രാഷ്ട്രീയപ്രവർത്തനത്തിലൂടെ തനിക്കെന്ത് നേടാനാകും എന്ന് ചിന്തിക്കുന്നവർ ഏറെയുള്ള നാട്ടിൽ സമൂഹത്തിന്റെ നന്മക്കായി തനിക്കെന്ത് നൽകാൻ കഴിയും എന്ന് മാത്രം ചിന്തിച്ചിരുന്ന കുന്നമ്പത്ത് നാരായണക്കുറുപ്പ് എന്നൊരു നാട്ടുമ്പുറത്തുകാരൻ തട്ടോളിക്കരയിലുണ്ടായിരുന്നു..
അദ്ദേഹത്തിന്റെ വേർപാടിന്റെ ഇരുപത്തിനാലാം വർഷത്തിലും നാട്ടുകാർ ആദരവോടെ ആദരാഞ്ജലികളോടെ അനുസ്മരണനിറവിൽ....
എന്റെ ഓർമ്മക്കാഴ്ചകളിൽ എഴുപത്തിയഞ്ചോളം വർഷങ്ങൾക്ക് മുൻപുള്ളചില നാട്ടുകാഴ്ചകളിൽ നിറഞ്ഞുനിൽക്കുന്ന മഹാനായ മനുഷ്യന്റെ മകനാണ് 'സ്വാതന്ത്ര്യം തന്നെ അമൃതം' പുസ്തകത്തിന്റെ രചയിതാവും മുൻ എം. എൽ .എ യുമായിരുന്നു പരേതൻ അഡ്വ .എം .കെ പ്രേംനാഥ് എന്ന് അഭിമാനപൂർവ്വം വ്യക്തമാക്കുന്നു .
ഇവിടുത്തെ പുതിയ തലമുറ അറിയാതെ പോകരുത് നാരായണക്കുറുപ്പ് എന്ന വേറിട്ട മനസ്സുള്ള വ്യക്തിത്വത്തെ .
ഇദ്ദേഹത്തെ വഴിനടത്തിയതാവട്ടെ സോഷ്യലിസ്റ് പാർട്ടിയുടെ അക്കാലത്തെ സമുന്നതനായ നേതാവും ജനസമ്മതനുമായ കെ .കുഞ്ഞിരാമക്കുറുപ്പ് എന്ന അതികായൻ .
പഴയ കാലഘട്ടങ്ങളിൽ തട്ടോളിക്കരക്കടുത്തുള്ള വടക്കേ വയലിൽ ഞാറുനടുന്നത് ഒരുത്സവംപോലെയായിരുന്ന ഒരുകാലമുണ്ടായിരുന്നു .
ഇടവലക്കണ്ടിക്കാരുടെ വയലിൽ ഞാറുനടാൻ പത്തിരുപത് പെണ്ണുങ്ങളെങ്കിലും കാണും .
കുന്നമ്പത്തുകാരുടെ വയലിലും കാണും അതിലേറെപ്പേർ .
പനയോലകൊണ്ട് നിർമ്മിച്ച തോണിയുടെ ആകൃതിയുള്ള പിരിയോല പുറത്തുവെച്ചാവും മഴക്കാലങ്ങളിൽ പെണ്ണുങ്ങൾ കുനിഞ്ഞുനിന്ന് ഞാറുനടുക. ആണുങ്ങൾ തലക്കുട ചൂടിയും . .
മുറുക്കിച്ചുവപ്പിച്ചുതുപ്പിയും നാട്ടിപ്പാട്ടിന്റെ ഈണവുമായി ഉച്ചവെയിൽ ചൂടറിയാതെ ഞാറുനാടൻ ഒരുകൂട്ടം ചെറുപ്പക്കാരികൾ .
വയൽപ്പരപ്പിന്റെ ഓരത്തുകൂടെ നടവരമ്പിലൂടെ വഴിയാത്രക്കാർ .
തച്ചോളി മേപ്പയിലെ കുഞ്ഞിഒതേനന്റെ പ്രണയവും വീരസ്യവും നിറഞ്ഞ കഥകളുടെ
ഓർമ്മ ചെപ്പിൽ നിന്നും പരതിയെടുത്ത് മുൻപാട്ട് പാടിക്കൊടുക്കാൻ കേളോത്ത് പാറുവമ്മയെപ്പോലുള്ള ചിലർ .
