![വെണ്ണയും, മുരളികയും, മയിൽപ്പീലിയും ഗീതയുമെല്ലാം ഇവിടെ സ്‌നേഹ മന്ത്രം ചൊരിയുന്നു... :ചാലക്കര പുരുഷു](public/uploads/2025-02-09/aqw.jpg)
വെണ്ണയും, മുരളികയും, മയിൽപ്പീലിയും
ഗീതയുമെല്ലാം ഇവിടെ സ്‌നേഹ മന്ത്രം ചൊരിയുന്നു...
:ചാലക്കര പുരുഷു
മകരക്കുളിരിൽ മയ്യഴിയുടെ ആത്മീയ മനസ്സ് ഇവിടെ ഘനീഭവിച്ചു കിടക്കുന്നു. മയ്യഴിയുടെ തെക്കെ അതിർത്തിയിൽ , കിഴക്ക് നോക്കി തലയുയർത്തി നിൽക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദശദിന ഏകാദശി മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം. മയഴിയുടെമണ്ണിലും വിണ്ണിലും ആത്മീയതയുടെ പരിമളം ചൊരിഞ്ഞാണ് ഒൻപത് രാപകലുകൾ കടന്നുപോയത്.
ഇത് ഗുരുവായൂരിൻ്റെ പരിഛേദം .. സർവ്വകല കളുടേയും കേദാരം.. മാനവ സ്നേഹത്തിൻ്റെ വറ്റാത്ത ഉറവപൊട്ടുന്ന തീർത്ഥക്കര...മയ്യഴിയുടെ ആത്മീയ ഹൃദയം ഇവിടെ ത്രസിക്കുന്നു... ദശദിനഏകാദശിയുത്സവം മയ്യഴിയുടെ മഹോത്സവമായി മാറുകയാണ്.
മനുഷ്യ മനസ്സിന്റ ആത്മീയവും, ഭൗതികവുമായ ചോദനകളെ ഉണർത്തുന്ന ദേവസ്ഥാനം ... കലകളുടെ കളിത്തൊട്ടിൽ... മഹിതമായ സംസ്കൃതിയുടെ ജീൻ സംഭരണ കേന്ദ്രം..
![temp](public/uploads/2025-02-09/temp.jpg)
കിഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറുമ്പോൾ ,ആദ്യ ദർശനത്തിൽ തന്നെ ഏതൊരു വിശ്വാസിയേയും, ആദ്ധ്യാത്മികതയുടെ ഹിമഗിരിശൃംഗങ്ങളിലെത്തിക്കുന്ന ,ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന ശിൽപ്പ ഗോപുരം വരവേൽക്കും. ചുമരുകളിൽ,തൂണുകളിൽ, മേൽക്കൂരകളിൽ, എന്ന് വേണ്ട കണ്ണെത്തും ദൂരത്തെല്ലാം ചിത്രങ്ങളുടേയും, ശിൽപ്പങ്ങളുടേയും പൗരാണിക കഥാ സന്ദർഭങ്ങൾ, നമ്മെ ഭാരതീയ പുരാണേതിഹാസങ്ങളിലെ മായിക ഭൂമികയിലേക്കെത്തിക്കുന്നു .കരവിരുതിന്റെ മായിക ഭാവങ്ങൾ ഇതിഹാസ കൃതികളുടെ ഏടുകളായി പരിണമിക്കുന്നു.
സമാനതകളില്ലാത്ത , വിശേഷണങ്ങൾ കൊണ്ട് സമ്പന്നമാണ് മാഹി ശ്രീകൃഷ്ണ ക്ഷേത്രസന്നിധി.
ക്ഷേത്രത്തിൽ നിന്നുയരുന്ന ശംഖൊലി നാദം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ദേവ സങ്കീർത്തനമാണോ?
തുളസിക്കതിരിന്റെ വിശുദ്ധിയും, ചന്ദന സുഗന്ധവും, ചെമ്പരത്തിപ്പൂവിന്റെ ശോണിമയും, കീർത്തനാലാപനങ്ങളിൽ ഒഴുകിയെത്തുന്ന ആത്മീ യാനുഭൂതികളുടെ തെളിനീരൊഴുക്കും, ആരേയും അവാച്യ'മായ അനുഭൂതിയുടെ ശാന്തിതീരത്തെത്തിക്കും.
