അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക്ബോക്സ് ഡേറ്റാ വീണ്ടെടുക്കൽ പൂർത്തിയായി

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക്ബോക്സ് ഡേറ്റാ വീണ്ടെടുക്കൽ പൂർത്തിയായി
അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക്ബോക്സ് ഡേറ്റാ വീണ്ടെടുക്കൽ പൂർത്തിയായി
Share  
2025 Jun 27, 09:49 AM
MANNAN

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം 171-ലെ രണ്ട് ബ്ലാക്ക്‌ബോക്‌സുകൾ വീണ്ടെടുത്ത് അതീവസുരക്ഷയിൽ ഡേറ്റാ വീണ്ടെടുക്കുന്ന പ്രക്രിയ പൂർത്തിയായതായി വ്യോമയാന മന്ത്രാലയം. പൂർണസുരക്ഷയോടെ ന്യൂഡൽഹിയിലെത്തിച്ച ബ്ലാക്ക്‌ബോക്സു‌കളിൽ നിന്നുള്ള ഡേറ്റ വേർതിരിച്ചെടുക്കൽ, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ലാബിൽ പൂർത്തിയായെന്നും ഇതിന്റെ വിശദവിശകലനം നടക്കുകയാണെന്നും വ്യോമയാനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.


ചൊവ്വാഴ്‌ച വൈകുന്നേരം, എഎഐബി ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം, യുഎസിൽനിന്നുള്ള സർക്കാർ അന്വേഷണ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ (എൻടിഎസ്ബി) സാങ്കേതിക അംഗങ്ങളുമായി ചേർന്നാണ് ഡേറ്റാ വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചത്. മുൻവശത്തെ ബ്ലാക്ക് ബോക്സിൽനിന്നുള്ള ക്രാഷ് പ്രൊട്ടക്‌ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുത്തു. ഇതിൻ്റെ മെമ്മറി മൊഡ്യൂളിലെ വിവരങ്ങൾ മുഴുവൻ ലാബിൽ ഡൗൺലോഡ് ചെയ്‌തു. കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറുകളുടെയും (സിവിആർ) ഫ്‌ളൈറ്റ് ഡേറ്റാ റെക്കോഡറുകളുടെയും (എഫ്ഡിആർ) വിശകലനമിപ്പോൾ നടക്കുകയാണ്.


അപകടത്തിലേക്കുനയിച്ച സംഭവങ്ങളുടെ ക്രമം പുനർനിർമിക്കുക, വ്യോമയാന സുരക്ഷ വർധിപ്പിക്കുക, ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് ഭാവിയിൽ തടയുക എന്നിവയാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം. ആഭ്യന്തരനിയമങ്ങളും അന്താരാഷ്ട്രബാധ്യതകളും പൂർണമായും പാലിച്ചാണ് സമയബന്ധിതമായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതെന്ന് വ്യോമയാന മന്ത്രാലയം പറഞ്ഞു.


ജൂൺ 13-നും 16-നുമായാണ് അപകടം നടന്ന സ്ഥലത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നും അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും സിവിആർ, എഫ്‌ഡിആർ എന്നിവ കണ്ടെത്തുന്നത്. ഇവ കൈകാര്യംചെയ്യാനും സൂക്ഷിക്കാനും ഡൽഹിയിലെത്തിക്കാനും പ്രത്യേക നടപടിക്രമം ഉണ്ടാക്കി. സിസിടിവി നിരീക്ഷണത്തോടെയും പോലീസ് സംരക്ഷണത്തിലും അഹമ്മദാബാദിൽ സൂക്ഷിച്ച ഇവ ചൊവ്വാഴ്‌ചയാണ് ഡൽഹിയിലെത്തിച്ചത്. 1944-ലെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎ) കൺവെൻഷനിൽ ഒപ്പുവെച്ച ഇന്ത്യ, ഇതുമായി ബന്ധപ്പെട്ട 2017-ലെ നിയമപ്രകാരമാണ് അപകടം അന്വേഷിക്കുന്നതെന്നും ഇതിനുള്ള നിയുക്ത അധികാരി എഎഐബി ആണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2