ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന കനാലുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇന്ത്യ തുടങ്ങിവെച്ചിരിക്കുന്നത്. ചെനാബ്, ഝലം, സിന്ധു നദികളില്‍ നിന്നുള്ള ജലം ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടുന്ന പദ്ധതികളാണ് ആരംഭിച്ചത്. കരാര്‍ പ്രകാരം പാകിസ്താന് അവകാശപ്പെട്ട നദികളാണ് ഇവ മൂന്നും.
ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നുവെന്നാണ് വിവരം. കനാല്‍ വികസിപ്പിച്ചാല്‍ സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത് 40 ഘനമീറ്റര്‍ മാത്രമാണ്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കനാലിന് 60 കിലോമീറ്ററോളം നീളമുണ്ട്. ഇതിന്റെ നീളം 120 കിലോമീറ്റര്‍ വരെ ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പൂര്‍ത്തിയായാല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെ ആണ് കാര്യമായി ബാധിക്കുക. ഇവിടങ്ങളിലെ കാര്‍ഷിക മേഖല ജലക്ഷാമത്തെ തുടര്‍ന്ന് തകര്‍ച്ചയിലാകുമെന്നാണ് പാകിസ്താന്റെ ആശങ്ക
ഇതിന് പുറമെ മറ്റ് നദികളില്‍ ജലവൈദ്യുത പദ്ധതികളും നിര്‍മിക്കും. അതിലൂടെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുടുതല്‍ നിയന്ത്രിക്കാനാകും. മൂന്ന് നദികളില്‍ നിന്നുമുള്ള ജലം വഴിതിരിച്ചുവിട്ട് ജമ്മുകശ്മീര്‍ അടക്കമുള്ള വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. മാത്രമല്ല വലിയതോതില്‍ ജലം സംഭരിക്കാനുള്ള റിസര്‍വോയറുകള്‍ നിര്‍മിക്കുകയും ചെയ്യും.
ഇന്ത്യയുടെ ജലാവശ്യകത നിറവേറ്റാനാവശ്യമായ പദ്ധതിനിര്‍ദേശങ്ങള്‍ക്കായുള്ള വിദഗ്ധപരിശോധനകള്‍ ഊര്‍ജിതപ്പെടുത്തും. ചെനാബ് നദിയിലെ ഇന്ത്യയുടെ ജലവൈദ്യുതപദ്ധതികളായ ബാഗ്ലിഹര്‍, സലാല്‍ അണക്കെട്ടുകളില്‍നിന്ന് ചെളിയും എക്കലും നീക്കി ശേഷി കൂട്ടാനുള്ള നടപടികളിലേക്കും ഇന്ത്യ കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അണക്കെട്ട് തുറന്നുവിടുന്ന പ്രക്രിയ ആരംഭിച്ചു. എല്ലാ മാസവും ഇത് തുടരും. മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നത് നീരൊഴുക്ക് പെട്ടെന്ന് ഉയരാനിടയാക്കുമെന്ന ആശങ്ക പാകിസ്താന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യ ഏകപക്ഷീയമായി കരാര്‍ മരവിപ്പിച്ചത് നിയമവിരുദ്ധമാണെന്നു കാട്ടി ഇന്ത്യക്ക് കത്തയച്ചതായി പാക് വിദേശകാര്യമന്ത്രി ഇഷ്ഹാക് ദാര്‍ പാകിസ്താന്‍ സെനറ്റംഗങ്ങളോട് വെളിപ്പെടുത്തി. കരാര്‍ ഇപ്പോഴും തുടരുന്നതായാണ് പാകിസ്താന്‍ കണക്കാക്കുന്നതെന്നും സെനറ്റംഗങ്ങളോട് വ്യക്തമാക്കിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കരാര്‍ വിഷയത്തില്‍ പാകിസ്താനുമായി തത്കാലം ചര്‍ച്ചയ്ക്കില്ലൊന്നാണ് ഇന്ത്യയുടെ നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നതില്‍ വിശ്വാസയോഗ്യമായ ഉറപ്പ് പാകിസ്താനില്‍നിന്നുണ്ടാകുംവരെ കരാര്‍ മരവിപ്പിച്ചത് തുടരുമെന്ന് ജലശക്തി മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനെ ജലശക്തി മന്ത്രാലയം സെക്രട്ടറി ദേബശ്രി മുഖര്‍ജി ഔദ്യോഗികമായി അറിയിച്ചു.
കാലാവസ്ഥാവ്യതിയാനമടക്കം സൃഷ്ടിച്ച മാറ്റത്തിനനുസരിച്ച് ഇന്ത്യയുടെ ആവശ്യം കണക്കിലെടുത്തുള്ള മാറ്റം കരാറിലുണ്ടാവണമെന്നു കാട്ടി 2023-ലും 2024-ലും ഇന്ത്യ കത്ത് നല്‍കിയിരുന്നെങ്കിലും അന്നൊന്നും പാകിസ്താന്‍ ഗൗനിച്ചില്ല. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കരാര്‍ മരവിപ്പിച്ചതോടെയാണ് ഇപ്പോള്‍ ഇന്ത്യയുമായി ചര്‍ച്ചയാവാമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയത്. ചര്‍ച്ചയാവാമെന്ന പാകിസ്താന്റെ നിലപാടുമാറ്റത്തോട് ഇപ്പോള്‍ പ്രതികരിക്കേണ്ടെന്നാണ് വിദേശമന്ത്രാലയത്തിന്റെ തീരുമാനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group