ആര്യ ദ്രാവിഡ സംസ്‌കൃതിയുടെ സങ്കലന കേന്ദ്രമാണിത്. ദക്ഷിണേന്ത്യൻ ക്ഷേത്ര പരമ്പര്യത്തിന്റെ ശിൽപ്പ പരമ്പരകളുടെ ഗോപുരം ക്ഷേത്രത്തിന് അഭൗമമായ അനുഭൂതിയുടെ ചാരുതയേറ്റുമ്പോൾ, ഉത്തരേന്ത്യൻ ക്ഷേത്രസങ്കൽപ്പങ്ങളുടെ വസ്തുശിൽപ്പ ചാതുരിയുമായി ശ്രീകോവിൽ നമ്മെ വ്യതിരിക്തമായ ഒരു മാസ്മരികാനുഭൂതി പകർന്നേകുന്നു. ഗുരുവായൂരിന്റേയും, മഥുരയുടെയും ക്ഷേത്രസങ്കൽപ്പങ്ങളുടെ സമന്വയ ഭൂമികയുമാണിവിടം. തനി കേരളീയ മാതൃകയിലുള്ളതാണ് ചുറ്റമ്പലം .
പുരാണേതിഹാസങ്ങളിലെ അസംഖ്യം കഥാപാത്രങ്ങളേയും, സംഭവബഹുലമായ മുഹൂർത്തങ്ങളേയും പേറുന്ന പടുകൂറ്റൻ ക്ഷേത്രഗോപുരത്തിലെ കൊത്തുപണികളത്രയും ദ്രാവിഡ കലകളുടെ പരിഛേദമാണ്.ശ്രീകോവിലാകട്ടെ മഥുരാപുരിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തെ ഓർമ്മപ്പെടുത്തുന്നു.
നാനാത്വത്തിൽ ഏകത്വം ഇവിടെ നമുക്ക് ദർശിക്കാനാവും. മനുഷ്യനും ദൈവത്തിനുമിടയിൽ ഇവിടെ അതിർവരമ്പുകളില്ല. അനീതിക്കെതിരെ ധർമ്മയുദ്ധം നയിച്ച ശ്രീകൃഷ്ണ ഭഗവാന് അഭിമുഖമായി ,ഇരുവശങ്ങളിലുമായി ജാതി മതങ്ങൾക്കുമപ്പുറം മനുഷ്യനെ പ്രതിഷ്ഠിച്ച ശ്രീ നാരായണ ഗുരുവിന്റേയും, അഹിംസയിലുടെയും 'സത്യത്തിലൂടേയും ലോകം കീഴടക്കിയ മഹാത്മാഗാന്ധിയുടേയും പൂർണ്ണകായ പ്രതിമകൾ കാണാം.ഇത് മറ്റെങ്ങുമില്ലാത്ത ഒരപൂർ വ്വതയത്രെ.!
വടക്കെ മലബാറുകാർ കൊച്ചു ഗുരുവായൂർ എന്ന് വിശേഷിപ്പിക്കുന്ന ഈ ക്ഷേത്രത്തിൽ, ഗന്ധർവ്വ ഗായകൻ പത്മശ്രീ ഡോ: കെ.ജെ.യേശുദാസ് ശ്രീകൃഷ്ണപാദങ്ങളിൽ തന്റെ ആത്മനൊമ്പരങ്ങൾ കണ്ണീർക്കണങ്ങളായി സമർപ്പിക്കുന്നത്, മയ്യഴിക്കാർ ആത്മാഭിമാനത്തോടെയാണ് കണ്ടു നിന്നത്.
മുടിത്തുമ്പിൽ തുളസിക്കതിരണിഞ്ഞവരും, തലയിൽ തട്ടമിട്ടവരും, കഴുത്തിൽ കുരിശുമലയണിഞ്ഞവരുമെല്ലാം ഈ ക്ഷേത്രാങ്കണ ത്തെ മാനവികതയുടെ വസന്താരാമമാക്കുന്നു.
കലകളുടെ കേദാരമായ ഈ ക്ഷേത്രത്തിനോട് ചേർന്ന് വിദ്യാലയവും, എസ്.കെ.ബി.എസ്.കലാസമിതിയും, യൂത്ത് വിണ്ടും പ്രവർത്തിക്കുന്നു. മനുഷ്യമനസ്സിനെ ആന്തരികമായും ഭൗതികമായും സംസ്‌ക്കരിച്ചെടുക്കാൻ ഈ ദേവാങ്കണത്തിനാവുന്നു.
ഉത്സവ വേളകളൊക്കെ, തിളക്കമാർന്ന കലാപ്രകടനങ്ങളുടെ വസന്തകാലം കൂടിയാണ്.
![whatsapp-image-2025-02-09-at-18.55.43_3bce7f05](public/uploads/2025-02-09/whatsapp-image-2025-02-09-at-18.55.43_3bce7f05.jpg)
ആയിരക്കണക്കായ ജനങ്ങൾ ജാതി മതങ്ങൾക്കതീതമായി ഒരുമിച്ചിരുന്ന് പന്തിഭോജനം നടത്തുന്നത് നിർവൃതിദായകമായ കാഴ്ചയാണ്. പ്രമുഖ സാതന്ത്ര്യ സമര സേനാനിയും. മയ്യഴിമഹാജനസഭയുടെ 'നേതാവും. മുൻ മയ്യഴി എം എൽ എ .യും. തികഞ്ഞ മതേതരവാദിയുമായിരുന്ന..പി.കെ,രാമൻസ്ഥാപിച്ചതാണ് മാഹി ചൂടിക്കൊട്ടയിലുള്ള ഈ ക്ഷേത്രം. .
ചതയാഘോഷത്തിന്റെ ഭാഗമായി. എല്ലാ വർഷവും. അവിട്ടം നാളിൽ സന്ധ്യക്ക്:ദീപംതെളിയിച്ചും
ഗുരുജയന്തി നാളിൽ രാവിലെ പ്രത്യേകപൂജയും, പായസ ദാനവും നടത്താറുണ്ട് 'ഗുരു'ദേവസന്ദേശം പോലെത്തന്നെ നാനാജാതി മതസ്ഥർക്കും പ്രവേശനമുള്ള ഒരു മാതൃകാ ക്ഷേത്രമാണിത്.
മാഹി സെന്റ് തേരേസ പള്ളി പെരുന്നാളിന്റെ ഭാഗമായി സെന്റ് തെരേസാ പുണ്യവതിയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ക്ഷേത്രത്തിന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ, ക്ഷേത്രമേൽശാന്തിയും .ക്ഷേത്രഭാരവാഹികളും .വിശ്വാസികളെ ആദരവോടെ വരവേറ്റ്. എത്ര വൈകിയാലും. ചായ സൽക്കാരവും നൽകിയാണ് യാത്രയയക്കാറുളളത്.
'ഗുരുദേവന്റെ പ്രതിമ ക്ഷേത്രസന്നിധിയിൽ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തത് ക്ഷേത്ര സ്ഥാപകൻ പി.കെ.രാമൻ തന്നെയായിരുന്നു. .അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ .ഗുരുദേവ ശിഷ്യൻ'.നടരാജഗുരുവാണ്അനാച്ഛാദനംചെയ്തത്.
പി.കെ.യുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ സ്മാരകമായി പിൻതലമുറക്കാർ.ആരംഭിച്ച പി.കെ.രാമൻ മെമ്മോറിയൽ സ്‌കൂളിനും, പ്രത്യേകതകളുണ്ടായിരുന്നു.ക്ഷേത്രസന്നിധിതിയിൽത്തന്നെയായിരുന്നു സ്‌കൂൾ. നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, ' ക്ഷേത്രസന്നിധിലേക്കും ഒരേ കവാടമായിരുന്നു ..
ഈ പ്രൈമറി വിദ്യാലയം ഇന്ന് ഹൈസ്‌കൂളായി ഉയർന്ന് ,നൂറ് മേനി വിജയം കൊയ്യുന്ന മയ്യഴിയുടെ അഭിമാനമായ സരസ്വതീക്ഷേത്രമായി തൊട്ടു പിന്നിൽ പുതിയ കെട്ടിടത്തിൽ തലയുയർത്തി നിൽക്കുന്നു. മഹിതമായ മയ്യഴിയുടെ സാംസ്‌ക്കാരികവും ആത്മീയവുമായ പൈതൃകത്തിന് നേർസാക്ഷ്യമാവുകയാണ് ഈ മഹാക്ഷേത്രം.
വെണ്ണയും, മുരളികയും, മയിൽപ്പീലിയും
ഗീതയുമെല്ലാം ഇവിടെ സ്‌നേഹ മന്ത്രം ചൊരിയുന്നു...
![whatsapp-image-2025-02-09-at-19.01.52_9ba94649](public/uploads/2025-02-09/whatsapp-image-2025-02-09-at-19.01.52_9ba94649.jpg)
![mkj](public/uploads/2025-02-09/mkj.jpg)
ചിത്ര രചനാ - ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു
മാഹി: മയ്യഴി വിമോചനസമര നായകൻ പി.കെ. ഉസ്മാൻ മാസ്റ്റരുടെ പ്രതിമ മാർച്ച് 23 ന് ചാലക്കര യു ജി. ഹൈസ്കൂളിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി മാഹി മേഖലാ ചിത്രരചനാ മത്സരവും, ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.
കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരനും, ചലച്ചിത്ര സംവിധായകനുമായ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു
മയ്യഴിപ്പുഴയുടെതീരങ്ങളിൽ എന്ന മുകുന്ദൻ നോവലിലെ കഥാസന്ദർഭം വരച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ചാലക്കര പുരുഷു, പി. ആനന്ദ് കുമാർ, പ്രധാന അദ്ധ്യാപകൻ മുരളിധരൻ സംസാരിച്ചു. കെ പി വത്സൻ സ്വാഗതവും,ക സെമീർ നന്ദിയും പറഞ്ഞു
വീട്ടമ്മയായ പുഷ്പാ ഗംഗാധരന്റെ ചിത്രങ്ങളുടേയും, കരകൗശല വസ്തുക്കളുടേയും പ്രദർ ശനവുമുണ്ടായി
ചിത്രവിവരണം: പ്രദീപ് ചൊക്ലി ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യുന്നു.
![c-p-chandran_1739124077](public/uploads/2025-02-09/c-p-chandran_1739124077.jpg)
സണ്ണി ജോസഫ് എം എൽ എ യുടെ സഹോദരൻ നിര്യാതനായി.
തലശ്ശേരി :എരഞ്ഞോളിയിൽ വടക്കേകുന്നേൽ ജോർജ് ജോസഫ് (ബെൻസ് - 70 ) നിര്യാതനായി. ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജരാണ്. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ എട്ടുമണിക്ക് തലശ്ശേരി എരഞ്ഞോളിയിലെ ഭവനത്തിൽ ആരംഭിക്കുന്നതും സംസ്ക്കാരം തലശ്ശേരി സെൻറ് ജോസഫ് കത്തീ ഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കുന്നതുമാണ്. ഭാര്യ: ഡോക്ടർ ഡോളി ജോർജ്. തൊടുപുഴ ഉടുമ്പന്നൂർ ആശാരി കുടിയിൽ കുടുംബാംഗമാണ്.. മക്കൾ: ഡോക്ടർ ആശിഷ് ബെൻസ്, ഡോക്ടർ അഞ്ജലി ബെൻസ്, മരുമക്കൾ.ഡോ. അനീറ്റ ജോസി ,ലഫ്റ്റനന്റ് കേണൽ ജിതിൻ തോമസ്. സഹോദരങ്ങൾ: അഡ്വ.സണ്ണി ജോസഫ് എംഎൽഎ . ഇന്നസെൻറ്, ഐസൽ, ഷെല്ലി ,ഷൈനി ,ഷാജി: അഡ്വ.ജോഷി, ഷീബ
![haridasan](public/uploads/2025-02-09/haridasan.jpg)
ഹരിദാസനില്ലാത്ത ഒരുത്സവം കൂടി കടന്നുപോയി
മാഹി. ശ്രീകൃഷ്ണക്ഷേത്ര നവീകരണം കഴിഞ്ഞുള്ള ക്ഷേത്രോത്സവത്തിന് തൊട്ട് മുമ്പ്, അപ്രതീക്ഷിതമായാണ് ഒരു നാൾ
മയ്യഴിക്കാരുടെ പ്രിയപ്പെട്ടവനായ ഹരിദാസനെ കാണാതായത്
വഴിക്കണ്ണുകളുമായി ഇന്നും മയ്യഴിക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹരിദാസനില്ലാതെ
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മൂന്നാമതൊരു മഹോത്സവത്തിന് കൂടി കൊടിയിറങ്ങുയൊണ്.
കടുത്ത കൃഷ്ണ ഭക്തനായ ഹരിദാസൻ ,
ക്ഷേത്രത്തോട് ചേർന്നുള്ള കൃഷ്ണനിലയമെന്ന വീട്ടിലാണ് താമസിച്ചിരുന്നത്.
നിത്യപൂജയും, ഭജനയുമടക്കമുള്ള ഏത് കാര്യത്തിലും ഹരിദാസന്റെ സാന്നിദ്ധ്യമുണ്ടാകും. ദശദിന ഉത്സവം തുടങ്ങിയാൽപ്പിന്നെ വിശ്രമമുണ്ടാകില്ല. നാടകമടക്കമുള്ള കലാപരിപാടികളുടെ അണിയറയിൽ സഹായിയായി ഹരിദാസനുണ്ടാകും. ഹരിദാസനെ അറിയാത്ത മയ്യഴിക്കാരില്ല. ഹരിദാസനറിയാത്ത നാട്ടുകാരുമില്ല. ഏത് വീട്ടിലും വിവാഹവും ,മരണവുമെല്ലാം നടക്കുമ്പോഴും , ഏതാവശ്യം വന്നാലുംഹരി ദാസൻ കൃത്യമായി അവിടെയുണ്ടാകും. കലണ്ടർ നോക്കാതെ വിശേഷ ദിവസങ്ങളും, ഓർമ്മിക്കപ്പെടേണ്ട നാളുകളുമെല്ലാം ഹരിദാസന് മന:പാഠമാണ്.
ഹരിദാസന്റെതിരോധാനം ഇന്നും മയ്യഴിക്കാരുടെ നൊമ്പരമാണ്. പൊലീസിൽ പരാതിപ്പെട്ടു. പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം ബന്ധുക്കളും നാട്ടുകാരും അരിച്ചു പെറുക്കി.പത്രങ്ങളിൽ പലവട്ടം പരസ്യം നൽകി. മൂന്ന് വർഷമായി യാതൊരു വിവരവുമില്ല.
ക്ഷേത്രത്തിൽ വരുന്നവർക്ക് ഹരിദാസനെ കാണാതെ മടങ്ങാനാവില്ല. മറ്റ് ദിവസങ്ങളിൽ മയ്യഴിയുടെ ഏതെങ്കിലും കവലകളിൽ ഒരു മണിക്കൂർ ചിലവിടുന്ന ഒരാൾക്ക് ഹരിദാസനെ കാണാതിരിക്കാനാവില്ല. ഇപ്പോഴും ക്ഷേത്രത്തിലെത്തുന്ന ആളുകളുടെ കണ്ണുകളിൽ നിഷ്ക്കളങ്കമായ പുഞ്ചിരിയോടെയുള്ള ആ മുഖം മായാതെ കിടപ്പുണ്ട്.
ചിത്ര വിവരണം: ഹരിദാസൻ
![whatsapp-image-2025-02-09-at-19.02.51_c45629b8](public/uploads/2025-02-09/whatsapp-image-2025-02-09-at-19.02.51_c45629b8.jpg)
ന്യൂമാഹിയിലെ വികസന
പദ്ധതികൾ വേഗത്തിലാക്കും
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവൃത്തികൾ വേഗത്തിലാക്കാൻ നിയമസഭാ സ്പീക്കറും സ്ഥലം എം.എൽ.എ. യുമായ അഡ്വ. എ.എൻ.ഷംസീർ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്ത് ഓഫീസിൽ ഇത് സംബന്ധിച്ച് ചേർന്ന അവലോകന യോഗത്തിലാണ് വിവിധ പദ്ധതികൾ ഉടനെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയത്.
ന്യൂമാഹി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കുനിയിൽ എൽ.പി. സ്കൂൾ പുതിയ കെട്ടിടം പണി ഉടനെ പൂർത്തിയാക്കി അടുത്ത അധ്യയന വർഷം തന്നെ പുതിയ കെട്ടിടത്തിൽ ക്ലാസ് തുടങ്ങും.
മൂന്നാം വാർഡിൽ കുറിച്ചിയിൽ കുറ്റിക്കുന്നുമ്മൽ കുടിവെള്ള പദ്ധതി പൂർത്തിയായി. വൈദ്യുതി കണക്ഷൻ ലഭിച്ചാൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.
അഴീക്കൽ ഫിഷ് ലാൻ്റിങ്ങ് സെൻ്റർ റോഡ് നേരത്തെയുള്ള കരാറുകാരൻ പ്രവൃത്തി നടത്താത്തതിനാൽ ഒഴിവാക്കിയിരുന്നു. പുതിയ ടെണ്ടർ നടപടികൾ ഉടനെയുണ്ടാവും.
പെരിങ്ങാടി മങ്ങാട് ആരോഗ്യഉപകേന്ദ്രത്തിൻ്റെ പ്രവൃത്തി കരാറുകാരൻ നിർത്തി വെച്ചത് ഉടനെ തുടങ്ങാനും വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകി.
ജൽ ജീവൻ പദ്ധതിയിൽ പഞ്ചായത്തിലാകെ കുടിവെള്ള വിതരണത്തിൻ്റെ പൈപ്പ് ലൈൻ വലിച്ച് കണക്ഷൻ നൽകുന്നതിൻ്റെ പ്രവൃത്തി 64 ശതമാനം പൂർത്തിയായി. മാർച്ച് അവസാനമാവുമ്പോഴേക്കും പ്രവൃത്തി പൂർത്തിയാക്കി റോഡുകൾ പൂർവ്വസ്ഥിതിയിലാക്കണമെന്ന് നിർദ്ദേശിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ.സെയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സെക്രട്ടറി കെ.എ. ലസിത, വിവിധ വകുപ്പുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ, എൻജിനിയർമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ സംബന്ധിച്ചു.
