എൻ ഐസാർ ഭ്രമണപഥത്തിൽ

എൻ ഐസാർ ഭ്രമണപഥത്തിൽ
എൻ ഐസാർ ഭ്രമണപഥത്തിൽ
Share  
2025 Jul 31, 10:00 AM
mannan

ചെന്നൈ: ബഹിരാകാശ ഗവേഷണമേഖലയിൽ ഇന്ത്യയുടെയും അമേരിക്കയുടെയും അപൂർവ സഹകരണത്തിൻ്റെ വിജയംകുറിച്ച് ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻ ഐസാർ വിക്ഷേപിച്ചു, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെൻ്ററിൽനിന്ന് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എൽവി-എഫ് 16 റോക്കറ്റാണ് 2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.


ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹത്തെ 19 മിനിറ്റിനുള്ളിൽ ഭൂമിയിൽനിന്ന് 740 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. നിശ്ചിത ലക്ഷ്യത്തിലും വെറും മൂന്നു കിലോമീറ്റർ മാത്രംതാഴെയാണ് ഇതെന്നും 20 കിലോമീറ്റർ വരെ വ്യത്യാസം അനുവദനീയമാണെന്നും അദ്ദേഹം പറഞ്ഞു. സൗരസ്ഥിര ഭ്രമണപഥത്തിലേക്കുള്ള ജിഎസ്എൽവിയുടെ ആദ്യ വിക്ഷേപണമാണ് ഇത്. ഉപഗ്രഹത്തിലെ സൗരോർജ പാനലുകൾ പ്രവർത്തിച്ചു തുടങ്ങിയതായും 20 ദിവസംകൊണ്ട് റഡാറുകൾ വിടരുമെന്നും മിഷൻ ഡയറക്‌ടർ തോമസ് കുര്യനും പ്രോജക്ട് ഡയറക്‌ടർ ചൈത്ര റാവുവും പറഞ്ഞു. 90 ദിവസംകൊണ്ടാണ് ഉപഗ്രഹം പൂർണ പ്രവർത്തനസജ്ജമാവുക.


ഡോ. കെ. രാധാകൃഷ്‌ണൻ ഐഎസ്ആർഒ ചെയർമാനായിരിക്കേ, നാസയുമായി 2014-ൽ ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് നാസ്-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ (എൻ ഐസാർ) ഉപഗ്രഹം വികസിപ്പിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾപോലും സൂക്ഷ്‌മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് എൻ ഐസാറിൻ്റെ പ്രധാനദൗത്യം. രണ്ടു വ്യത്യസ്ത‌ത ആവൃത്തികളിൽ പ്രവർത്തിക്കുന്ന രണ്ടു റഡാറുകളാണ് ഉപഗ്രഹത്തിന്റെ സവിശേഷത. ഇതിലെ എൽ ബാൻഡ് റഡാർ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയും എസ് ബാൻഡ് റഡാർ ഇന്ത്യയുടെ സ്പെയ്‌സ് ആപ്ലിക്കേഷൻ സെൻ്ററുമാണ് വികസിപ്പിച്ചത്


രാപകൽ ഭേദമെന്യേ, 12 ദിവസത്തെ ഇടവേളകളിൽ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും സുവ്യക്ത വിവരങ്ങൾ ശേഖരിക്കാൻ എൻ ഐസാറിലെ റഡാറുകൾക്കാവും. പ്രകൃതിദുരന്ത സാധ്യതകൾ കണ്ടെത്തുന്നതിനും കാരണങ്ങൾ വിലയിരുത്തുന്നതിനും വേണ്ട വിലപ്പെട്ട വിവരങ്ങൾ ഇതിൽനിന്നു ലഭിക്കും. അഞ്ചുവർഷമാണ് പ്രവർത്തന കാലാവധിയെങ്കിലും അതിലേറെക്കാലം എൻ ഐസാർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു. വിക്ഷേപണം വീക്ഷിക്കാൻ നാസയിലെ ശാസ്ത്രജ്ഞരും യുഎസ് നയതന്ത്ര കാര്യാലയത്തിലെ പ്രതിനിധികളും എത്തിയിരുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan