ഡോ.ഗവാസ് രാഗേഷ് ; കേരളത്തിൻറെ കാർഷിക ഗവേഷണ പ്രതിഭ !

ഡോ.ഗവാസ് രാഗേഷ് ; കേരളത്തിൻറെ കാർഷിക ഗവേഷണ പ്രതിഭ !
ഡോ.ഗവാസ് രാഗേഷ് ; കേരളത്തിൻറെ കാർഷിക ഗവേഷണ പ്രതിഭ !
Share  
സുരേഷ് മുതുകുളം എഴുത്ത്

സുരേഷ് മുതുകുളം

2022 Nov 09, 11:00 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25



-സുരേഷ് മുതുകുളം


  കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറും ഫാം ഇൻഫർമേഷൻ ബ്യുറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറുമായിരുന്ന  ശ്രീ.സുരേഷ് മുതുകുളം മീഡിയ ഫേസ് കേരളയുടെ 'മുഖമുദ്ര 'യിലൂടെ യുവശാസ്ത്രജ്ഞനായ ഡോ.ഗവാസ് രാഗേഷ് എന്നപ്രമുഖവ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നു.

 



ഡോ.ഗവാസ് രാഗേഷ്   പേരിലെപ്രത്യേകത കൊണ്ടാണ് ആ ചെറുപ്പക്കാരനെ ആദ്യം ശ്രദ്ധിച്ചത്; ഒപ്പം ഇദ്ദേഹത്തിൻറെ ശ്രദ്ധേയമായ ചില എഴുത്തുകൾ സമകാലികകൃഷിമാസികകളിലും കണ്ടിരുന്നു.

(എഡിറ്റർ എന്ന നിലയ്ക്ക് ഇത്തരക്കാരെ തേടിപ്പിടിക്കേണ്ട ചുമതല പണ്ടേയുണ്ടല്ലോ.

ഒരിക്കൽ ഇങ്ങനെ സുഹൃത്തുക്കളാകുന്നവർ പിന്നീട് ആജീവനാന്തചങ്ങാതിമാരായി തുടരുന്നു എന്നത് ഏറ്റവും വലിയ ഭാഗ്യം.ഒരു കാര്യത്തിനും അവരെ അലോസരപ്പെടുത്താതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.)

          ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമല്ലോ ;നമ്പർ സംഘടിപ്പിച്ചു ഫോണിൽ വിളിച്ചു;വിനയാന്വിതമായ ,എന്നാൽ സൗഹൃദം തുളുമ്പുന്ന സംസാരം ;ഔപചാരികമായി പരിചയപ്പെട്ടു ;ഏറെ താമസിയാതെ ഒരു നല്ല ലേഖനം അയച്ചു തന്നു.അത് നന്നായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളയമ്പലത്തു ഇലങ്കം ഗാർഡൻസിലുള്ള കൃഷിജാഗരൺ മാസികയുടെ ഓഫീസിലേക്ക് രണ്ടു പേർ വരുന്നത്;അത് ഈ ചെറുപ്പക്കാരനും അദ്ദേഹത്തിൻറെ സഹോദരനുമായിരുന്നു.

നേരിൽ കാണാനും പരിചയം പുതുക്കാനും വന്നതാണ്.ഞങ്ങൾ അന്ന് ഏറെ നേരം സംസാരിച്ചിരുന്നു.കാർഷികഗവേഷണത്തെ കുറിച്ച് നല്ല ഉൾക്കാഴ്ചയുള്ള സംസാരം;ഗവേഷണതലങ്ങളിൽ പ്രായത്തേക്കാൾ പക്വത.അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അഭംഗുരം തുടരുന്നു.

           ചെറുപ്പക്കാരനായ ഈ മിടുക്കൻ ഗവേഷകൻ ഒരു വാക്ക് കാർഷികകേരളത്തിൻറെ ഗവേഷണമേഖലയിലേക്ക് തുറന്നുവിട്ടു;"കഡാവർ "-എൻറെ അറിവിൽ ഇത് ഒരു മെഡിക്കോ -ലീഗൽ പദമാണ്;ശവശരീരം എന്നർത്ഥം.കഡാവറിനു കൃഷിശാസ്ത്രത്തിൽ എന്ത് കാര്യം എന്നന്വേഷിക്കുമ്പോഴേക്കും ഇദ്ദേഹം ഇതുമായി കർഷകരുടെ കൃഷിയിടങ്ങളിൽ നിൽക്കുന്ന ചില ചിത്രങ്ങൾ കാണാനിടയായി;പിന്നീട് പുതുമയുള്ള അതേക്കുറിച്ചു നിരവധി ലേഖനങ്ങൾ കണ്ടു ;ആകാശവാണിയിലും ദൂരദർശനിലും കാർഷികവാർത്തകൾ കേട്ടു;സചേതനമായ കാർഷികമേഖലയിൽ നിർജീവമായ കഡാവറുകൾ വലിയ ചർച്ചാവിഷയമായി;സമർഥമായ ഈ കണ്ടുപിടിത്തം നടത്തിയ പ്രഗത്ഭനായ ഒരു യുവശാസ്ത്രജ്ഞനാണ് ഇന്ന് നമ്മുടെ "മുഖമുദ്ര

" പംക്തിയിലെ വിശിഷ്‌ട അതിഥി -ഡോ.ഗവാസ് രാഗേഷ്.

