ഐ.എം. വിജയനുവേണ്ടി മോഹൻലാലും മമ്മൂട്ടിയും ഗോളടിച്ച രാത്രി

ഐ.എം. വിജയനുവേണ്ടി മോഹൻലാലും മമ്മൂട്ടിയും ഗോളടിച്ച രാത്രി
ഐ.എം. വിജയനുവേണ്ടി മോഹൻലാലും മമ്മൂട്ടിയും ഗോളടിച്ച രാത്രി
Share  
2025 May 18, 07:43 AM
Mannan2

മധ്യനിരയിൽ നിന്ന് മണിയൻപിള്ള രാജു തുടക്കമിട്ട നീക്കം, കലാഭവൻ മണിയിലൂടെ, ബിജു മേനോനിലൂടെ മോഹൻലാലിൻ്റെ ബൂട്ടിലെത്തിച്ചേരുന്നു അത്. ലാലിനുമുന്നിൽ ഇനി ഗോൾവലയവും ഗോൾകീപ്പർ മെഹബുബും മാത്രം. ഇടംകാൽ കൊണ്ട് തൊടുക്കാനെന്ന 'വ്യാജേന' കീപ്പറെ കബളിപ്പിച്ചശേഷം വലംകാൽ കൊണ്ട് പന്ത് പോസ്റ്റിൻ്റെ മൂലയിലേക്ക് നീട്ടിയടിക്കുന്നു മോഹൻലാൽ. അപകടം മണത്ത് ഡൈവ് ചെയ്‌ത മെഹബൂബിന്റെ വിരലുകളിലുരസി പന്ത് വലയിലേക്ക്. സൂപ്പർതാരങ്ങളുടെ ടീം ഒരു ഗോളിന് മുന്നിൽ.


ഭാഗ്യത്തിന്റെ അകമ്പടിയോടെയുള്ള ഗോളെന്നൊക്കെ പറയാം. എന്നാലും ഗോൾ ഗോൾ തന്നെ. പക്ഷേ, ഒരു പ്രശ്‌നം, മോഹൻലാൽ സ്കോർ ചെയ്‌താൽ മമ്മൂട്ടിക്ക് എങ്ങനെ കൈകെട്ടി കണ്ടുനിൽക്കാനാകും? കളി രണ്ടാം പകുതിയുടെ മധ്യഘട്ടത്തിലൂടെ മുന്നേറവേ, അതാ വരുന്നു മെഗാസ്റ്റാറിൻ്റെ ഗോൾ. കലാഭവൻ മണി കൈമാറിയ പാസുമായി സ്റ്റോപ്പർബാക്കിനെ വെട്ടിച്ചു ബോക്സ്‌സിൽ കടന്ന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടുന്നു മമ്മൂട്ടി, ഗോൾ !


ഫൈനൽ റിസൾട്ട്: സിനിമാക്കാരുടെ ടീം 4; ഐ.എം. വിജയന്റെ ടിം 3.


വിശ്വാസം വരുന്നില്ല. അല്ലേ ? സത്യമാണ്. ഇനി ഇങ്ങനെയൊരു മാച്ച് റിപ്പോർട്ട് എഴുതാൻ ഭാഗ്യമുണ്ടാകുമോ എന്ന കാര്യത്തിലേയുള്ളൂ സംശയം. മലയാളസിനിമയിലെ വലിയവരും ചെറിയവരും ഇടത്തരക്കാരുമായ താരങ്ങളെ മുഴുവൻ അണിനിരത്തി ഒരു ഫുട്‌ബോൾ മത്സരം ഇനി സങ്കല്പിക്കാനാകുമോ? തുടക്കംമുതൽ ഐ.എം. വിജയനൊപ്പം ആ 'സ്വപ്‌നപദ്ധതി യുടെ ഭാഗമാകാൻ കഴിഞ്ഞെന്നത് കളിയെഴുത്തു ജീവിതം കനിഞ്ഞുനൽകിയ സൗഭാഗ്യങ്ങളിലൊന്ന്.


തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കാൽനൂറ്റാണ്ടു മുൻപ് അരങ്ങേറിയ ആ 'താരയുദ്ധ'ത്തിൽ സൂപ്പർ സ്റ്റാർസ് ടീമിനുവേണ്ടി ജേഴ്‌സിയും ബൂട്ടുമണിഞ്ഞിറങ്ങിയവരുടെ നിരയിലൂടെയൊന്ന് കണ്ണോടിക്കുക: മുകേഷ്, ശ്രീനിവാസൻ, ഇന്നസെന്റ്, മാമുക്കോയ, ജഗദീഷ്, സിദ്ദിക്ക്, ബൈജു, ലാൽ, ഹരിശ്രീ അശോകൻ, സുധീഷ്, ശ്രീരാമൻ, അഗസ്റ്റിൻ, ഇടവേള ബാബു, തമ്പി കണ്ണന്താനം, കുഞ്ചൻ, കൊച്ചിൻ ഹനീഫ സാദിഖ്, വിജയ് യേശുദാസ്, ദിനേശ് നായർ... കോച്ച്: ഷാജി കൈലാസ്. മാനേജർ: രഞ്ജിത്ത്, വിജയൻസ് ഇലവനിൽ വിജയനുപുറമേ, പാപ്പച്ചൻ, സേവ്യർ പയസ്, കുരികേശ് മാത്യു, ഷറഫലി, മാർട്ടിൻ സി. മാത്യു, സുരേഷ് ബാബു, ഡോ. ബഷീർ, തോമസ്, മെഹബൂബ് തുടങ്ങിയ പടക്കുതിരകൾ. സ്റ്റാർസ് ടീമിൻ്റെ പത്താം നമ്പർ ജേഴ്‌സി മോഹൻലാലിനെങ്കിൽ, വിജയൻ ഇലവന്റേത് ഇൻ്റർനാഷണൽ സേവ്യർ പയസ്സിന്. ആന്ദലബ്ധിക്കിനിയെന്തു വേണം ?


കളിക്കളത്തിലെ മറക്കാനാവാത്ത ആ താരസംഗമത്തിന്റെ 'കിക്കോഫ്' ഒരൊറ്റ ഫോൺവിളിയിൽ നിന്നായിരുന്നു എന്നോർക്കുമ്പോൾ അദ്‌ഭുതം.


സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ടു ചെയ്യാൻ ചെന്നതായിരുന്നു തൃശ്ശൂരിൽ. ആ ദിവസങ്ങളിലൊന്നിൽ താമസിക്കുന്ന ഹോട്ടൽമുറിയിൽ വന്നു കണ്ടപ്പോഴാണ് വിജയൻ തൻ്റെ ചിരകാല മോഹം പങ്കുവെച്ചത്: 'ഒരു ഫുട്‌ബോൾ അക്കാദമി തുടങ്ങണമെന്നുണ്ട്. എൻ്റെ മാത്രമല്ല, പലരുടേയും ആഗ്രഹമാണ്. കളിയോട് വിടവാങ്ങിയശേഷം പുതിയ തലമുറയിലെ കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കാമല്ലോ.


നല്ല കാര്യം, പക്ഷേ, പണച്ചെലവുള്ള ഏർപ്പാടാണ്. ആദ്യം ഒരു ഫൗണ്ടേഷന് രൂപം നൽകിയശേഷം അതിനുകീഴിൽ അക്കാദമിക്ക് തുടക്കമിടുക എന്നതായിരുന്നു ആശയം. കളിച്ചുകിട്ടുന്ന വരുമാനംകൊണ്ടുമാത്രം അങ്ങനെയൊരു ദൗത്യം ഏറ്റെടുത്തു വിജയിപ്പിക്കുക അസാധ്യം. 'ഫണ്ട് സ്വരൂപിക്കാൻ സിനിമാതാരങ്ങളുടെ ഒരു എക്‌സിബിഷൻ മാപ്പ് സംഘടിപ്പിച്ചാലോ എന്നൊരു ചിന്ത. നടക്കുമോ എന്നറിയില്ല...' -വിജയൻ പറഞ്ഞു.


ആശയം ഉഗ്രൻ. അതുവരെ പരീക്ഷിക്കാത്ത ഒന്ന്. നടക്കുന്ന കാര്യമാണ് സംശയം. നിമിഷങ്ങൾക്ക് പൊന്നുംവിലയുള്ള ചലച്ചിത്രതാരങ്ങളെ ഒന്നൊന്നര മണിക്കൂർ ഫുട്‌ബോൾ ഗ്രൗണ്ടിൽ തളച്ചിടുകയെന്നാൽ ചില്ലറക്കാര്യമല്ല. (ക്രിക്കറ്റ് ആണെങ്കിൽ അധികം വിയർപ്പൊഴുക്കാതെ കളിച്ച് ഒപ്പിക്കാം. ഇടയ്ക്ക് വിശ്രമിക്കാൻ സമയവും കിട്ടും. ഫുട്‌ബോളിൻ്റെ കാര്യം അതല്ല. അത്യാവശ്യം ഓടിക്കളിച്ചേ പറ്റൂ. നന്നായി വിയർക്കേണ്ടിവരും. എളുപ്പം പരിക്കേൽക്കാനുള്ള സാധ്യതയുമുണ്ട്. സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ള നമ്മുടെ സിനിമാനടന്മാർ അതിന് തയ്യാറാകുമോ? ചെറിയൊരു ജലദോഷം വന്നാൽപ്പോലും ടെൻഷനടിക്കുന്ന ആളുകളാകുമ്പോൾ പ്രത്യേകിച്ചും.


പ്രദർശനമത്സരം എന്ന സ്വ‌പ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിവെച്ചിരുന്നു വിജയൻ. പ്രതികരണങ്ങൾ ഒട്ടും ആശാവഹമായിരുന്നില്ല എന്ന് മാത്രം. സുഹൃത്തുക്കളുമൊത്ത് ചില ഷൂട്ടിങ് ലൊക്കേഷനുകളിലൊക്കെ കറങ്ങിയെങ്കിലും ചെറുകിട താരങ്ങളെപ്പോലും നേരിൽ കാണാൻ കിട്ടുന്നത് അപൂർവം. വിജയന് നേരിട്ടറിയുന്ന കുറച്ചുപേരേയുള്ളൂ അന്ന് സിനിമാലോകത്ത്. അവരിൽ ചിലരെ ചെന്നുകാണാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം: കാത്തിരുന്നു മടുത്ത് സ്ഥലംവിടേണ്ടിവന്ന സന്ദർഭങ്ങൾ വരെയുണ്ട്. സിനിമയുടെ ലോകമല്ലേ?


വിജയന്റെ അനുഭവകഥനം കേട്ടപ്പോൾ പതിവു പല്ലവി ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്ക്: 'സ്വന്തം വില അറിയാതെ പെരുമാറരുത് വിജയാ. അവരൊക്കെ മലയാളസിനിമയുടെ '' വട്ടത്തിൽ കിടന്നു കറങ്ങുന്നവർ. വിജയൻ്റെ തട്ടകം ഇന്ത്യയാണ്. നാഷണൽ സെലിബ്രിറ്റി ആണ് നീ. ഇന്ത്യൻ ക്യാപ്റ്റൻ പദവിവരെ വഹിച്ചയാൾ. അത് മറക്കരുത്. ഇവരെയൊന്നും കാത്തിരിക്കേണ്ട ഗതികേടില്ല നിനക്ക്


എല്ലാം കേട്ട് പതിവുപോലെ എൻ്റെ മുഖത്തു നോക്കി നിഷ്‌കളങ്കമായി ചിരിച്ചു വിജയൻ. 'അത് അവർകൂടി മനസ്സിലാക്കണ്ടേ രവിയേട്ടാ' എന്നൊരു തമാശച്ചോദ്യവും. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല ഞങ്ങൾ. രണ്ടാംനിരയോ മൂന്നാംനിരയോ ആയ കുറച്ചു സിനിമാക്കാരെയെങ്കിലും മത്സരത്തിൽ പങ്കെടുപ്പിക്കാൻ പറ്റിയാൽ ഭാഗ്യം. പോലീസിൻ്റെ ഇൻ്റർനാഷണൽ കളിക്കാർകുടി ചേർന്നാൽ പേരിനെങ്കിലും ഒരു സെലിബ്രിറ്റി ഗെയിം ആകുമല്ലോ. പക്ഷേ, അങ്ങനെയൊരു തട്ടിക്കൂട്ട് മത്സരം കാണാൻ ആളെത്തുമോ എന്ന ചോദ്യം ബാക്കി.


ഒരു ഐഡിയ മനസ്സിലുദിച്ചത് ആ നിമിഷമാണ്. 'നമുക്കൊരാളെ വിളിച്ചുനോക്കാം. അയാൾ വിചാരിച്ചാലേ തത്കാലം മലയാളസിനിമയിൽ എന്തെങ്കിലും നടക്കൂ. വിരോധമുണ്ടോ ?' -എൻ്റെ ചോദ്യം. ഈഗോയുടെ ലാഞ്ഛനപോലും പെരുമാറ്റത്തിൽ കാണിക്കാത്ത വിജയൻ ചിരിച്ചു: 'ങ്ങള് വിളിക്ക് രവിയേട്ടാ. നമ്മക്കെന്ത് വിരോധം ?'


വിളിച്ചത് രഞ്ജിത്തിനെ. അന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്താണ് രഞ്ജിത്ത്. ലാലിൻ്റെ 'നരസിഹം' രഞ്ജിയുടെ സംഭാഷണങ്ങളുമായി തിയേറ്ററിൽ തകർത്തോടുന്നു. മമ്മൂട്ടിയുടെ 'വമല്യട്ടൻ' വരാനിരിക്കുന്നു. കോഴിക്കോട്ടെ മുല്ലശ്ശേരി രാജുവേട്ടൻ്റെ സംഗീത സദസ്സുകളിൽ സ്ഥിരക്കാരനായ രഞ്ജിയെ വർഷങ്ങൾക്കുമുൻപേ അറിയാം. അടുത്ത സൗഹൃദവുമുണ്ട്. വിളിച്ചു കാര്യംപറഞ്ഞപ്പോൾ ഫോണിൻ്റെ മറുതലയ്ക്കൽ നിമിഷങ്ങളുടെ മൗനം മൗനത്തിനൊടുവിൽ ഉറച്ച ശബ്ദ‌ത്തിൽ മറുപടി 'പിന്നെന്താ. നമുക്ക് നടത്തിക്കളയാം. വിജയൻ്റെ ഒരാവശ്യമല്ലേ?'


അദ്ഭുതം. കിക്കോഫിൽനിന്നുതന്നെ ഗോൾ വീഴുമെന്ന് സങ്കല്പിച്ചിട്ടില്ലല്ലോ ഞങ്ങൾ. അടുത്ത ഗോൾ അതിലും കേമം: 'നമുക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും ഗ്രൗണ്ടിലിറക്കിയാലോ? -വിജയനെയും എന്നെയും ഞെട്ടിച്ചുകൊണ്ട് രഞ്ജിയുടെ ചോദ്യം. തമാശയാണോ എന്ന് സംശയിച്ചു ആദ്യം. എന്നാൽ, അങ്ങേയറ്റം സീരിയസ് ആയിരുന്നു രഞ്ജിത്ത്. 'ഒരു കാര്യം ചെയ്യാം. ആദ്യം ലാലിനെ വിളിച്ചുനോക്കാം. ലാൽ സമ്മതിച്ചുകിട്ടിയാൽ മമ്മൂട്ടിയുടെ കാര്യം ഉറപ്പ്. ബാക്കി നടന്മാരെല്ലാം പിറകെ വന്നോളും. രണ്ടു സൂപ്പർസ്റ്റാഴ്‌സിൻ്റെകൂടെ പന്തു കളിക്കാൻ ആരാ മോഹിക്കാത്തത് ?'


അവിശ്വസനീയതയായിരുന്നു ഞങ്ങൾക്ക്. ഫോൺ വെച്ച ശേഷവും അദ്ഭുതം കെട്ടടങ്ങിയില്ല. ഏതോ സ്വപ്‌നലോകത്ത് എത്തിപ്പെട്ട പ്രതീതി. 'രവിയേട്ടാ, ഇത് വല്ലതും നടക്കുമോ? ലാലേട്ടനും മമ്മുക്കയുമൊക്കെ നമുക്കുവേണ്ടി കളിക്കുക എന്ന് വെച്ചാൽ...' എൻ്റെ കൈകളിൽ പിടിച്ചമർത്തി ആകാംക്ഷയോടെ വിജയൻ ചോദിക്കുന്നു. 'നടക്കാനാണ് സാധ്യത. രഞ്ജി അങ്ങനെ വെറുംവാക്ക് പറയുന്ന ആളല്ല. എന്തായാലും ഇപ്പോൾ ഇതാരോടും പറയേണ്ട. കാര്യങ്ങൾ മുന്നോട്ടു നീങ്ങിയ ശേഷം മതി...' വിജയന് സമ്മതം.


പിന്നീട് നടന്നതെല്ലാം സ്വപ്‌നതുല്യമായ സംഭവങ്ങൾ, രഞ്ജിത്തിൻ്റെ പ്രേരണയിൽ മോഹൻലാൽ പന്തുകളിക്കാൻ തയ്യാറാകുന്നു; പിന്നാലെ, മമ്മൂട്ടിയും. തീർന്നില്ല. സുരേഷ് ഗോപിയും ജയറാമും ഒഴികെ മലയാളത്തിലെ മിക്കതാരങ്ങളും വിജയനുവേണ്ടി ബൂട്ടുകെട്ടി കളിക്കളത്തിലിറങ്ങാൻ തയ്യാർ. ഒരു സാധാരണ ബെനിഫിറ്റ് മത്സരം ഒരൊറ്റ ഫോൺകോളിലൂടെ താരോത്സവമായി മാറുകയായിരുന്നു. കളിനടത്തിപ്പിൻ്റെ ചുമതല ഏറ്റെടുത്ത വിജയൻ്റെ സുഹൃത്ത് രാജേഷ് നായരുടെ സംഘാടകമികവുകൂടി ചേർന്നപ്പോൾ മറക്കാനാവാത്ത ഒരു സന്ധ്യയായി മാറി ആ കൂടിച്ചേരൽ.


ഇടയ്ക്കൊരു നാൾ ഹോട്ടൽമുറിയിൽ കാണാൻ വന്നപ്പോൾ പ്രിയഗായകൻ ജയചന്ദ്രന്റെ ചോദ്യം: 'ങ്ങളെല്ലാരുംകൂടി വിജയനുവേണ്ടി എന്തോ ഫുട്ബോൾ മാച്ച് നടത്തുന്നുണ്ട് ന്ന് കേട്ടല്ലോ? ന്താ മ്മളൊന്നും വേണ്ടേ? ഒന്നുംല്ലെങ്കി നമ്മളൊക്കെ തൃശ്ശുക്കാരല്ലേ? ജയേട്ടൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഭയമുണ്ടായിരുന്നതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് വിജയൻ, 'അതെന്താ, ഞാൻ പിടിച്ചുതിന്നുമോ?' എന്ന് ചിരിയോടെ ഗായകൻ. സൗഹൃദമത്സരത്തിന്റെ ഇടവേളയിൽ മൈതാനത്തിൻ്റെ ടച്ച് ലൈനിൽ നിന്നുകൊണ്ട് നിറഞ്ഞ ഗാലറിയുടെ ആരവം ഏറ്റുവാങ്ങി ഭാവഗായകൻ പാടിയ 'പ്രായം നമ്മിൽ മോഹം നൽകി...' ഇതാ ഈ നിമിഷവും കാതിൽ അലയടിക്കുന്നു. അങ്ങനെ എത്രയെത്ര ഓർമ്മകൾ


സന്തോഷ് ട്രോഫി ഫൈനലിൽ കേരളം മഹാരാഷ്ട്രയോട് ഒരൊറ്റ ഗോളിന് പൊരുതിത്തോറ്റ് നാലുദിവസത്തിനകം, 2000 ഏപ്രിൽ 27-നായിരുന്നു അതേ വേദിയിൽ താരങ്ങളുടെ സൗഹൃദമത്സരം. ഫ്ളഡ് ‌ലിറ്റിൽ അരങ്ങേറിയ മത്സരത്തിൽ സ്കോറിങ് തുടങ്ങിവെച്ചത് മോഹൻലാൽ. ഇടവേള കഴിഞ്ഞായിരുന്നു ആദ്യഗോൾ. അധികം വൈകാതെ ഭീമൻ രഘുവിലൂടെ സൂപ്പർ സ്റ്റാഴ്സ‌് ഇലവൻ വീണ്ടും ഗോളടിക്കുന്നു. വിജയൻ ഇലവനുവേണ്ടി വി.പി. ഷാജി ഒരു ഗോൾ മടക്കിയെങ്കിലും മമ്മൂട്ടിയിലൂടെ സ്റ്റാഴ്‌് വീണ്ടും മുന്നിൽ (3-1). വിജയനും ഷറഫലിയും തുടരെത്തുടരെ സ്കോർ ചെയ്‌തതോടെ സ്കോർനില തുല്യം. എന്നാൽ, അവസാന നിമിഷങ്ങളിൽ വീണ ഭീമൻ രഘുവിൻ്റെ ഗോൾ ക്ളൈമാക്സ‌് വിണ്ടും തിരുത്തി. 4-3 ന് ജയം മമ്മൂട്ടി-മോഹൻലാൽ ഇലവന്.


'ആര് ജയിച്ചു, തോറ്റു എന്നതൊന്നും പ്രസക്തമായിരുന്നില്ല. മമ്മുക്കയും ലാലേട്ടനുമൊക്കെ നമുക്കുവേണ്ടി കളിക്കാനിറങ്ങി എന്നതായിരുന്നു പ്രധാനം. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത നിമിഷങ്ങൾ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിച്ചശേഷം ഫുട്‌ബോളിലെ പുതുതലമുറയ്ക്ക് മാർഗനിർദേശം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്ന വിജയന്റെ ആത്മഗതം.


ആ ചരിത്രമത്സരത്തിൻ്റെ ഭാഗമായവർ പലരും ഓർമ്മയാണിന്ന്: കലാഭവൻ മണി, ഇന്നസെൻ്റ് കൊച്ചിൻ ഹനീഫ, മാമുക്കോയ, അഗസ്റ്റിൻ, തമ്പി കണ്ണന്താനം... മത്സരത്തിൻ്റെ ഇടവേളയിൽ പാട്ടുപാടി ഗാലറികളെ നൃത്തം ചെയ്യിച്ച ഭാവഗായകൻ ജയചന്ദ്രനും യാത്രയായി. അന്തരീക്ഷത്തിൽ അലയടിക്കുന്ന പാട്ടിൻ്റെ ശീലുകൾക്ക് മാത്രമില്ല മരണം: പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടിൽ ഗാനം നൽകി...' ചില കാര്യങ്ങളെക്കുറിച്ച് വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ എങ്ങനെയിതൊക്കെ സംഭവിച്ചു എന്നോർത്ത് നമ്മൾ സ്വയം അദ്ഭുതപ്പെട്ടുപോവും. ഇത് അത്തരത്തിലുള്ള ഒരു ഫുട്ബോൾ മത്സരത്തിൻ്റെ അനുഭവമാണ്. ഓർക്കുന്തോറും വിസ്മ‌യിച്ചുപോകുന്ന ഒരു കളിരവി മേനോൻഓർമ്മകളിൽ ഐ.എം.വിജയൻസാങ്കേതിക കാരണങ്ങളാൽ പില സ്ഥിരം പംക്തികൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. അവ അടുത്ത ആഴ്‌ച തുടരും.


SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan