മാഹി: കാൽനൂറ്റാണ്ടിലേറെക്കാലം തുടർച്ചയായി പുതുച്ചേരി അസംബ്ലി മെമ്പർ.മുഖ്യമന്ത്രിയുടെ പാർലിമെൻ്ററി സെക്രട്ടരി. ഡെപ്യൂട്ടി സ്പീക്കർ . ദശകങ്ങളോളം ബ്ലോക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷൻ.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെ ആൾരൂപമായിരുന്ന എ.വി.ശ്രീധരൻ ഇത്തരം ഒട്ടേറെ പദവികൾ വഹിച്ചാണ് ആറ് വർഷം മുമ്പ് ഈ ദിവസം കടന്നു പോയത്. ഒറ്റ തവണ നഗരസഭാംഗമായിത്തീർന്ന ചിലർ പോലും കോടിശ്വരൻമാരായി മാറിയ മയ്യഴിയിൽ, ദീർഘകാലം അധികാരത്തിൻ്റെ ഉന്നതങ്ങളിലിരുന്നിട്ടും, ജീവിത കാലത്ത് ഒരു വീട് വെക്കാൻ പത്ത് വർഷത്തോളം വേണ്ടിവന്നു. മരണം വന്ന് വിളിച്ചപ്പോഴാകട്ടെ, ആരോരുമറിയാത്ത ലക്ഷങ്ങളുടെ കടബാദ്ധ്യതയും ബാക്കിയായി. ലളിതജീവിതവും, വിനയവും മുഖമുദ്രയാക്കിയ ഈ പൊതുസേവകൻ നൂറു കണക്കിന് വേദികളിൽ നടനായും, ഗായകനായും നിറഞ്ഞു നിന്നു.രാഷ്ട്രീയത്തിലും, ജീവിതത്തിലും അഭിനയിക്കാനറിയാതെ പോയ ജനനേതാവ്.സംഗീതം പോലെ മധുരമായി പ്രസംഗിക്കാനും, .ജനങ്ങളുടെ സന്തോഷ - സങ്കടങ്ങളിൽ അലിഞ്ഞ് ചേരാനും സാധിച്ച പച്ചയായ മനുഷ്യൻ.. മാഹി സ്പിന്നിങ്ങ് മില്ലിലെ സാധാരണ തൊഴിലാളിയായി ജീവിത മരംഭിച്ച് ,നാടിൻ്റെ ചോദ്യം ചെയ്യപ്പെടാത്ത ജനനായകനായി മാറി, സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ, കടുത്ത എതിരാളികൾക്ക് പോലും അഴിമതിയുടെ ഒരു ലാഞ്ചപോലും ,ചുണ്ടിക്കാണിക്കാനാവാത്ത വിധം വിശുദ്ധ വ്യക്തിത്വത്തിന്നുടമയായി മാറാൻ കഴിഞ്ഞ ജന നേതാവ് .
പരിമിതമായ അക്കാദമിക് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, തീഷ്ണമായ അനുഭവങ്ങളെ ഗുണപാഠങ്ങളാക്കി, പുതുച്ചേരി രാഷ്ട്രീയത്തിൽ അദ്ദേഹം വേറിട്ട് നിന്നു.
തമിഴക രാഷ്ട്രീയത്തിലെ അമരക്കാരനായി മാറിയ എ.വി.ശ്രീധരൻ്റെ ജീവിതം പുതുതലമുറക്ക് അവിശ്വസനീയമായി തോന്നുംവിധം സംഭവബഹുലമായിരുന്നു. ഗാന്ധിസത്തിൻ്റെ മൂല്യങ്ങളത്രയും, സ്വന്തം ജീവിതത്തിൽ പകർത്തിയ കോൺഗ്രസ്സുകാരൻ. തൂവെള്ള ഖദർ വസ്ത്രവുമണിഞ്ഞ്, പുഞ്ചിരിച്ച് മാത്രം കാണപ്പെട്ട ഈ മനുഷ്യൻ്റെ വ്യക്തി ജീവിതത്തിൻ്റെ ദുരിതക്കയം, മരണാനന്തരം മാത്രമാണ് സമൂഹം തിരിച്ചറിഞ്ഞത്. കാലവും നാടും വല്ലാതെ മാറിപ്പോയപ്പോഴും, മാറാന നുവദിക്കാത്ത മനസ്സുമായി, ജീവിതാന്ത്യം വരെ തനിക്ക് പിന്നിൽ എത്ര പേരുണ്ടെന്ന് നോക്കാതെ, തനിക്ക് ശരിയെന്ന് ഉത്തമ ബോധ്യമുള്ളതിനെ മുറുകെ പിടിച്ച, പളളൂരിൻ്റെ പ്രിയപ്പെട്ട ഏവിയെസ്സിൻ്റെ ഓർമ്മകൾക്ക് ഇന്ന് ആറ് വർഷം തികയുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group