സ്‌മൃതി പഥങ്ങളിൽ നിറയുന്ന ഗുരുവും ശിഷ്യനും

സ്‌മൃതി പഥങ്ങളിൽ നിറയുന്ന ഗുരുവും ശിഷ്യനും
സ്‌മൃതി പഥങ്ങളിൽ നിറയുന്ന ഗുരുവും ശിഷ്യനും
Share  
ചാലക്കര പുരുഷു . എഴുത്ത്

ചാലക്കര പുരുഷു .

2023 Jan 14, 10:47 PM
VASTHU
MANNAN

വെളിച്ചം സമ്പൂർണ്ണമായി പ്രതിഫലിക്കുമ്പോൾ വെളുപ്പും, അത്രയൊന്നും പ്രതിഫലിക്കാതിരിക്കുമ്പോൾ കറുപ്പും എന്നതാണ് നിറത്തിൻ്റെ സാമാന്യ നിയമം.ഇവിടെ വെളിച്ചം ജീവിതത്തിൻ്റേയും, ഇരുട്ട് മരണത്തിൻ്റേയും പ്രതീകമായിത്തീരുന്നു.

തൻ്റെ ഗുരുവായ കെ.സി.എസ് പണിക്കരുടെ മരണത്തിൻ്റെ കറുപ്പ് , പ്രിയശിഷ്യനായ എം.വി.ദേവൻ്റെ മനസ്സിൽ കറുപ്പ് രാശി പടർത്തിയ ഈ ദിനത്തിൽ തന്നെയായിരുന്നു, എം.വി.ദേവൻ്റെ ജൻമദിനവും.

ഗുരുശിഷ്യബന്ധത്തേക്കാൾ ഇവർ തമ്മിലുള്ള ആത്മബന്ധം, വാക്കുകൾക്കും വരകൾക്കുമപ്പുറമാണ്.

കെ.സി.എസിൻ്റെ മരണവാർത്ത എം.വി.ദേവൻശ്രവിച്ചത് അദ്ദേഹം ലളിതകലാ അക്കാദമിയുടെ ചെയർമാനായിരിക്കെ നടന്ന ഒരു ദേശീയചിത്രകലാ കേമ്പിൽ വെച്ചായിരുന്നു.

കാരിരുമ്പിൻ്റെ കരുത്തുള്ള ബലിഷ്ഠനും, പരുക്കൻ ശബ്ദത്തിനും,,തീഷ്ണമായ കണ്ണുകൾക്കുമുടമയായ ദേവൻ മാഷ് കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞത് താനാദ്യമായാണ് കണ്ടതെന്ന് അന്ന് ക്യാമ്പിൽ അംഗമായിരുന്ന വിഖ്യാത ചിത്രകാരനും കലാനിരൂപകനുമായ കെ.കെ.മാരാർ ഇന്നലെയെന്ന പോലെ ഓർക്കുന്നു '


whatsapp-image-2023-01-14-at-7.30.47-pm

വർണ്ണങ്ങളിൽ നീലയെ ഏറെ ഇഷ്ടപ്പെട്ട ചിത്രകാരനായിരുന്നു ഭാരതീയ ചിത്രകലയിലെ ദേവനായ എം.വി.ദേവൻ. നീല... അത് ശാന്തമാണ്. അനന്തവുമാണ്. കടും നീലയാകുമ്പോൾ നാം പ്രകടനം കൊതിക്കുന്നു. എന്നാൽ പ്രകടിപ്പിക്കുന്നുവെന്ന് മറ്റുള്ളവർപറയുവാനാഗ്രഹിക്കുന്നുമില്ല. നേർത്ത നീലയാവട്ടെ, പരിഷ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത്. ചായം കടുപ്പിക്കുമ്പോൾ അത് ശാന്തിയുടെ അനുഭവവും, ശക്തിയുടെ പ്രതികവുമായി മാറുകയാണ് ചെയ്യുന്നത്.നരിയുടെ ശരീരത്തിലെ വരകളെ എങ്ങിനെയാണ് അതിൻ്റെ ക്രൗര്യത്തിൽ നിന്ന് മോചിപ്പിക്കാനാവുക? നിറങ്ങളെ പ്രാഥമികമായ ഐന്ദ്രിയ ബോധത്തിൽ നിന്നാണ് എം.വി.ദേവൻ പ്രയോഗിച്ചിരുന്നത്. തൻ്റെ ഹൃദയത്തിലാമത്രണം ചെയ്ത ആശയങ്ങളെ രേഖകളിലും, ചായങ്ങളിലും, കരിങ്കല്ലിലും ആവാ ഹിക്കാനുള്ള ദേവൻ്റെ കരുത്ത് അനിതരസാധാരണമാണ്. വാസ്തുശിൽപ്പകലയിൽ കേരളീയതയുടെ വേറിട്ട സഞ്ചാര വീഥികൾ അദ്ദേഹം കണ്ടെത്തുകയായിരുന്നു' പ്രഭാഷണകലയിലും അദ്ദേഹത്തിൻ്റെ ഇടം മറ്റാർക്കും അവകാശപ്പെടാനാവുന്നതല്ല.

ഊഷ്മളമായ ചുകപ്പ് നിറമാണ് കെ.സി.എസ്.പണിക്കർ ഏറെയും ഉപയോഗിച്ചിരുന്നത്. നിറങ്ങൾ കാണുമ്പോഴുള്ള വികാരത്തെ വിശേഷണമാക്കി മാറ്റാനാണ് കെ.സി.എസ്. ശ്രമിച്ചത്.

