പാക് ഭീകരകേന്ദ്രങ്ങള്‍ കണ്ടെത്തി 'റോ'; ദൗത്യത്തിന് പേരിട്ട് മോദി; കൃത്യം, വ്യക്തം, കനത്ത പ്രഹരം

പാക് ഭീകരകേന്ദ്രങ്ങള്‍ കണ്ടെത്തി 'റോ'; ദൗത്യത്തിന് പേരിട്ട് മോദി; കൃത്യം, വ്യക്തം, കനത്ത പ്രഹരം
പാക് ഭീകരകേന്ദ്രങ്ങള്‍ കണ്ടെത്തി 'റോ'; ദൗത്യത്തിന് പേരിട്ട് മോദി; കൃത്യം, വ്യക്തം, കനത്ത പ്രഹരം
Share  
2025 May 07, 04:23 PM
dog

ന്യൂഡല്‍ഹി: കൃത്യം, വ്യക്തം, കനത്ത പ്രഹരം. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍'-നെ അങ്ങനെ വിശേഷിപ്പിക്കാം. പാകിസ്താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളില്‍വെച്ച് തന്നെ തീര്‍ക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടപ്പാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ചുട്ടമറുപടിയും.


ഏപ്രില്‍ 22-നാണ് ഇന്ത്യയെ കണ്ണീരിലാഴ്ത്തി പഹല്‍ഗാമില്‍ ഭീകരര്‍ തോക്കെടുത്തത്. സാധാരണക്കാരായ വിനോദസഞ്ചാരികളെയാണ് ഭീകരര്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. ആകെ 26 പേര്‍ക്കാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇവരില്‍ പലരും വെടിയേറ്റ് വീണത് ഉറ്റവരുടെ കണ്മുന്നിലായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിട്ടവര്‍ക്ക് തങ്ങളുടെ പ്രിയതമനെ നഷ്ടമായതിന്റെ വേദനയും പഹല്‍ഗാമില്‍നിന്ന് നാം കണ്ടു. ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചതായിരുന്നു പഹല്‍ഗാമില്‍നിന്നുള്ള ആ നൊമ്പരക്കാഴ്ചകള്‍.


പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ലഷ്‌കര്‍ ഭീകരര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടുംക്രൂരതയ്ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമുള്ള മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ ഓരോരുത്തരെയും പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുന്നറിയിപ്പ് നല്‍കി.


അതീവ ജാഗ്രതയോടെ കൃത്യമായ നിരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയത്. തിരിച്ചടി എങ്ങനെവേണമെന്ന് ചര്‍ച്ചചെയ്യാനായി പലതവണയാണ് വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നേരത്തേ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. തിരിച്ചടിയുടെ രീതിയും ലക്ഷ്യവും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനുപിന്നാലെ വ്യോമ, കരസേന മേധാവിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി.


ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ തിരഞ്ഞെടുത്തതും പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളായിരുന്നു.


പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ പ്രധാന ക്യാമ്പുകളായ ഒമ്പത് കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേനകള്‍ ലക്ഷ്യമിട്ടത്. പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഇന്ത്യന്‍ സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരും ഈ ദൗത്യത്തിന് നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സുപ്രധാന സൈനിക ദൗത്യത്തിന് ഈ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.


പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവല്‍പുര്‍, റവാലകോട്ട്, ഭിംബര്‍, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്‌കാള്‍പ്(സ്‌റ്റോം ഷാഡോ) മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.


സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത രീതിയിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്നാണ് സേനയ്ക്ക് വേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും പറഞ്ഞത്. ആക്രമണത്തിനുവേണ്ട ആയുധങ്ങള്‍ പോലും തിരഞ്ഞെടുത്തത് സാധാരണക്കാരെ ഇത് ബാധിക്കാതിരിക്കാനാണ്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളെ പോലും ലക്ഷ്യമിട്ടില്ല. അതീവ സൂക്ഷ്മതോടെ പാക് ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനി പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതെങ്കിലുംരീതിയിലുള്ള പ്രകോപനമുണ്ടായാല്‍ അതിനും കനത്ത തിരിച്ചടി നല്‍കുമെന്നും അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സേന നടത്തിയിട്ടുണ്ടെന്നും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വ്യക്തമാക്കി.




SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan