-ചാലക്കര പുരുഷു
ഓർക്കാതിരിക്കാനാവുമോ ഈ മനഷ്യനെ? ഋതുഭേദങ്ങളെ സുഗന്ധ പുഷ്പങ്ങൾ കൊണ്ട് പുതപ്പിച്ച പെരിങ്ങാടിയുടെ ഈ സുകൃതിയെ?
ടി.കെ.സി....
ആ ത്രയാക്ഷരങ്ങൾ ഒരു നാടിൻ്റെ ഹൃദയതാളമാണ്. മയ്യഴിപ്പുഴയുടെ തീരത്തെ പൂത്തുലഞ്ഞ് നിൽക്കുന്ന സ്നേഹ വൃക്ഷമാണത്. പുഴയുടെ ആന്ദോളനങ്ങൾ കേട്ട് വളർന്ന ആ ജീവിതത്തിന്
ഒഴുക്കും ആഴവുമുണ്ട്.ശ്രുതിയും ലയവുമുണ്ട്.. സുതാര്യതയും സ്വച്ഛന്ദതയുമുണ്ട്.
പുഞ്ചിരി വിട്ടുമാറാത്ത ആ മുഖവും, വൈകീട്ടായാലും, രാത്രിയിലായാലും, ഇതാ, ഇപ്പോൾ കുളിച്ച്, പൗഡറിട്ട്, ഇസ്ത്തിരി ഉലയാത്ത തൂവെള്ള വസ്ത്രവുമണിഞ്ഞെത്തുന്നത് പോലുള്ള വേഷവിധാനവും, ആ കർമ്മചൈതന്യത്തെ തിളക്കമേറ്റുന്ന സവിശേഷതയാണ്.മനസ്സിന്റെ കണ്ണാടി പോലുള്ള രൂപം.
ടി.കെ.സി--
അത് ജീവിതത്തിന്റെ ഉപ്പാണ്.
തന്റെ ജീവിത പരിസരത്തിന്റെ ലവണ രസത്തെ, ജീവിതത്തിന്റെ ലാവണ്യ സാരമാക്കുകയായിരുന്നു ഈ മനുഷ്യൻ..
ദുരിതങ്ങളുടേയും, പ്രതി സന്ധികളുടേയും നടുവിൽ ഉഴലുമ്പോഴും, വലിയ സ്വപ്നങ്ങൾ 'മെനഞ്ഞെടുത്ത കർമ്മധീരൻ...കണ്ണീരിന്റ ഉപ്പാണ് അതിജീവന ശക്തിയുടെ ഊർജമെന്ന് വിശ്വസിച്ചയാൾ. ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണാനുള്ള സൗഭാഗ്യം കൈവരുമ്പോഴും, പരിചിത സീമകളിൽപ്പെട്ടവരെയെല്ലാം ദീർഘകാലം തന്റെ ഹൃദയപക്ഷത്തോട് ചേർത്ത് നിർത്താൻ ടി.കെ.സി.യെ പ്രാപ്തമാക്കിയത് അതിരുകളില്ലാത്ത സ്നേഹ സൗമനസ്യങ്ങളാണ്.ജീവകാരുണ്യത്തിൻ്റെ വഴിത്താരയിൽ, നാടിൻ്റെ വികസന പാതയിൽ ഇന്നും ഈ മനുഷ്യൻ മുന്നിലുണ്ട്.
അക്ഷീണമായ പരിശ്രമങ്ങളും, തകർക്കാനാവാത്ത ഇച്ഛാശക്തിയുമാണ് ടി.കെ.സി.യെ വിജയ വീഥിയിലെത്തിച്ചത്.അത് പുതുതലമുറക്ക് ഒരു പാഠപുസ്തകവുമാണ്.സാധാരണക്കാർ തൊട്ട്, കലാ-സാഹിത്യ - സാംസ്ക്കാരിക നായകർ, ഉദ്യോഗസ്ഥ പ്രമുഖർ, ഭരണസാരഥികൾ വരെ നീളുന്ന അതിവിപുലമായ സൗഹൃദങ്ങൾക്കുടമയാണദ്ദേഹം. അതിഥി സൽക്കാര പ്രിയനായ ടി.കെ.സി.യുടെ സ്ഥിരം ക്ഷണിതാവാകാൻ വർഷങ്ങളായി ഭാഗ്യമുണ്ടായ ഒരാളാണ് ഞാൻ. അത് സ്വന്തം വീട്ടിലാകാം... ബന്ധുവീടുകളിലുമാകാം... തയ്യിൽ കിടാരൻ കുടുംബ സംഗമങ്ങളിലുമാകാം...ടി.കെ.സി.എവിടെയുണ്ടോ, അവിടെ ഞാനുമുണ്ടായിരുന്നുവെന്ന് പറയാൻ എനിക്ക് സാധിക്കുന്നത്, പ്രായത്തെ മറികടന്നുള്ള ഊഷ്മളമായ ആ സഹോദര സ്നേഹം തന്നെ ...
മനുഷ്യൻ എവിടെയും ഒരു പോലെയാണെന്നും, മാനവ സങ്കടങ്ങൾക്ക് വ്യത്യസ്തതയില്ലെന്നും ഉറച്ച് വിശ്വസിച്ച, വിശ്വമാനവികതയുടെ ആൾരൂപമായാണ് ടി.കെ.സി.യെ ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളും, അദ്ദേഹത്തിന്റെ ഓഫീസും, അതിന് അടിവരയിടുന്നു മുണ്ട്.
അടുത്തിടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ആത്മകഥാ ഗ്രന്ഥമായ
'ടി.കെ.സി.എന്ന മൂന്നക്ഷരം ഇതിനകം 25 ലക്ഷത്തോളം പേരാണ് വായിച്ചിട്ടുള്ളത്.
കരുണ്യവും, സമത്വ മനോഭാവവുമെല്ലാം, സ്വജീവിതത്തിലൂടെ ടി.കെ.സി.ഇതിൽ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു.പുതുതലമുറയ്ക്കായുള്ള ഒരു പാഠപുസ്തകം പോലെ...
എൺപത്തി രണ്ടിൻ്റെ നിറവിലെത്തുമ്പോഴും, യൗവ്വനോർജ്ജം ചോർന്ന് പോകാത്ത ഈ മനുഷ്യൻ ഒരു നാടിന്റെ സ്വത്താണ്. സ്വകാര്യ അഹങ്കാരവുമാണ്. പോയ തലമുറയിലെ നൻമയുടെ പൂമരമായി ഈ മനുഷ്യൻ നമുക്കിടയിലുണ്ട്., നറുനിലാവിന്റെ ശോഭയിൽ കുളിച്ച് നിൽക്കും പോലെ ...
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group