പ്രാണൻ പിടഞ്ഞ മണ്ണിൽ ഓർമ്മകൾക്ക് വീരവണക്കം.. ;ചാലക്കര പുരുഷു

പ്രാണൻ പിടഞ്ഞ മണ്ണിൽ ഓർമ്മകൾക്ക് വീരവണക്കം.. ;ചാലക്കര പുരുഷു
പ്രാണൻ പിടഞ്ഞ മണ്ണിൽ ഓർമ്മകൾക്ക് വീരവണക്കം.. ;ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Feb 26, 12:23 AM
dog

പ്രാണൻ പിടഞ്ഞ മണ്ണിൽ

ഓർമ്മകൾക്ക് വീരവണക്കം..

:ചാലക്കര പുരുഷു

തലശ്ശേരി:ഏഴരക്കണ്ടത്തിന്റെ മണ്ണിലും വിണ്ണിലുംമനസ്സിലും അങ്കക്കലിയുടെ തിരമാലകൾ.

ഇടിമിന്നലിന്റെ ശബ്ദഘോഷം..

തീക്കാറ്റിന്റെ തീഷ്ണത..

ചോരയിൽ കുതിർന്ന രണഗാഥകളിൽ നിന്നുയിർ കൊണ്ട് വളർന്ന പുത്തൻ തലമുറ നാളിതേവരെ കണ്ട ഇതിഹാസ സമാനമായ അങ്കത്തട്ടിൽ ഒതേനനും , കതിരൂർ ഗുരിക്കളുമായി പുനർ ജൻമം പൂണ്ടു . കാലത്തിന് മായ്ക്കാനാവാത്ത രണസ്മരണകൾ വാൾത്തലപ്പുകളിൽ അഗ്നിസ്ഫുലിംഗങ്ങളായി. ഉറുമിയുടെ ശിൽക്കാരങ്ങളിൽ കൊടുങ്കാറ്റായി.

കളരി ദൈവങ്ങളായി മൂന്നര നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിച്ച തച്ചോളി ഒതേനനും, കതിരൂർ ഗുരിക്കളും പ്രാണൻ വെടിഞ്ഞ മണ്ണിൽ കുംഭച്ചൂടിലും ചോരപ്പൂക്കൾ വിരിഞ്ഞത് പോലെ...

ഏഴരക്കണ്ടം... നിത്യേന പൊന്ന്യത്തങ്കത്തിനെത്തുന്ന ആയിരങ്ങളെയാണ് ഈ അങ്കത്തട്ട് അതിശയലോകത്ത് എത്തിക്കുന്നത്....

അതിവിശാലമായ പാടത്തിന്റെ നാല് ദിക്കുകളിലും പ്രതിധ്വനിക്കുന്ന ഉച്ചഭാഷിണിയിലൂടെയുള്ളവടക്കൻ പാട്ടിന്റെശീലുകൾ.. പൊന്നാപുരം കോട്ടയെ ഓർമ്മിപ്പിക്കുന്ന പ്രവേശനകവാടം.. ഇരുവശങ്ങളിലുമായി കത്തി നിൽക്കുന്ന പന്തങ്ങൾ.. കുതിരപ്പുറത്തും , പൊയ്ക്കാലുകളിലുമെത്തുന്ന പോരാളികൾ... ജയദേരി മുഴക്കി , വാദ്യഘോഷങ്ങളോടെ നീങ്ങുന്ന രണധീരന്മാർ.. കളരിയുടെ പതിനെട്ടടവുകളും സ്വായത്തമാക്കിയ , ജീവിതം കളരിക്കായി ഉഴിഞ്ഞ് വെച്ച ആശാന്മാർ.. കച്ചമുറുക്കി വാളും

arch

ഉറുമിയുമായി ആകാശത്ത് മിന്നൽപ്പിണരുകൾ തീർക്കുന്ന ഉണ്ണിയാർച്ച യുടേയും തുമ്പോലാർച്ചയുടേയും പിൻമുറക്കാരികൾ...

ഉറുമിയുടെ ശീൽക്കാരങ്ങളും, വാൾത്തലപ്പുകൾ ഉതിർക്കുന്ന തീപ്പൊരികളും, കാണികളുടെ ആർപ്പ് വിളികളും കൊണ്ട് , ഏഴരക്കണ്ടം പിന്നിട്ട ആറ് നാളുകളിൽ രാപകലില്ലാതെ തിളച്ചുമറിയുകയാണ്..

