മറയൂർ : അന്യംനിന്നുപോയ കാച്ചിലുകൾ മുളപ്പിച്ച് ശ്രദ്ധനേടിയ മറയൂർ ഊഞ്ചാംപ്പാറ ഗോത്രവർഗ കോളനിയിലെ ലക്ഷ്മിയമ്മയ്ക്ക് (80) ഇൻസ്പയേഡ് ഇന്ത്യൻ ഫൗണ്ടേഷന്റെ ആദരം. ഗുരു അബ്ദുൾകലാം മെമ്മോറിയൽ ലക്ചറാണ്, അറിയപ്പെടാത്ത ബഹുമുഖ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ലക്ഷ്മിയമ്മയെ തിരഞ്ഞെടുത്തത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്. സോമനാഥ്, ഇന്ത്യൻ എയർഫോഴ്സ് മുൻ എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദുരിയ എന്നിവർ ചേർന്ന് ആദരിച്ചത്.
മറയൂർ ചന്ദനഡിവിഷനിൽ മുൻ ഡി.എഫ്.ഒ. എം.ജി.വിനോദ് കുമാറിന്റെയും റേഞ്ച് ഓഫീസർ അബ്ജു കെ.അരുണിന്റെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് നറും നൂറ് പദ്ധതി. അന്യംനിന്നുപോകുന്ന 40-ലധികം പരമ്പരാഗത കാച്ചിലുകൾ മറയൂർ മലനിരകളിൽ പുനരുജ്ജീവിപ്പിച്ച് എടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പദ്ധതിയുമായി സഹകരിച്ചാണ് ലക്ഷ്മി കുടിയിലെ സ്വന്തം സ്ഥലത്ത് കാച്ചിലുകൾ നട്ട് പരിപാലിച്ച് വളർത്തിവരുന്നത്.
വനസംരക്ഷണത്തിനിടയിൽ, ഭർത്താവ് ചെല്ലപ്പൻ കുഴഞ്ഞുവീണുമരിച്ചു. ഭർത്താവിന്റെ സ്മരണയ്ക്കാണ് ലക്ഷ്മിയമ്മ 40 സെൻറ് സ്ഥലത്ത് 40-ഇനം കാച്ചിലുകൾ നട്ടത്. കാച്ചിൽ കൂടാതെ ചേന, ചേമ്പ് തുടങ്ങിയവയും കൃഷിചെയ്തുവരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group