            ഡോ.രാഗേഷിന്റെ കണ്ടെത്തലിൻറെ വഴികൾ തേടുക വളരെ രസകരമാണ്.കാർഷികവിളകളെ നശിപ്പിക്കുന്ന ശത്രുകീടങ്ങളെ കൊല്ലാൻ കഴിവുള്ള കുഞ്ഞൻ മിത്രനിമാവിരകളെ അവയോടൊപ്പം കൂട്ടുകൂടി കഴിയുന്ന ബാക്റ്റീരിയകളെയും കൂടെ ചേർത്ത് തേനീച്ചകളുടെ ശത്രുവായ മെഴുകുപുഴുക്കളിലേക്ക് കടത്തിവിട്ടാണ് ഡോ.ഗവാസ് കഡാവറുകൾ തയാറാക്കുന്നത്.ഓരോ കഡാവറിലും ലക്ഷക്കണക്കിന് മിത്രൻമാരുണ്ട്;ഇവയാണ് കർഷകർക്ക് കൊടുക്കുന്നത്.കർഷകർ ഇവയുപയോഗിച്ചു വാഴത്തോട്ടത്തിലെ പിണ്ടിപ്പുഴു ,മണപ്പുഴു ,വേരുതീനിപ്പുഴുക്കൾ ,വണ്ടുകൾ എന്നിവയെ ഫലവത്തായി തന്നെ നിയന്ത്രിക്കും;കീടനാശിനികൾ ഏതുമില്ലാതെ തന്നെ.ഇനി ഏലത്തിന്റെ വേരുതീനിപ്പുഴുവിനെയും ഉപദ്രവകാരികളായ പുൽച്ചാടികളെയും'

നിയന്ത്രിക്കാൻ ഇതുമതി.ഡോ.ഗവാസ് ജോലി ചെയ്‌തിരുന്ന തൃശൂർ ജില്ലയിലെ കണ്ണാറ വാഴഗവേഷണ കേന്ദ്രം ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ മിത്രനിമാവിരകളടങ്ങിയ കഡാവർ ഉത്പാദിപ്പിച്ചു വിൽക്കുന്ന സ്ഥാപനത്തിനും നിമിത്തമായി.2017 ൽ ഇത് തുടങ്ങിയതും ഈ യുവഗവേഷകൻ തന്നെ.കൃഷി -വി.എഫ് .പി .സി .കെ വകുപ്പുകളുടെ സഹായത്തോടെ ഇതുമായി ബന്ധപ്പെട്ട് 350 ലേറെ കൃഷിയിട ഡെമോൺസ്‌ട്രേഷനുകൾ നടത്തി.അങ്ങനെ ഈ ചെറിയ സംരംഭം ഏകദേശം 14 ലക്ഷം രൂപയ്ക്കുള്ള കഡാവറുകൾ ഉത്പാദിപ്പിച്ചു വിൽക്കുന്നു;4 ലക്ഷം രൂപ വാർഷിക അറ്റാദായവും നേടുന്നു!

ഈ ഗവേഷണത്തിനും തുടർപ്രവർത്തനങ്ങൾക്കും ഡോ.ഗവാസിന് പ്രേരകമായത് ദില്ലി ഐ.എ.ആർ.ഐയിൽ കൃഷി ബിരുദാനന്തര പഠനത്തിന് ചേരുമ്പോൾ തനിക്കു ലഭിച്ച ഗവേഷണപ്രോജക്റ്റും അതിനു വഴികാട്ടിയായി നിന്ന ഗൈഡ് ഡോ.സുദർശൻ ഗാംഗുലി എന്ന പ്രഗത്ഭ ഗവേഷകയും ആയിരുന്നു എന്ന് ഗവാസ് കൃതജ്ഞതയോടെ ഓർക്കുന്നു.ഈ കഡാവറുകളുടെ കണ്ടുപിടിത്തത്തിന് നേപ്പാളിൽ ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ നടന്ന അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിനും ഗവേഷകനുള്ള അവാർഡുകളും ഈ യുവസുഹൃത്തിനു ലഭിച്ചു.കൂടാതെ കേരള കാർഷിക സർവ കലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടിസിസിൽ ഇത് ശുപാർശ ആയി ഉൾപ്പെടുത്തുകയും ചെയ്തു.മറ്റൊരു കാര്യം ലോകത്തു ഇന്ന് നിലവിലുള്ള ജൈവകീടനാശിനികളിൽ കേന്ദ്രഇൻസെക്ടിസൈഡ് ബോർഡിൻറെ റെജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഏക കീടനാശിനിയും ഈ കഡാവറുകൾ തന്നെ.