ചിത്രവിവരണം: സ്പീക്കർ എഎൻ. ഷംസീർ വികസന അവലോകന യോഗത്തിൽ സംസാരിക്കുന്നു
പെൻഷൻകാരുടെ യോഗം 12 ന്
മാഹി:2004 ഏപിൽ ഒന്നിനോ അതിനു ശേഷമോ റെഗുലർ സർവിസിൽ പ്രവേശിച്ച് എൻ.പി.എസ്.സ്കീമിൽ ഉൾപ്പെട്ട് പെൻഷൻ പറ്റിയവരുടെ യോഗം ഫിബ്രവരി 12 ന് മാഹി സി.എസ്.ഒ ഓഫീസിൽ ചേരും. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച യൂണിഫൈഡ് പെൻഷൻ സ്കീമിനെപ്പറ്റി വിശദീകരിക്കാനും . തുടർനടപടിസ്വീകരിക്കാനും വേണ്ടിയാണ് യോഗം ചേരുന്നതെന്ന്
പോണ്ടിച്ചേരി സ്റ്റേറ്റ് പെൻഷണെർസ് ഓർഗനൈസേഷൻ മാഹി ശാഖാ സെക്രട്ടരി കെ.ഹരീന്ദ്രൻ അറിയിച്ചു
![whatsapp-image-2025-02-09-at-19.03.26_2da63ced](public/uploads/2025-02-09/whatsapp-image-2025-02-09-at-19.03.26_2da63ced.jpg)
വിദ്യാർഥികൾക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു
മാഹി :ലയൺസ് ക്ലബ്ബ്, തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാഹിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാഴ്ച്ചപരിശോധനയുടെ ഭാഗമായി കാഴ്ച്ചവൈകല്യം കണ്ടെത്തിയ മുപ്പത്തിയാറോളം വിദ്യാർഥികൾക്ക് കണ്ണടകൾ നൗജന്യമായി നൽകി. മാഹി ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് മാഹി ലയൺസ് ക്ലബ് പ്രസിഡണ്ട് സുധാകരന്റെ അധ്യക്ഷതയിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് വിഷൻ കോഓർഡിനേറ്റർ ചന്ദ്രൻ മാസ്‌റ്റർ, സോൺ ചെയർമാൻ രാജേന്ദ്രൻ എന്നിവർസംസാരിച്ചു.. ലയൺസ് ക്ലബ് സെക്രട്ടറി ടി. രമേഷ് കുമാർ സ്വാഗതവും ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: റീജ്യണൽ അഡ്മിനിസ്ട്രറ്റർ ഡി. മോഹൻ കുമാർ കണ്ണട നൽകുന്നു
![whatsapp-image-2025-02-09-at-19.03.52_8e17f7c6](public/uploads/2025-02-09/whatsapp-image-2025-02-09-at-19.03.52_8e17f7c6.jpg)
കൊച്ചിയിൽ നടന്ന 10 കി.മീ എൽഡേർസ് മാരത്തോണിൽ ഒന്നാം സ്ഥാനം ലഭിച്ച മാഹി സ്വദേശിനി അരുണ വത്സരാജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ , ഹെബി ഈഡൻ എം.പി. എന്നിവർക്കൊപ്പം. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിന്റെ ഭാര്യയാണ്.
വാണുകണ്ട ക്ഷേത്രത്തിലേക്കുള്ള യാത്രാവഴി പുന:സ്ഥാപിക്കണം
ന്യൂമാഹി:കവിയൂർ- മങ്ങാട് ദേശത്തെയും ഒളവിലം പ്രദേശത്തെയും ജനങ്ങൾ സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും ഉപയോഗിച്ചിരുന്ന മങ്ങാട് നിന്നും ഒളവിലത്തേക്കുള്ള വഴി നേഷണൽ ഹൈവേ നിർമ്മാണത്തോടെ സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണെന്നും, ഈ പ്രദേശത്തുള്ളവർ തങ്ങളുടെ ആരാധനാ കേന്ദ്രമായ ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ നിത്യേനയുള്ള ആരാധനക്കും ക്ഷേത്രത്തിലെ ഉൽസവത്തിനും വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തിൽ എത്തിചേരുവാൻ പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും, ക്ഷേത്രം ഭാരവാഹികൾ നിയമസഭാ സ്പീക്കർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി ഇല്ലാതാക്കിയതിൽ ക്ഷേത്ര കമ്മിറ്റിക്കുള്ള അമർഷം സ്വീക്കറുടെശ്രദ്ധയിൽ കൊണ്ടുവരികയും,
മങ്ങാട് വയലിലും ഒളവിലം കൈക്കണ്ടത്തിലും
ഹൈവേയുടെ വശങ്ങളിലുമായി ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടി ഒരു വഴി നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ചൊക്ലി -ന്യൂമാഹി റോഡിൽ നിന്നും മങ്ങാട് അണ്ടർപാസിൽ നിന്നും ഒളവിലം ഭാഗത്തേക്ക് 500 മീറ്ററോളം സർവീസ് റോഡ് നിലവിലുണ്ട്.പ്രസ്തുത സർവീസ് റോഡ് 600 മീറ്റർ നീട്ടിയാൽ നിഷേധിച്ച വഴി പുനഃസ്ഥാപിച്ചു കിട്ടുമെന്നും,
ഈ കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എൻ ഭാസ്കരൻ,
വി കെ രാജേന്ദ്രൻ,
ആർ കെ മുരളീധരൻ,
പത്മനാഭൻ ചാമക്കണ്ടിയിൽ, കെ കുഞ്ഞികൃഷ്ണൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
`മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്
മാഹി: ഉത്തര കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദശദിന ഏകാദശി മഹോത്സവത്തിന് ഇന്നുച്ചയോടെ കൊടിയിറങ്ങും
കാലത്ത് 8 മണിക്ക് ആറാട്ട് ബലിക്ക് ശേഷം ആറാട്ടിന്നെഴുന്നള്ളിക്കൽ
തുടർന്ന് കൊടിയിറക്കൽ. ഉച്ചക്ക് ആറാട്ട്. സദ്യ
ഇന്നലെ ഭക്തിഗാനസുധ, തിടമ്പ് നൃത്തം, പള്ളിവേട്ട എന്നിവയുണ്ടായി.
![`](public/uploads/2025-02-09/`.jpg)
പി.എസ്.സി. കോച്ചിങ്ങ് ക്ലാസ്സ് തുടങ്ങി
ചൊക്ലി:മേനപ്രം എഡ്യൂക്കേഷൻ സൊസൈറ്റിയും പിണറായി ഗ്രാന്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പി.എസ്.സി. കോച്ചിങ്ങ് ക്ലാസ്സ് നിയമ സഭാ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.ചൊക്ലിപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. രമ്യ വിശിഷ്ടതിഥിയായിരുന്നു. അഡ്വ: കെ. വിശ്വൻ, സബ് ഇൻസ്പെക്ടർ പ്രമോദ് കാഞ്ഞിരാട്ട്, കെ. ഫിറോസ്, ഡോ: ഫൈസൽ പാഴേരി, പി.കെ. പത്മനാഭൻ , എ.എം വിജേഷ് കെ ശിവദാസൻ സംസാരിച്ചു.
പ്രസിഡൻ്റ് എം.ഹരീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു എം.സി ഷിജിൽ എം സി സ്വാഗതവും , മധുമോഹനൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
![whatsapp-image-2025-02-09-at-19.04.34_aca8234d](public/uploads/2025-02-09/whatsapp-image-2025-02-09-at-19.04.34_aca8234d.jpg)
യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
തലശ്ശേരി: കൊടുവള്ളി റെയിൽ ട്രാക്കിൽ 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. ഫിബ്രവരി 8 ന് വൈ 6 മണിക്കാണ് ജഢം കണ്ടെത്തിയത്. തിരിച്ചറിയുന്നവർ 9497935293, 0490 2323352 നമ്പറുകളിൽ അറിയിക്കണമെന്ന് തലശ്ശേരി പൊലീസ് എസ്.ഐ. അറിയിച്ചു.
![whatsapp-image-2025-02-09-at-19.06.26_085299cd](public/uploads/2025-02-10/whatsapp-image-2025-02-09-at-19.06.26_085299cd.jpg)
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തലശ്ശേരി നോർത്ത് യൂണിറ്റ് ഉദ്ഘാടനം
സമഗ്ര ശിക്ഷാ കേരളം, കണ്ണൂർ തലശ്ശേരി നോർത്തിൻ്റെ ആഭിമുഖ്യത്തിൽ ബിആർസിയുടെ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യത്തെ ഇൻക്ലൂസീവ് എജുക്കേഷന്റെ ഭാഗമായുള്ള കുട്ടികളുടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തലശ്ശേരി നോർത്ത് യൂണിറ്റ് ഉദ്ഘാടനം കതിരൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ അധ്യക്ഷത വഹിച്ചു.കണ്ണൂർ എസ് എസ് കെ ഡി പി സി ഇ.സി.വിനോദ് ,ഡയറ്റ് ഫാക്കൽറ്റി അനുപമ ബാലകൃഷ്ണൻ തുടങ്ങിയവർ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്തംഗം എ. മുഹമ്മദ് അഫ്സൽ, തലശ്ശേരി നോർത്ത് എ ഇ ഒ കെ.ബാബുരാജ്, സ്കൗട്ട് ആൻറ് ഗൈഡ് സ്റ്റേറ്റ് കമ്മീഷണർ കെ.പി പ്രദീപ് കുമാർ, കെ.പി.ഷീബ,എ.കെ. സുരേഷ്,കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, തലശ്ശേരി നോർത്ത് ബി പി.സി കെ.കെ.ചന്ദ്രമോഹനൻ, വി.ആതിര തുടങ്ങിയവർ സംസാരിച്ചു.
![whatsapp-image-2025-02-09-at-19.06.41_58a16d3f](public/uploads/2025-02-10/whatsapp-image-2025-02-09-at-19.06.41_58a16d3f.jpg)
കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി
ന്യൂ മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രതിറ മഹോത്സവത്തിന് കൊടിയേറി.
ഉച്ച പൂജക്ക് ശേഷം ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ കൊടിയേറ്റ കർമ്മം നിർവഹിച്ചു.
രാവിലെ ഉദയാസ്തമനപൂജ, പൂമൂടൽ എന്നിവയും
ഉച്ചക്ക് പ്രസാദഊട്ടും നടന്നു.