അങ്കത്തട്ടിലേക്കുള്ള വഴികളുടെ ഇരുഭാഗങ്ങളിലുമായി ഗതകാല കളരി ആയുധങ്ങൾ, പുരാവസ്തുക്കൾ, അമുല്യനാണയ ശേവരം, പച്ച മരുന്നുകളുടെ ഗന്ധം പേറുന്ന കളരിമർമ്മ ചികിത്സാ ഡെമോൺസ്ട്രേഷനുകൾ , നാവിലെ രസമുകുളങ്ങളെ ഉണർത്തുന്ന നാടൻ ഭക്ഷണ ശാലകൾ, കളരി മ്യൂസിയം സ്റ്റാൾ, നിയമസഭാ മ്യൂസിയം സ്റ്റാൾ എന്നിവ കാണികളെ മാടി വിളിക്കുന്നു.

 വാമൊഴി ചരിത്രത്തിലൂടെ, വടക്കൻ വീരഗാഥ ഇന്നും ഈ നാടിന്റെ ഹൃദയ ധമനികളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു..



othenan-(1)

32 വയസ്സിനിടയിൽ 64 അങ്കങ്ങൾ ജയിച്ച്,

പയറ്റുമുറകളിൽ അമാനുഷികപാടവം പുലർത്തിയ തച്ചോളി ഒതേനനും, കളരിമുറക ളിലെ വിസ്‌മയപ്രകടനം കൊണ്ട് നാടിൻ്റയാകെ ആരാധാനാപാത്രമായി മാറുകയും ചെയ്‌ത , ആയിരം കളരികൾക്കധിപനായ കതിരൂർ ഗുരുക്കളും , അങ്കം കുറിച്ച് പ്രാണൻ വെടിഞ്ഞ പൊന്ന്യം കളരിക്കളം ഇന്ന് ലോക ശ്രദ്ധയാകർഷിച്ച ആയോധന കലയുടെ ജീൻ സംഭരണ കേന്ദ്രമാണ്. കളിക്കാരായും, കാണികളായും ദേശവിദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് നിത്യേന കടത്തനാട്ടിലെ ഈകളരി തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.

 

gurukl_1740509092

കതിരൂർ ഗുരുക്കൾ വീശിയ ഉറുമിയുടെ വായുവേഗനീക്കങ്ങളുടെ ശീൽക്കാരം, കാലാന്തരങ്ങൾ കഴിഞ്ഞിട്ടും കായിക പ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്. കുംഭം 10, 11 തിയ്യതികളിൽ പൊന്ന്യത്ത് നടന്ന അങ്കത്തിൽ കളരിയുടെ കുലപതിയായ കതിരൂർ ഗുരുക്കളെ അടവുകളത്രയും പയറ്റിയിട്ടും.വീഴ്ത്താനാകാതെ വന്നപ്പോൾ, പൂഴിക്കടകൻ പ്രയോഗിച്ചാണ് ഒതേനൻ വധിച്ചെതെന്ന് ഗുരിക്കളുടെ ശിഷ്യൻമാർ വിശ്വസിച്ചു. ഗുരുക്കളുടെ അന്ത്യം താങ്ങാനാവാതെ ശിഷ്യനായ മായൻപക്കി നെൽപ്പാടത്തിൽ ഒളിച്ചിരുന്ന് നാടൻ തോക്ക് ഉപയോഗിച്ച് ഒതേനന്റെ നെറ്റിക്ക് വെടിവെക്കുകയായിരുന്നു. മായൻപക്കിയെ ഉടൻ അമ്പെയ്‌തു വീഴ്ത്തിയ പുള്ളുവൻ്റെ ഇളനീരാണ് തനിക്ക് വേണ്ടതെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒതേനന് ,പുള്ളുവൻ്റെ ഇളനീരെത്തിച്ച ജ്യേഷ്‌ഠൻ കോമപ്പക്കുറുപ്പിനോട് "നെറ്റിത്തടത്തിൽ ഒരുണ്ട കൊണ്ടാൽ മരിച്ചുപോകുകയില്ലെന്ന്” പുഞ്ചിരിച്ച് കൊണ്ട് ആശ്വസിപ്പിച്ച ഒതേനൻ്റെ വാക്കുകൾ കേട്ട് കോമപ്പക്കുറുപ്പിൻ്റെ കണ്ണു നിറഞ്ഞ് പോയതായി വടക്കൻപാട്ടിൽ ഹൃദയഭേദകമായി ആലേഖനം ചെയ്‌തിട്ടുണ്ട്.

കടത്തനാട്ടിൻ്റെ കളരി പാരമ്പര്യം അന്യംനിന്ന് പോകാതിരിക്കാനാണ് ഏഴരക്കണ്ടത്തിൽ പുതുതലമുറയിലെ കായികപ്രേമികളും, കളരി അഭ്യാസികളും ഇവിടെ കളരിപ്പയറ്റുംസകലമാന നാടൻ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുള്ളത്. ഗവർണ്ണർ , മുഖ്യമന്ത്രി, മന്ത്രിമാർ ,കലാ-സാംസ്ക്കാരിക-കായിക പ്രതിഭകളെല്ലാം കഴിഞ്ഞ പത്ത്വർഷങ്ങൾക്കിടയിൽ ഇവിടെ എത്തിചേർന്നിട്ടുണ്ട്.


 

palamaram

ഏഴിലം പാലക്കും പറയാനുണ്ട് രണഗാഥകൾ....


ഒരു കിലോമീറ്ററകലെ പൊന്ന്യം പുഴകടന്നാൽ വടക്കൻ പാട്ടിലെ വീരനായകൻ തച്ചോളി ഒതേനന്റെ അന്തിമ വിജയവും, ജീവിതാന്ത്യവും കുറിച്ച ഐതിഹാസികമായ പൊന്ന്യത്തങ്കത്തിൻ്റെ ഓർമ്മകൾ ഏഴരക്കണ്ടത്തിൽ തീപാറും പോരാട്ടങ്ങളായി നടക്കുമ്പോൾ, കാലത്തിന് സാക്ഷിയായ മയ്യഴി പന്തക്കലിലെ ഈ ഏഴിലം പാലക്ക് പറയാൻ കഥകളേറെയുണ്ട്. ഇന്നും കളരി അഭ്യാസികളുടെ സിരകളിൽ ചോരത്തിളപ്പായി നിലകൊള്ളുന്ന തച്ചോളി ഒതേനന്റെ പന്തക്കൽ പരദേവതാ ക്ഷേത്രത്തിന് മുന്നിലെ ഭാര്യ വീടിൻ്റെ പറമ്പിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴിലം പാലയാണിത്. വടകര തച്ചോളി മാണിക്കോത്തെ ഒതേനക്കുറുപ്പ് പൊന്ന്യം കളരിയിൽ അങ്കത്തിന് പോകുമ്പോൾ , തലേ ദിവസംഅന്തിയുറങ്ങുന്നത് ഏഴിലംപാല തണൽ വിരിക്കുന്ന ഭാര്യവീടായ മുണ്ട വീട്ടിലായിരുന്നു. ഇവിടത്തെ കുംഭ എന്ന സുന്ദരി പെണ്ണിനെ ഒതേനൻ 'സംബന്ധം' കഴിച്ചിരുന്നു. ഇവർക്ക് മക്കളില്ല. അങ്കത്തിന് തലേനാൾ പാലമരച്ചുവട്ടിൽ നിന്നും അടവ് മുറകൾ ഒന്നുകൂടി മനസ്സിരുത്തി ആവർത്തിക്കാറ് പതിവുണ്ടത്രെ. പാലമരത്തോട് ചേർത്ത് കെട്ടിയാണ് കച്ചമുറുക്കി ഉടുക്കാറുള്ളത്. തലമുറക ളായി ചില വിശ്വാസപ്രമാണങ്ങളുടെ പേരിൽ സംരക്ഷിക്കപ്പെട്ടു വരുന്ന ഈ കൂറ്റൻ പാലമരത്തിന് നാലരമീറ്റർ വണ്ണമുണ്ട്. ഒതേനൻ ഉണ്ട ( ഭക്ഷണം കഴിച്ച ) വീടായത് കൊണ്ടാണ് ഈ വീടിന് ഉണ്ട വീടെന്നും കാലക്രമേണ മുണ്ടവീടെന്നും പേര് വന്നതത്രെ. വയൽ പ്രദേശമായ ഇവിടെ കാൽവിരലുകൾ മാത്രം ഉപയോഗിച്ച് ഒതേനൻ കുഴിച്ച കുളവും നിലവിലുണ്ട്. പ്രത്യേക ആചാരങ്ങളും, അനുഷ്ഠാനങ്ങളും പരിപാലിച്ചു വരുന്ന മുണ്ടവീടിലെ ഇന്നത്തെ തലമുറയും ഏഴിലം പാലയെ നിധിപോലെ സംരക്ഷിച്ചു പോരുന്നു.

 പൊന്ന്യത്തങ്കത്തിൽ കതിരൂർ ഗുരുക്കളുടെ തലയറുത്ത്വിജയശ്രീലാളിതനായി മടങ്ങിയ ഒതേനനെ, നെൽവയലിൽ ഒളിച്ചിരുന്ന് ഗുരുക്കളുടെ ശിഷ്യൻചുണ്ടങ്ങാപ്പൊയിലിലെ മായൻകുട്ടിയെന്ന മായൻപക്കി നാടൻ തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു.. ഒപ്പമുണ്ടായിരുന്ന പുള്ളുവൻ മായൻകുട്ടിയെ അമ്പെയ്‌ത്‌ വീഴ്ത്തുകയും ചെയ്‌തു. നാട് നടുങ്ങിയ ഈ സംഭവത്തിന് ശേഷം മുണ്ടവീട്ടിലെ ഒതേനൻ താമസിച്ച വീട്ടിലെ മുറി തുറക്കാറില്ല. ഒതേനന്റെ ആയുധങ്ങൾ ഈ മുറിയിലുണ്ട്.

വടകര തച്ചോളി മാണിക്കോത്തെ തൻ്റെ കുലദേവതയായ പരദേവ തയെ ഒതേനൻ ആവാഹിച്ച് പന്തക്കലിലെ തൻ്റെ ഭാര്യവീടിന് മുന്നിലെ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കുകയായിരുന്നുവത്രെ. ഇവിടെ വിഷുനാളിൽ ഈ തെയ്യം മാത്രമേ കെട്ടിയാടുന്നുള്ളു. വടകരതച്ചോളിമാണിക്കോത്ത് ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് ബന്ധമുള്ളതായി ഐതിഹ്യങ്ങളിലും കാണുന്നുണ്ട്. വടക്കൻ പാട്ടിലെ പരാമർശങ്ങൾ ഇത് സാധൂകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, തച്ചോളിമാണിക്കോത്ത് തിറ ഉത്സവംനടക്കുമ്പോൾ മുണ്ടവീട്ടുക്കാർ അതിഥികളായിപങ്കെടുക്കാറുമുണ്ടായിരുന്നു. എന്തായാലും ഈ പാലമരത്തിന് എന്തോ ഒരു ദിവ്യത്വമുള്ളതായി നാട്ടുകാർകരുതിപ്പോരുന്നു.


palappoo

ആകാശം മുട്ടെ വളർന്നു പന്തലിച്ച് നിൽക്കുന്ന ഈ എഴിലം പാല പൂത്തുകഴിഞ്ഞാൽ നാടാകെ മാസങ്ങളോളം വശ്യസുഗന്ധം പരക്കും. നാളുകളേറി വരുന്തോറും നിശാസുഗന്ധത്തിന് കാഠിന്യവുമേറും. ആരാധനയോടെയാണ് നാട്ടുകാർ ഈപാലമുത്തശ്ശിയെ കാണുന്നത്. ഈ സുഗന്ധമാകട്ടെ തങ്ങളുടെ തന്നെ ജീവിതഗന്ധമാണെന്നും പന്തക്കൽ ദേശക്കാർ വിശ്വസിക്കുന്നു. പാല പൂക്കുന്നതോടെ നിരവധി പേർ ഇവിടെ എത്താറുണ്ട്. 'ഏഴിലം പാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു...' എന്ന വശ്യമനോഹര ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല. എന്നാൽ ഏഴിലം പാലയുടെ ഉന്മാദ സൗരഭ്യം നുകരാൻ ഭാഗ്യം സിദ്ധിച്ചവർ ഏറെയുണ്ടാവില്ല

vanakkam

പൊന്ന്യത്തങ്കം 2025ന്റെ ഉപഹാരം

സ്പീക്കർ അഡ്വ. എ എൻ ഷംസീർ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് സമർപ്പിക്കുന്നു.


whatsapp-image-2025-02-25-at-22.25.24_9cb08e40
photo12

ഏഴരക്കണ്ടത്തിലെ വിസ്മയ കാഴ്ചകൾ ആർട്ടിസ്റ്റ് സതി ശങ്കറിന്റെ ക്യാമറക്കണ്ണിൽ...


ph6

ഏഴരക്കണ്ടത്തിലെ വിസ്മയ കാഴ്ചകൾ ആർട്ടിസ്റ്റ് സതി ശങ്കറിന്റെ ക്യാമറക്കണ്ണിൽ...


shanakar

ആർട്ടിസ്ററ് സതി ശങ്കർ 

whatsapp-image-2025-02-25-at-22.24.52_2f18f46a

പൊന്ന്യത്തങ്കക്കളരി മാതൃകയിലുള്ള ഉപഹാരം സ്പീക്കർ എ.എൻ ഷംസീർ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് സമ്മാനിക്കുന്നു.


whatsapp-image-2025-02-25-at-22.24.03_360f797a

കളരിയും കലയും സനിൽകുമാറിന് ഹൃദയ ബന്ധങ്ങളുടെ തട്ടകം


ചിത്രകലയിൽ ഇതിനകം ശ്രദ്ധേയനായ കെ. കെ. സനിൽകുമാറിന് കളരിപ്പയറ്റുമായി വർഷങ്ങളുടെ ബന്ധം. പൊന്ന്യം - ചുണ്ടങ്ങാപൊയിലിലെ ഗ്രാമീണ പരിസരത്തുനിന്ന് ചിത്രകലയുടെ ലോകത്തിലേക്ക് നടന്നുകയറിയ സനിൽകുമാർ, കതിരൂരിന്റെ പാരമ്പര്യം ചേർത്തുപിടിച്ചുകൊണ്ടാണ് കളരിപ്പയറ്റിന്റെയും തട്ടകത്തിലേക്ക് ചുവട് വയ്ക്കാൻ ആരംഭിച്ചത്. കതിരൂരിലെ പ്രമുഖ കളരി ഗുരുനാഥൻ എം. കെ. ഗോപാലൻ ഗുരുക്കളുടെ ശിഷ്യനായി എം. കെ. ജി. കളരി സംഘത്തിൽ 1987 ലാണ് പഠനം ആരംഭിച്ചത്. ഗുരുക്കളുടെ പ്രധാന ശിഷ്യരിലൊരാളായ എം. കെ. സുരേഷ് ബാബുവും സി. വി. ദിനേശനും ഉൾപ്പെടെയുള്ളവരോ ടൊപ്പം വർഷങ്ങളുടെ പരിശീലനത്തിനിടയിലും ചിത്രകലയും കാർഷിക സംസ്കാരവും ഒപ്പം കൊണ്ട്നടന്ന് കതിരൂരിന്റെ പാരമ്പര്യത്തിന്റെ ഭാഗമാകാൻ സനിൽകുമാറിന് സാധിച്ചു.

ചിത്രകലയിൽ 2015 ൽ ദേശീയ പുരസ്‌കാരം നേടിയതിനുള്ള അവസരമായി ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് യൂറോപ്യൻ കലാസങ്കേതങ്ങൾ പഠിക്കാനും സനിലിന് കഴിഞ്ഞു. 

കളരിയും ചിത്രകലയും ഘടനയുടെ കാര്യത്തിൽ വിരുദ്ധധ്രുവങ്ങളാണെങ്കിലും  രണ്ടിനെയും ഒന്നിച്ചു ചേർത്തുപിടിക്കുക എന്നത് സനിലിന്റെ പ്രത്യേകതയായി കാണുന്നു. ഗ്രാമീണ മേഖലയിൽ രാജ്യത്തെ ആദ്യത്തെ ആർട്ട്‌ ഗാലറി എന്ന നിലയിലും നിരവധി ചിത്രകാരൻമാരുടെ ദേശം എന്ന നിലക്കും കതിരൂർ സാംസ്‌കാരിക ഭൂപടത്തിൽ തിളങ്ങി നിൽക്കുന്നു. വിഖ്യാത കളരി ഗുരുനാഥനും സി. വി. എൻ കളരി സംഘത്തിന്റെസ്ഥാപകനുമായ സി. വി. നാരായണൻ നായരുടെ സഹോദരൻ സി. വി. ബാലൻ നായർ ചിത്രകലാചാര്യൻ എന്നതിന് പുറമെ, മികച്ച കളരിഅഭ്യാസികൂടിയാണ്. മഹാനായ ആ മനുഷ്യനെക്കുറിച്ചുള്ള പ്രചോദനം കൂടിഉണ്ടായിട്ടുണ്ട്. 

"പൊന്ന്യത്തങ്കം" ജനകീയ പങ്കാളിത്തം കൊണ്ട് അതിന്റെ പ്രൌഢിയോടെ നടന്നുവരികയാണ്. ഒരു ദേശത്തിന്റെ പൈതൃക വീണ്ടെടുപ്പായി കാണുമ്പോൾ, പഴമയുടെ തനിമയെ കൈമോശം വരാതെ കരുതിയിരിക്കണം. കളരിപ്പയറ്റിന്റെ പേരിൽ അവതരിപ്പിക്കുന്ന ചില വികലമായ ദൃശ്യങ്ങൾ നിരാശ ജനിപ്പിക്കാറുണ്ട്. എങ്കിലും ജനകീയവും ഗതകാല സംസ്കാരത്തെ ഒരുക്കുന്ന ദൃശ്യസമ്പത്തും പൊന്ന്യത്തങ്കത്തെ സമാനതകളില്ലാത്ത വിരുന്നാക്കി മാറ്റുന്നു.

കളരിപ്പയറ്റിന്റെ ദ്രോണാചാര്യർ കോട്ടക്കൽ കണാരി ഗുരുക്കൾ പരിപോഷിപ്പിച്ച കളരിപ്രസ്ഥാനത്തിന്റെ പിന്മുറക്കാരുടെ അഭ്യാസക്കാഴ്ചകളുടെ "ഏഴരക്കണ്ടം" പൊന്ന്യം ദേശത്തുകാരുടെ മാത്രമല്ല, കളരി സംസ്കാരത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വികാര ഭൂമിയായി മാറി.

"പൊന്ന്യത്തങ്ക"ത്തിന്റെപ്രധാനപ്രവർത്തകരിലൊരാളും സനിൽകുമാറിന്റെ സഹോദരീ പുത്രനുമായ കെ. കെ. ഷൈജു കതിരൂർ ഗുരുക്കൾ കളരി സംഘത്തിലെ വിദ്യാർഥിയായി കളപ്പയറ്റ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു

whatsapp-image-2025-02-25-at-22.24.03_59515dcd

സനിൽകുമാർ

whatsapp-image-2025-02-25-at-22.29.39_55c3f0e1

ദേശീയ ശാസ്ത്ര ദിനാചരണവും സെമിനാറും നടത്തി


മാഹി: ബോട്ടണി ഡിപ്പാർട്ട്മെൻ്റ്, മഹാത്മാ ഗാന്ധി ഗവൺമെൻ്റ് കോളജ് മാഹി, ജൻവാണി എഫ് എം എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ഡോ. കെ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ലേഖകൻ വിജയ കുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി നിരീക്ഷകൻ വി ആർ.വിനയരാജിൻ്റെ കൂടെ 'പരിസ്ഥിതി നടത്തം' സംഘടിപ്പിച്ചു.. ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ്കുമാർ സ്വാഗതവും ഡോ കെ. ശശികല നന്ദിയും പറഞ്ഞു. ഡോ. കെഎം ഗോപിനാഥൻ, നിർമൽ മയ്യഴി, സുചിത്ര, സി. എച്ച്. പ്രഭാകരൻ എന്നിവർസംസാരിച്ചു. ഡോ. ഗിരിഷ് കുമാർ അതിഥികളെ പരിചയപ്പെടുത്തി.

വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യുന്നു

hg

ജലീൽ നിര്യാതനായി

മാഹി: ചൂടിക്കോട്ട മുജാഹിദ് പള്ളിക്ക് മുൻ വശം പി എ ഹൗസിൽ ജലീൽ (57) അബുദാബിയിൽ നിര്യാതനായി. പി.എ.അബ്ദുറഹ്മാൻ്റെയും (അന്ധ്രു ക്കാക്ക)ചൊക്ലി കാട്ടില പീടികയിൽ സുലൈഖയുടെയും മകനാണ്. ഭാര്യ: കറുപ്പയിൽ സുമയ്യ. മക്കൾ: അമിയ (ഖത്തർ), അസിഫ് എന്ന ആച്ചു, അയ്ദ , ആലിയ. മരുമകൻ: സെമിൽ കാരക്കുനിയിൽ .

സഹോദരങ്ങൾ: റജുല (ജിദ്ദ ), ആഷിഖ്, പരേതനായ ആഷിഫ് .


wert

ആർ.ആതിരക്ക് കവിതാപുരസ്‌കാരം


ന്യൂമാഹി: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്താ കൈരളിസമാജം എന്റോവ്‌മെന്റ് പുരസ്‌കാരം ആർ.ആതിരയുടെ മീനേ മീന്‍ മണമേ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 15,000 രൂപയും സാക്ഷ്യപത്രവുമടങ്ങുന്ന അവാര്‍ഡ് തുഞ്ചന്‍ ഉത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ വൈശാഖന്‍ സമ്മാനിക്കും. നൂറോളം അപ്രകാശിത കവിതാസമാഹാരങ്ങളില്‍ നിന്നാണ് ആലങ്കോട് ലീലാകൃഷ്ണന്‍, പി.കെ. ഗോപി, മണമ്പൂര്‍ രാജന്‍ബാബു എന്നിവരടങ്ങിയ വിധിനിര്‍ണ്ണയസമിതി ഈ സമാഹാരത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ന്യൂമാഹി സ്വദേശിനിയായ ആതിര എൻ.പി . സി രാജന്‍ - എ കെ അനിത ദമ്പതികളുടെ മകളും പയ്യന്നൂര്‍ കുഞ്ഞിമംഗലം ഗവണ്‍മെന്റ്ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയുമാണ്. ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ ഗവേഷകയായും പ്രവര്‍ത്തിക്കുന്നു. എ.എന്‍. പ്രദീപ്കുമാര്‍ അനുസ്മരണ കവിതാ പുരസ്‌കാരം, കൈപ്പട സാഹിത്യ പുരസ്‌കാരം, ജനാധിപത്യമഹിളാ അസോസിയേഷന്‍ കാവ്യ പുരസ്‌കാരം, മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


whatsapp-image-2025-02-25-at-22.32.23_71358664

എൻ.പി.നാരായണൻ നിര്യാതനായി

മാഹി: പള്ളൂർ കോയ്യോട്ട് തെരു ശോഭാ നിവാസിൽ എൻ.പി.നാരായണൻ (83) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ശോഭ, ഷൈലജ, സജീന്ദ്രൻ (കായികാധ്യാപകൻ, വി.എൻ.പി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ), സജു. മരുമക്കൾ: ചന്ദ്രശേഖരൻ, ശ്രീനിവാസൻ, ശാരീകൃഷ്ണ, ലിൻസി


qwe

വർഗ്ഗീസ് നിര്യാതനായി .

തലശ്ശേരി:വയലളം ഉക്കണ്ടൻ പീടിക പി പി അനന്തൻ റോഡിൽ കാട്ടിൽ പറമ്പത്ത് വർഗീസ്. ( 52 ) നിര്യാതനായി .

 ഭാര്യ : ബിന്ദു. മക്കൾ : വൈശാഖ്. കാർത്തിക്.


jhjh

സാവിത്രി നിര്യാതയായി


മാഹി: പള്ളൂർ വണ്ണത്താൻ കണ്ടി സാവിത്രി സദനിൽ സാവിത്രി (72) നിര്യാതയായി. പരേതനായ സഹദേവ പണിക്കരുടെ ഭാര്യയാണ്. മക്കൾ: സച്ചിൻ ദേവ്, സജിന. മരുമക്കൾ: ആഷി (തൊട്ടുമ്മൽ), ഷൈജു (കൂരാച്ചുണ്ട് ). സഹോദരങ്ങൾ:

രാജൻ (കണ്ണൂർ), ഭാഗ്യരതി (കണ്ണൂർ), പരേതരായ പവിത്രൻ (എറണാകുളം),

ചന്ദ്രൻ (കണ്ണൂർ). സംസ്കാരം 26ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ


amk

സംസ്ഥാനത്തെ മികച്ച സർവ്വേ ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ           

 കെ. എം.പീതാംബരൻ. മാഹി പള്ളൂർ സ്വദേശിയാണ്

മാഹി ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടനവും പ്രവർത്തക സംഗമവും


മാഹി :ജില്ലാ മുസ്ലിം ലീഗ്, മാഹി പാറക്കൽ ടൗണിൽ പുതുതായി ആരംഭിക്കുന്ന ശിഹാബ് തങ്ങൾ സ്മാരക സൗധം , സി.വി.സുലൈമാൻ ഹാജി ഓഡിറ്റോറിയം, ശിഹാബ് തങ്ങൾ ചാരിറ്റി ഓഫീസ് (പി.കെ. ഇബ്രാഹിം സ്മാരക ഓഫീസ്) എന്നിവയുടെ ഉദ്ഘാടനവും, പ്രവർത്തക സംഗമവും 26 ന് വൈകു: 3 മണിക്ക് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻ്റ് പ്രൊഫ: ഖാദർ മൊയ്തീൻ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

പുതുച്ചേരി മുൻ അഭ്യന്തര വകുപ്പു മന്ത്രി ഇ.വൽസരാജ്, 

മാഹി എം എൽ എ. രമേശ് പറമ്പത്ത്, 

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ,

പുതുച്ചേരി സംസ്ഥാന പ്രസിഡൻ്റ് എ. മുഹമ്മദലി മരയ്ക്കാർ എന്നിവർ പങ്കെടുക്കും.

