
ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട നിർബന്ധിത മതപരിവർത്തനക്കേസിൽ അറസ്റ്റിലായി ജാമ്യംനൽകിയിട്ടും ഒരുമാസംകൂടി പ്രതിയെ ജയിലിലിട്ട സംഭവത്തിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ഗാസിയാബാദ് ജയിൽ അധികൃതരുടെ നടപടിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ ഉത്തരവ് പരിഗണിക്കുന്നതിനായി കേസ് ഓഗസ്റ്റ് 18-ന് വീണ്ടും കേൾക്കും.
വിവാഹത്തിനായി ഹിന്ദുമതത്തിലേക്കു മാറിയ അഫ്‌താബ് എന്ന മുസ്ലിം യുവാവാണ് ഹിന്ദു വധുവിൻ്റെ അമ്മായിയുടെ പരാതിയിൽ അറസ്റ്റിലായത്. ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം വിവാഹത്തിന് ഒരാഴ്ചയ്ക്കുശേഷം ജനുവരി പത്തിനാണ് അഫ്‌താബിനെ അറസ്റ്റുചെയ്‌തത്. എന്നാൽ, അഫ്താബ് ആര്യസമാജ് മന്ദിറിൽവെച്ച് സ്വമേധയാ മതംമാറിയതാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഏപ്രിൽ 29-ന് ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യ ഉത്തരവ് ടൈപ്പ് ചെയ്‌തപ്പോൾ വകുപ്പ് എഴുതിയതിൽ ചെറിയ പിഴവുണ്ടായിരുന്നു. ഇക്കാരണത്താൽ ഗാസിയാബാദ് ജയിൽ അധികൃതർ അഫ്താബിനെ മോചിപ്പിച്ചില്ല. വിഷയം സുപ്രീംകോടതിവരെയെത്തിയപ്പോൾ ജൂൺ 24-നാണ് അഫ്‌താബിനെ ജയിലിൽനിന്നു വിട്ടത്. സംഭവത്തിൽ ഗാസിയാബാദ് ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാവാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജി മീററ്റ് ഡിഐജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ജുഡീഷ്യൽ അന്വേഷണംതന്നെ വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഗാസിയാബാദിലെ ജില്ലാ കോടതി ജഡ്ജിയെ ഇതിനായി നിയോഗിക്കാൻ അലഹാബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി.
ഉത്തരവുണ്ടായിട്ടും ഇതുപോലെ എത്രപേർ ജയിലിൽ കഴിയുന്നുണ്ടാകുമെന്ന് സുപ്രീംകോടതി ആശ്ചര്യംപ്രകടിപ്പിച്ചു. ആളുകളെ ഇതുപോലെ അഴിക്കുള്ളിലാക്കുക വഴി എന്ത് സന്ദേശമാണ് നൽകുകയെന്നും കോടതി ചോദിച്ചു. തുടർന്ന് ഉത്തർപ്രദേശ് സർക്കാരിന് അഞ്ചുലക്ഷം രൂപ പിഴചുമത്തിയ സുപ്രീംകോടതി, തുക അഫ്‌താബിന് നൽകാനും നിർദേശിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group