കോഴിക്കോട് : ‘‘ഒരുപാട് തലമുറകളെ കണ്ടു എന്ന വലിയ സംതൃപ്തി. അതുവഴി എല്ലാ തലമുറയുടെയും അനുഭവങ്ങൾ അറിഞ്ഞു. അതാണ് ഏറ്റവുംവലിയ ഭാഗ്യം” -എൺപതാം പിറന്നാളിന്റെ ആഘോഷവേളയിൽ കവി പി.പി. ശ്രീധരനുണ്ണി ചിരിയോടെ പറഞ്ഞു. എൺപതെന്നത് വെറും അക്കംമാത്രമാണ്. അക്ഷരസപര്യ ഇപ്പോഴും തുടരുന്ന അദ്ദേഹം സംവദിക്കുന്നു യുവതയോട്, അവരുടെ നവമാധ്യമങ്ങളിലൂടെ. കവിതകൾ, സിനിമാഗാനങ്ങൾ, ലളിതഗാനങ്ങൾ, ബാലസാഹിത്യം, അങ്ങനെപോകുന്നു കവി മലയാളത്തിന്റെ ഹൃദയത്തിലിടം നേടിയ വഴികൾ. ലാളിത്യം ഇഷ്ടപ്പെടുന്ന കവിക്ക് പിറന്നാൾ ആഘോഷത്തിലും മിതത്വമാണിഷ്ടം. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ. അധികമാരും അറിയാതെയുണ്ടായ ചെറിയ ആഘോഷത്തിൽ ഭാര്യ സതീദേവിയും മക്കളായ ശ്രീജിത്തും ശ്രീരമയും അടുത്തബന്ധുക്കളും മാത്രം.
ഇപ്പോഴും എഴുത്തും വായനയും പൊതുപരിപാടികളുമായി കവി സജീവമാണ്. ഫെയ്‌സ്ബുക്കിലൂടെ പുതിയ തലമുറയുമായി ഇടപെടലുകൾ നടത്തുന്നു. പരിഹാസരൂപത്തിൽ സാമൂഹികകാര്യങ്ങളെ നോക്കിക്കാണുന്ന ചെറുകുറിപ്പുകളിലൂടെയാണ് അദ്ദേഹം നിത്യവുമെത്തുന്നത്. ദിവസവും ഒരു പോസ്റ്റ് അതാണ് രീതി.
1944-ൽ കോഴിക്കോട് ജില്ലയിലെ പന്നിക്കോട്ടൂർ ഗ്രാമത്തിൽ ജനിച്ചു. കവിയെന്നനിലയിലും ഗാനരചയിതാവെന്നനിലയിലും പേരെടുത്തു. കാവൽക്കാരന്റെ പാട്ട്, വഴി, കാറ്റ് വരുന്നു, ക്ഷണപത്രം, അടുപ്പ്, നനവ്, മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയത് തുടങ്ങിയവയാണ് കവിതാസമാഹാരങ്ങൾ. താലപ്പൊലി, ആറാട്ട്, ആകാശക്കുട, മഞ്ഞക്കിളികൾ തുടങ്ങിയ രചനകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ആകാശവാണിയിലെ ‘ഗാന്ധിമാർഗം’ പരിപാടിയും ശ്രദ്ധയാകർഷിച്ചു. ശംഖുപുഷ്പം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകൾക്ക് അദ്ദേഹം എഴുതിയ പാട്ടുകൾ അക്കാലത്തെ ഏറ്റവും ജനപ്രിയഗാനങ്ങളായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group