 സി.വി. സുലൈമാൻ ഹാജിഓഡിറ്റോറിയത്തിൽ വച്ച് പ്രവർത്തക സംഗമവുംനടക്കും. 

മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ടി.കെ റഷിദ് അദ്ധ്യക്ഷത വഹിക്കും

സെക്രട്ടറി എ വി ഇസ്മായിൽ സ്വാഗത പ്രഭാഷണവും

മുസ്ലിം ലിഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.യൂസുഫ്

വിഷയാവതരണവും നടത്തും

പുതുച്ചേരി, കേരള, സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന്

വാർത്താ സമ്മേളനത്തിൽ 

പി.യൂസ്സഫ്, പി.ടി.കെ. റഷീദ്, എ.വി.. ഇസ്മായിൽ, ചങ്ങരോത്ത് ഇസ്മായിൽ, അൻസീർ പള്ളിയത്ത്, എം.എ. അബ്ദുൽ കാദർ എന്നിവർ അറിയിച്ചു


pol

മയ്യഴി പൊലീസിന് അഭിമാനമായി

എസ്.ഐ. കിഷോർ കുമാറും, എ എസ് ഐ ശ്രീജേഷും



മാഹി:മാഹി പൊലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും..പുതുച്ചേരി പൊലീസിൻ്റെ മക്കൾ മണ്ഡൽ അവാർഡിന് ഇരുവരും അർഹരായി. .പുതുച്ചേരി പൊലീസിൻ്റെ പുതിയ പദ്ധതിയാണിത്. അതിൽ സൂപ്പർ കോൾസ് അവാർഡിനാണ് ഇരുവരും അർഹരായത്‌. പുതുച്ചേരി ലഫ്റ്റ്ൻ്റ് ഗവർണർ എസ്.കൈലാസനാഥൻ്റെ സാന്നിധ്യത്തിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയാണ് അവാർഡ് സമ്മാനിച്ചത്.ഡിജിപി ഷാലിനി സിംഗും ചടങ്ങിൽ പങ്കെടുത്തു. നിരവധി മോഷണം, കൊലപാതകം, വഞ്ചന, പോക്സോ കേസ്സുകൾ തെളിയിച്ചതിനാണ് അവാർഡ്. മാഹിയിൽ എത്തി മോഷണം നടത്തി അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ കടന്ന പ്രതികളെഅതിസാഹസികമായി പിടികൂടിയത് ഇരുവരുടെനേതൃത്വത്തിലായിരുന്നു. ഈ മക്കൾ മണ്ഡൽ എന്നാൽ ആഴ്ചതോഴും പുതുച്ചേരി സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും ജനങ്ങളെ വിളിച്ചു വരിത്തി അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ എത്തി പരാതി സ്വീകരിക്കുന്ന പദ്ധതിയാണ്. സ്റ്റേഷനിലെ എസ്.എച്ച്.ഒ.നേരിട്ട് എത്തിയാണ് പരാതി സ്വീകരിക്കുന്നത്.

ചിത്രവിവരണം: എസ്.ഐ. കിഷോർ കുമാർ മുഖമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു


ചിത്രവിവരണം: എസ്.ഐ. കിഷോർ കുമാർ മുഖമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു


nhj

ലീല ടീച്ചർ നിര്യാതയായി

തലശ്ശേരി. എരഞ്ഞോളിപ്പാലം ലീലാഭവനിൽ പരേതനായ എടത്തിൽ ബാലകൃഷ്ണൻ മാഷിൻ്റെ ഭാര്യ ലീല ടീച്ചർ (84) നിര്യാതയായി മക്കൾ അനിൽ , അമൃത, ലോവൽ , ലെനിൽ, മരുമക്കൾ പ്രകാശ് ബാബു, ഡീന, റീമ , ഷർമിള


mannan-small-advt-
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan