കാലം തെറ്റിയെത്തിയ മഴമേഘങ്ങൾ നിറഞ്ഞ ഈ രണ്ടാം പാതിരയിൽ,മരണം മണക്കുന്ന ഓർമ്മകൾ തൊട്ടുണർത്തിയ എന്നെ, വലിയൊരു നഷ്ടബോധം കൂടി വേട്ടയാടുകയാണ്:
നാലക്ഷരമുള്ള വലിയൊരു നഷ്ടബോധം : 'കെ. അ ജി ത്. 'എന്നാണ് ആ
നഷ്ടബോധത്തിന്റെ നാമം...
പ്രിയപ്പെട്ട അജിത്, ഉറ്റവനായ സതീഷ് ബാബു പയ്യന്നൂരിന്റെ അപ്രതീക്ഷിത വേർപാടിൽ നിന്ന് ഞാൻ ഒരുവിധം കരകയറിവരുമ്പോഴാണ് കൊള്ളിയാനായി നിന്റെ വിയോഗം...?
ഈ ഭൗതിക ശരീരമുപേക്ഷിച്ചു വിജയികളുടേതു മാത്രമായ ഒരു സ്വർഗ്ഗത്തി ലേക്കു നീ യാത്രയായിട്ടു നാലുനാൾ പിന്നിടുമ്പോഴും ഒരു വർണ്ണശലഭമായ് നീ എന്റെ ഉള്ളിൽകിടന്നു പിടയ്ക്കുകയാണ്...
നഷ്ടവാഗ്ദാനങ്ങൾ നിറഞ്ഞ വേദനകളാണ് ആ ശലഭത്തെ ചൂഴുന്ന ഓർമ്മകൾക്ക്...
ഏതോ രാത്രിസത്രത്തിൽ കണ്ടുമുട്ടുന്ന അപരിചിതരെപ്പോലെ നാം കൂട്ടിമുട്ടി പിരിഞ്ഞുപോയി...?
എണ്ണിപ്പറുക്കിയ വാക്കുകൾ മാത്രം നീ കൈമാറി:
ഒരിക്കൽ ഒരു സെൻ കഥ,മറ്റൊരിക്കൽ പൂജാദികളുടെ വ്യർഥത,അനന്യമായ ചില രാഷ്രീയ നിരീക്ഷണങ്ങൾ...
പലപ്പോഴും ദേവസ്വം ബോർഡിലെ ആ പൊക്കംകുറഞ്ഞ ചേട്ടന്റെ പെട്ടിക്കടയിൽ പണ്ഡിറ്റ്‌സ് കോളനി ഫ്‌ളാറ്റിലെ ക്രോധാലയത്തിൽ നിന്നിറങ്ങി ആത്മാവിനു പുക നൽകാനായി ഞാനെത്തുമ്പോൾ ഒരു കറുത്ത മുണ്ടുടുത്ത് നീ കെസ്റ്റണ് റോഡിലെ വീട്ടിൽനിന്ന് മെല്ലെ നടന്നു വരുന്നുണ്ടാകും,കഷണ്ടിയിൽ തിളങ്ങുന്ന സൂര്യനുമായി...അങ്ങിനെ,രാഷ്ട്രീയ നാടകങ്ങളുടെ പള്ളിമേടയ്ക്കെതിരെ 'ഒരേ തൂവൽ പക്ഷികളായി' നാം പലപ്പോഴും സന്ധിച്ചു.ഏഷ്യാനെറ്റിൽ നിന്നിറങ്ങിയ നീയും 'ആരോഗ്യകേരള'ത്തിൽ നിന്നു പുറത്താക്കപ്പെട്ട ഞാനും...
എന്നാൽ, നാം 'ഒരേ തൂവൽ പക്ഷികളാ ണെ'ന്നു ഞാൻ ധരിച്ചു വശാകുകയായിരുന്നുവെന്നു വൈകാതെ ഞാൻ തിരിച്ചറിഞ്ഞു.ഞാൻ ഔദ്യോഗിക ഭീകരതയെ ലഹരിയിൽ മുക്കിക്കൊല്ലുകയായിരുന്ന ആ വ്യർത്ഥ ദിനങ്ങളിൽ നീ വായിച്ചും പഠിച്ചും പുത്തൻ കുതിപ്പുകൾക്കായി കരുത്താർജിക്കുകയായിരുന്നു. അക്കാലത്തു നാം ഇരുധ്രുവങ്ങളിൽ നിന്നു പലതും പങ്കുവെച്ചു.ചർച്ചയിൽ അപൂവ്വമായി അന്ന് അമൃതാ ടിവിയിലായിരുന്ന നീലനും പങ്കുചേർന്നു.എന്റ്റെ ഫ്ളാറ്റിലായിരുന്നു അന്ന് നീലനും.
പിന്നീട്,ചടങ്ങുകളിൽ മാത്രമായി നമ്മുടെ കണ്ടുമുട്ടൽ.കൊടും വിഷാദത്തിന്റെ ആ ദിനങ്ങളിൽ എനിക്ക് സ്നേഹത്തിന്റെ ശമനൗഷധം പകർന്നു നല്കിയ മധുവും അജിതയും.നിന്റെ പെങ്ങളും അളിയനും.
രക്തബന്ധങ്ങൾക്കപ്പുറമുള്ള സ്നേഹബന്ധങ്ങളുടെ അഴിമുഖങ്ങളിൽ നങ്കൂരമിട്ട ഒരു തോണിയായ് നീയും..
ഫ്‌ളാറ്റിൽ നിന്നു കവടിയാറിലെ വീട്ടിലേക്കു ഞാൻ താമസം മാറ്റിയതോടെ നാം തീർത്തും കാണാതായി.
