മയ്യഴിയെ പ്രണയിച്ച എഴുത്തച്ഛൻ
:ചാലക്കര പുരുഷു
മാഹി:ഭാരതപ്പുഴയെ ആത്മാവിലേറ്റിയ
എം.ടിക്ക് ,മയ്യഴിയോടും, മയ്യഴിപ്പുഴയുടെ കഥകൾ പറഞ്ഞ എം.മുകുന്ദനോടും, ജേഷ്ഠ സഹോദരൻ എം.രാഘവനോടുമുള്ള ഹൃദയബന്ധം പറഞ്ഞറിയിക്കാനാവില്ല.
തൊണ്ണൂറ്റി നാലാം വയസ്സിലും എം.ടി.യെക്കുറിച്ചുള്ള എം.രാഘവൻ്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. ആദ്യ ഭാര്യ പ്രമീള ടീച്ചർക്കൊപ്പം, നിർമ്മാല്യം സിനിമക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ദില്ലിയിൽ വന്നപ്പോഴുണ്ടായ അനുഭവങ്ങൾ രാഘവേട്ടൻ പങ്കുവെച്ചു. വി.കെ.മാധവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു.ദില്ലിയിലെ വീട്ടിലാണ് തങ്ങിയിരുന്നത്.മുകുന്ദനും ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്.
എം.ടി. മാതൃഭൂമിയുടെ എഡിറ്ററായിരുന്ന വേളയിൽ, അദ്ദേഹത്തിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ഒട്ടേറെ ഫ്രഞ്ച് ക്ലാസ്സിക് കഥകൾ മലയാളത്തിലേക്ക് രാഘവേട്ടൻ മൊഴിമാറ്റം നടത്തി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്നിരുന്നു.സംഭവ ബഹുലമായ
മുംബെയിലെ രാഘവേട്ടൻ്റെ ആദ്യകാല ജീവിതകാലത്തെക്കുറിച്ച് എം.ടി.യുടെ ആവശ്യപ്രകാരം മാതൃഭൂമി പത്രത്തിലും രാഘവേട്ടൻ തുടർ ലേഖനങ്ങൾ എഴുതിയിരുന്നു.
മുകുന്ദൻ്റെ മകൾ ഭാവനയുടെ വിവാഹത്തിന് എം.ടി. മാഹിയിൽ വന്നിരുന്നു.മലയാള സാഹിത്യത്തിലെ പ്രമുഖരെല്ലാം ഒത്തുചേർന്ന ഒരു മഹാ സാഹിത്യ സമ്മേളനം തന്നെയായിരുന്നു അത്.
രണ്ട് വർഷം മുൻപ് രാഘവേട്ടൻ്റ മകൻ ഡോ: പീയൂഷിനെ ഊട്ടിയിൽ വെച്ച് കണ്ടപ്പോൾ, ഉടൻ തിരക്കിയത് രാഘവേട്ടൻ്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു. ഡോ :പീയൂഷ് എഴുതിയ ഇംഗ്ലീഷ് നോവൽ കുറേശ്ശയായി വായിച്ചു വരുന്നുണ്ടെന്നും എം.ടി.പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് രാഘവേട്ടന് ഏറ്റവുമൊടുവിലായി എം.ടി.സ്വന്തംകൈപ്പടയിൽകത്തെഴുതിയത്.അതിൽക്ഷേമാന്വേഷണങ്ങൾക്ക് ശേഷം വായിച്ചെടുക്കാൻ പ്രയാസമുള്ള അക്ഷരങ്ങളിൽ എഴുതിയതിങ്ങനെ: ''കുറേക്കാലമായി കണ്ടിട്ട്٠٠ 'മാഹി വഴി കടന്നു പോയിട്ട് ഏറെക്കാലമായി .ആരോഗ്യം ഭദ്രമല്ല കണ്ണ്, ചെവി ഒക്കെതാളംതെറ്റിയിരിക്കുന്നു.പോരാത്തതിന് മഹാ മാരിയും.വായിക്കാൻപ്രയാസമുണ്ട്. കുറേശ്ശയായി വായിക്കും. പ്രായാധിക്യം എന്നേയുംബുദ്ധിമുട്ടിക്കുന്നു. ആ വഴി വരേണ്ടി വന്നാൽ കാണാം.മുകുന്ദനെ ഇടയ്ക്ക് കാണാറുണ്ട്."
ഒരിക്കൽ സൗഹൃദ സംഭാഷണത്തിനിടയിൽ എം.ടി.,രാഘവേട്ടനോട് പറഞ്ഞതിങ്ങനെ" 'എല്ലാവരേയും മുന്നോട്ടാക്കി ,നീ പിറകോട്ട് നടക്കുകയല്ലേ '' '?
1970 കളുടെ തുടക്കത്തിൽ ചെറിയ ചിലവിൽ മികച്ച സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ മാഹിയിൽ രൂപീകരിക്കപ്പെട്ട ആർട്ട് ലിങ്ക് എന്ന ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തത് എം.ടി.യായിരുന്നു.ബംഗാളി ക്ലാസ്സിക് സിനിമകളെക്കുറിച്ച് എം.ടി. സുദീർഘമായി സംസാരിച്ചത് ഡോ: മഹേഷ് മംഗലാട്ട് ഇന്നലെയെന്നപോൽ ഓർക്കുന്നു.
1992 ൽ മലയാള കലാഗ്രാമത്തിലെ എ.പി.കുഞ്ഞിക്കണ്ണൻ, എം വി ദേവൻ, എൻ.പി.മുഹമ്മദ് ത്രയങ്ങളുടെ ആശയങ്ങളിൽ നിന്ന് ഉയിർത്തുവന്നതാണ് രാജ്യത്ത് തന്നെ ചെറുകഥകൾക്കായി നടത്തിയ ഒരു മാസം നീണ്ടു നിന്ന യുവകഥാകാരന്മാരുടെ കേമ്പ്. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് എം ടി.യെയായിരുന്നെങ്കിലും, അദ്ദേഹം മറ്റൊരു ദിവസമാണ് വന്നത്. ലോകത്തിലെ മഹാന്മാരായ കഥാകാരന്മാരേയും, അവരുടെ മികച്ച സൃഷ്ടികളേയും വിലയിരുത്തി സംസാരിച്ച അദ്ദേഹം ,മാറുന്ന കഥകളുടെ രൂപം അക്ഷരാർത്ഥത്തിൽ വരച്ചുകാട്ടുകയായിരുന്നുവെന്ന് കേമ്പ് അംഗമായിരുന്ന ചെറുകഥാകൃത്ത് ഉത്തമ രാജ്മാഹിപറഞ്ഞു.ചെറുകഥകൾക്കായുള്ള ആദ്യത്തെ ക്രിയാത്മകമായ പാഠ്യപദ്ധതി രൂപപ്പെട്ടത് ഈകേമ്പിലൂടെയായിരുന്നു. ടി.പത്മനാഭനടക്കം ഈ കേമ്പിൽ സംബന്ധിക്കാത്ത പ്രമുഖ ചെറുകഥാകൃത്തുക്കൾ ഇല്ലെന്ന് തന്നെ പറയാം.
ഏറ്റവുമൊടുവിൽ കേരള കോൺഗ്രസ്സ് നേതാവ് ജോസ് ചെമ്പേരിക്കും, പ്രശസ്ത കവി അഡ്വ.പി.കെ.രവീന്ദ്രനുമൊപ്പം ഒരു വർഷം മുമ്പ് കോഴിക്കോട് സിത്താരയിലെത്തിയപ്പോൾ അദ്ദേഹം രോഗാതുരതയിലായിരുന്നു. തല കുനിച്ചിരുന്ന അദ്ദേഹം ഒരു വട്ടംമാത്രം മുഖമുയർത്തി ചിരിച്ചെന്ന് വരുത്തി.മൗനത്തിൻ്റെ വാത്മീകത്തിലേക്ക് ഉൾവലിയുകയായിരുന്നു.
ചിത്രവിവരണം: എം.രാലവേട്ടന് ഒടുവിലായി എം.ടി.അയച്ച കത്ത് -
എം.ടി.യെ അനുസ്മരിച്ചു
തലശ്ശേരി. അന്തരിച്ച എം.ടി. വാസുദേവൻ നായർക്ക് തലശ്ശേരിയിൽ ചേർന്ന യോഗം ആദരാഞ്ജലി അർപ്പിച്ചു. എം. പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചഅനുശോചന യോഗത്തിൽ പി.കെ. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ചൂര്യയി ചന്ദ്രൻ മാസ്റ്റർ, സി. പി.പ്രസീൽബാബു, ടി.പി. അരുൺ, സി.ഒ. നവീൻ, കെ. സി. ശ്രീജൻ, വി. കെ. ജയന്തൻ സംസാരിച്ചു.
ചിത്രവിവരണം: ചൂര്യയിചന്ദ്രൻ മാസ്റ്റർ അനുസ്മരണഭാഷണം നടത്തുന്നു.
മാഹിയിൽ പുതുവർഷ
ആഘോഷത്തിൽ സംഗീതരാവും, വെടിക്കെട്ടും
മാഹി: മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാഹി ബീച്ചിൽ വേറിട്ട പരിപാടികളുമായി പുതുവർഷം ആഘോഷിക്കുമെന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ന്യൂ ഇയർ മെഗാ ഇവൻ്റ് 31 ന് വൈകുന്നേരം 6.30 ന് സംഗീത വിരുന്നോടെ ആരംഭിക്കും. പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണിനിരക്കും - രാത്രി 12 ന് പുതുവർഷം പിറക്കുമ്പോൾ വെടിക്കെട്ട് ഉണ്ടാകും - മയ്യഴിപ്പുഴയിൽ നിന്ന് ബോട്ടുകളിൽ നിന്നും, തോണികളിൽ നിന്നും മാനത്ത് വർണ്ണ വിസ്മയങ്ങൾ വിരിഞ്ഞ് ആകാശത്ത് അമിട്ടുകൾ പൊട്ടിച്ച് പുതുവർഷത്തെ വരവേൽക്കും -
മെഗാ സംഗീത പരിപാടി' മാഹി റിവേര'യുടെ പരസ്യ പ്രകാശനം റീജിയണൽ അഡ്മിനിസ്ട്രേറ്ററും, രമേശ് പറമ്പത്ത് എംഎൽഎ യും ഗവണ്മെൻ്റ് ഹൗസിൽ നിർവ്വഹിച്ചു. മാഹിയിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുക, മാഹിയിലേക്ക് യുവാക്കളെ .ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ന്യൂ ഇയർ മെഗാ ഇവൻ്റ് പരിപാടി നടത്തുന്നതെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു - പുതുച്ചേരി സംസ്ഥാനത്താകെ പരിപാടികൾ ടൂറിസം പുതുവർഷ പരിപാടി ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.
ചിത്രവിവരണം: മെഗാ സംഗീത പരിപാടിയുടെ 'മാഹി റിവേര 'പരസ്യ പ്രകാശനം റീജിയണൽ അഡ്മിനിസ്ടേറ്റർ ഡി.മോഹൻ കുമാറും, രമേശ് പറമ്പത്ത് എംഎൽഎ യും ചേർന്ന് നിർവ്വഹിക്കുന്നു
തലശേരി രാഘവന്റെ
കുടുംബത്തിന് ഇനി സ്വന്തം
വീട്
തലശേരി:മദിരാശി കേരള സമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബം ഇനി ചെന്നൈ മലയാളികളുടെ സ്‌നേഹത്തണലിൽ. മദിരാശി കേരള സമാജം നിർമിച്ച വീടിന്റെ താക്കോൽ 27ന് കുടുംബത്തിന് കൈമാറും. പള്ളൂർ–പന്തക്കൽ റോഡിൽ മുത്തപ്പൻ ബസ്‌സ്‌റ്റോപ്പിനടുത്ത് രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ് വീട് നിർമിക്കുന്നത്. ടൈൽസ്‌പതിക്കൽ ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവൃത്തിയാണിനി ബാക്കി. മദിരാശി കേരള സമാജം അംഗങ്ങൾക്കൊപ്പം മേഴ്‌സി കോപ്‌സ് എന്ന ചാരിറ്റി സംഘടനയും ഈ സദുദ്യമത്തിൽ പങ്കാളിയാവുന്നു.
മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ, മുഖ്യരക്ഷാധികാരി ഡോ എ വി അനൂപ് മെഡിമിക്‌സ്, പ്രസിഡന്റ എം ശിവദാസൻപിള്ള, ജനറൽ സെക്രട്ടറി ടി അനന്തൻ, വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനൻ എന്നിവർ താക്കോൽ കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കും. തലശേരി രാഘവന്റെ ഭാര്യ മല്ലികയും ഇളയമകളും ചെന്നൈയിലാണിപ്പോൾ. മറ്റൊരു മകൾ വിവാഹിതയായി .
ഈങ്ങയിൽപീടിക ദേശീയവായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആദ്യകാലം മുതലുള്ള പ്രവർത്തകനായിരുന്നു. അക്കാലത്ത് മാതൃഭൂമി ആഴ്‌ചപതിപ്പ് നടത്തിയ ചെറുകഥാമത്സരത്തിൽ രാഘവന് രണ്ടാംസ്ഥാനമായിരുന്നു. ഒന്നാം സ്ഥാനം എഴുത്തുകാരി പി വത്സലക്കും. നാടക നടനും കവിയും കഥാകൃത്തും നോവലിസ്‌റ്റുമായിരുന്നു .
വെള്ളിത്തിരയിലും പതിഞ്ഞ പേര്
തലശേരി രാഘവന്റെ ‘കാന്തവലയം’ നോവൽ ഐവി ശശി സിനിമയാക്കിയിട്ടുണ്ട്. തിരക്കഥ എഴുതിയതും രാഘവനായിരുന്നു. ഇളനീര് നോവലാകട്ടെ ‘ പൊന്നും പൂവു’മെന്ന പേരിൽ ചലച്ചിത്രമായി. മറ്റുചില സിനിമകൾക്കും തിരക്കഥഎഴുതി. വയലാറിന്റെഗാനപ്രപഞ്ചം എന്നപഠനഗ്രന്ഥവും രചിച്ചു. മദിരാശി നഗരത്തിലെ പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച രാഘവൻ സിപിഎം മദിരാശി ഏരിയകമ്മിറ്റിഅംഗമായും പ്രവർത്തിച്ചിരുന്നു
സെമിനാർ സംഘടിപ്പിച്ചു
തലശ്ശേരി : കണ്ണൂരിൽ നടക്കുന്ന കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു)
സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തലശ്ശേരി പുതിയ ബസ്സാൻഡിൽ കേരള "മോഡൽ ഒരു ബദൽ കേന്ദ്ര ഗവർമ്മെൻ്റിൻ്റെ മലയാളി വിരുദ്ധത" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
പഴയ കാല ബസ് തൊഴിലാളികളെ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ആദരിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കാരായി രാജൻ, എ രമേശ് ബാബു എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
മാഹി ബൈപ്പാസിലെ
അടച്ചിട്ട റോഡ് ഉടനെ തുറക്കണം
. ബി എം എസ്
മാഹി: ബൈപ്പാസിലെ ഈസ്റ്റ് പള്ളൂരിലെ സിഗ്നൽ സംവിധാനത്തിൻ്റ ബാറ്ററി മോഷണം പോയ സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മൂന്നിൽ കൊണ്ടുവരണമെന്ന് ബി എം എസ് മാഹിമേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
റോഡ് അടച്ചിട്ടത് കാരണം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് ഉടനെ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
മാഹി അഡ്മിനിസ്ട്രേറ്ററും, എം എൽ എ യും പോലീസും ഉൾപ്പെടെയുള്ള അധികൃതർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും മാഹി ബൈപാസിനോട് അധികൃതർ അവഗണനയാണ് കാണിക്കുന്നത്.
അടച്ചിട്ട റോഡ് ഉടനെ തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ നിർബന്ധിതമാകുമെന്നും ബി എം എസ് മേഖല കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
മേഖല പ്രസിഡണ്ട് സത്യൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. എം. പ്രസന്നൻ, കെ.ടി. സത്യൻ, കെ. ശശി. സി. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.
ലോഡ്ജുകളിൽ സംയുക്ത
മിന്നൽ പരിശോധന
തലശ്ശേരി : തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടർ ദീപ്തിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി.
പരിശോധനയിൽ സ്ഥാപനങ്ങളുടെ ലൈസൻസ് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് , ശുചിത്വം ജൈവ -അജൈവ മാലിന്യ സംസ്കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ, കെട്ടിടത്തിന്റെ നമ്പറുകൾ, അനധികൃത നിർമ്മാണം, കാലപ്പഴക്കം, സ്ട്രക്ചർ സ്റ്റെബിലിറ്റി തുടങ്ങിയവ പരിശോധിച്ചു.
