
ന്യൂഡൽഹി: ഓപ്പറേഷൻ സിസൂറിനെക്കുറിച്ച് സ്ഥിരീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച വാർത്താസമ്മേളനത്തിൽ ശ്രദ്ധേയമുഖങ്ങളായത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമികസിങും. കേണൽ സോഫിയ ഹിന്ദിയിലും വിങ് കമാൻഡർ വ്യോമിത ഇംഗ്ലീഷിലുമാണ് ഓപ്പറേഷൻ്റെ വിശദാംശങ്ങൾ വിവരിച്ചത്.
ഇന്ത്യൻ ആർമിയുടെ കോർപ്‌സ് ഓഫ് സിഗ്നൽസ് ഓഫീസറായ കേണൽ സോഫിയ, അന്താരാഷ്ട്ര സൈനികാഭ്യാസപ്രകടനത്തിൽ ഇന്ത്യൻസംഘത്തെ നയിച്ച ആദ്യത്തെ വനിതയാണ്. 2016-ൽ നടന്ന എക്‌സർസൈസ് ഫോഴ്‌സ് 18 എന്ന സൈനികാഭ്യാസപ്രകടനം ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ ബഹുരാഷ്ട്ര സൈനികാഭ്യാസ പരിപാടിയായിരുന്നു. അഭ്യാസത്തിൽ പങ്കെടുത്ത 18 പ്രതിനിധിസംഘങ്ങളിലെ ഒരേയൊരു വനിതാ കമാൻഡറും ഇവരായിരുന്നു.
ഗുജറാത്തിലെ വഡോദര സ്വദേശിയാണ് കേണൽ ഖുറേഷി. 1997-ൽ എംഎസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബയോകെമിസ്ട്രിയിൽ മാസ്റ്റർ ബിരുദം നേടി. സൈനികപാരമ്പര്യമുള്ള കുടുംബമാണ്. മുത്തച്ഛൻ ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്നു. ആർമിയുടെ മെക്കനൈസ്‌ഡ് ഇൻപാൻട്രിയിൽ ഓഫീസറാണ് ഭർത്താവ്
യു.എൻ സമാധാനസേനയിൽ ആറുവർഷം പ്രവർത്തിച്ച വ്യോമിക സ്കൂൾകാലത്തുതന്നെ വ്യോമസേനയുടെ ഭാഗമാകാൻ കൊതിച്ചിരുന്നു. സ്കൂൾകാലത്ത് എൻസിസിയിൽ പ്രവർത്തിച്ചു. എൻജിനിയറിങ് പൂർത്തിയാക്കിയശേഷമാണ് വ്യോമസേനയിൽ ചേർന്നത്. ഹെലികോപ്റ്റർ പൈലറ്റായി കമ്മിഷൻചെയ്‌ത അവർക്ക് 2019 ഡിസംബർ 18-ന് സേനയുടെ ഫ്ളയിങ് ബ്രാഞ്ചിൽ സ്ഥിരം കമ്മിഷൻപദവി ലഭിച്ചു. 2500-ലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ട്. ജമ്മു കശ്മീരും വടക്കുകിഴക്കൻ പ്രദേശങ്ങളുമുൾപ്പെടെ ദുർഘട ഭൂപ്രകൃതിയുള്ള മേഖലകളിൽ ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾ പറത്തി. 2020 നവംബറിൽ അരുണാചൽപ്രദേശിൽ ദുർഘട കാലാവസ്ഥയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യത്തിൽ പങ്കാളിയായി
ഇന്ത്യക്കാർ; മതം പിന്നീട്- കേണൽ സോഫിയയുടെ പിതാവ്
"ഞങ്ങൾ ആദ്യം ഇന്ത്യക്കാരാണ്. മുസ്ലിംമെന്നത് പിന്നീടേ വരുന്നുള്ളു. ഞങ്ങൾക്ക് രാജ്യമാണ് പ്രധാനം" വഡോദരയിൽ തന്തലജയിലെ വസതിയിലിരുന്ന് കേണൽ സോഫിയ ഖുറേഷിയുടെ പിതാവ് താജുദ്ദിൻ ഖുറേഷി പറഞ്ഞു. "മകളെപ്പറ്റി അഭിമാനമുണ്ട്. ദേശസ്നേഹം ഞങ്ങളുടെ ചോരയിലുണ്ട്. ഷോർട്ട് സർവീസ് കമ്മിഷൻ വഴിയാണ് സൈന്യത്തിലേക്ക് നിയമനം കിട്ടിയത്. മറ്റെല്ലാം ഉപേക്ഷിച്ച് സോഫിയ സൈനികസേവനം തിരഞ്ഞെടുത്തു. ഇളയമകളും സൈന്യത്തിൽ ചേരണമെന്ന് നിശ്ചയിച്ചിരിക്കുകയാണെന്നും അദ്ദേഹം തുടർന്നു. സോഫിയയെ അഭിനന്ദിച്ച് ഗുജറാത്ത് സർക്കാരും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group