
ന്യൂഡൽഹി: ആ ചരിത്രസഞ്ചാരത്തിന് വിജകരമായ പര്യവസാനം, ഏറ്റവും ശുഭകരവും. ഇന്ത്യയുടെ യശസ്സും അഭിമാനവും ബഹിരാകാശത്തോളമുയർത്തി ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) നിന്ന് ചൊവ്വാഴ്‌ച ഭൂമിയിൽ തിരിച്ചെത്തി.
ശുഭാംശുവിനെയും മൂന്നു സഹയാത്രികരെയും വഹിച്ച ബഹിരാകാശപേടകം ഇരുപത്തിരണ്ടര മണിക്കൂർ യാത്രചെയ്‌ത് വൈകീട്ട് 3.01-ന് യുഎസിലെ കാലിഫോർണിയയ്ക്കടുത്ത് സാൻ ഡിയേഗോയിൽ ശാന്തസമുദ്രത്തിലിറങ്ങി. നാസയും ഇസ്രോയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും സ്വകാര്യ കമ്പനികളായ ആക്‌സിയം സ്പെയ്‌സും സ്പെയ്‌സ്എക്സുമായി സഹകരിച്ചുനടത്തിയ ആക്‌സിയം -4 ദൗത്യം അങ്ങനെ അവസാനിച്ചു. 'ഗ്രെയ്‌സ് എന്നു പേരിട്ട (ക്രൂ ഡ്രാഗൺ പേടകം തിങ്കളാഴ്‌ച വൈകീട്ട് 4.45-നാണ് ഐ.എസ്.എസിനോടു വിടപറഞ്ഞത്.
വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവായിരുന്നു ദൗത്യത്തിൻ്റെ പൈലറ്റ്, നാസയുടെ മുൻ ബഹിരാകാശസഞ്ചാരിയ പെഗ്ഗി വിറ്റ്സൺ കമാൻഡർ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് ഉസ്‌നൻസ്‌കിയും ഹംഗറിയുടെ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകൾ.
ശാന്തസമുദ്രത്തിൽ 'സ്‌പ്ലാഷ്‌ൗൺ' ചെയ്‌ത പേടകത്തിനടുത്തേക്ക് സ്പെയ്സ് എക്സ്‌സിന്റെ ബോട്ടെത്തി, അതിനെ വലിച്ചടുപ്പിച്ചു. പേടകത്തിൽനിന്ന് ആദ്യമിറങ്ങിയത് പെഗ്ഗി വിറ്റ്സൺ. രണ്ടാമതായി ശുഭാംശു. അപ്പോഴേക്കും പേടകമിറങ്ങിയിട്ട് ഏകദേശം 50 മിനിറ്റായിരുന്നു. മറ്റുള്ളവർ പിന്നാലെ, നാലുപേരും ഒരാഴ്ച്‌ച ടെക്‌സസിലെ ഹൂസ്റ്റണിലുള്ള ജോൺസൺ ബഹിരാകാശകേന്ദ്രത്തിൽ കഴിയും. ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള കാലമാണിത്. അതിനിടെ, മെഡിക്കൽപരിശോധനയും മറ്റു പുനരധിവാസപരിപാടികളുമുണ്ടാകും. ഓഗസ്റ്റ് 17-ന് ശുഭാംശു ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു.
1984-ൽ റഷ്യയുടെ സോയുസ് പേടകത്തിൽ ബഹിരാകാശത്തുപോയ രാകേഷ് ശർമയാണ് ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികൻ. എന്നാൽ, ഐഎസ്എസിൽ താമസിക്കുന്ന ആദ്യ ബഹിരാകാശയാത്രികനാണ് ശുഭാംശു.
ജൂൺ 25-നാണ് ശുഭാംശുവും സംഘവും ഫ്ളോറിഡയിലെ കെന്നഡി സ്പെയ്‌സ് സെന്ററിൽനിന്ന് ഐ.എസ്.എസിലേക്കു പുറപ്പെട്ടത്. 60 ശാസ്ത്രീയപഠനങ്ങൾ നടത്തി. 433 മണിക്കൂർ ഐഎസ്എസിൽ ചെലവിട്ടു. ഐഎസ്എസിലിരുന്ന് 288 തവണ ഭൂമിയെചുറ്റി. കിലോമീറ്റർ കണക്കിൽ പറഞ്ഞാൽ ഏകദേശം 1.22 കോടി കിലോമീറ്റർ ചുറ്റിക്കറങ്ങി. ഹാർഡ്‌വേറും 60 പരീക്ഷണങ്ങളുടെ വിവരശേഖരവുമുൾപ്പെടെ 263 കിലോഗ്രാം ചരക്കുമായാണ് 'ഗ്രെയ്സ്' തിരിച്ചറങ്ങിയത്. പോക്കുവരവ് ദിനങ്ങൾകൂടി ചേർത്താൽ ആകെ 20 ദിവസമായിരുന്നു ആക്‌സിയം-4 ദൗത്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group