കെ.സി.എസിൻ്റെ പ്രിയ ശിഷ്യൻ എം.വി.ദേവൻ മലയാള കലാഗ്രാമത്തിൽ വെച്ച് കെ.സി.എസ്.അനുസ്മണഭാഷണത്തിൽ പറഞ്ഞതിങ്ങനെ: 'മുപ്പതുകളിലാണ് കെ.സി.എസിൻ്റെ അരങ്ങേറ്റം. ഭാരതീയ ചിത്രകലയിൽ അന്ന് രണ്ട് ധാരകളാണ് ഉണ്ടായിരുന്നത്.വിക്ടോറിയൻ അഭിരുചിയുടെ മുദ്ര പതിഞ്ഞ പാശ്ചാത്യ രീതി. രാജാ രവിവർമ്മയാണ് ഈ വഴി തെളിയിച്ചത്.. ദേശാഭിമാനപ്രചോദിതമായി അബനീന്ദ്രനാഥ ടാഗോറും ശിഷ്യരും വെട്ടിത്തെളിയിച്ചതാണ് നവീന കലാ രീതി.അബനീന്ദ്രനാഥിൻ്റെ ശിഷ്യനായിരുന്നിട്ടും, കെ .സി .എസ്.പണിക്കർ ഈ രീതിയോടോ, പാശ്ചാത്യ രീതിയോടോ മമത കാട്ടിയില്ല. ഭൂതകാലത്തിൻ്റെ മുദ്രകളെ ആവർത്തിക്കാനോ, വർത്തമാനകാലത്തെ കണ്ടില്ലെന്ന് നടിക്കാനോ കെ.സി എസിന് കഴിയുമായിരുന്നില്ല. പ്രകൃതി ലാവണ്യത്തിൽ മുഗ്ധമായ മനസ്സും, വിശദാംശങ്ങളേക്കാൾ സാമാന്യ പ്രതിഭാസങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന സംവിധാന ശിൽപ്പവും ചേർന്ന ഈ കാലഘട്ടത്തിൻ്റെ മുദ്ര, മറ്റെല്ലാ ദശാപരിണാമങ്ങളിലും പതിഞ്ഞിരിക്കുന്നു. ആധുനിക കലപശ്ചാത്യരുടെ മതിഭ്രമമാണെന്നും, ഇന്നാട്ടുകാർ അത് അർത്ഥമറിയാതെ പകർത്തുകയാണെന്നും,ആക്ഷേപിക്കുന്നവർക്കുള്ള ഏറ്റവും നല്ല മറുപടിയായിരുന്നു കെ.സി.എസിൻ്റെ പിൽക്കാല രചനകൾ. ഭാരതീയചിത്രകലയിൽ ആധുനീക കാലത്ത് ജീവിച്ച രണ്ട് ആചാര്യന്മാരാണ് ജാമിനി റായിയും, പിന്നീട് കെ.സി.എസ്സും'ആധുനീക ഭാരതീയ പ്രതിഭയുടെ അത്യുജ്വല നിദർശനങ്ങളായി ഇന്നും എടുത്ത് കാണിക്കാനുള്ളത് ഇവരുടെ സൃഷ്ടികളാണെന്ന് എം.വി.ദേവൻമരണം വരെ വിശ്വസിക്കുകയും, സമർത്ഥിക്കുകയും ചെയ്തിരുന്നു'

ജനിച്ചു വളർന്ന നാട്ടിൻ പുറത്തിൻ്റെ സ്വപ്ന സന്നിഭമായ കാന്തി പ്രകർഷം തൻ്റെ ആത്മാവിലുണർത്തിയ അനന്ത വിചിത്രമായ വർണ്ണ സമഞ്ജസമാണ് എം.വി.ദേവൻ്റെ കലാബോധത്തിൻ്റെ മൂലകന്ദം. ജീവിത നിയോഗം കണക്കെ അദ്ദേഹം കെ.സി.എസിനൊപ്പം മുൻകൈയെടുത്ത് പടുത്തുയർത്തിയ തമിഴ്നാട്ടിലെ ചോളമണ്ഡലവും, കൊച്ചിയിലെ കലാപീഠവും, മാഹിയിലെ മലയാള കലാഗ്രാമവുമെല്ലാം ഇതിന് അടിവരയിടുന്നുണ്ട്. സ്വന്തം മോചനത്തിനുള്ള ഉപാധിയായിരുന്നു ദേവൻ മാഷിന് ചിത്രകല -സ്വന്തം മനസ്സിൻ്റെ അഗാധതലങ്ങളിലേക്ക് അന്വേഷണ യാത്ര നടത്താനും, കലാകാരനുള്ള അവകാശത്തെ ഉറച്ച് പ്രഖ്യാപിക്കാനുമുള്ള ഉപാധി കൂടിയായിരുന്നു അത്. തിരുവനന്തപുരത്തും മാഹി മലയാള കലാഗ്രാമത്തിലും കെ.സി.എസിൻ്റെ ഗാലറി സ്ഥാപിച്ച അദ്ദേഹം തൻ്റെ ജീവിതാന്ത്യകാലത്ത് പോലും തൻ്റെ ഗുരുവിൻ്റെ രചനകൾ പുതു തലമുറക്ക് പരിചയപ്പെടുത്താൻ രാജ്യമാകെ സഞ്ചരിച്ചിരുന്നു.


ജനുവരി 15-കെ.സി.എസിൻ്റെ ഓർമ്മ ദിനവും, എം.വി.ദേവൻ്റെ ജൻമദിനവുമാണ്.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2