
ന്യൂഡൽഹി: പ്രതിപക്ഷപാർട്ടികളുടെ എതിർപ്പിനിടെ ബിഹാർ മാതൃകയിൽ രാജ്യം മുഴുവൻ വോട്ടർപട്ടിക നവീകരിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. അനധികൃത വോട്ടർമാരെ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്‌കരിക്കാൻ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ അവസാനത്തെ പരിഷ്‌കരണത്തിനുശേഷമുള്ള വോട്ടർപട്ടിക പുറത്തിറക്കിത്തുടങ്ങി. അടുത്തമാസത്തോടെ സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടികയിൽ മാറ്റംവരുത്താനുള്ള സംവിധാനങ്ങൾ പ്രാദേശികമായി ഏർപ്പെടുത്തും.
ബംഗ്ലാദേശ്, മ്യാൻമാർ കുടിയേറ്റക്കാർ ആധാർ കാർഡുണ്ടാക്കി വോട്ടർപട്ടികയിൽ കടന്നുകൂടുന്നെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു. ബിഹാറിൽ വോട്ടർപട്ടിക പരിഷ്‌കരിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രത്യേക തീവ്രനടപടി തടയുന്നില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യമൊട്ടാകെ ഈ രീതിയിൽ പരിഷ്‌കരണം നടപ്പാക്കാനുള്ള കമ്മിഷന്റെ നീക്കം.
ബിഹാർ കേസ് വീണ്ടും സുപ്രീംകോടതി കേൾക്കുന്നത് ജൂലായ് 28-നാണ്. ഇതിനുശേഷം രാജ്യവ്യാപകമായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ വ്യക്തമാക്കി. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് പരിഷ്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
വോട്ടർപട്ടിക പരിഷ്‌കരിക്കാൻ സ്വീകരിക്കുന്ന രേഖകളിൽ ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ബംഗ്ലാദേശ് കുടിയേറ്റക്കാർ ഏറെയുള്ള ബിഹാറിലെ സീമാഞ്ചൽ മേഖലയായ കിഷൻഗഞ്ച്, പൂർണിയ, കാട്ടിഹാർ, അറാറിയ എന്നിവിടങ്ങളിൽ ജനസംഖ്യയെക്കാൾ കൂടുതൽ ആധാറുണ്ട്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കമ്മിഷൻ കരുതുന്നത്.
മുൻപ് പരിഷ്‌കരിച്ചത് 2002-04ൽ
2002-നും 2004-നും ഇടയിലാണ് മിക്ക സംസ്ഥാനങ്ങളും വോട്ടർപട്ടിക പരിഷ്കരിച്ചത്. അതേസമയം, പുതിയ പരിഷ്കരണത്തിലൂടെ, യോഗ്യരായ വോട്ടർമാരിൽ വലിയൊരു വിഭാഗത്തിന് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷപാർട്ടികളുടെ പരാതി. അനധികൃത കുടിയേറ്റക്കാരെ അവരുടെ ജനനസ്ഥലം പരിശോധിച്ച് നീക്കംചെയ്യുമെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group