
രണ്ടാം ഗുണ്ടർട്ടിന് ഇന്ന്
സഹൃദയ ലോകത്തിന്റെ ആദരം
:ചാലക്കര പുരുഷു
തലശ്ശേരി: ദുരിതങ്ങളുടെ പേമാരിയിൽ നാലാം തരത്തിൽ പഠനം നിർത്തേണ്ടി വന്നെങ്കിലും,, കഠിനമായ തപസ്യയിലൂടെ അക്ഷരദേവതയുടെ വരദാനം സിദ്ധിച്ച്, രാജ്യത്താദ്യമായി തെന്നിന്ത്യൻ ഭാഷകളുടെ നിഘണ്ടു. പ്രസിദ്ധീകരിച്ച 87 കാരനായ ഞാറ്റുവേല ശ്രീധരനും 81 കാരിയായ ഭാര്യ യശോധക്കും ഇന്ന് വിവാഹത്തിന്റെ അറുപതാമാണ്ടാഘോഷം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മീശമുളക്കും മുമ്പ് ബീഡി തെറുപ്പുകാരനായി മാറിയ ശ്രീധരന്, അക്ഷര ലോകത്തിന്റെ വാതായനം തുറന്ന് കിട്ടിയത് അവിടെ വെച്ചായിരുന്നു. അനന്തമായ അറിവിന്റെ ആഴങ്ങൾ തേടി വായനശാലകളത്രയും കയറിയിറങ്ങി. സ്വയം പഠിച്ച് സർക്കാർ ഉദ്യോഗസ്ഥനായി.
ആദ്യത്തെ സാക്ഷരതാ പ്രവർത്തകനായി. അക്ഷരങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരനായി മാറിയ ശ്രീധരൻ പിന്നീട് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനായി. കഥയും കവിതയും ചരിത്രരും നിരൂപണങ്ങളും യാത്രാക്കുറിപ്പുകളുമെല്ലാം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ നിരന്തരം വായനക്കാരെ തേടിയെത്തി. പക്ഷെ അദ്ദേഹത്തിന്റെ നിയോഗംമറ്റൊന്നായിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനപഥങ്ങളിലൂടെ, നാട്ടിൻപുറങ്ങളിലൂടെ, വനാന്തരങ്ങളിലൂടെ രണ്ട് ദശാബ്ദക്കാലം ഒരവധൂതനെ പോലെ ഈ മനുഷ്യൻ അലഞ്ഞു നടന്നു.
പട്ടിണിയും, രോഗവും ഈ മനുഷ്യനെ തളർത്തിയില്ല.
പല വിഭാഗം ജനങ്ങളുമായി സംവദിച്ചു. പണ്ഡിതന്മാരും, പാമരൻമാരും അക്കുട്ടത്തിലുണ്ടായി. അവരുടെ ഭാഷയും, വൃത്തവും, വൃത്താന്തനും, വ്യാകരണവുമെല്ലാം സ്വന്തം ഹൃദയ ഭിത്തിയിൽ കൊത്തിവെച്ചു.
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ഒരു പോലെ പ്രാവീണ്യം നേടി.
പിന്നീട് ഒരു താപസനെ പോലെ എഴുത്തിന്റെ വാത്മീകത്തിൽ അടയിരുന്നു. വർഷങ്ങൾക്ക് ശേഷം ചതുർഭാഷ നിഘണ്ടു പിറന്നപ്പോൾ, അത് വിശ്വസിക്കാൻ പോലും അക്കാദമിസ്റ്റുകൾക്കായില്ല. പക്ഷെ അതൊരു യഥാർത്ഥ്യമായിരുന്നു. ഒടുവിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പ്രസാധകരായെത്തി. അതിന് മുമ്പ് തമിഴ്-മലയാളം നിഘണ്ടു പ്രസിദ്ധകൃതമായിരുന്നു.
അങ്ങിനെ മലയാളത്തിലെ ആദ്യ നിഘണ്ടു പിറന്ന നാട്ടിലെ രണ്ടാംഗുണ്ടർട്ടായി ഞാറ്റുവേല ശ്രീധരൻ മാറി.
ദേശിയ - അന്തർദ്ദേശീയ മാധ്യമങ്ങളിൽ ശ്രീധരേട്ടൻ അത്ഭുത മനുഷ്യനായി.കേരള കൗമുദിയാണ് മുൻപേജിൽ ശ്രീധരേട്ടന്റെ ജൻമ സാഫല്യത്തെക്കുറിച്ച് ആദ്യമായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്.
മാനവമോചന മന്ത്രങ്ങളുമായി , വിപ്ലവപ്രസ്ഥാനത്തിന്റെ കനൽ വഴികളിലൂടെ സഞ്ചരിച്ച , ആയിരം പൂർണ്ണ ചന്ദ്രൻമാറര കണ്ട, ഈ മനുഷ്യന്റെ ജീവിത കഥ സഹനത്തിന്റെ പാതയിലെ ശക്തി ഗോപുരമായി.
ഓർമ്മകളുടെ തിറയാട്ടം എന്ന ആത്മകഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്.
തകർക്കാനാവാത്ത നിശ്ചയദാർഢ്യത്തിന്റേയും, തളർത്താനാവാത്ത ലക്ഷ്യബോധത്തിന്റേയുംത്രസിപ്പിക്കുന്ന അതിജീവന കഥയാണത്. ഒരു വർഷത്തിനിടയിൽ രണ്ടാം പതിപ്പും വിറ്റുപോകും വിധം ആർത്തിയോടെയാണ് വായനക്കാർ ഈ പുസ്തകത്തെ ഇരു കൈകളുംനീട്ടിസ്വീകരിച്ചത്
ഇന്ന് വൈ. 6 മണിക്ക് തലശ്ശേരി റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ ശ്രീധരേട്ടൻ ഇഷ്ടപ്പെടുന്നവരും ശ്രീധരേട്ടനെ ഇഷ്ടപ്പെടുന്നവരും ഒത്തുചേരുകയാണ്.
ആ ത്മസുഹൃത്തുക്കളും, ബന്ധുക്കളും, സഹപ്രവർത്തകരും എഴുത്തുകാരും, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരുമെല്ലാം അറുപതാം വിവാഹ വാർഷികത്തിന് മംഗളം നേരാൻ എത്തിച്ചേരും.
ചിത്രവിവരണം:ഞാറ്റുവേല ശ്രീധരനും ഭാര്യ യശോദയും

രീഷ്മ രമേശന് സ്നേഹാദരം
തലശ്ശേരി:ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് 'സ്നേഹക്കൂടിന്റെ' ആഭിമുഖ്യത്തിൽ ഝാർക്കണ്ട് പലാമു ജില്ലാ എസ് പി രീഷ്മ രമേശൻ ഐ പി എസിനെ സ്നേഹാദരങ്ങൾ നൽകി ആദരിച്ചു.
മാവോയിസ്റ്റ് മേഖലയായ പലാമു ജില്ലയിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തി ഇലക്ഷൻ കമ്മീഷന്റെ അനുമോദനങ്ങളും പുരസ്കാരവും നേടിയ രീഷ്മ, ട്രസ്റ്റ് മെമ്പർ കൂടിയായ ഡോ. ടി രമേശന്റെ മകളാണ്.
ട്രസ്റ്റ് ചെയർമാൻ എം പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെഷൻസ് ജഡ്ജി കെ ടി നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി എ എസ് പി കിരൺ പി ബി വിശിഷ്ടാതിഥി ആയിരുന്നു.
ചടങ്ങിൽ വെച്ച്, ട്രസ്റ്റിന്റെ വകയായി ഒരു വീൽചെയർ ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് ടെയിനിങ്ങ് പ്രിൻസിപ്പൽ പ്രൊഫ. പ്രശാന്ത് പയ്യനാട്ട് ഏറ്റു വാങ്ങി.
ട്രസ്റ്റ് വൈസ് ചെയർമാൻ മേജർ പി ഗോവിന്ദൻ സ്വാഗതവും ജോയിന്റ് മാനേജിങ്ങ് ട്രസ്റ്റി ടി എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:പലാമു ജില്ലാ എസ് പി രീഷ്മ രമേശൻ ഐ പി എസിനെ ജില്ലാ ജഡ്ജ് കെ.ടി. നിമ്പാർ അഹമ്മദ് ഉപഹാരം നൽകി അനുമോദിക്കുന്നു
രഞ്ജി ക്രിക്കറ്റ് ക്ലബ്
ചാമ്പ്യന്മാർ
തലശ്ശേരി:കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 102 റൺസിന് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ഫൈനലിലെ താരമായി രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എം സി ഷെറിനെ തെരഞ്ഞെടുത്തു.ടൂർണ്ണമെൻറിലെ മികച്ച ബാറ്ററായി കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് താരം പി വി അഭിരാഗിനേയും,മികച്ച ബൗളറായും മികച്ച താരമായും കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എ പി രജീഷിനേയും തെരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങിൽ കേരള രഞ്ജി ട്രോഫി ടീം വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ മുഖ്യ അതിഥികളായി. പ്രസിഡൻറ് എ സി എം ഫിജാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡൻറ് കെ പി സുരേഷ്ബാബു,സെക്രട്ടറി ടി കൃഷ്ണ രാജു,പി നവാസ്,എ അഭിമന്യു,പി സതീശൻ,എ മഹറൂഫ്,എ കെ സക്കരിയ,പി കെ ജിതേഷ്,അക്ബർ നടമ്മൽ,എം ധനഞ്ജയൻ സംസാരിച്ചു.
പൊതു ഇട പഠനോൽസവം
സംഘടിപ്പിച്ചു
തലശ്ശേരി വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പൊതു ഇട പഠനോൽസവം സംഘടിപ്പിച്ചു.ആണ്ടി മാസ്റ്റർ സ്മാരക വായനശാലക്ക് മുന്നിൽ നടന്ന പഠനോൽസവം സ്കൂൾ പൂർവ വിദ്യാർത്ഥിയും ആദ്യമായി അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്ത കളത്തിൽ ബാലൻ ഉദ്ഘാടനം ചെയ്തു.കെ.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.വത്സല,എം.വൽസൻ, ടി.കെ.രജിഷ, വി.പി.നന്ദിനി ടീച്ചർ, വി.പി.ഷിജി,ആഷിക കുമാർ,കെ.സി.വനിത,ഇ. കെ.ലയന,ജിഷ്ണു ഷാജി,എൻ.വി.വത്സൻ സംസാരിച്ചു.വിദ്യാർത്ഥികളുടെ കവിതാവിഷ്ക്കാരം, ഇംഗ്ലീഷ് ആക്ഷൻ സോംങ്,ഹിന്ദി ഗ്രൂപ്പ് സോങ് ,നാടൻ പാട്ട് ഡാൻസ് തുടങ്ങിയ പഠനപ്രവർത്തനങ്ങൾ കുട്ടികൾ പൊതു ഇടങ്ങളിൽ അവതരിപ്പിച്ചു. രക്ഷിതാക്കളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളുംപങ്കെടുത്തു.

സ്വാതന്ത്ര്യ സമര സേനാനി പി. വി.ഗോപിയെ അനുസ്മരിച്ചു
മാഹി: സ്വാതന്ത്ര്യ സമരസേനാനിയും. കോൺഗ്രസ് നേതാവുമായിരുന്ന പി .വി ഗോപിയുടെ 32 മത് ചരമവാർഷികത്തിൽ 12ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഗാന്ധിയൻ ചിന്തകളിൽ നിന്ന് വ്യതിചലിച്ച് പോവുന്ന നേതൃത്വം പി വി ഗോപിയേട്ടനേ പോലുള്ള വരെ മാതൃകയാക്കണമെന്ന് കെ പി സി സി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു ഡിസിസി അംഗം വി സി പ്രസാദ്,പി പി വിനോദൻ, പായറ്റ അരവിന്ദൻ, ഉത്തമൻ തിട്ടയിൽ,കെ കെ വത്സൻ, പി ടി സി.ശോഭ, സംസാരിച്ചു. കെ.കെ.ശ്രീജിത്ത് സ്വാഗതവും സന്ദീപ് കോടിയേരി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പി.കെ.ഗോപി സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്‌പാർച്ചന

മാഹി റെയിൽവെ സ്റ്റേഷ നടുത്ത കുന്നുംമഠത്തിൽ ക്ഷേത്രം കളിയാട്ട മഹോത്സവത്തിൽ കെട്ടിയാടിയ കുട്ടിച്ചാത്തൻ തെയ്യം കുട്ടികളെ അനുഗ്രഹിക്കുന്നു.

ലഹരി വിരുദ്ധ ബോധവൽക്കരണ
ചിത്ര പ്രദർശനം
തലശ്ശേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി തലശ്ശേരി മുബാറക് വിമൻസ് കോളേജ് തലശ്ശേരി നഗരസഭ യുടെ സഹായത്തോടു കൂടി സംഗമം ജംഗ്ഷൻ പരിസരത്ത് മുബാറക് വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ വരച്ച ചുമർ ചിത്രങ്ങളുടേയും ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ ചിത്രങ്ങളുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ജമുന റാണി ടീച്ചർ നിർവ്വഹിച്ചു. വൈസ് ചെയർമാൻ എം.വി.ജയരാജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സാഹിറ, കോളേജ് കമ്മിറ്റി പ്രസിഡണ്ട് സി.ഹാരിസ് ഹാജി, ക്ലീൻ സിറ്റി മാനേജർ ബിന്ദു മോൾ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.അനിൽ കുമാർ, വി.രജിന, പി.എച്ച്.ഐ. കുഞ്ഞിക്കണ്ണൻ,കോളേജ് കമ്മറ്റി ഭാരവാഹികളായ എ.കെ.സകരിയ, പ്രൊഫ.എ.പി.സുബൈർ, സി.എ. അബുബക്കർ, തഫ്ലീം മാണിയാട്ട്, എ.എൻ.പി.ഷാഹിദ്, പ്രിൻസിപ്പാൽ നൂറനാസർ,വൈസ് പ്രിൻസിപ്പാൽ ശ്രുതിമോൾ, കോളേജ് ചെയർ പേഴ്സൺ സംസാരിച്ചു.ആർട്ടിസ്റ്റ് ചന്ദ്രൻ വടക്കുമ്പാടിനെ ചടങ്ങിൽ ആദരിച്ചു
ചിത്രവിവരണം:നഗരസഭ ചെയർപേഴ്സൻ ജമുന റാണി ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കുന്നു

ഗംഗാധരൻ നിര്യാതനായി
തലശ്ശേരി: കോടിയേരി മുളിയിൽ നടയിലെ മൂന്നാങ്കണ്ടി ഗംഗാധരൻ(75) നിര്യാതനായി. അവിവാഹിതൻ. മാതാപിതാക്കൾ: പരേതരായ രാമൂട്ടി - കല്ലു സഹോദരി: ഭാരതി.

ടി.പി.സുനിൽ നിര്യാതനായി
തലശ്ശേരി:ടെമ്പിൾ ഗേറ്റിലെ ചൈതന്യയിൽ ടി.പി. സുനിൽ ( 64 ) നിര്യാതനായി . ടെമ്പിൾ ഗേറ്റിലെ പരേതനായ കെ പി കെ ചന്തുവിൻ്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ചിത്ര,ശ്രീനിവാസൻ മീര, ആഷ, ഉഷ പരേതയായ യമുന പ്രഭാ, ബീന.

എം.രവീന്ദ്രൻ നിര്യാതനായി
തലശ്ശേരി:ഇടത്തിലമ്പലം, മൈത്രി ബസ്സ്റ്റോപ്പിന്സമീപം
ഓലേശ്വരം സ്കൂളിന് സമീപം മണ്ഡല ഹൗസിൽ എം.രവീന്ദ്രൻ. (74) നിര്യാതനായി.
ഭാര്യ : വത്സല
മക്കൾ : സൂരജ്, രശ്മി
ഇന്നത്തെപരിപാടി
മാഹി മഹാത്മാ ഗാന്ധിഗവ: കോളജ് ഓഡിറ്റോറിയം. വനദിനാചരണം ഉദ്ഘാടനം: വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി.ഉച്ചക്ക് 2 മണി

എൻ.വി. സ്വാമിദാസൻ നിര്യാതനായി
ന്യൂമാഹി: കുറിച്ചിയിൽ മാതൃക-റെയിൽ റോഡ് നിട്ടൂർ വീട്ടിൽ എൻ.വി.സ്വാമിദാസൻ (69) നിര്യാതനായി. ദീർഘകാലം ഒമാനിലെ സലാലയിലായിരുന്നു. സി.പി.എം കുറിച്ചിയിൽ ബ്രാഞ്ച് അംഗം, ഈയ്യത്തുങ്കാട് ശ്രീനാരായണമഠം ഡയറക്ടർ, വ്യാപാരി വ്യവസായി സമിതി ന്യൂമാഹി യൂണിറ്റ് അംഗം, കർഷകസംഘം ന്യൂമാഹി വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.. പ്രദേശികമായി നിർമ്മിച്ച ഒരു നാൾ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ഭാര്യ: ടി.എം. സുജിതകുമാരി (മങ്ങാട്).
അച്ഛൻ: പരേതനായ എൻ.വി. കൃഷ്ണൻ.
അമ്മ: പരേതയായ എൻ.വി.നാണി
മക്കൾ: നീതുദാസ്, പരേതയായ നിതിൻ ദാസ് (ഒരു വർഷം മുമ്പ് ദുബായിൽ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചു).
മരുമകൻ: സജിമോൻ.
സഹോദരി: എൻ.വി.കനകം.
സംസ്കാരം: വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group