവകളുമായി തിരിച്ചടിച്ചാല്‍ അമേരിക്കന്‍ കയറ്റുമതിക്കാരും വലിയ നഷ്ടം സഹിക്കേണ്ടിവരും. അതായത്, ട്രംപിന്റെ തീരുവനീക്കം വിന്‍-വിന്‍ അല്ല, ലോസ്-ലോസ് പരിപാടിയാണ്!
ഇന്ത്യയ്ക്കു മുന്നിലെ പോംവഴികള്‍
അമേരിക്കയിലേക്ക് കയറ്റുമതി നടന്നില്ലെങ്കില്‍ ചില നഷ്ടങ്ങളുണ്ടാവുമെന്നതില്‍ സംശയമില്ല. പക്ഷേ, നഷ്ടം പരമാവധി കുറയ്ക്കാന്‍ രാജ്യത്തിനാവും. ഈയിടെ യുകെയുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ പോലെ മറ്റു നിരവധി കരാറുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ശ്രീലങ്ക, ഭൂട്ടാന്‍, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, സിംഗപ്പുര്‍, മലേഷ്യ, ജപ്പാന്‍, ആസ്ത്രേലിയ, യുഎഇ, നോര്‍വേ, സ്വിറ്റ്സര്‍ലൻഡ്, അയര്‍ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുകള്‍ ഒപ്പുവെച്ചുകഴിഞ്ഞു. വൈകാതെ, യൂറോപ്യന്‍ യൂണിയനും കനഡയുമായൊക്കെ കരാര്‍ ഒപ്പിടാനിരിക്കുന്നു. ചൈനയും റഷ്യയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തി സാമ്പത്തികമായ ചെറുത്തുനില്‍പ്പ് മെച്ചപ്പെടുത്തുക, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെ ശക്തിപ്പെടുത്തി അതിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള വഴികള്‍ പരിശോധിക്കണം.
ഇതിനെക്കാള്‍ പ്രധാനം സമാനമനസ്‌കരായ രാജ്യങ്ങളെയും ബ്രിക്സ്, ആസിയാന്‍ പോലുള്ള കൂട്ടായ്മകളെയും കൂടെ നിര്‍ത്തുന്നതാണ്. ഇന്ത്യയും ചൈനയും റഷ്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും അടങ്ങുന്ന സഖ്യം വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറിയത് വളരെ പെട്ടെന്നാണ്. അതിന് നേതൃത്വം കൊടുത്തത് ഇന്ത്യയും. ബ്രികസ് സ്വന്തം കറന്‍സിയെക്കുറിച്ച് ആലോചിക്കുന്നതു തന്നെ ട്രംപിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ആ കറന്‍സി നിലവില്‍ വന്നാല്‍ ഡോളറിന്റെ മേല്‍ക്കൈ നഷ്ടമാവുമെന്നു 'ലോക പോലീസ്' ഭയക്കുന്നു. ബ്രിക്സിലെ പ്രധാനരാജ്യങ്ങളൊക്കെ വലിയ പകരത്തീരുവകളാണ് നേരിടുന്നത്. ചൈന 30%, ദക്ഷിണാഫ്രിക്ക 31%, ബ്രസീല്‍ 50%. റഷ്യയുടെ കാര്യം പറയേണ്ടല്ലോ. അവിടെ പാശ്ചാത്യ ഉപരോധങ്ങളുടെ പൂരമാണ്! തുല്യദുഃഖിതരുടെ കൂടാരമാണ് ഇന്ന് ബ്രിക്സ്. യൂറോപ്യന്‍ യൂണിയന്‍ പോലും ട്രംപിന്റെ വിരട്ടിനു മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ എതിര്‍ത്തു നിന്ന പ്രധാനരാജ്യങ്ങള്‍ 'ബ്രിക്സ്' അംഗങ്ങളായത് യാദൃച്ഛികമല്ല.
ഉറച്ച തീരുമാനമെടുക്കാന്‍ ഇന്ത്യയെ സഹായിക്കുന്നത് രാജ്യത്തെ അതിശക്തമായ ആഭ്യന്തരവിപണിയാണ്. നമ്മള്‍ ഉത്പാദിപ്പിക്കുന്നതിന്റെ അറുപതു ശതമാനത്തിലധികവും ഇവിടെത്തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. മറ്റൊന്ന് വാങ്ങല്‍ശേഷിയിലെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി, പിപിപി) കരുത്താണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 4.19 ലക്ഷം കോടി ഡോളറുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. പക്ഷേ, ആ പണം കൊണ്ട് രാജ്യത്ത് വാങ്ങാവുന്ന സാധനങ്ങളുടെ/ സേവനങ്ങളുടെ മൂല്യം 17.6 ലക്ഷം കോടി ഡോളറാണ്. ഐഎംഎഫിന്റെ ഈ ഉദ്ദേശക്കണക്കുപ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ചൈനയും (40.7 ട്രില്യന്‍) അമേരിക്കയും (30.5 ട്രില്യന്‍) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലും. ഇന്ന് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യക്ക് തിരിച്ചടികളുണ്ടായാലും തരണം ചെയ്യാനുള്ള ശേഷിയുണ്ട്.
(കടപ്പാട്: മാതൃഭൂമി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group