കലഞ്ഞൂർ: കാണുന്നവർക്കൊക്കെ ഇത് ഭ്രാന്താണെന്ന് തോന്നും. പക്ഷേ, ഈ പച്ചപ്പിനിടയിൽനിന്ന് ശ്വസിക്കുന്ന ശുദ്ധവായുവാണ് എന്റെ സന്തോഷം. മണ്ണിൽ ചവിട്ടി നടക്കാമെന്നും പച്ചപ്പിനെ സംരക്ഷിക്കണമെന്നും കോൺക്രീറ്റ് കൂടാരത്തിനിടയിൽനിന്ന് പറയുന്നവർക്ക് ഈ സന്തോഷം അനുഭവിച്ചറിയാൻ പറ്റില്ല. ഓർമ്മ വെച്ചകാലം മുതൽ ഞാൻ കണ്ടുവളർന്നത് ഹൈദരാബാദിൽ ഭരണാധികാരിയായിരുന്ന നൈസാം തന്റെ നാട്ടിൽ പച്ചപ്പിന്റെ മനോഹാരിതയിൽ നിർമിച്ച കെട്ടിടങ്ങളും പാർക്കുകളുമായിരുന്നു. നെടുമൺകാവ് എണ്ണശ്ശേരിൽ വീട്ടിലെ പച്ചപ്പിനിടയിലിരുന്ന് തന്റെ ശാരീരിക അസ്വസ്ഥതകളെ മറന്ന് ഹരിതാഭമായ മനസ്സോടെയാണ് തോമസ് ഐസക്ക് എന്ന 77 വയസ്സുകാരൻ മനസ്സുതുറന്നത്.
സ്വപ്‌നമാണിവിടം
ഒരു പഴയ സിനിമാ ലൊക്കേഷൻപോലെ ചുറ്റിനും പച്ചപ്പും കയറിച്ചെല്ലാൻ മുപ്പതോളം പടികളും അതിനിടയിൽ വീട്ടുമുറ്റത്തൊരു പഴയ കിണറും ഒപ്പം നൂറ്റാണ്ടിന്റെ പഴമയിലൊരു വീടും. വീട്ടിലും പരിസരത്തും ഒരു പച്ചപ്പുപോലും വെട്ടി നശിപ്പിക്കരുതെന്ന ചിന്തയുമായി ശാരീരിക അവശതകളെ അവഗണിക്കുന്ന ഐസക്കിന്റെ സ്വപ്‌ന ജീവിതമാണിവിടെ. ഹൈദരാബാദിൽ ജോലി ചെയ്തതിനുശേഷം 1969-ലാണ് ഈ പഴയ വീട് ഐസക്ക് വാങ്ങുന്നത്. ഒരേക്കറോളം വരുന്ന വീടും ചുറ്റുപാടും പഴമയുടെ സൗന്ദര്യം നിറഞ്ഞയിടം തന്നെയായിരുന്നു. വീടുവാങ്ങിയ നാൾമുതൽ ഇതിന് ചുറ്റും ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദം. വീട്ടിൽനിന്ന് വലിച്ചെറിയാൻ ഒന്നും ഇവിടെ ഇല്ലായിരുന്നു. പഴയ പ്ലാസ്റ്റിക് കുപ്പികളായാലും പാത്രങ്ങളായാലും എല്ലാം ചെടികൾ വച്ചുപിടിപ്പിക്കുന്നതിനായി ഉപയോഗിച്ചു. അവിവാഹിതനായ തോമസ് ഐസക്കിന് പ്രകൃതിയോടുള്ള ഇഷ്ടമാണ് വാക്കുകളിലെല്ലാം നിറഞ്ഞുനിൽക്കുന്നത്. ഹൈദരാബാദിൽ എ.സി.സി. സിമന്റ് കമ്പനിയിലായിരുന്നു ഇദ്ദേഹത്തിന് ജോലി.
തളർത്താൻ കഴിഞ്ഞില്ല
മുപ്പതുവർഷം മുമ്പ് രക്തസമ്മർദ്ദം കൂടിയത് അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമേ ഭാഗികമായി തളർത്താൻ കഴിഞ്ഞുള്ളൂ. പക്ഷേ, മനസ്സിലും ചിന്തകളിലും ഹരിതാഭമായ സ്വപ്‌നങ്ങൾ മാത്രമായിരുന്നു. ഇതോടുകൂടി പുറത്തേക്കിറങ്ങിയുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നു. ഇതിനിടയിൽ നട്ടെല്ലിനും രോഗാവസ്ഥ വന്നതോടെ അദ്ദേഹത്തെ പരിചരിക്കുന്നതിനായി ആളെ നിർത്തേണ്ട അവസ്ഥയും വന്നു. വെല്ലൂർ സ്വദേശിനിയായ മാലിനിയാണ് തോമസ് ഐസക്കിന്റെ ഹരിതാഭമായ ഈ സ്ഥലം ഇപ്പോൾ ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം നോക്കുന്നത്. വീടിന്റെ തിണ്ണയിലെ കസേരയിൽ അദ്ദേഹത്തെ കൊണ്ടുവന്നിരുത്തും. മണിക്കൂറുകളോളം ഈ പച്ചപ്പ് കണ്ടുകൊണ്ടിരിക്കുക എന്നതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group