കോർണറുകൾ ഗോളാക്കി മാറ്റും. പാലക്കാട്ടുകാരൻ അറയ്ക്കൽ മൂസയ്ക്ക് പഴയകാല ഫുട്ബോൾ ആരാധകർ നൽകിയ ടാഗ് ലൈൻ ഇതായിരുന്നു. ഐക്യകേരളത്തിനുമുൻപ് മലബാർ ലീഗിൽ കണ്ണൂർ ജിംഖാനയ്ക്ക് കളിക്കെ, മൂസ നേടിയ രണ്ട് കോർണർ ഗോളുകൾ കിരീടം നിർണയിച്ച കഥ പ്രശസ്ത സ്പോർട്സ് ലേഖകനായിരുന്ന മുഷ്താഖ് അനുസ്മരിച്ചിട്ടുണ്ട്. 1960-കളുടെ തുടക്കത്തിൽ മുഹമ്മദൻസിനായും കൊൽക്കത്തയിലെ മൈതാനങ്ങളിൽ മൂസയുടെ കോർണർ ഗോളുകൾ പിറന്നു. ‘ലെഫ്റ്റ് എക്സ്ട്രീം മൂസ ഭായ്’ എന്നായിരുന്നു വംഗനാട്ടിൽ അദ്ദേഹം അറിയപ്പെട്ടത്.
മൂസയുടെ കാലുകളിലായിരുന്നു മാജിക്കെങ്കിൽ അദ്ദേഹത്തിന്റെ മകൻ ഖലീലുൽ റഹ്‌മാന്റെ കൈകളിലായിരുന്നു ‘ഗോൾ മരുന്ന്’.
പ്രതിരോധത്തിൽ ഇളകാതെ നിൽക്കുമ്പോഴും ഖലീലിന്റെ നീളൻ ത്രോകൾ എച്ച്.എ.എൽ.(ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്) ക്ലബിനും കർണാടകയ്ക്കും ഇന്ത്യൻ ടീമിനുമെല്ലാം ഗോളുകൾ കൊണ്ടുവന്നു. 1994 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലബനൻ, ഹോങ്കോങ് ടീമുകൾക്കെതിരേ ഇന്ത്യ സ്കോർ ചെയ്തത് ഖലീൽ മധ്യരേഖയ്ക്ക് സമീപത്തുനിന്നും നീട്ടിയെറിഞ്ഞ ത്രോകളിൽ നിന്നാണ്.
പാലക്കാട് ബി.ഇ.എം. സ്കൂൾ, റോവേഴ്‌സ് ക്ലബ് എന്നിവയ്ക്ക് കളിച്ച ഖലീൽ 1986-ലെ ജൂനിയർ നാഷണലിൽ കേരള ടീമിൽ ഉൾപ്പെട്ടു. അവിടെ കളി കാണാനെത്തിയ എച്ച്.എ.എൽ. കോച്ച് ചന്ദ്രശേഖർ ഖലീലിനെ കർണാടകയിലേക്ക് ‘നാടുകടത്തി’. അതോടെ കന്നഡ നാളുകൾക്കു തുടക്കമായി.
1988-ലെ കൊല്ലം സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായി അരങ്ങേറി.
പിന്നീട് ഏഴുവർഷം അവരുടെ പ്രതിരോധം കാത്തു. ഇതിൽ അഞ്ചുവർഷവും നായക വേഷത്തിലാണ് കളത്തിലിറങ്ങിയത്. അഞ്ചുതവണ ഒരു സന്തോഷ് ട്രോഫി ടീമിന്റെ നായകസ്ഥാനം അലങ്കരിക്കുകയെന്ന അപൂർവ റെക്കോഡ് മറ്റൊരു മലയാളിക്കും അവകാശപ്പെടാനില്ല.
1990 മഡ്ഗാവ്, 1991 പാലക്കാട്, 1992 കോയമ്പത്തൂർ, 1993 കൊച്ചി, 1996 മഡ്ഗാവ് സന്തോഷ് ട്രോഫികളിലാണ് ഖലീൽ കർണാടക ടീമിന്റെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞത്. ടീമിനെ ജേതാക്കളാക്കാൻ കഴിഞ്ഞില്ലെങ്കിലും മൂന്നുതവണ സെമിയിലേക്ക് നയിച്ചു.
1997 ബാംഗ്ലൂർ നാഷണൽ ഗെയിംസിലും കർണാടക ഫുട്ബോൾ ടീമിന്റെ നായകൻ ഖലീലായിരുന്നു. അന്ന് ഏറെ സംഘർഷഭരിതമായ സെമിയിൽ കേരളവും കർണാടകയുമാണ് മാറ്റുരച്ചത്. കേരളം സ്വർണവും കർണാടക വെങ്കലവും നേടി.
ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ ഉൾപ്പടെ ആറു വർഷത്തോളം ഖലീൽ ഇന്ത്യൻ പ്രതിരോധനിരയിൽ തിളങ്ങി. സ്റ്റോപ്പർ സ്ഥാനത്ത് വി.പി. സത്യന്റെ കൂട്ടാളിയായിരുന്നു ഈ പാലക്കാട്ടുകാരൻ.
1990-ൽ മാലിദ്വീപിൽ നടന്ന പ്രസിഡന്റ്‌സ് കപ്പ്, 1993-ൽ പാകിസ്താനിൽ നടന്ന സാർക് ഗോൾഡ് കപ്പ്, 1995-ൽ മദ്രാസിൽ നടന്ന സാഫ് ഗെയിംസ് എന്നിവയിൽ രാജ്യത്തിനായി സ്വർണ മെഡൽ നേടി.
1990-ൽ ഏറ്റവും മികച്ച കായികതാരത്തിനുള്ള കർണാടക സ്പോർട്സ് കൗൺസിൽ അവാർഡ് സ്വന്തമാക്കി. 1995-ൽ ഏകലവ്യ അവാർഡിനും (നമ്മുടെ ജി.വി. രാജ പുരസ്കാരത്തിന് തുല്യം) അർഹനായി.
എച്ച്.എ.എലിൽ സീനിയർ ചീഫ് സൂപ്പർവൈസറായ ഖലീൽ ബംഗളുരു കഗ്ഗഡസ്പുര റോഡിലാണ് താമസം.
ഭാര്യ: നൗഷിദ, മക്കൾ: ആയിഷ ലാമിയ അറയ്ക്കൽ, അഫാൻ റഹ്‌മാൻ അറയ്ക്കൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group