
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരേ പശ്ചിമബംഗാളിലെ
മുർഷിദാബാദിലുണ്ടായ സംഘർഷത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശകമ്മിഷൻ. സംഘർഷസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂന്നാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു.
മുർഷിദാബാദിലെ സംഘർഷത്തിനുപിന്നാലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ സംഘർഷമുണ്ടായി. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ( എഎസ്എഫ്) പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. പോലീസ് വാഹനങ്ങൾക്ക് പ്രവർത്തകർ തീവെച്ചു. പോലീസുകാർക്കുൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും അക്രമികളുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും ബംഗാൾ പോലീസ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരേ മുർഷിദാബാദിലെ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷങ്ങളുണ്ടായിരുന്നു. മുൻഷിദാബാദിലെ ആക്രമണത്തിൽ ബംഗ്ലാദേശ് സ്വദേശികൾക്ക് പങ്കുണ്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചതായും വിവരമുണ്ട്. ആക്രമണത്തിനുപിന്നിൽ ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറിയവരാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മുർഷിദാബാദിൽ വ്യാപക ആക്രമണമാണ് അരങ്ങേറിയത്.
ചൊവ്വാഴ്ച സെൻട്രൽ കൊൽക്കത്തയിലെ രാംലീല മൈതാനത്തിലേക്ക് വഖഫ് ഭേദഗതി നിയമത്തിനെതിരേ എഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ആക്രമണമുണ്ടായത്. പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദിഖിയുടെ റാലിയിൽ പങ്കെടുക്കാനാണ് പ്രവർത്തകരെത്തിയത്.
പോലീസ് ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. റാലിക്ക് പോലീസിന്റെ അനുമതി ലഭിച്ചിരുന്നില്ലെന്ന് പിടിഎ റിപ്പോർട്ട് ചെയ്‌തു. അക്രമമുണ്ടായെങ്കിലും നൗഷാദ് സിദ്ദിഖി റാലിയിൽ സംസാരിച്ചു. ഈ ഭേദഗതി മുസ്‌ലിങ്ങൾക്കുനേരേയുള്ള അക്രമണം മാത്രമല്ല, മറിച്ച് ഭരണഘടനയ്ക്കുനേരേയുള്ള അക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
അക്രമസംഭവങ്ങളിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. സംഘർഷമുണ്ടായ സംസർഗഞ്ചിൽനിന്ന് 400-ഓളം ഹിന്ദുവിഭാഗക്കാർ ഭാഗീരഥിനദികടന്ന് മൽദയിലേക്ക് പലായനം ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.
ആർക്കും പ്രതിഷേധിക്കാം; നിയമം കൈയിലെടുക്കരുത് -മമത
പ്രതിഷേധിക്കാൻ ആർക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാൽ, നിയമം കൈയിലെടുക്കരുതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മതത്തിൻ്റെ പേരിൽ മതേതരപ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ബംഗാളിലെ മണ്ണ് സമാധാനത്തിൻ്റേതാണെന്നും മമത പറഞ്ഞു.
ബംഗാൾ കത്തുമ്പോഴും മുഖ്യമന്ത്രിക്ക് മൗനം -യോഗി
മമതാ ബാനർജിയെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാൾ കത്തുമ്പോഴും മുഖ്യമന്ത്രി മൗനത്തിലാണെന്നും കലാപകാരികളെ മുഖ്യമന്ത്രി സമാധാനത്തിന്റെ ദൂതരെന്ന് വിളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതനിരപേക്ഷതയുടെ പേരിൽ കലാപകാരികൾക്ക് മമത പൂർണസ്വാതന്ത്ര്യം നൽകി. ഇത്തരത്തിലുള്ള അരാജകത്വം നിയമന്ത്രിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group