
ന്യൂഡൽഹി: വഖഫ് ബില്ലിനെ പാർലമെൻ്റിൽ ശക്തമായി എതിർക്കാൻ ഇന്ത്യ സഖ്യകക്ഷികളുടെ യോഗം തീരുമാനിച്ചു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്‌ച പാർലമെന്റ് അനക്സിൽ ചേർന്ന യോഗത്തിൽ ഐകകണ്‌ഠ്യേനയാണ് തീരുമാനം.
വഖഫ് ബില്ലിൽ ലോക്‌സഭയിൽ ബുധനാഴ്‌ച നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനും ദോഷകരങ്ങളായ എല്ലാ ഭേദഗതികളിലും വോട്ടിങ് തേടാനും യോഗം തീരുമാനിച്ചു. ഏതൊക്കെ ഭേദഗതിയിൽ വോട്ടിങ് ആവശ്യപ്പെടണമെന്ന് സഭയിൽ തീരുമാനമെടുക്കും. വഖഫ് ബിൽ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് യോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു,
മുനമ്പമുൾപ്പെടെയുള്ള വിഷയങ്ങളിൽ മറ്റു പരിഹാരമാർഗങ്ങൾ തേടണമെന്ന് പിന്നീട് നടന്ന യുഡിഎഫ് എംപിമാരുടെ യോഗം തീരുമാനിച്ചു. അതേസമയം, കേരള കോൺഗ്രസ് എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ മുനമ്പമുൾപ്പെടെയുള്ള വിഷയങ്ങളിൽ അനുകൂലിച്ച് സംസാരിച്ചേക്കുമെന്ന സൂചനയുണ്ട്. വോട്ടിങ്ങിൽ എന്തു ചെയ്യണമെന്ന കാര്യത്തിലും ഇവർ ബുധനാഴ്‌ച തീരുമാനമെടുക്കും.
കോൺഗ്രസിലെ ചില ക്രിസ്‌ത്യൻ എംപിമാർക്ക് കെസിബിസിയടക്കമുള്ളവരുടെ നിലപാടുകളെ എതിർത്ത് വോട്ടു ചെയ്യാൻ വിമുഖതയുണ്ട്. സഭയിൽ ഹാജരാകാൻ എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ടെങ്കിലും വോട്ടിങ്ങിന് വിപ്പ് നൽകിയിട്ടില്ല. അക്കാര്യത്തിലും കോൺഗ്രസ് തീരുമാനം ബുധനാഴ്ച മാത്രമേ ഉണ്ടാവൂ.
ചർച്ചയിൽ പങ്കെടുക്കുമെന്നും ഭരണകക്ഷിയെ കേട്ട ശേഷം സത്യം പുറത്തുകൊണ്ടുവരുമെന്നും എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി), ടി.ആർ. ബാലു തിരുച്ചി ശിവ, കനിമൊഴി (ഡിഎംകെ), മനോജ് കുമാർ ഝാ (ആർജെഡി), ജോൺ ബ്രിട്ടാസ് (സിപിഎം), പി. സന്തോഷ് കുമാർ (സിപിഐ), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്‌പി), ജോസ് കെ. മാണി (കേരള കോൺഗ്രസ്), വൈക്കോ (എംഡിഎംകെ) തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group