
അങ്കക്കലിയടങ്ങി:
ആരവങ്ങളൊഴിഞ്ഞു.
ഏഴരക്കണ്ടം മൂകമായി
:ചാലക്കര പുരുഷു
തലശ്ശേരി: രാജ്യത്തെ കളരി പോരാട്ട ചരിത്രങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയ ഏഴരക്കണ്ടത്തിൽ ഇന്നലെ രാത്രി കളരിവിളക്കണഞ്ഞു.നിലയ്ക്കാതെ പെയ്ത
പെരുമഴ നിലച്ചത് പോലെ, പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ, അങ്കക്കളരി തീർത്തും മൂകമായി.
കതിരൂരിന്റെ ഉൾനാടൻ ഗ്രാമമായ പൊന്ന്യത്തേക്ക് ഒരാഴ്ചക്കാലമായി ദേശവിദേശങ്ങളിൽ നിന്നുമുള്ള ആയിരങ്ങൾ വൈകുന്നേരങ്ങളിൽ കൈ വഴികളായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയായിരുന്നു.
എം എൽ എ മാർ തൊട്ട് മന്ത്രിമാരുംഗവർണ്ണറും വരെ ഇവിടെയെത്തി. സംസ്ഥാന ദേശീയ താരങ്ങൾ മാത്രമല്ല, അന്തർദേശീയ റെക്കോർഡുകളുള്ള അഭ്യാസികൾ വരെ കളരി ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ നവചരിതം കുറിക്കാനെത്തി. ദേശവിദേശികൾക്ക് ഏഴരക്കണ്ടം തീർത്ഥക്കരയായി. പോസിറ്റിവ് എനർജിയുടെ കേന്ദ്രബിന്ദുവായി കളരിമുറകളുറഞ്ഞ ഈ മണ്ണ് മാറി.
ധീരതയുടേയും സ്നേഹത്തിന്റേയും,
ചതിയുടേയും കണ്ണിരിന്റേയും കഥകൾ ഏഴരക്കണ്ടത്തിൽ വടക്കൻ പാട്ടുകളായി തലമുറകൾക്കിപ്പുറവും
അലയടിക്കുമ്പോൾ, പിന്നിട്ട ഏഴ് രാപകലുകളിൽ അനേകായിരം കണ്ണുകൾ
പൊന്ന്യത്തങ്കത്തട്ടിൽ പരതി നടന്നത് , തച്ചോളി ഒതേനനേയും, കതിരുർ ഗുരിക്കളേയും മാത്രമായിരുന്നില്ല., ആരോമൽ ചേകവരേയും, ഉണ്ണിയാർച്ചയേയും ചന്തുവിനേയും, അരിങ്ങോടരേയുമൊക്കെയായിരുന്നു. ഇതിഹാസ കഥാപാത്രങ്ങളായി മാറിയ കളരി നക്ഷത്രങ്ങൾ, പിന്നിട്ട നാളുകളിൽ
ഗുരുകൃപ കളരിയിലും, യോദ്ധാ ,എ.പി.എം ,കെ.ജി.എസ് , കടത്തനാട് ,, പയ്യമ്പള്ളി,അൽ മുബാറക്, എച്ച്.ജി.എസ്
ഭാർഗ്ഗവ , അഗസ്ത്യ കളരി സംഘങ്ങളിലെവിടെയൊക്കെയോ മിന്നിമറഞ്ഞതായി കളരി പ്രേമികൾക്ക് തോന്നിപ്പോയെങ്കിൽഅതിശയപ്പെടാനില്ല.കാരിരുമ്പിന്റെ കരുത്തും, പതിനെട്ടടവുകൾക്കുമപ്പുറം പ്രയോഗിക്കപ്പെട്ട ആയോധനമുറകൾ , ഏഴരക്കണ്ടത്തിന്റെ ആകാശത്ത് ഇടിമിന്നൽ തീർക്കുകയായിരുന്നു.
അങ്കത്തട്ടിൽ പൊടി പറത്തി, വാൾത്തലപ്പുകളും പരിചയും വായുവിൽ തീപ്പൊരി പടർത്തി, കളരിപ്പയറ്റ് കൊഴുക്കുമ്പോൾ ആവേശത്തിന്റെ അലകടലിളകി ജനക്കൂട്ടം. പൊന്ന്യം ഏഴര ക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന് സമാപനം. അക്ഷരാർത്ഥത്തിൽ ആൾക്കടലായി മാറി മുൻവർഷങ്ങളെ അപേക്ഷിച്ചു വൻ ജനാവലിയാണ് ഇവിടേക്ക് ഒഴുകി എത്തിയത്. ഫോക്‌ലോർ അക്കാദമി, കതിരൂർ ഗ്രാമപ്പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് പൊന്ന്യം ഏഴരക്കണ്ടത്തിൽ ഏഴു ദിവസങ്ങളിലായി നടന്നു വന്ന ആയോധന കലോത്സവം പൊന്ന്യത്തങ്കം' നടന്നത്
ഭാർഗവ കളരി, അഗസ്ത്യ കളരി സംഘങ്ങളുടെ കളരി പയറ്റ്, പൂരക്കളി മത്സരം എന്നിവ അരങ്ങേറി. ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയുടെ സംഗീത പരിപാടിയും നടന്നു.
വിശാലമായ പൊന്ന്യം ഏഴരക്കണ്ടം വയലും സമീപ റോഡുകളുമെല്ലാം വൈകിട്ടോടെ ജനനിബിഡമാകുന്ന കാഴ്ചകളാണ് കഴിഞ്ഞ ഏഴ് ദിവസമായി കണ്ടത്.
വടക്കൻ പാട്ടിലെ വീരയോദ്ധാക്കളായ കതിരൂർ ഗുരുക്കളും ഒതേനനും അങ്കം വെട്ടി മരിച്ചുവീണ സ്ഥലമാണ് കതിരൂരിലെ പൊന്ന്യം ഏഴരക്കണ്ടം. കുംഭം 10, 11 തീയതികളിലായിരുന്നു ഇരുവരുടെയും അവസാനത്തെ അങ്കം. അങ്കത്തിൽ കതിരൂർ ഗുരുക്കളെ വധിച്ച ഒതേനൻ ആയുധം മറന്നതു തിരികെ എടുക്കാൻ ഏഴരക്കണ്ടത്തിൽ വന്നപ്പോൾ കതിരൂർ ഗുരുക്കളുടെ ശിഷ്യൻ ചുണ്ടങ്ങാപ്പൊയിൽ മായൻകുട്ടി പൊന്ന്യത്തെ അരയാലിനു പിറകിൽ മറഞ്ഞിരുന്നു നാടൻ .തോക്കുപയോഗിച്ചു വെടിവച്ചു എന്നും ഒതേനൻ വീരമൃത്യു പൂകി എന്നും വടക്കൻ പെരുമ. ഈ വടക്കൻ പെരുമയെ പുനരാവിഷ്ക്കരിക്കുകയാണ് പൊന്ന്യത്തങ്കത്തിലൂടെ. തുടർച്ചയായി 10-ാം വർഷമാണ് പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്.

ചിത്രവിവരണം. ശിവദാസൻ എം.പി. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.


ഏഴരക്കണ്ടത്തിലെ തിരക്ക്
എല്ലാവരെയും ചേർത്തു പിടിക്കുന്ന എഴുത്ത് : കല്പറ്റ നാരായണൻ
മാഹി.വി.ആർ.സുധീഷിൻ്റെ ഇനീഷ്യൽ അർഥമാക്കുന്നത് പൊലെ തന്നെ എല്ലാവരെയും ചേർത്തുനിർത്തുന്ന കഥകളാണ് വി.ആർ. സുധീഷിൻ്റേതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു.
വി.ആർ.സുധീഷിൻ്റെ എഴുത്തു ജീവതത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വി.ആർ.സുധീഷിന് ആദരവും നൽകി.
തന്നെ എഴുത്തിൻ്റെ ലോകത്തേക്ക് ഉയരാൻ കരുത്തു പകർന്ന എഴുത്തുകാരനാണ് എം. മുകുന്ദനെന്ന് വി.ആർ.സുധീഷ് മറുമൊഴിയിൽ പറഞ്ഞു. തൻ്റെ ആദ്യ പുസ്തകം പ്രസീദ്ധീകരിക്കുന്നതിനും മയ്യഴിയുടെകഥാകാരനാണ് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ കരുത്തനായ എഴുത്തുകാരനാണ് സുധീഷ്, വംശാനന്തരതലമുറ പോലുള്ള ക്ലാസ്സിക് കഥകളെഴുതി മുമ്പ് തന്നെ സുധീഷ് സാഹിത്യലോകത്തു അനിഷേധ്യ സ്ഥാനം നേടിയ എഴുത്തുകാരനാണെന്നും എം.മുകുന്ദൻ പറഞ്ഞു. പരിപാടിയിൽപങ്കെടുക്കാൻ സാധിക്കാത്തതിനാൽ സന്ദേശംനൽകുകയായിരുന്നു.
പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അസീസ് മാഹി അധ്യക്ഷത വഹിച്ചു. പി. കൃഷ്ണപ്രസാദിന്റെ 'ഹൂറി' ചെറുകഥാ സമാഹാരം കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ഉത്തമരാജ് മാഹി പുസ്തക പരിചയം നടത്തി. ഡോ. പി. രവീന്ദ്രൻ, രാജേഷ് പനങ്ങാട്ടിൽ, വി.കെ. .രാധാകൃഷ്ണൻ, പ്രദീപ് കൂവ, ജിഷ ലോറൽ ഗാർഡൻ, ശ്രീനി പാലേരി, സി.കെ.രാജലക്ഷ്മി, സി.വി. രാജൻ പെരിങ്ങാടി, സി.കെ. രാജലക്ഷ്മി, പി.കൃഷ്ണപ്രസാദ്, പി.കെ.വി. സാലിഹ് , എൻ.വി. അജയകുമാർ, വി.മുഹമ്മദ് ഫവാസ്, എം.എ കൃഷ്ണൻസംസാരിച്ചു.
ഗാനസന്ധ്യയും നൃത്താവിഷ്കാരവുമുണ്ടായി.
എം. മുകുന്ദൻ പാർക്കിൽ കാലത്ത് നടന്ന ചെറുകഥാ ശില്പശാല വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വി.ആർ സുധീഷ്, താഹ മാടായി ക്‌ളാസുകൾ നയിച്ചു. ക്യാമ്പ് ഡയറക്ടർ ഉത്തമരാജ് മാഹി, എൻ.കെ സജീഷ്, ഷാജി കൊള്ളുമ്മൽ എന്നിവർ സംസാരിച്ചു. വേദിയിൽ സുധീഷ് പൂക്കോമിന്റെ രേഖാ ചിത്ര പ്രദശനവുമുണ്ടായി.

ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
മാഹി: ഹൈദരാബാദ് ബാംഗ്ലൂർ ഹൈവേയിൽ വച്ച് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മാഹി കരിവയിൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാഘറിൽ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി ( ഉണ്ണി) ശ്രീജ പട്ടാണിപ്പ റമ്പത്ത് എന്നവരുടെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10. 30 നായിരുന്നു അപകടം. ഭാര്യ വിഷ്ണുപ്രിയ ( നിംഹാൻസ് ബാംഗ്ലൂർ ), മകൻ തന്മയ്, സഹോദരി ഹൃദ്യ അശോകൻ ( ശ്രീക്കുട്ടി ) നഴ്സിംഗ് വിദ്യാർഥിനി. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 10.30 ന് മാഹി പൂഴിത്തല ശ്മശാനത്തിൽ.
ബി.ജെ.പി. മാഹി മേഖല കമ്മിറ്റി
കുടുംബ സംഗമം ഇന്ന്
മാഹി:ഭാരതീയ ജനത പാർട്ടി മാഹി മേഖല തല കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് കാലത്ത് 10:30 ന് പന്തക്കൽ മേഖല പന്തക്കൽ എൽ പി സ്കൂൾ പരിസരത്തെ പിലാകണ്ടി ഹൗസിൽ വെച്ചും,പള്ളൂർ മേഖല കുടുംബ സംഗമം ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം മുൻവശത്ത് ശ്രീ നിലയം വീട്ടിൽ വൈകുന്നേരം 3:30ന് സംഘടിപ്പിക്കുന്നു.