ശ്രീനിവാസ് ചാത്തൊത്തിന്റെ വരികൾക്ക് സുരേഷ് ബാബു മാഹിസംഗീതം നൽകി ഷാജ് കൂടത്തില്‍ആലപിച്ച ശ്രീ ചക്രം ഗാന സമർപ്പണവും നടന്നു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
![temp](public/uploads/2025-02-10/temp.jpg)
ശഫീഖ് മുഹമ്മദ് നിര്യാതനായി
തലശ്ശേരി: കായ്യത്ത് റോഡിലെ അൽഫാത്തിൽ തൈലക്കണ്ടി മാടക്കണ്ടി ശഫീഖ് മുഹമ്മദ് (50) നിര്യാതനായി. പരേതരായ ഡോ. യു.എ മുഹമ്മദിന്റെയും പൽമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഫാത്തിമ കോണോർ വയൽ. മക്കൾ: സിയാദ് (മെഡിക്കൽ വിദ്യാർത്ഥി), ഫാസിൽ. സഹോദരങ്ങൾ: റസൂഖ്,റഫീഖ്, തൗഫീഖ്. മയ്യിത്ത് ഗവ. ഗേൾസ് സ്കൂളിന് സമീപം ന്യൂ അൽഫാത്തിലാണ് എത്തുക. ഖബറടക്കം തിങ്കളാഴ്ച അസർ നമസ്കാരത്തിന് ശേഷം ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.
![qqqqq](public/uploads/2025-02-10/qqqqq.jpg)
ചമ്പാട് ജന്മിപ്പുത്തമ്പുര മഠപ്പുരയിലെ തിറയാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രചാരുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കെ.കെ.സനിൽകുമാർ നിർവ്വഹിക്കുന്നു.
![rein](public/uploads/2025-02-10/rein.jpg)
യുവതി കുഴഞ്ഞ് വീണ് മരിച്ചു.
മാഹി: പൂഴിത്തല അയ്യിട്ട വളപ്പിൽ ഒഞ്ചിയക്കാര ൻറവിട റെജീന(38) കുഴഞ്ഞ് വീണ് മരിച്ചു.
ഇപ്പോൾ താമസിക്കുന്ന പൂഴിത്തല ദോബിക്കുള ത്തിന് സമീപം എൻ കെ കോട്ടേഴ്സിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽകോളേജിൽ വെച്ച് പോസ്റ്റ് മോർട്ടം നടത്തി. പരേതരായ സുലൈമാൻ ഫാത്തിമ ദമ്പ തികളുടെ മകളാണ്.
ഭർത്താവ്: നിസാർ.
മക്കൾ: ഫവാസ്, ഫായിസ്, റഹിമ
സഹോദരങ്ങൾ: ഖാലിദ്, സുധീർ
![hoky](public/uploads/2025-02-10/hoky.jpg)
യങ്സ്റ്റേഴ്സ് തലശ്ശേരി ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെൻറ്
തലശ്ശേരി: യങ്സ്റ്റേഴ്സ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. മുൻകാല രഞ്ജി താരങ്ങളായ സി ടി കെ ഉസ്മാൻകുട്ടി, നിസാമുദ്ദീൻ എം പി, രഞ്ജിത്ത്, സി ടി കെ അഫ്സൽ, ഹാരിസ് എം എന്നിവർ ചേർന്ന് കളിക്കാരെ പരിചയപ്പെട്ട് ടൂർണമെൻ് ഉദ്ഘാടനം ചെയ്തു.
നാല് ടീമുകളിലായി ഏറ്റുമുട്ടിയ മത്സരത്തിലെ
ഫൈനലിൽ സൂപ്പർ ജയൻ്റ്സ് യംഗ്സ്റ്റേർസിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി
സൺറൈസേർസ് യംഗ്സ്റ്റേർസ് തലശ്ശേരി റോളിങ് ട്രോഫി കരസ്ഥമാക്കി.
മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ മുഹമ്മദ് നജീബ്, ഹരീഷ്, മിഥുൻ എന്നിവർ കരസ്ഥമാക്കി.
ഫൈനലിൽ സെഞ്ച്വറി നേടിയ മിഥുൻ, ടൂർണമെൻ്റിലെ മികച്ച ബാറ്റ്സ്മാൻ, ബൗളർ പുരസ്കാരവും മാൻ ഓഫ് ദി സിരീസ് പുരസ്കാരവും മുഹമ്മദ് ഫസീഷ് എം മികച്ച ഫീൽഡർ പുരസ്കാരവും കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനങ്ങളും പ്രശസ്ത ഓർത്തോ സ്പ്പോർട്സ് മെഡിസിൻ ഡോ. മുനീസ് അഷ്റഫ്, ഡോ. രാജീവ് രാഘവൻ എന്നിവർ നൽകി.
ഫർഹാൻ, അർഷിദ് കൊട്ടോത്ത്, ഷംസീർ, സിദീഖ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.
ഹംസ കേളോത്ത്, ഖലീൽ കിടാരൻ, മുഹമ്മദ് നിസാർ പടിപ്പുരക്കൽ, മുഹമ്മദ് ഫസീഷ് എം, വികാസ് , അസ്ലം കാരിയത്ത്, മുഷ്ത്താഖ് എന്നിവർ നേതൃത്വം നൽകി.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group