
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തിയാൽ അത് അസാധുവാക്കി കോടതിക്ക് ഉത്തരവിടാമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.
ഈ ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാനും പോകുന്നില്ലെന്നും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽമെന്നും കേന്ദ്രം, സുപ്രീം കോടതിയിൽ അറിയിച്ചു.
നിയമം സ്റ്റേ ചെയ്യരുതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. നേരിട്ടോ പരോക്ഷമായോ നിയമം സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്ന് തുഷാർ മേത്ത സുപ്രീം കോടതി അറിയിച്ചു. എന്നാൽ നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന നിലപാടായിരുന്നു സുപ്രീം കോടതി സ്വീകരിച്ചത്. സ്റ്റേ ചെയ്യണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യം മാറരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളോ ഉത്തരവുകളോ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമം നിർമ്മിക്കുക എന്നത് മാത്രമേ പാർലമെന്റിന് ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. വഫഖ് ഭേദഗതി നിയമത്തിനെതിരായി മുസ്ലിം ലീഗിന്റേതടക്കം 73 ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. വാദം കേൾക്കൽ ഇന്നും തുടരുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് കേന്ദ്രത്തിന്റെ ഭാഗം കൂടി സുപ്രീം കോടതി കേട്ടത്. തുടർന്ന് കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം ഒരാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരായി ഹർജികൾ പരിഗണിച്ച സുപ്രീം കോടതി സുപ്രധാനമായ മൂന്ന് കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം എടുത്ത് പറഞ്ഞത്. വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീ നോട്ടിഫൈ ചെയ്യരുത്. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അങ്ങനെത്തന്നെ തുടരണം. വഖഫ് സമിതിയിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ നാമനിർദേശം ചെയ്യുന്നവർ എല്ലാവരും മുസ്ലിം വിഭാഗക്കാർ തന്നെ ആകണം. തുടങ്ങിയ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഹർജികൾ പരിഗണിക്കവെ എടുത്ത് പറഞ്ഞത്.
വഖഫ് സ്വത്തിൽ കളക്ടർക്ക് അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അല്ലാതാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കളിൽ മാറ്റം വരുത്തുന്നതിലൂടെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കോടതി എടുത്ത് പറഞ്ഞിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group