ഗുരുവായൂർ: വർഷം 1974. പൂമുള്ളി രാമൻ നമ്പൂതിരിയെ കാണാൻ വന്നതായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. പെരിങ്ങോട് സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന ചിത്രകാരനും ശില്പിയുമായ ഗണപതി അക്കാലത്ത് പൂമുള്ളി മനയിലായിരുന്നു താമസം. പൂമുഖത്തിരുന്ന് ചെമ്പൈയുമായുള്ള വർത്തമാനത്തിനിടെ പൂമുള്ളി തമ്പുരാൻ, ഗണപതിയോടു പറഞ്ഞു “ഭാഗവതരുടെ നല്ലൊരു ചിത്രം വരയ്ക്കൂ...” ഗണപതി ആ വർഷംതന്നെ പൂർത്തിയാക്കി, കളഭക്കുറിയിട്ട്, തംബുരുവിനടുത്തിരുന്ന് 'നാരായണീയം' വായിക്കുന്ന ഭാഗവതരുടെ മനോഹരചിത്രം.
ഒരു പ്രതിഫലവും വാങ്ങാതെയാണ് അദ്ദേഹം ചിത്രം വരച്ചത്. അഞ്ചടി ഉയരവും മൂന്നരയടി വീതിയുമുള്ള ആ ചിത്രം ഗുരുവായൂർ ദേവസ്വത്തിന്റെ ചുമർച്ചിത്ര പഠനകേന്ദ്രത്തിന്റെ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ചെമ്പൈ സംഗീതോത്സവം സുവർണജൂബിലിയിലെത്തിനിൽക്കുമ്പോൾ ആ ചിത്രവും അമ്പതിന്റെ നിറവിലാണ്. പൂമുള്ളി തമ്പുരാൻ ചെമ്പൈയുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടതും വരയ്ക്കാൻ തുടങ്ങിയതുമൊക്കെ അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഗണപതിയുടെ ഇളയ മകൾ കുന്നംകുളത്തിനടുത്ത് ഇയ്യാലിലുള്ള രേഖ ഓർത്തെടുത്തു. ‘ചെമ്പൈയുടെ ചിത്രം വരയ്ക്കാൻ പൂമുള്ളിയിൽവെച്ചുതന്നെ അച്ഛൻ മനസ്സുകൊണ്ട് തയ്യാറെടുത്തിരുന്നു. അതിനായി ഭാഗവതരുടെ അടുത്തുനിന്ന് ശരീരഭാഷകൾ നന്നായി നിരീക്ഷിച്ചു''- രേഖ ഓർക്കുന്നു.
1962-ലാണ് ഗണപതി മാഷ് ചിത്രകലാ അധ്യാപകനായി പെരിങ്ങോട് സ്കൂളിൽ ചേരുന്നത്. തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലും പൂമുള്ളി മനയിലുമായിട്ടായിരുന്നു താമസം.
ചിത്രകലയ്ക്കൊപ്പം സംഗീതത്തെയും സ്നേഹിച്ചിരുന്ന ഗണപതിക്ക്, ചെമ്പൈയെ അടുത്തുകാണുകയെന്നത് മോഹവുമായിരുന്നു.
2022 ഓഗസ്റ്റ് 27-നാണ് ഗണപതി കലാലോകത്തോട് വിട പറഞ്ഞത്. അനശ്വരചിത്രം കേടുകൂടാതെ സൂക്ഷിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്ന് ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബു പറഞ്ഞു. ചിത്രത്തിന്റെ പകർപ്പുകളാണ് ചെമ്പൈ സംഗീതോത്സവവേദികളിൽ സ്ഥാപിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group