-സുരേഷ് മുതുകുളം
കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറും ഫാം ഇൻഫർമേഷൻ ബ്യുറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറുമായിരുന്ന ശ്രീ.സുരേഷ് മുതുകുളം മീഡിയ ഫേസ് കേരളയുടെ 'മുഖമുദ്ര 'യിലൂടെ ബെന്നി
കൊമരിക്കൽ എന്നപ്രമുഖവ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നു.
ശ്രീ.കെ.കെ ബെന്നി ഇപ്പോൾ കോട്ടയം റബ്ബർ ബോർഡിൽ പബ്ളിസിറ്റി വിഭാഗത്തിൽ ഫാം ഓഫീസർ ആണ് .ഫാം ഓഫീസർ ,മികച്ച ഫോട്ടോ-വീഡിയ ഗ്രാഫർ ,കൃഷിയെഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.ബെന്നി കൊമരിക്കൽ എന്ന കാർഷികപ്രതിഭയുടെ വിശേഷങ്ങളിലൂടെ ....
പഠിച്ചിറങ്ങിയ വർഷം തന്നെ ജോലി കിട്ടി.
ഇതിൽപരം ആനന്ദലബ്‌ധിക്കിനിയെന്തു വേണം?
എന്നാലോചിച്ചിരിക്കുമ്പോഴാണ് നിയമനം മലയാളനാട്ടിലല്ല അങ്ങ് ത്രിപുരയിലാണെന്ന് അറിയുന്നത്.
ത്രിപുരയെങ്കിൽ ത്രിപുര ;നേരെ വണ്ടി കയറി ത്രിപുരയിലെത്തി.നാട് വിട്ടതും ഭാഷാപ്രശ്‌നവും ഒക്കെ ഓർത്തപ്പോൾ അന്ന് വലിയ വിമ്മിട്ടം തോന്നിയെങ്കിലും ഇപ്പോൾ അതൊരു അനുഗ്രഹമായാണ് തോന്നുന്നത്;അനുഭവപ്പെടുന്നത്.
1989 ലെ കഥയാണിത്.അന്ന് മൂന്നു നാല് മാസം കൊണ്ട് ബംഗാളിഭാഷ നന്നായി പഠിച്ചു.മൂന്നു വർഷം അവിടെ കഴിഞ്ഞു.അതുകൊണ്ട് ഇന്ന് നേട്ടമേയുള്ളു;കാരണം ഇന്ന് കേരളത്തിലെങ്ങും എന്തിനും ഏതിനും ബംഗാളികൾ ധാരാളം ;അവരോട് സ്വതന്ത്രമായി സംസാരിക്കാനും ആശയവിനിമയം നടത്താനും ഇദ്ദേഹത്തിന് യാതൊരു മുട്ടുമില്ല.ഏതാണ്ട് 32 വർഷം മുൻപ് പഠിച്ച ബംഗാളിഭാഷ ഉപയോഗപ്പെടുന്നു.
മലയാളികൾ അക്ഷരശുദ്ധിയോടെ തങ്ങളുടെ ഭാഷ പറയുന്നത് കേൾക്കാൻ സാക്ഷാൽ ബംഗാളികൾക്കും ഇഷ്ടമാണ് താനും.ഒന്നുകൂടെ കൃത്യമായി പറഞ്ഞാൽ മാർക്കെറ്റിൽ നിന്ന് പലപ്പോഴും നല്ല മീനും പച്ചക്കറികളും കിട്ടാൻ ബംഗാളിമൊഴിവഴക്കം ഇദ്ദേഹത്തിന് അനുഗ്രഹമാകുന്നു എന്ന് ചുരുക്കം.
മാത്രമല്ല ത്രിപുരയിലെ ജീവിതകാലത്തു അവിടുത്തെ ആദിവാസികൾ സംസാരിക്കുന്ന കോക് ബറാക് എന്ന ലിപിയില്ലാത്ത ഭാഷയും അത്യാവശ്യം പഠിച്ചു.ത്രിപുരക്കാർ കോക് ബറാക് എഴുതുന്നത് ഇംഗ്ളീഷിലാണ്. ഇന്നത്തെ "പരിചയം" പംക്തിയിലെ നമ്മുടെ വിശിഷ്ട അതിഥി ബഹുഭാഷാവിശാരദനായ ഈ എഴുത്തുകാരനാണ് - ശ്രീ.കെ.കെ ബെന്നി.ഇപ്പോൾ കോട്ടയം റബ്ബർ ബോർഡിൽ പബ്ളിസിറ്റി വിഭാഗത്തിൽ ഫാം ഓഫീസർ ആണ് ശ്രീ.ബെന്നി.ഇതേ പേരിലും "ബെന്നി കൊമരിക്കൽ" എന്ന തൂലികാനാമത്തിലും ഇദ്ദേഹം ധാരാളം ലേഖനങ്ങളും ഫീച്ചറുകളും നിരന്തരം എഴുതി വരുന്നു.