ചെളിയിൽ ഞാറുനടന്നപെണ്ണുങ്ങൾക്ക് നിർദ്ദേശം കൊടുക്കാൻ മേലാളനെന്നനിലമറന്ന് കൂട്ടാളി എന്ന നിലയിൽ കുടയും ചൂടി വെളുത്ത ജുബ്ബയ്ക്കു മുകളിൽ മുണ്ടും മാടിക്കെട്ടി വയൽ വരമ്പിലുണ്ടാവാറുള്ള സദാ സുസ്മേരവദനനായ കുന്നമ്പത്ത് നാരായണക്കുറുപ്പിൻറെ രൂപം ഇന്നും വിസ്‌മൃതി തീണ്ടാത്ത എൻറെ ഓർമ്മച്ചിത്രം .
ഒരു ഭാഗത്തെ വയലിൽ ഇടവലക്കണ്ടി കുഞ്ഞിരാമൻവൈദ്യരും മേപ്പറമ്പത്തു കുമാരേട്ടനെപ്പോലുള്ളവർ വേറെയും .
പറങ്കിമാവുള്ളപ്പറമ്പത്ത് മൊയ്‌തു ഹാജിയെപ്പോലുള്ളവർ വേറെചിലഭാഗങ്ങളിൽ .
ഞാറു നടുന്ന പെണ്ണുങ്ങൾക്ക് വൈകുന്നേരംവരെ ചെളിയിൽ പുതഞ്ഞ കാലുമായി മരവിച്ചുനിന്ന് ഞാറുനാട്ടാൽ കിട്ടിയിരുന്നത് കൂലിയായി അക്കാലത്ത് ആറണ .
അവകാശങ്ങളെന്തെന്നറിയാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനുമുള്ള പാങ്ങും പഠിപ്പും വകതിരിവും കൂട്ടായ്മയും അക്കാലത്ത് നന്നേകുറവ് .
കമ്യുണിസം ഇവിടെ പിച്ചവെച്ചുതുടങ്ങുന്നകാലം
സോഷ്യലിസ്റ് പാർട്ടിക്ക് വേരോട്ടം കൂടിയ കാലം .
സദാചിരിച്ചുകൊണ്ട് വഴിയാത്രക്കാരോടെല്ലാം കുശലം പറയുന്നതോടൊപ്പം ഓരോരുത്തരുടെ സുഖവിവരങ്ങളും വീട്ടുകാര്യങ്ങൾവരെ അന്വേഷിക്കുന്നതും നാരായണക്കുറുറുപ്പിന്റെ വേറിട്ടശീലം .
സദാ സന്തോഷം തുളുമ്പുന്ന മുഖം .
അക്കാലങ്ങളിൽ തെങ്ങിൽ നിന്ന് വീണാലും മരത്തിൽനിന്നു വീണാലും ,മറ്റേതുവിധേനയുള്ള ഒടിവ് ചതവ് ഉളുക്ക് തുടങ്ങിയ അസുഖമുള്ളവരെയെല്ലാം ആദ്യം ചുമന്നു കൊണ്ടുപോവുക മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെ വീട്ടിലേയ്ക്ക്തന്നെ .
ഏതുപാതിരാത്രിയിലും ഏതാവശ്യത്തിനും നാട്ടുകാർക്ക് മുട്ടിവിളിക്കാവുന്നൊരിടം .
കളരിഅഭ്യാസിയും പ്രമുഖ മർമ്മചികിത്സകനുമായ കുന്നമ്പത്ത് നാരായണക്കുറുപ്പിനൊപ്പം കൂട്ടിപ്പറയേണ്ട മറ്റൊരു പേരാണ് കുന്നുമ്മക്കരക്കടുത്തുള്ള കലന്തൻ ഹാജി.
അസ്ഥി ഒടിഞ്ഞവരുടെ അക്കാലത്തെ അഭയകേന്ദ്രമായിരുന്നു ഈ രണ്ടിടങ്ങളും .
