ചേർത്തല : ഉല്ലല ബാബുവിനു ജീവിതമായിരുന്നു അക്ഷരങ്ങൾ. 16-ാം വയസ്സിൽ ആദ്യകഥ പ്രസിദ്ധീകരിച്ചപ്പോഴും പിന്നീടു ജീവിതമാർഗമായി പ്രിന്റിങ് പ്രസ് തുടങ്ങിയപ്പോഴും തെളിഞ്ഞത് ബാബുവിന്റെ അക്ഷരസ്നേഹം. ഗവേഷക വിദ്യാർഥികൾക്കുപോലും ആശ്രയിക്കാവുന്ന ഗ്രന്ഥശാലയാണ് ബാബു വീട്ടിൽ ഒരുക്കിയിരുന്നത്.
മലയാളം അധ്യാപകനായിരുന്ന അച്ഛൻ പി. സുബ്രഹ്മണ്യപിള്ളയാണ് ബാബുവിനെ അക്ഷരങ്ങളുടെ വഴിയിലേക്കു നയിച്ചത്. കൊമേഴ്‌സിലും പത്രപ്രവർത്തനത്തിലും പഠനം പൂർത്തിയാക്കിയ ശേഷമാണ് ചേർത്തലയിൽ പ്രസ് നടത്തിപ്പുകാരനായത്. അവിടെയും വായനയ്ക്കും എഴുത്തിനും അവസരമൊരുക്കിയിരുക്കിയിരുന്നു.
1980-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടത്തിയ കരൂർ പ്രബന്ധമത്സരത്തിൽ ഒന്നാംസമ്മാനം നേടി. 80 മുതലാണ് ബാബു അക്ഷരങ്ങളെ ചെറുപ്പമാക്കി ബാലസാഹിത്യത്തിലേക്കു തിരിഞ്ഞത്. കഥയും നോവലും ലേഖനങ്ങളുമടക്കം എല്ലാ മേഖലയിലും ബാബു കൈവെച്ചു. 72 ഓളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. മഹാന്മാരുടെ ജീവിതത്തിലെ രസമുത്തുകൾ എന്ന പുസ്തകത്തിന്റെ നാലരലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. നീണ്ടകാലത്തെ എഴുത്തിനൊടുവിൽ 10 മാസം മുൻപാണ് ബാബുവിനെത്തേടി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമെത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 ഓളം പുരസ്കാരങ്ങൾ അക്ഷരസ്നേഹിയെ തേടിയെത്തിയിരുന്നു.
വൈക്കത്തിനടുത്ത് ഉല്ലലയിൽ ജനിച്ച ബാബു ജീവിച്ചതു ചേർത്തലയിലായിരുന്നു. ചേർത്തലയിലെ സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന ബാബു മൂന്നുവർഷങ്ങൾക്കു മുൻപ് കരൾ രോഗം ബാധിച്ചതോടെയാണ് വിശ്രമത്തിലായത്. ഭാര്യ മായ പകുത്തു നൽകിയ കരളുമായി വീണ്ടും ജീവിതത്തിലേക്കു തിരിച്ചു നടക്കുമ്പോഴാണു മടക്കം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group