
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് വാങ്ങിയ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ മികവ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ബോധ്യമായിരുന്നു. പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നട്ടെല്ലായി പ്രവര്‍ത്തിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. ഇന്ത്യ ഇതിനെ സുദര്‍ശന്‍ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്. കരാര്‍ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കേണ്ടതുണ്ട്. എസ്-400 ന് പുറമെ റഷ്യയില്‍ നിന്ന് ഇതിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്.
400 കിലോമീറ്റര്‍ ദൂരെനിന്നുതന്നെ ആക്രമണശ്രമങ്ങളെ തിരിച്ചറിയുന്ന സംവിധാനമാണ് എസ്-400 ട്രയംഫ് സംവിധാനം. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ യുദ്ധവിമാനങ്ങളെയും അവാക്‌സ് വിമാനങ്ങളെയും പ്രതിരോധിക്കാനും ഇന്ത്യയെ സഹായിച്ചത് എസ്-400 ആയിരുന്നു. 314 കിലോമീറ്റര്‍ ദൂരത്തുവെച്ചാണ് പാകിസ്താന്റെ അവാക്‌സ് വിമാനത്തിനെ എസ്-400 തകര്‍ത്തത്. ഇത്രയും ദൂരത്തിലുള്ള സര്‍ഫസ് ടു എയര്‍ മിസൈല്‍ ആക്രമണങ്ങളിലെ ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണ്. എസ്-400 ന്റെ കണ്ണില്‍ പെടാതെ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ച് പാകിസ്താന്‍ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 200 കിലോമീറ്റര്‍ ദൂരത്തിനടുത്ത് എത്താതെ ആക്രമണങ്ങള്‍ നടത്താന്‍ പാക് യുദ്ധവിമാനങ്ങള്‍ നിര്‍ബന്ധിതരായി.
എസ്-400 സംവിധാനത്തിന്റെ മികവ് ബോധ്യമായതോടെ ഇതിന്റെ ആധുനിക സംവിധാനമായ എസ്-500 പ്രോമിത്യൂസില്‍ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്റ്റെല്‍ത്ത് വിമാനങ്ങളെ പോലും വിദൂരത്തില്‍ നിന്ന് തിരിച്ചറിയാനും ലോക്ക് ചെയ്യാനും സഹായിക്കുന്ന ശക്തിയേറിയ റഡാര്‍ സംവിധാനങ്ങളുള്ള വ്യോമപ്രതിരോധ സംവിധാനമാണ് എസ്-500 പ്രോമിത്യൂസ്. എന്നാല്‍ ഉടനെങ്ങും ഇത് മറ്റ് രാജ്യങ്ങള്‍ക്ക് റഷ്യ കൊടുക്കാനിടയില്ല. ആഭ്യന്ത ആവശ്യങ്ങള്‍ നിറവേറ്റിയശേഷം മാത്രമേ ഇവ കയറ്റുമതി ചെയ്യുന്നതിനേപ്പറ്റി ആലോചിക്കൂ എന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്. എസ്-400 ട്രയംഫിനെ അപേക്ഷിച്ച് വലിയ വിലയാണ് എസ്-500 പ്രോമിത്യൂസിന് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു യൂണിറ്റിന് കുറഞ്ഞത് 250 കോടി ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ആഗോളതലത്തില്‍ നേരിടുന്ന ഉപരോധവും തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ എസ്-500 സംവിധാനത്തിന്റെ നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയുമായി ചേര്‍ന്ന് സംയുക്തമായി നിര്‍മിക്കാമെന്ന ഓഫര്‍ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാവശ്യമായ സാങ്കേതികവിദ്യാ കൈമാറ്റവും നടന്നേക്കും. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മോഡലില്‍ ആകും എസ്-500 ഇന്ത്യയില്‍ ഉത്പാദിപ്പിക്കുക എന്നുള്ളതാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വന്നാല്‍ ഉത്പാദനച്ചെലവും സമയവും കുറയുമെന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണ്. എന്നിരുന്നാലും റഷ്യയുമായി വമ്പന്‍ പ്രതിരോധ ഇടപാട് നടന്നാല്‍ ഇന്ത്യയ്‌ക്കെതിരേ യു.എസ് ഉപരോധം വരാനുള്ള സാധ്യതയുമുണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കുശ എന്ന വ്യോമപ്രതിരോധ സംവിധാനം, നിലവിലെ എസ്-400 എന്നിവയ്‌ക്കൊപ്പമാകും എസ്-500 സംവിധാനത്തിനെയും വിന്യസിക്കുക. ഹൈപ്പര്‍സോണിക് മിസൈലുകളെ വരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് ഇതിനെന്നാണ് വിലയിരുത്തല്‍.
484 കിലോമീറ്റര്‍ ദൂരെനിന്ന് തന്നെ പരീക്ഷണവേളയില്‍ മിസൈലിനെ എസ്-500 തകര്‍ത്തു. 500 കിലോമീറ്റര്‍ ദൂരെവരെ ഇതിന് ഹൈപ്പര്‍ സോണിക് മിസൈലുകളെയും തകര്‍ക്കാനാകും. ഒരു യൂണിറ്റിന് സെക്കന്‍ഡില്‍ ഏഴ് കിലോമീറ്റര്‍ വേഗതയില്‍ വരുന്ന 10 ഹൈപ്പര്‍സോണിക് മിസൈലുകളെ വരെ പ്രതിരോധിക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്. ഇങ്ങനെ വരുന്ന മിസൈലുകളെ 200 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് തന്നെ തകര്‍ത്തുകളയും. ആളില്ലാ യുദ്ധവിമാനങ്ങള്‍, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്ന സാറ്റലൈറ്റുകള്‍ എന്നിവയെയും നിരീക്ഷിക്കാനും തകര്‍ക്കാനും സാധിക്കും. 4 സെക്കന്‍ഡിനുള്ളില്‍ ഹൈപ്പര്‍സോണിക് വേഗതയിലുള്ള ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയാണ് എസ്-500 നുള്ളത്.
റഷ്യന്‍ പൊതുമേഖലാ സ്ഥാപനമായ അല്‍മാസ് ആന്റെയാണ് എസ്-500ന്റെ സൃഷ്ടാക്കള്‍. 2018 ലാണ് ഇതിന്റെ ആദ്യത്തെ പരീക്ഷണം നടന്നത്. നിലവില്‍ പ്രോട്ടോടൈപ്പ് എന്ന ഘട്ടം കടന്ന് വികസനത്തിന്റെ അവസാനത്തെ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ആകെ ഒരു യൂണിറ്റ് മാത്രമേ റഷ്യന്‍ സൈന്യത്തിന് കൈമാറിയിട്ടുള്ളു. യുക്രൈനുമായുള്ള യുദ്ധത്തില്‍ ഇതിനെ പരീക്ഷിക്കുന്നുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി പരിഹരിച്ച ശേഷമാകും പൂര്‍ണതോതിലുള്ള നിര്‍മാണം ആരംഭിക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group