സവർണ്ണ അവർണ്ണ മേധാവിത്വം നിലനിൽക്കുന്നകാലം.
നായർ ,നമ്പ്യാർ .കുറുപ്പന്മാർ മാപ്പിളമാർ ഏറെമുന്നിൽ .തൊട്ടുകൂടായ്മയും തീണ്ടലും പൂർണ്ണമായും വിട്ടുപോകാത്തഒരവസ്ഥ .
നായർതറവാടുകളിലെ മുറ്റങ്ങളിൽ ഒരതിരുവരെ മാത്രമേ താഴ്ന്ന ജാതിക്കാർക്ക് സ്വതന്ത്രമായി ഇടപെടാനാവൂ .
-'ന്നാ ഞാനിംഗ് പോട്ടോളി'' -എന്ന് പറഞ്ഞുകൊണ്ട് തൊഴുത് നിന്ന ഒരു പഴയകാലം ഇവിടെയുമുണ്ടായിരുന്നു
തീണ്ടലും തൊടലിനും ഇവിടുത്തെ കോമത്ത് ഗോവിന്ദൻ നായരുടെ ഭേധപ്പെട്ട വീട്ടിലും അൽപ്പസ്വൽപ്പം അയവുണ്ടായിരുന്നതായാണെന്റെ ഓർമ്മ .
ഈ കാലഘട്ടങ്ങളിലും അക്കാലത്തെ സോഷ്യലിസ്റ്റുകാരൻ കൂടിയായിരുന്ന മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പ് എത്രയോ വലിയ മനസ്സുള്ള മനുഷ്യനായിരുന്നു .
ഉച്ചനീചത്വങ്ങൾ അശേഷം തൊട്ടുതീണ്ടാത്ത ആദർശവാനായ മനുഷ്യസ്നേഹി, പുരോഗമനവാദിയായ രാക്ഷ്ട്രീയക്കാരൻ ,നാട്ടുകാരൻ .
ആ സമയങ്ങളിൽ ഞങ്ങളുടെ ചുറ്റുപാടിൽ അദ്ദേഹത്തോളം വ്യക്തിപ്രഭാവവും ജനസമ്മതനുമായ മറ്റൊരു വ്യക്തിത്വത്തിൻറെ പേരെടുത്തുപറയാനുമില്ല .പകരം വെക്കാനുമില്ല .
കുന്നമ്പത്ത് നാരായണക്കുറുപ്പിൻറെ നാലുകെട്ട് വീടിൻറെ അകത്തളങ്ങളിൽവരെ തീയ്യസമുദായത്തിൽപ്പെട്ടവർക്കെല്ലാം പ്രവേശിക്കാൻ ഒരു വിലക്കുമുണ്ടായിരുന്നിട്ടില്ല .
പഴയ കാലങ്ങളിൽ കുന്നമ്പത്തെ മുറ്റത്ത് നടക്കാറുള്ള കഥകളി കാണാൻ ചുറ്റുവട്ടങ്ങളിലെ തീയ്യർക്കൊപ്പം കൊളരാട് തെരുവിലെ ശാലിയസമുദായത്തിൽപ്പെട്ടവരും ഉണ്ടായിരുന്നതായാണറിവ് .
സ്വന്തം വയലിൽ പണിയെടുത്തിരുന്ന കിഴക്കയിൽ കണ്ണൻ എന്നൊരാൾ തോളിൽ കൈക്കോട്ടും കയ്യിൽ പടന്നയുമായി നാരായണക്കുറുപ്പിനോപ്പം ഒരേകുടക്കീഴിൽ നടന്നുപോയ ഒരുമഴക്കാലമുണ്ടായിരുന്നു എന്റെ കുട്ടിക്കാല ഓർമ്മയിൽ .കൃത്യമായിപ്പറഞ്ഞാൽ 70ലേറെ വർഷങ്ങൾക്ക് മുൻപ്.
അത്ഭുതമായിരുന്നു ആ കാലയളവിൽ ഇത്തരം കാഴ്ച്ചകൾ .സമഭാവനയുടെ തനിയാവർത്തനം എന്നല്ലാതെന്ത് പറയാൻ ?