എഴുത്തുവഴിയും ഫാം ഇൻഫർമേഷൻ ബ്യുറോ എല്ലാ വർഷവും നടത്തുമായിരുന്നു "കാർഷികരംഗം" ശില്പശാലകളിലെ നിരന്തര സൗമ്യസാന്നിധ്യമെന്ന നിലയ്ക്കുമാണ് ഈ പ്രിയസുഹൃത്തു എനിക്ക് ഏറെ പരിചിതനാകുന്നത്.ശ്രീ.ബെന്നിയിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള സവിശേഷതകൾ നല്ല തെളിമയുള്ള ഭാഷയിൽ എഴുതാനുള്ള സിദ്ധിയും ഒബ്സെർവഷൻ പവറും ആണ്.എന്തും സസൂക്ഷ്‌മം നിരീക്ഷിക്കാനും അതേക്കുറിച്ചു വളരെ കൗതുകകരമായ രീതിയിൽ കുറിക്കു കൊള്ളും വിധം എഴുതാനുമുള്ള ശ്രീ.ബെന്നിയുടെ കഴിവ് വേറിട്ടത് തന്നെ.(ഇത് ഇടക്കാലത്താണ് കൂടുതൽ ശ്രദ്ധിച്ചത്;ഒറ്റ നോട്ടത്തിൽ നാം കണ്ടുപോകുന്ന കാര്യങ്ങൾ പോലും ഇദ്ദേഹം ഒരിക്കൽകൂടെ ശ്രദ്ധിച്ചു അതിനിണങ്ങുന്ന ഒരു വാചകം അടിക്കുറിപ്പായി എഴുതി ഫേസ്ബുക്കിൽ ചേർക്കുക പതിവാണ്;ബെന്നിയുടെ എഴുത്തു കാണുമ്പോഴാണ് അതിനിത്രയും രസകരമായ ഒരു തലം കൂടെ ഉണ്ടല്ലോ എന്ന് നാമോർത്തുപോകുന്നത്!ചിന്തയും എഴുത്തും കൈകോർക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ എന്ന് പറയേണ്ടതില്ലല്ലോ.
തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീറിയങ്ങിൽ നിന്ന് അഗ്രിക്കൾച്ചറൽ സയൻസിൽ ഡിപ്ലോമ എടുത്ത് പുറത്തിറങ്ങിയപ്പോഴാണ് ശ്രീ.ബെന്നിക്ക് റബ്ബർ ബോർഡിൽ ത്രിപുരയിൽ ജോലിയാകുന്നത്.
1995 ൽ സർവീസിൽ നിന്ന് സ്റ്റഡി ലീവെടുത്തു ഇദ്ദേഹം വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിൽ കൃഷിബിരുദ പഠനത്തിന് ചേർന്നു.
(നമ്മുടെ ഈ കൂട്ടായ്മയിൽ അംഗങ്ങളായ സർവ്വശ്രീ.ജോസഫ് ജോൺ തേറാട്ടിൽ ,സുജിത് പി.ജി ,ഡോ.ഡിക്ടോ ജോസ് എന്നിവർ കൃഷിബിരുദകാലത്തെ ബെന്നിയുടെ സഹപാഠികളും സുഹൃത്തുക്കളുമാണ്).
റബ്ബർ ബോർഡിൻറെ പബ്ളിസിറ്റി വിഭാഗത്തിലെ ജോലിക്കാലമാണ് ബെന്നിയിലെ എഴുത്തുകാരന് പ്രചോദമനമായത് എന്ന് പറയാം.
2022 ആഗസ്‌ത് മാസം മുതൽ ശ്രീ.ബെന്നി റബ്ബർ ബോർഡിൻറെ മുഖപ്രസിദ്ധീകരണമായ "റബ്ബർ" മാസികയുടെ അസിസ്റ്റൻറ് എഡിറ്റർ ആണ് .