(ഏഷ്യാനെറ്റിൽ നിന്ന് നീ പടിയിറങ്ങുമ്പോൾ അളിയൻ മധുവിന്റെ കാറിൽ നിനക്കൊപ്പം ഞാനും.ആദ്യമായി നാം കണ്ടതന്നാണ്.നിന്റെ മുഖം വിഷാദനിർഭരമായിരുന്നു...
മധു ചോദിച്ചു ; ' ഹരീ,ഇയാളെ നമുക്കെവിടെങ്കിലും ഒന്ന് fit ചെയ്യാൻ പറ്റുമോ.?' നോക്കാമെന്നു പറഞ്ഞ ഞാൻ പാളയത്തിറങ്ങി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്കു നടന്നു...പിന്നീട് ഞാൻ അക്കാര്യമേ മറന്നുപോയി.)
അജിത പോയ ദിവസം നാം വീണ്ടും കണ്ടു മുട്ടി.മരണം എന്ന പ്രതിഭാസത്തെകുറിച്ചു എന്തൊക്കെയോ സംസാരിച്ചു.അന്നു നീ പറഞ്ഞ സെൻകഥ ഞാൻ കുറേനാൾ ഓർത്തുവെച്ചെങ്കിലും പിന്നീട് മറന്നുപൊയി...
.അക്കാലത്തൊരു ദിനം നിന്റെ കാൾ;
' ഹരീ, ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് കറണ്ട് കട്ടുചെയ്യാൻ ആളു വന്നുനിൽക്കുന്നു.ഒരു ആയിരം രൂപ മറിക്കാമോ? '
സഹായിക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല എനിയ്ക്കന്ന്.ഞാനതു പറഞ്ഞപ്പോൾ തെല്ലും മുഷിയാതെ നീ ഫോണ് വെച്ചു.
നീയുമായി ബന്ധപ്പെട്ട ആ വലിയ നഷ്ടബോധത്തിന്റെ കഥ ഇനി ഞാൻ പറയാം:
ലോക്ക് ഡൗണാനന്തരകാലം. മോളെ ജേർണലിസത്തിന് വിടണമെന്നു ഞങ്ങൾ തീരുമാനിച്ചപ്പോൾ ആദ്യം ഓർത്തത് നിന്നെ.ഞാൻ നിന്നെ വിളിക്കുകയും ഏതാണ്ട് എല്ലാ കാര്യങ്ങളും തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു.എന്നാൽ മഹാമാരി പിൻവാങ്ങിക്കഴിഞ്ഞെങ്കിലും മോളെ കൊച്ചിയിലെ ഹോസ്റ്റലിൽ വിടേണ്ടെന്നു ഞങ്ങൾ പിന്നീട് തീരുമാനിച്ചു.വൈറസ് ഭീതി തന്നെ കാരണം.
എന്നാൽ പറയട്ടെ, നഷ്ടബോധത്താൽ എന്റ്റെ നെഞ്ചു കിടുങ്ങിപ്പോയത്,മരണാനന്തരം മാധ്യമങ്ങളിലൂടെ നിന്റെ അധ്യാപന വൈദഗ്ധ്യത്തിന്റെയും മക്കളില്ലാത്ത നീ നിന്റെ മാധ്യമക്കുഞ്ഞുങ്ങൾക്കു വാരിക്കോരിക്കൊടുത്ത സ്നേഹത്തിന്റെയും കഥകൾ വായിച്ചപ്പോഴാണ്.'അപ്പ'നെന്നു നിന്നെ വിളിച്ച അവർ കണ്ണീർ വാർത്ത് പട്ടടയോളം നിന്നെ അനുയാത്ര ചെയ്തു.നിനക്ക് വീരോചിതമായ ഒരു യാത്രയയപ്പുതന്നെ അവർ നല്കി.
മാധ്യമലോകം ഒന്നായിത്തന്നെ നിന്റെ മുന്നിൽ പ്രണമിച്ചു. ഒരു സുകൃതിയായി നീ വീരസ്വർഗ്ഗം പൂകി.?
പ്രിയപ്പെട്ട അജിത്,
കാലവും മാധ്യമലോകവും ആ കുഞ്ഞുങ്ങളും നിന്നെ തിരിച്ചറിഞ്ഞിരുന്നു.നിന്നെ തിരിച്ചറിയാതെ പോയത് ഞാൻ മാത്രം
എന്നാൽ,ജീവിതകാലത്ത് നിനക്ക് ഒരു അവാർഡ് നൽകി ആദരിക്കാൻ ഞങ്ങൾക്ക് കഴിയാതെ
പോയി.നിന്നിലെ മാധ്യമ അധ്യാപകനെ തിരിച്ചറിയാൻ എനിക്കും യോഗമില്ലാതെപോയി..
അതോക്കെ പോട്ടെ അജിത്.
ഒരു വിവരം നിന്നെ അറിയിക്കട്ടെ:
മീഡിയ അക്കാദമിയുടെ അടുത്ത ബാച്ചിൽ തിരുവനന്തപുരത്തു നിന്ന് ഒരു കുട്ടിയുണ്ടാകും.
ഐഷാ ഹരി.D/O ജി.ഹരി നീലഗിരി.
നിന്നെ മാനസഗുരുവായി വരിച്ചു, നീയില്ലാത്ത ആ കാമ്പസിൽ അവൾ പഠിക്കും
മീഡിയ അക്കാദമിയിലെ നിന്റെ ചിത്രത്തിൽ ദിവസവും പൂമാല ചാർത്തിവണങ്ങാൻ മറക്കരുതെന്ന്
ഞാൻ ഇടയ്ക്കിടെ അവളെ വിളിച്ചോർമ്മിപ്പിച്ചു കൊള്ളാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group