പരിപാടികളുടെ ഉദ്ഘാടനം ഭാരതീയ ജനത പാർട്ടി മഹിളാ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ബിന്ദു സുരേഷ് നിർവഹിക്കും.

ബീബിനിര്യാതയായി.
തലശ്ശേരി: പിലാക്കൂൽ ഗാർഡൻസ് റോഡിലെ സൗദ മൻസിലിൽ ബീബി കൊട്ടാരത്തിൽ (80) നിര്യാതയായി. ഭർത്താവ്:പി.വി പരേതനായ മുഹമ്മദ്. മക്കൾ: കെ. ഹനീഫ, നൗഷാദ്, ആരിഫ, ഖൈറുന്നിസ, സൗദ, സാബിറ (ഖത്തർ). മരുമക്കൾ: എം. ഉമ്മർ, പി.പി. മുഫസിർ, എം. ഹാരിസ്, ഇ.കെ. സുബൈർ (ഖത്തർ), ഇ.കെ. റുക്സാന, പി.വി. സുഹാന. സഹോദരൻ: പി.വി. കോയ.

മയ്യഴി ഫുട്‌ബാൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ചാമ്പ്യൻമാർ.
മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളമായി നടന്നു വരികയായിരുന്ന അഖിലേന്ത്യാ ഫുട്ബാൾ മത്സര ഫൈനലിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഏകപക്ഷീയമായ ഒരു ഗോളിന് അഭിലാഷ്എഫ്.സി. കുപ്പോത്തിനെ പരാജയപ്പെടുത്തി ജേതാക്കളായി. മയ്യഴി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറും
തീരദേശ ഇൻസ്പെക്ടർ മനോജുംവിശിഷ്ടാതിഥികളായിരുന്നു.
19 ടീമുകൾ മാറ്റുരച്ച 18 കളികളുമായി നാൽപ്പത്തി ഒന്നാമത് മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റിനു തിരശ്ശീല വീഴുമ്പോൾ 57 മഞ്ഞ കാർഡുകളും 4 ചുകപ്പുകാർഡുകളും കണ്ടെങ്കിലും 74 മനോഹരമായ ഗോളുകളും ഈ മൈതാനത്ത് പിറന്നു.
ഈ ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനുള്ള റീജൻ പവ്വറിൻ്റെ പേരിലുള്ള ബെസ്റ്റ് പ്ലയർ അവാർഡ് ടൗൺ സ്പ്പോർട്സ് ക്ലബ്ബ് വളപട്ടത്തിൻ്റെ ആകാശിന് ലഭിച്ചു.
മികച്ച താരത്തിനുള്ള വിലങ്ങിൽ നാരായണൻ്റെ പേരിലുള്ള ബെസ്റ്റ് ഫോർവേർഡ് അവാർഡ്
സൂപ്പർ സ്റ്റുഡിയോവിൻ്റെ ആൻ്റണിക്ക് ലഭിച്ചു. മികച്ച ഗോൾ കീപ്പറിനുള്ള കോട്ടായി കണാരൻ മേസ്തിയുടെ പേരിലുള്ള ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് തയ്യിൽ വാരിയർ മാഹി ഉഷഎഫ്.സി യുടെ ജയ്മിക്ക് ലഭിച്ചു.
മികച്ച ഡിഫൻ്റർക്കുള്ള പാലേരി ദാമോദരൻ മാസ്റ്ററുടെ പേരിലുള്ള ബെസ്റ്റ് ഡിഫൻ്റർ അവാർഡ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻ്റെ അലിക്ക് ലഭിച്ചു.
ലോർഡ്സ് ക്രിക്കറ്റ് ക്ലബ്ബ് ഏർപ്പെടുത്തിയ ഈ ടൂർണ്ണമെൻ്റിലെ ഫേർ പ്ലേ അവാർഡ് അവാർഡ് തയ്യിൽ വാരിയേർസ് മാഹി യുടെ ഉഷ FC ക്ക് ലഭിച്ചു.
ചിത്ര വിവരണം: ജേതാക്കളായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം
മാഹി ജില്ലാ മുസ്ലിം ലീഗ് ഓഫീസ് തുറന്നു
മാഹി പാറക്കലിൽ പുതുതായി ആരംഭിച്ച
മാഹി മേഖലാ മുസ്ലിം ലീഗിൻറെ ആസ്ഥാനമായ
ശിഹാബ് തങ്ങൾ സൗധം, സി.വി. സുലൈമാൻ ഹാജി കോൺഫറസ് ഹാൾ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് എന്നിവ ഉൾക്കൊള്ളുന്ന ശിഹാബ് തങ്ങൾ സൗധത്തിൻ്റെ ഉദ്ഘാടനം പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മാഹി എം എൽ എ രമേശ് പറമ്പത്ത് മുഖ്യതിഥിയായിരുന്നു.
പ്രസിഡണ്ട് പി ടി കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. മാഹി എം എൽ എ രമേശ് പറമ്പത്ത് മുഖ്യഅതിഥിയായിരുന്നു.
മുസ്ലിംലീഗ് പുതുശ്ശേരി സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദലി മരക്കാർ, സിക്രട്ടറി അബ്ദുൽ നസീർ,വൈസ് പ്രസിഡണ്ട് പി. യൂസ്സഫ്,ട്രഷറർ അയ്യൂബ് പന്തക്കൽ, യൂത്ത്ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡൻറ് അബൂദർ, സിക്രട്ടറി ഷമീൽ കാസിം, പ്രവാസി ലീഗ് കേരള പ്രസിഡൻ്റ് ഹനീഫ മുന്നിയൂർ, ഖത്തർ കെ എം സി സി സിക്രട്ടറി ടി.എസ്. സാലിം, ബോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മോഹനൻ, സെക്രട്ടറി സത്യൻ കേളോത്ത്, അൽതാഫ് പാറാൽ, ഇസ്മായിൽ ചങ്ങരോത്ത്, ആവോലംബഷീർ, എം എ അബ്ദുൽ ഖാദർ സംസാരിച്ചു.
സിക്രട്ടറി എ.വി ഇസ്മായിൽ സ്വാഗതവും
അൻസീർ പള്ളിയത്ത് നന്ദിയും പറഞ്ഞു
ചിത്ര വിവരണം:ശിഹാബ് തങ്ങൾ സൗധത്തിൻ്റെ ഉദ്ഘാടനം പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.
ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം - തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് ഫൈനൽ ഇന്ന്
കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 10 വിക്കറ്റിന് കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 19 ഓവറിൽ 106 റൺസിന് ഓൾഔട്ടായി. എൻ റോജൻ 26 റൺസെടുത്തു.ഫോർട്ടിന് വേണ്ടി സൗരഭ് ടുട്ടു,പി.ദിൽജിത്ത്,യു ആദർശ്,എ ജോഷിത്ത് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടിയായി ഫോർട്ട് ക്ലബ് 14 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ വിജയലക്ഷ്യം കണ്ടു. മിഥുൻ രാജ് 54 റൺസും അഭിനന്ദ് സന്തോഷ് 45 റൺസുമെടുത്തു.ഫോർട്ട് ക്രിക്കറ്റ് ക്ലബ് താരം മിഥുൻ രാജിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം സെമിയിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 6 വിക്കറ്റിന് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 15.1 ഓവറിൽ 79 റൺസിന് ഓൾഔട്ടായി.മുഹമ്മദ് ഫസൽ 28 റൺസെടുത്തു.തിരുവങ്ങാടിന് വേണ്ടി പി അജയ് 7 റൺസിന് 6 വിക്കറ്റ് വീഴ്ത്തി.മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 12.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. സുബിൻ സുധാകരൻ പുറത്താകാതെ 24 റൺസെടുത്തു. തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് താരം പി അജയിയെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച രാവിലെ ബി ഡിവിഷൻ ലീഗ് മൽസരത്തിൽ തലശ്ശേരി മാസോ മുഴപ്പിലങ്ങാട് വി പി ആർ ക്ലബിനേയും ഉച്ചയ്ക്ക് നടക്കുന്ന സി ഡിവിഷൻ ലീഗ് ഫൈനലിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനേയും നേരിടും

കണ്ണൂർ ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് കെ സി എ പ്രതിനിധി ടി കൃഷ്ണ രാജു ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെടുന്നു.

സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധം
ചൊക്ലി..വേതന വർധനവിനും റിട്ടയേർമെന്റ് ആനുകൂല്യത്തിനും വേണ്ടി സെക്രട്ടറിയറ്റിനു മുൻപിൽ അനിശ്ചിത കാല സമരം നടത്തുന്ന ആശവർക്കർമാരുടെ സമരത്തിന് നേരെ പിണറായി സർക്കാർ സ്വീകരിച്ച നിഷേധാത്‌മക നയത്തിനെതിരെയും സമരം ചെയുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നുള്ള ഭീഷണിക്കെതിരെയും ചൊക്ലി, ഒളവിലം മണ്ടലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചൊക്ലി പഞ്ചായത്ത് ഓഫീസിനു മുൻപിൽ സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധം കോടിയേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. എം. ചന്ദ്രൻ ഉത്ഘാടനം ചെയ്തു. എം. ഉദയൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. ഭരതൻ ഒളവിലം, എം. പി. പ്രമോദ്, ഒ. ഷാജികുമാർ, ബ്ലോക്ക് മഹിളാകോൺഗ്രസ്സ് പ്രസിഡന്റ് ദീപ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചിത്ര വിവരണം: സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ്സ് പ്രതിഷേധം
ബ്രണ്ണൻ കോളേജിൽ നവീകരിച്ച കളിസ്ഥലം ശനിയാഴ്ചകായിക മന്ത്രി ഉദ്ഘാടനം ചെയ്യും
തലശ്ശേരി :ബജറ്റ് വിഹിതമായി ലഭിച്ച ഒരു കോടി രൂപ മുടക്കി ബ്രണ്ണൻ കോളേജിൽ നവീകരിച്ചൊരുക്കിയ കളിസ്ഥലം സംസ്ഥാന കായിക വകുപ്പു മന്ത്രി വി.അബ്ദുറഹ്മാൻ നാളെ (ശനി) ഉത്ഘാടനം ചെയ്യും - രാവിലെ 11 ന് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ കായിക മേഖലയിൽ മികച്ച കോളേജിനുള്ള ജി.വി.രാജ അവാർഡും കണ്ണൂർ സർവ്വകലാശാലയുടെ മികച്ച കോളേജിനുള്ള വൈസ്സ ചാൻ സലേഴ്സ് ജിമ്മി ജോർജ് പുരസ്കാരങ്ങൾ തുടർച്ചയായി മൂന്നാം തവണയും കരസ്ഥമാക്കിയ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജായ ബ്രണ്ണനിലെ കായിക പ്രതിഭകളായ വിദ്യാർത്ഥികൾക്ക് നവീകരിച്ച കളിക്കളം ഏറെ പ്രയോജനപ്പെടുമെന്ന് പ്രിൻസിപ്പൽ പ്രൊ .ജെ.വാസന്തിയും സംഘാടക സമിതി ചെയർ പേഴ്സൺ കൂടിയായ ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവൃത്തി നടത്തിയത്.. 90 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള കളിക്കളത്തിൽ വിദ്യാർത്ഥികൾക്ക് ഫുട്ബാൾ, ബാൾ ബാഡ്മിന്റൺ, ഹോക്കി,ക്രിക്കറ്റ്, കബഡി, ഖൊ ഖൊ, വോളി ബോൾ തുടങ്ങിയ ഗെയിമുകൾ കളിക്കാം. ഫ്ലഡ് ലിറ്റ് സംവിധാനവുമുണ്ട്. വൈസ് പ്രിൻസിപ്പാൾ ഡോ.ടി. ഷമീർ ദാസ്, പ്രൊ . വിനോദൻ നാവത്ത്, കായിക വിഭാഗം മേധാവി പ്രൊ.കെ.പി. പ്രശോഭിത്ത്, റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എം.പി.മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group