മുൻപൊരിക്കൽ സൂചിപ്പിച്ചതുപോലെ ഇവർ "ഏകവിളവൃതക്കാരാണ്".(നേരത്തെ ഒരു "പരിചയം"പംക്തിയിൽ റബ്ബർബോർഡിൽ നിന്ന് വിരമിച്ച പ്രമുഖ എഴുത്തുകാരനും ജോയിൻറ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണറും ആയിരുന്ന ശ്രീ സലിംകുമാറിനെ കുറിച്ച് എഴുതിയിരുന്നു) ഔദ്യോഗികജോലി അങ്ങനെ ആവശ്യപ്പെടുന്നത് കൊണ്ടാണ് ഇവർ പലപ്പോഴും ഇതേക്കുറിച്ചു മാത്രം എഴുതാൻ നിർബന്ധിതരാകുന്നത് .
റബ്ബർ മാസികയിൽ തന്നെ ശ്രീ.ബെന്നി നിരവധി ലേഖനങ്ങൾ ഇതിനോടകം എഴുതിക്കഴിഞ്ഞു.
ഇപ്പോഴും തുടരുന്നു.
മാത്രമല്ല ,കർഷകശ്രീ,കർഷകൻ മാസികകളിലും ധാരാളം എഴുതി.കൂടാതെ മാതൃഭൂമിയുടെ "കാർഷികരംഗം" പേജിൽ നിരന്തരം എഴുതുന്നു."വയലും വീടും"പരിപാടിയിൽ ഡോക്യൂമെന്ററികൾക്കും ശ്രീ.ബെന്നി സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ട്.
മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടെയാണ് സഹൃദയനായ ഈ എഴുത്തുകാരൻ.റബ്ബർ മാസികയുടെ തന്നെ നാൽപ്പതിലധികം ലക്കങ്ങൾക്കുള്ള മുഖച്ചിത്രം ഫോട്ടോ എടുക്കാൻ ലഭിച്ച അവസരം ഒരു വലിയ ഭാഗ്യവും അംഗീകാരവും ആയി ഇദ്ദേഹം ഓർക്കുന്നു.റബ്ബർ ബോർഡിൻറെ യൂ ട്യൂബ് ചാനലിനു വേണ്ടി നിരവധി വിഡിയോകളും തയാറാക്കിയിട്ടുണ്ട്.ഇന്നും തുടരുന്നു.
കൃഷിബിരുദധാരി എന്തുകൊണ്ട് റബ്ബർബോർഡിൽ തുടർന്നു എന്നറിയാൻ കൗതുകം തോന്നി;"എൻറെ അപ്പച്ചൻ ഒരു കൃഷിക്കാരനാണ്.റബ്ബർബോർഡിൽ ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അപ്പച്ചൻ പറഞ്ഞു നീ അവിടെ തന്നെ ജോലിക്കു ചേരെടാ ..അവിടെയാകുമ്പോൾ കൈക്കൂലിയൊന്നുമില്ല..!"പിന്നീടുള്ള മൂന്നു വർഷക്കാലം ത്രിപുരവാസിയായത് ചരിത്രം ;എങ്കിലും ബെന്നി ബിരുദപഠനത്തിനു ശേഷം പി.എസ്.സി പരീക്ഷ ഒരുകൈ നോക്കി;എഴുതിയെങ്കിലും അത്തവണ കിട്ടിയില്ല.പ്രായം കിടന്നതിനാൽ പിന്നീട് അതിനവസരവും തുടർന്ന് കിട്ടിയില്ല.എറണാകുളം ജില്ലയിൽ കോലഞ്ചേരിക്കടുത്തു കടയിരുപ്പ് എന്ന സ്ഥലമാണ് ശ്രീ.ബെന്നിയുടെ സ്വദേശം;ഇപ്പോൾ ഇദ്ദേഹം തൃപ്പൂണിത്തുറയിൽ സകുടുംബം താമസിക്കുന്നു.
"ഏകവിളവൃതക്കാരൻ" എങ്കിലും ശ്രീ.ബെന്നി കൊമരിക്കൽ എന്ന സൗമ്യനും സഹൃദയനും മൃദുഭാഷിയുമായ ഈ സുഹൃത്ത് അത്യാവശ്യം ഇതരവിളകളെ കുറിച്ചും കാതലായ രചനകൾ നടത്തി പ്രസിദ്ധീകരിക്കാറുണ്ട്.മനോഹരമായി വരയ്ക്കുന്ന, സുഹൃദ് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന, ഫോട്ടോഗ്രഫി കലയാക്കിയ തലവാചകങ്ങളുടെ രാജാവിന് ഹൃദയം നിറഞ്ഞ ആശംസകൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group