ആയുർവ്വേദചികിത്സകൻ എന്ന നിലയിൽ എന്റെ അച്ഛൻ പലപ്പോഴും കുന്നമ്പത്തെ വീട്ടിൽ ചികിത്സക്കായി പോകുമായിരുന്നു .
കൂട്ടത്തിൽഎപ്പഴോ കുട്ടിയായ ഞാനും പോയതായി ഓർമ്മ .
ഉമ്മറത്തെ ചാരുബെഞ്ചിൽ ഇരുന്നതും നാരായണക്കുറുപ്പിന്റെ ഭാര്യ ചായയും കദളിപ്പഴവും തന്നുവിട്ടതും ഞാൻ മറന്നിട്ടില്ല .
മുക്കാളി റെയിവേസ്റ്റേഷനടുത്തുള്ള മഹാത്മാ വായനശാലക്കായി എത്രയോ വർഷങ്ങൾക്ക് മുമ്പ് സ്ഥലമനുവദിച്ചുനൽകിയതും സാമൂഹ്യ സ്നേഹിയായ കുന്നമ്പത്ത് നാരായണക്കുറുപ്പ് തന്നെ .
തട്ടോളിക്കര എന്നഗ്രാമത്തിൻറെ വളർച്ചയുടെ, മാറ്റങ്ങളുടെ ആധാരശിലകളായിത്തീർന്ന വ്യക്തിത്വങ്ങളിൽ എതിരഭിപ്രായമില്ലാതെ ,അർത്ഥശങ്കക്കിടയില്ലാതെ ഏതുസദസ്സിലും ഉറക്കെപ്പറയാനാവുന്ന ഒരു പേരാണ് കുന്നമ്പത്ത് നാരായണക്കുറുപ്പെന്നകാര്യത്തിൽ അശേഷം സംശയമെനിക്കില്ല .
ഏറെക്കാലം കുന്നുമ്മക്കര സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിൻറെ പ്രസിഡണ്ട് കൂടിയായിരുന്നു ഈ വിശിഷ്ട വ്യക്തിത്വത്തിൻറെ മകനാണ് മുൻ എം എൽ എയും തട്ടോളിക്കരക്കാരനുമായ എം കെ പ്രേംനാഥ് എന്ന ജനകീയ നേതാവ് .അദ്ദേഹം ഇന്ന് നമ്മോടോപ്പമില്ല .
നാരായണക്കുറുപ്പിൻറെ ഓർമ്മയ്ക്കായി തട്ടോളിക്കരയിലെ തോട്ടുവക്കിൽ നാട്ടുകൂട്ടായ്‌മയിൽ പണിതുയർത്തിയ സ്‌മാരകമന്ദിരം തലയെടുപ്പോടെ എഴുന്നു നിൽക്കുന്നു .
1948ൽ വടക്കേ മലബാറിലെ ഒഞ്ചിയത്ത് നടന്ന കമ്യുണിസ്റ് വിപ്ലവ ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ച രക്തസാക്ഷികളിൽ പെട്ട അളവക്കൻ കൃഷ്ണൻ അവസാനമായി പങ്കെടുത്ത വിവാഹം അഥവാ വിവാഹ തലേ ദിവസം മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പിൻറെ അനുജൻ ശങ്കരക്കുറുപ്പിന്റെതാണെന്നറിവ് .
1948 ഏപ്രിൽ 29 നാണ് അളവക്കൻ കൃഷ്ണൻ തട്ടോളിക്കരയിലെ കുന്നമ്പത്ത് വീട്ടിലെത്തുന്നത് .
കൂട്ടത്തിൽ പിൽക്കാലത്ത് രാമൻ നായരുടെ പത്നിയായായ ശ്രീമതി. ലക്ഷ്‌മിയും .
രണ്ടുപേരും തുണി നെയ്ത്തുമായി ബന്ധപ്പെട്ട ജോലിക്കാർ .
വിവാഹിതനാകാൻ പോകുന്ന ശങ്കരക്കുറുപ്പിന് ഉപഹാരമായി നൽകാൻ കയ്യിലെ പൊതിയിൽ ഒരു കമ്പിളി പുതപ്പുമായിട്ടായിരുന്നു അളവക്കൻ കൃഷ്ണൻ തട്ടോളിക്കരയിലെ കല്യാണവീട്ടിലെത്തിയത് .
''ഒഞ്ചിയത്തെന്തൊക്കെയോ സംഭവം നടക്കുന്നുണ്ട് ,ഞാനൊന്ന് പോയിനോക്കട്ടെ '' -എന്നുപപറഞ്ഞുകൊണ്ട് നാരായണക്കുറുപ്പിൻറെ വീട്ടിൽനിന്നാണ് നേരെ അദ്ദേഹം ഒഞ്ചിയത്തേയ്ക്ക് വിട്ടത് .തെക്കേവയലിലൂടെ നടന്നുവേണം ഒഞ്ചിയത്തെത്താൻ .
അടുത്ത നാളിൽ ഒഞ്ചിയത്ത് നടന്ന വെടിവെപ്പിൽ രക്തസാക്ഷികളായവരിൽ ഒന്ന് അളവക്കൻ കൃഷ്‌ണനായിരുന്നു .അളവക്കാൻ കൃഷ്ണൻറെ മകൻ ദാസൻ എന്നോടൊപ്പം സ്‌കൂളിൽ പഠിച്ചവൻ .
പട്ടിയാട്ട് ഗേറ്റിനടുത്തുള്ള അളവക്കൻ കൃഷ്‌ണൻ വായനശാല അദ്ദേഹത്തിൻറെ ഓർമ്മക്കായി നാട്ടുകാർ പിൽക്കാലത്ത് സ്ഥാപിച്ചതാണ് .
കുന്നമ്പത്ത്നാരായണ കുറുപ്പിന് അക്കാലത്ത് കെ .എൻ .കെ .എന്നപേരിൽ പലേടങ്ങളിലായി നെയ്ത്ത് ശാലകളുണ്ടായിരുന്നു .
സാമുവൽ ആറോൺ കമ്പനിയിൽ നിന്നുമായിരുന്നു ഇവിടുത്തേക്കുള്ള നെയ്ത്തിനാവശ്യമായ പാവെടുക്കുക .
ഈ കമ്പനി സ്ഥിതി ചെയ്‌തിരുന്നത് വടക്കേ മുക്കാളിക്കടത്തുള്ള സി ആർ പി ക്യാമ്പിനടുത്ത് .
രാമൻനായർ എന്നൊരാളായിരുന്നു നാരായണക്കുറുപ്പിന്റെ അന്നത്തെ മാനേജർ .
എന്റെ അച്ഛന്റെ അനുജനായ മീത്തലെ ഒളവിൽ കണാരൻ റൈറ്റർ , മേപ്പാടി രാമോട്ടി റൈറ്റർ തുടങ്ങിയവരൊക്കെയായിരുന്നു മറ്റു ഓഫീസ് ജീവനക്കാർ .
ഇവരിലാരുംതന്നെ ഇന്ന് ജീവിച്ചിരിപ്പില്ല .
നാരായണക്കുറുപ്പിന്റെ നിയന്ത്രണത്തിൽ കുന്നമ്പത്ത് മാത്രമല്ല തിരൂകൊയിലോത്ത് കൃഷ്‌ണൻ മാസ്റ്റരുടെ വീടിനടുത്ത് പനയുള്ള പറമ്പത്ത് കണ്ണൻ എന്ന ആളുടെ ചായക്കട ഉണ്ടായിരുന്ന പറമ്പിലും നെയ്ത്തുശാല പണ്ടുണ്ടായിരുന്നത്രെ.
