പോയകാലത്തിൻറെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ ''ചരിത്രത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരനാണ് '' ചോമ്പാലസ്വദേശിയായ ഡോ .കെ കെ എൻ കുറുപ്പ് എന്ന് അഭിമാനാപൂർവ്വം പറയാൻ തോന്നുന്ന ചോമ്പാലക്കാരനാണ് ഞാൻ .
കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ , മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറൽ ,പ്രമുഖനായ ഒരു ചരിത്രപണ്ഡിതൻ , ഗവേഷകൻ ,എഴുത്തുകാരൻ ,കവി ,പ്രഭാഷകൻ എന്നീനിലകളിലെല്ലാം ഏറെ ശ്രദ്ധേയനായ ഡോ. കെ.കെ.എൻ. കുറുപ്പ് വടകരക്കടുത്തുള്ള ചോമ്പാൽ സ്വദേശിയാണ്.
മലബാർ ചരിത്രമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം.
ഏകദേശം അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി കെ കെ എൻ കുറിപ്പിനെ കാണുന്നത് .
വെളുത്ത് തുടുത്ത് സുമുഖനായ ചെറുപ്പക്കാരൻ .
ആയുർവ്വേദ ചികിത്സകനായിരുന്നു എന്റെ അച്ഛൻ ചോയി വൈദ്യർ .
കല്ലാമലയിലെ കല്ലാകോവിലകത്ത് എന്നവീട്ടിലും മറ്റും അച്ഛന് ആ കാലത്ത് ചികിത്സയുണ്ടായിരുന്നു,
മുക്കാളി ടൗണിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എൻറെ അച്ഛൻറെ ആയുർവ്വേദ ഷോപ്പിൽ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ വാങ്ങാൻ പതിവായി എത്താറുള്ളത് കെ കെ എൻ കുറുപ്പ് എന്ന ചെറുപ്പക്കാരൻ .
ആയുർവ്വേദ ഷോപ്പിൻറെ ഉള്ളിലെ നിറയെ കള്ളികളുള്ള മരുന്ന് പെട്ടിക്കുമുകളിൽ അദ്ദേഹം വന്നിരിക്കും .തൊട്ടടുത്ത കസേരയിൽ അച്ഛനും .
ഏറെ നേരം രണ്ടുപേരും സംസാരിച്ചിരിക്കുന്നത് കുട്ടിയായ ഞാൻ നോക്കിയിരുന്നിട്ടുണ്ട് .
സാഹിത്യവും കവിതയുമാവും പലപ്പോഴും സംസാരവിഷയം.
സംസ്കൃതത്തിലും മറ്റും നല്ല അവഗാഹമുണ്ടായിരുന്ന അച്ഛൻ ഒരിക്കൽ ഒരു പദ്യം ചൊല്ലി അദ്ദേഹത്തിന് വ്യാഖ്യാനിച്ചുകൊടുത്തത് ഞാനിന്നും മറന്നിട്ടില്ല .കാളിദാസകാവ്യം .
''കലയുടെകൊമ്പിൻറെ തുമ്പത്തിടത്തുകൺ ചൊറിയുന്ന പെൺമാൻ ''
.ഈവരികളിലെ ദൃശ്യഭംഗി അച്ഛൻ വർണ്ണിച്ചുകൊടുക്കുന്നതും കെ കെ എൻ കുറുപ്പ് എന്ന ചെറുപ്പക്കാരൻ നല്ലൊരു സഹൃദയനെപ്പോലെ അച്ഛന്റെ മുന്നിലുരുന്ന് കേൾക്കുന്നതും തേമാനമില്ലാത്ത എന്റെ ഓർമ്മക്കാഴ്ച്ച .
അധികാരിപ്പണിയുടെ അധികാരപരിധിയിൽ നിന്നും സർവ്വകലാശാലയുടെ ഔന്നത്യത്തിലെത്തിയ സ്ഥിരോത്സാഹി ,ആദരണീയനായ ഡോ .കെ കെ എൻ കുറുപ്പ് ഇന്ന് ശതാഭിഷേക നിറവിൽ !
ഈ ധന്യമുഹൂർത്തത്തിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
ഡോ .കെ കെ എൻ കുറുപ്പ് ( ഡോ .കുട്ടമത്ത് കുന്നിയൂര് നാരായണക്കുറുപ്പ് )
മലബാറിലെ പ്രശസ്‌ത തറവാടായ കട്ടമത്ത് കുന്നിയൂർ കുടുംബാംഗം .
ചോമ്പാലയിലെ കല്ലാമലയിൽ കല്ലാകോവിലകത്ത് ജാനകിയമ്മയുടെയും ചാപ്പക്കുറുപ്പിൻറെയും മകനായി ജനനം .
കല്ലാമല യു പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം . തുടർപഠനം മടപ്പള്ളി ഗവ .ഫിഷറീസ് ടെക്നിക്കൽ ഹൈ സ്‌കൂളിൽ.
പാലയാട് ടീച്ചർ ട്രെയിനിംഗ് സെന്ററിൽ നിന്നും ടിടിസി പഠനം പൂർത്തിയാക്കിയശേഷം ഒരു വർഷക്കാലം പനാട എൽ പി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചു .
അതിനുശേഷം സനത് അനുസരിച്ച് ചെറുവത്തുർ തിമിരി അംശം അധികാരിയുടെ അധികാര പരിധിയിൽ ജോലിചെയ്‌തു ,
കോടതി വിധി കെ കെ എൻ കുറുപ്പിന് അനുകൂലമായി വന്നപ്പോൾ അദ്ധ്യാപക ജോലി രാജിവെച്ചുകൊണ്ട് അംശം അധികാരി (അംശം പട്ടേലർ ) പദവി ഏറ്റെടുത്തു .
അംശം അധികാരി എന്നപദവിയിലിരുന്നുകൊണ്ട്തന്നെ ഹിന്ദി വിദ്വാൻ പരീക്ഷ പാസ്സാവുകയും തുടർന്ന് ബി എ ഡിഗ്രി നേടുകയുമുണ്ടായി .
അതിനുശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ഹിസ്റ്ററിയിൽ എം എ പരീക്ഷ പാസ്സായ കെ കെ എൻ കുറുപ്പ് അധികാരിയുടെ പദവി രാജിവെച്ച് കാലിക്കറ്റ് സർവ്വകലാശാലയിൽ ചരിത്രവിഭാഗത്തിൽ അദ്ധ്യാപകനായി ,
സ്ഥിരോത്സാഹിയും കർമ്മധീരനുമായ ഇദ്ദേഹം ചരിത്രത്തിൽ ഗവേഷണം നടത്തി പി എച്ച് ഡി ബിരുദം നേടു കയും തുടർന്നങ്ങോട്ട് പടിപടിയായിഉയരങ്ങളിലേക്കുള്ള യാത്ര തുടരുകയായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് പ്രഫസർ ,ചരിത്രവിഭാഗം തലവൻ തുടങ്ങിയ പദവികൾ അദ്ദേഹത്തെ തേടിയെത്തി .
റിട്ടയർ ചെയ്‌തതിന് ശേഷം കോഴിക്കോട് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിതനാവുകയുമുണ്ടായി .
കേരള പുരാവസ്‌തു ഗവേഷണകേന്ദ്രത്തിന്റെ തലവനായി തൃപ്പുണിത്തുറ പാലസിൽ പ്രവർത്തനം .ഒരുകൂട്ടം കവിതാ പുസ്തകങ്ങൾക്ക് പുറമെ നിരവധി ചരിത സബന്ധങ്ങളായ ഗ്രന്ഥങ്ങളും മലയാളത്തിന് സംഭാവന ചെയ്‌ത മഹദ് വ്യക്തിത്വമാണ് ഡോ .കെ കെ എൻ കുറുപ്പ് .
ചരിത്രത്തിന്റെ വാതായനങ്ങൾ ലോകത്തിനു മുൻപിൽ തുറന്നു വെച്ച ഈ മഹാരഥന് ജന്മനാട് അർഹിക്കുന്ന അംഗീകാരം നൽകാൻ ഇനിയും വൈകരുതെന്നു വിനയപൂർവ്വം .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group