
ന്യൂഡൽഹി: ഇഎസ്ഐ പദ്ധയിൽ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതിൽ മാറ്റംവരുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ സമിതിയെ വെക്കുന്നു. വെള്ളിയാഴ്‌ച ഷിംലയിൽ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) കോർപ്പറേഷൻ യോഗത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
എട്ടുവർഷമായി തുടരുന്ന ഈ ശമ്പളപരിധി ഉയർത്തണമെന്ന ദീർഘകാല ആവശ്യം കോർപ്പറേഷൻ്റെ 196-ാമത് യോഗത്തിന്റെ അജൻഡയിലുണ്ടായിരുന്നില്ല. എന്നാൽ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ യോഗത്തിനിടെ ശക്തമായി ആവശ്യം ഉന്നയിച്ചതോടെ ഇക്കാര്യം 20 മിനിറ്റോളം ചർച്ച ചെയ്തു. തീരുമാനമെടുക്കുന്നതിനുപകരം പഠിക്കാൻ സമിതിയെ വെക്കാമെന്ന മന്ത്രിയുടെ പ്രസ്താവനയിൽ തൊഴിലാളി യൂണിയനുകൾ അതൃപ്തിയറിയിച്ചു.
സമിതിയുണ്ടാക്കാനും അവർ പഠനം നടത്താനും സർക്കാർ അതിൽ തീരുമാനമെടുക്കാനും കാലതാമസമെടുത്തേക്കാമെന്ന് യൂണിയൻ പ്രതിനിധികൾ പറയുന്നു. എട്ടുവർഷമായി തുടരുന്ന ശമ്പളപരിധി ഉയർത്തണമെന്നത് തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടതിനാൽ ഇനിയും കമ്മിറ്റിയെ വെക്കുന്നത് എന്തിനെന്നാണ് ചോദ്യം.
പ്രതിവർഷം പത്തുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇഎസ്ഐ പദ്ധയിൽ അംഗമാകാനുള്ള പരമാവധി ശമ്പളം 21,000 രൂപയാക്കിയത് 2017-ലാണ്. പിന്നീട് തൊഴിലാളികൾക്ക് ശമ്പളം വർധിച്ചതിനാൽ 80 ലക്ഷത്തിലേറെപ്പേർ ഇഎസ്ഐ അംഗത്വത്തിൽനിന്ന് പുറത്തായി. അതിനാൽ വേതനപരിധിയിൽ കാലാനുസൃതവർധന വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇഎസ്ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കിൽ സർക്കാർ ആശുപത്രികളിലേക്ക് മാത്രമേ റഫർ ചെയ്യാവു എന്ന നിർദേശം പിൻവലിക്കണമെന്നും യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അതത് ആശുപത്രി സൂപ്രണ്ടുമാർക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
ഇഎസ്ഐ കവറേജിൻ്റെ വ്യാപ്‌തി കൂട്ടും
ഇഎസ്ഐ കവറേജിൻ്റെ വ്യാപ്‌തി വർധിപ്പിക്കാൻ കൂടുതൽ തൊഴിലുടമകളെയും തൊഴിലാളികളെയും രജിസ്റ്റർ ചെയ്യിപ്പിക്കുന്ന സ്പ്രീ പദ്ധതി വീണ്ടും തുടങ്ങാൻ യോഗത്തിൽ തീരുമാനമായി. ജൂലായ് ഒന്നുമുതൽ ഡിസംബർ 31 വരെ നടക്കുന്ന സ്പ്രീ പദ്ധതി വഴി ഇതുവരെ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും രജിസ്റ്റർ ചെയ്യാം.
ഇഎസ്ഐ നിയമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒക്ടോബർ ഒന്നുമുതൽ അടുത്തവർഷം ഒക്ടോബർ 30 വരെ നടത്തും. ഇഎസ്ഐയിൽ ആയുഷ് ചികിത്സാരീതികൾക്ക് പ്രോത്സാഹനം നൽകും. ഇഎസ്ഐ ആശുപത്രികൾ കുറവുള്ള സ്ഥലങ്ങളിൽ ചാരിറ്റബിൾ ചികിത്സാകേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കാനും കോർപ്പറേഷൻ അനുമതി നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group