ക്ഷേത്രപ്രവേശന വിളംബര ജാഥയുടെ പ്രാദേശിക നേതാവ്
----------------------------------------------------
ലോകനാർ കാവ് ക്ഷേത്രത്തിലേയ്ക്ക് പണ്ടുകാലത്ത് നടന്ന ക്ഷേത്രപ്രവേശന വിളംബര ജാഥക്ക് വടക്കുഭാഗം സ്ഥലങ്ങളിൽ നിന്നുള്ള സാരഥി കുന്നമ്പത്ത് നാരായണക്കുറുപ്പായിരുന്നു
ജാതിമതഭേദമില്ലാതെ എല്ലാവർക്കും ക്ഷേത്രപ്രവേശനം എന്ന ലക്ഷ്യവുമായിട്ടായിരുന്നു അടിയുറച്ച സോഷ്യലിസ്റ്റുകാരനായ നാരായണയണക്കുറുപ്പിന്റെ നേതൃത്വത്തിൽ ലോകനാർകാവിലേയ്ക്ക് ക്ഷേത്രപ്രവേശനവിളംബര ജാഥപുറപ്പെട്ടത് .
അന്നേ ദിവസം ശ്രീകോവിലിനകത്തുവരെ ജനങ്ങൾ ആവേശം മൂത്ത് തള്ളിടിക്കാനും അദ്ദേഹം ക്കയറിയെന്നും പറഞ്ഞുകേട്ടിട്ടുണ്ട് .
അമിതാഹ്ളാദത്തിൽ ചിലരെല്ലാം ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ എടുത്തുചാടുകവരെ ഉണ്ടായിരുന്നത്രേ എന്ന് നാരായണക്കുറുപ്പ് പറഞ്ഞ അറിവ് ,
ഓരോ നീക്കവും പാർട്ടിക്കുവേണ്ടി , പ്രസ്ഥാനത്തിന്റെ യശസ്സിനുവേണ്ടി,പൊതുപ്രവർത്തനത്തിന്റെ ഭാഗമായി ആവിക്കര ഭാഗത്തുള്ള നാരായണക്കുറുപ്പിന്റെ ഒരു വലിയപറമ്പടക്കം നാരായണക്കുറുപ്പിന് കൈമാറ്റം ചെയ്യേണ്ടതായും വന്നുവെന്നതും പരമാർത്ഥം .
മുക്കാളി റയിൽവേസ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന മഹാത്മാവായനശാലയ്ക്ക് ആവശ്യമായ സ്ഥലം അനുവദിക്കുന്ന കാര്യത്തിലും അദ്ദേഹം മടികാണിച്ചില്ല ;
പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി തൻറെ സ്വത്തുക്കൾപോലും നഷ്ട്ടപ്പെടുന്നതിൽ അശേഷം കുണ്ഠിതപ്പെടാതിരുന്ന വേറിട്ട മനസ്സുള്ള രാക്ഷ്ട്രീയക്കാരനായിവേണം ഇദ്ധേഹത്തെ കാണാൻ .
നാരായണക്കുറുപ്പ് പലനേരങ്ങളിലായി പറഞ്ഞതായ കാര്യങ്ങൾ മകൻ സി. ടി .സി .ബാബുവും ജ്യേഷ്ടൻ എം കെ പ്രേംനാഥും അച്ഛന്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് നിറഞ്ഞമനസ്സോടെ പങ്കുവെചാകാര്യങ്ങളും എന്റെ കേട്ടറിവ് .
ചിറയിൽപീടികക്കടുത്തായി പ്രശസ്‌തമായ കൈത്തറി നിർമ്മാണശാല ഇന്ന് നിലവിലുണ്ട് .
കേരള വീവേഴ്‌സ് ഇൻഡസ്ട്രിയൽ കോ ഓപ് സൊസൈറ്റി.
കെ എൻ കെ നെയ്ത്തു ശാലയുടെ പ്രവർത്തനം നിലച്ചതോടെ അവിടുത്തെ നിലവിലുള്ള തൊഴിലാളികളുടെ നിലനിൽപ്പിനും തുടർ തൊഴിലുറപ്പിനുമായി
എത്രയോ വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായതാണ് ഈ തൊഴിൽ സ്ഥാപനം .
ഒന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തൊഴിലാശാലയും ആധുനീകരിച്ച വിൽപ്പനകേന്ദ്രവും നൂറോളം തൊഴിലാളികളുമുള്ള ഈ സ്ഥാപനത്തിലെ ആദ്യകാലത്തെ ഒട്ടുമുക്കാൽ തൊഴിലാളികളും കെ എൻ കെ നെയ്ത്തുശാലയിലെ ജോലിക്കാരായിരുന്നു .
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group