       വെള്ളായണി കാർഷിക കോളേജിൽ നിന്ന് കൃഷി ശാസ്ത്രത്തിൽ ബിരുദവും ഐ.സി.എ.ആർ -ജെ.ആർ .എഫ് സ്കോളർഷിപ്പോടെ ദില്ലി ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നിന്ന് ബിരുദാനന്തരബിരുദവും എസ്.ആർ.എഫ് -സി.എസ്.ഐ.ആർ സ്കോളർഷിപ്പോടെ സസ്യനിമാവിര ഗവേഷണത്തിൽ പി.എച്.ഡിയും നേടി.2010 ലാണ് ഡോ.ഗവാസ് മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ചേരുന്നത്.കശുമാവ് തോട്ടങ്ങളിലെ കീടനിയന്ത്രണത്തിൽ ഡോ .ഗവാസ് നടത്തിയ പഠനങ്ങളുടെ കൂട്ടത്തിൽ ഉപദ്രവകാരിയായ ഒരു കീടത്തിൻറെ ചില ഉപകാരവശങ്ങളും ഇദ്ദേഹം കണ്ടെത്തി.ഇതിനു 2011 ൽ തന്നെ മികച്ച ഗവേഷകനുള്ള പുരസ്കാരവും ലഭിച്ചു.

നാല് വർഷത്തിന് ശേഷം ഡോ.ഗവാസ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെത്തി.ഇവിടെ നടത്തിയ നിർണായക ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ബെസ്ററ് ലീഡ് സയന്റിസ്റ്റു അവാർഡ് ഐ.സി.എ.ആറിൽ നിന്ന് രണ്ടു തവണയാണ് ലഭിച്ചത്.ഇതുൾപ്പടെ ദേശീയ-അന്തർദേശീയ തലത്തിൽ ഡോ.ഗവാസ് രാഗേഷ് എന്ന ഗവേഷണ പ്രതിഭ 22 അവാർഡുകൾ കരസ്ഥമാക്കി എന്ന് പറഞ്ഞാൽ ഈ ചെറുപ്രായത്തിനിടയ്ക്കു ഇദ്ദേഹത്തിൻറെ ഗവേഷണമികവും വൈപുല്യവും നമുക്ക് ഊഹിക്കാവുന്നതേയുള്ളു.കൂടാതെ കർഷകർക്കായി 16 യു ട്യൂബ് വിഡിയോകൾ ,നിരവധി ലീഫ്‌ലെറ്റുകൾ,പാംഫ്ലെറ്റുകൾ ,ബുള്ളറ്റിനുകൾ ,നൂറിലേറെ ലേഖനങ്ങൾ തുടങ്ങിയവയും ഉണ്ട് ഇദ്ദേഹത്തിൻറെ വകയായി.കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലറിൽ നിന്ന് പല തവണ അംഗീകാരങ്ങളും അനുമോദന പത്രങ്ങളും ഡോ.ഗവാസിന് ലഭിച്ചിട്ടുണ്ട്.ഒപ്പം കർഷകർക്ക് വേണ്ടി നിരവധി ക്ലാസുകളും നടത്തുന്നു.കൂടാതെ കേരളത്തിൽ ആദ്യമായി തൃശൂർ മാളയിൽ വാഴയുടെ കന്നുല്പാദനത്തിന് സർട്ടിഫൈഡ് മോഡൽ ഫാർമർ പാർട്ടിസിപ്പറ്ററി പ്രൊഡക്ഷൻ യൂണിറ്റും സ്ഥാപിച്ചു.വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,കേരള വനഗവേഷണ കേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗവുമാണ് ഡോ.ഗവാസ് രാഗേഷ്.ഇപ്പോൾ ഈ ഗവേഷണ പ്രതിഭ കാസർഗോഡ് ജില്ലയിൽ പടന്നക്കാട് കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്നു.

    ഒരു കാര്യം കൂടെ പറഞ്ഞു നിർത്താം എന്ന് തോന്നുന്നു-തിരുവനന്തപുരം സ്വദേശിയായ സഹോദരതുല്യനായ ഈ യുവഗവേഷകനെ തേടി ഇനിയും അനേകം ശ്രദ്ധേയമായ പുരസ്‌കാരങ്ങൾ എത്തിച്ചേരും എന്ന കാര്യത്തിൽ സംശയമില്ല.കാരണം ഡോ.ഗവാസിന് കൃഷി ഗവേഷണം ഒരു ദിനചര്യയാണ്;ഇദ്ദേഹം ഗവേഷണത്തോടൊപ്പം ജീവിക്കുകയും അതിൽ നിരന്തരം മുഴുകുകയും ചെയ്യുന്നു.ജനിച്ചത് തിരുവനന്തപുരത്തെങ്കിലും തൃശൂർ ആണ് ഡോ.ഗവാസിൻറെ കുടുംബം.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25