
ന്യൂഡൽഹി: ആണവോർജ നിലയത്തിൽനിന്ന് അപകടമുണ്ടായാൽ
നഷ്ടപരിഹാരബാധ്യത ഉത്പന്നവിതരണക്കാർക്കുകൂടി ബാധകമാക്കുന്ന വ്യവസ്ഥയിൽ മാറ്റംവരുത്താൻ കേന്ദ്രനീക്കം. ഇതിനായി 2010-ലെ ആണവബാധ്യതാ നിയമത്തിലെ (സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട‌്) 17-ാം വകുപ്പിൽ ഭേദഗതി വരുത്തും. ഇതോടെ ഉത്പന്ന വിതരണക്കാർ ബാധ്യതയിൽനിന്ന് ഒഴിവാകും.
വിദേശകമ്പനികൾ ഇന്ത്യയിലേക്ക് ഉത്പന്നവിതരണത്തിന് മടിച്ചുനിൽക്കുന്നത് ഈ വ്യവസ്ഥകാരണമാണെന്ന നിഗമനത്തിലാണിത്. ഇതുൾപ്പെടെ ആണവോർജ ഉത്പാദനമേഖലയിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനായി സുപ്രധാന നിയമഭേദഗതികൾ പാർലമെന്റിന്റെ വരുന്ന വർഷകാല സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം.
ആണവോർജ ഉത്പാദനമേഖലയിൽ വിദേശ, സ്വകാര്യ കമ്പനികൾക്ക് പങ്കാളികളാകാൻ അവസരമൊരുക്കുംവിധത്തിൽ 1962-ലെ കേന്ദ്ര ആണവോർജ നിയമത്തിലും ഭേദഗതികൾ വരും. നിലവിൽ സർക്കാരുടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐ.എൽ), നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) കമ്പനികൾക്കുമാത്രമേ ഉത്പാദനത്തിന് അനുമതിയുള്ളൂ. എൻപിസിഐഎൽ ആണ് ഇന്ത്യയിലെ പ്രധാന ആണവനിലയ ഓപ്പറേറ്റർ. 2010-ൽ കേന്ദ്രനിയമം പ്രാബല്യത്തിലായശേഷം പ്രമുഖ വിദേശകമ്പനികളൊന്നും ഇന്ത്യയിൽ ആണവോർജ പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം.
പ്രധാന ഭേദഗതി
* 2010-ലെ ആണവ ബാധ്യതാ നിയമത്തിലെ (സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട്) 17-ാംവകുപ്പിൽ ഭേദഗതി വരുത്തും. നിലവിലെ നിയമം അനുസരിച്ച് ആണവ അപകടംമൂലമുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരം സംബന്ധിച്ച ബാധ്യത മറ്റുള്ളവരിൽനിന്ന് ഓപ്പറേറ്റർക്ക് നേടാം.
ഇതിലെ ബി ഉപവകുപ്പ് പ്രകാരം ആണവനിലയ ഓപ്പറേറ്റർക്കുള്ള ബാധ്യത ഉത്പന്നവിതരണക്കാരിലേക്ക് കൈമാറാൻ ഓപ്പറേറ്റർക്ക് അവകാശമുണ്ട്.
പ്രധാന ഉത്പന്ന വിതരണക്കാർ
*അമേരിക്കയിലെ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക്, ഫ്രഞ്ച് ആണവ കമ്പനിയായ ഫ്രമാറ്റോം
ലക്ഷ്യം ആണവോർജ മേഖലയിലെ നിക്ഷേപം
വരുന്നത് 11 ഭേദഗതികൾ
ആണവ ബാധ്യതാ നിയമത്തിൽ 11 ഭേദഗതികൾ കൊണ്ടുവരും, അതിൽ ഏറ്റവും പ്രധാനം 17-ാം വകുപ്പിൽ വരുത്തുന്ന ഭേദഗതി. അന്താരാഷ്ട്ര മാനദണ്ഡങ്ങളിൽനിന്ന് വ്യത്യസ്‌തമാണ് ഇന്ത്യൻ നിയമമെന്നതിനാൽ അത് മാറ്റി തുല്യത കൊണ്ടുവരുകയാണ് ലക്ഷ്യം.
മാനദണ്ഡങ്ങൾ
* 1997-ലെ കൺവെൻഷൻ ഓൺ സപ്ലിമെൻ്ററി കോംപൻസേഷൻ ഫോർ ന്യൂക്ലിയർ ഡാമേജ് (സിഎസ്‌സി) ആണ് അന്താരാഷ്ട്രതലത്തിൽ ആണവബാധ്യത സംബന്ധിച്ച് ഏകീകൃത മാനദണ്ഡം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം ഓപ്പറേറ്റർമാർക്കുമാത്രമാണ് ഉത്തരവാദിത്വം.
*1963-ലെ വിയന്ന കൺവെൻഷനിലോ 1960-ലെ പാരീസ് കൺവെൻഷനിലോ പങ്കാളികളായ ഏത് രാജ്യത്തിനും ഇതനുസരിച്ച് ആണവബാധ്യതാവ്യവസ്ഥ അംഗീകരിക്കാം.
*ഇതിൽ രണ്ടിലും പങ്കാളികളാവാത്ത രാജ്യങ്ങൾക്ക് അംഗമാകണമെങ്കിൽ സിഎസ്‌സി വ്യവസ്ഥകളോട് ചേർന്നുപോകുന്ന ദേശീയനിയമം ഉണ്ടായിരിക്കണം.
*വിയന്ന, പാരിസ് ഉടമ്പടികളുടെ ഭാഗമായിട്ടില്ലാത്ത ഇന്ത്യയുടെ ആണവബാധ്യതാ നിയമം ഇത്തരത്തിലായിട്ടില്ല. അതിനാൽ അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമാകാൻ ആവശ്യമായ ഭേദഗതി വരുത്തുകയാണ് ലക്ഷ്യം
ഇന്ത്യ-യുഎസ് സിവിൽ ആണവക്കരാറിൻ്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉതകുന്ന പരിഷ്‌കാരമെന്ന നിലയിലാണ് നിയമഭേദഗതികൾ കൊണ്ടുവരുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group