കടൽപ്പാലം പരിസരത്ത് ജൈവ - അജൈവ മാലിന്യങ്ങൾ കടലിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെപറ്റിയും ,അതിഥി തൊഴിലാളികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊതു സ്ഥലത്ത് പുകവലിക്കുന്നതിനെകുറിച്ചും വെറ്റില, തമ്പാക്ക് മുറുക്കി തുപ്പുന്നതിനെക്കുറിച്ചും , മലമൂത്ര വിസർജനം നടത്തുന്നതിനെക്കുറിച്ചും വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ അനുവദനീയമായതിൽ കൂടുതൽ എണ്ണത്തിൽ താമസിക്കുന്നതിനെക്കുറിച്ചും നഗരസഭയ്ക്ക് ധാരാളം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാപിറ്റൽ ലോഡ്ജ്, രാജധാനി ലോഡ്ജ്, കംഫർട്ട് ലോഡ്ജ്, ബീച്ച് ലോഡ്ജ്, അമ്പാസഡർ ലോഡ്ജ്, സീക്കിങ്ങ് ലോഡ്ജ്, അറേബ്യൻ ടവർ ലോഡ്ജ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് സംയുക്ത പരിശോധനാ സംഘം അറിയിച്ചു
ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അനിൽ കുമാർ വിലങ്ങിൽ,ദിനേശ്
സ്മിനു ,റവന്യൂ ഇൻസ്പെക്ടർജഗന്നാദ് ,ഓവർസിയർ രഞ്ജിത്ത്
ഡ്രൈവർ രാജേഷ് കക്കറ പങ്കെടുത്തു
വിരമിച്ചവരെ വീണ്ടും
നിയമിക്കരുത്
മാഹി: നിരവധി അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ഉണ്ടായിട്ടും അവരെ തൊഴിൽരംഗത്ത് പരിഗണിക്കാതെ സർവീസിൽ നിന്നും വിരമിച്ച ആളുകളെ വൈദ്യുതി വകുപ്പിൽ വീണ്ടും കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്.
നടപടി പിൻവലികണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അസ്സിസ്റ്റന്റ് എഞ്ചിനിയരെ കണ്ട് പരാതി ബോധിപ്പിച്ചു മാഹി മേഖല സെക്രട്ടറി നീരജ് പള്ളൂർ, മേഖല സെക്രട്ടറി
ടി. കെ രാഗേഷ്, ധനിലേഷ്, സാനന്ത്, ഷറഫ്രാസ് എന്നിവർ നേതൃത്വം നൽകി.
ക്രിസ്തുമസ്-നവവത്സര
ദിനാഘോഷം
ന്യൂ മാഹി:നവകേരളം ഗ്രന്ഥാലയം ക്രിസ്തുമസ്-നവവത്സര ദിനാഘോഷം നടത്തി. സി.സോമൻ ഉദ്ഘാടനം ചെയ്തു
വി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ അംഗം കെ.ടി. മൈഥിലി സംസാരിച്ചു.
വിവിധ മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി.രാമദാസൻ സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സി.സോമൻ ഉദ്ഘാടനം ചെയ്തു
സായാഹ്നം ന്യൂസ്പ്ലസ് വാർഷികാഘോഷവും കുടുംബ സംഗമവും 28ന്
തലശ്ശേരി: സായാഹ്നം ന്യൂസ്പ്ലസ് പത്രത്തിന്റെ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും ഡിസംബർ 28ന് ശനിയാഴ്ച ചമ്പാട് പൊന്ന്യംപാലം പി എം മുക്കിലെ ഓഫീസ് പരിസരത്ത് വെച്ച് നടക്കും. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്യും. സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. മമ്പറം ദിവാകരൻ, പി പി അബൂബക്കർ (പാർക്കോ), അബ്ദുൾ ലത്തീഫ് കെ എസ് എ ( ഫാദിൽ ഗ്രൂപ്പ്), ശൈഖ് മുഹമ്മദ് പാനൂർ, കറാമ ഇബ്രാഹിം തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകരായ പി എം സി മൊയ്തുഹാജി, പി പി സുലൈമാൻ ഹാജി, പി പി മൊയ്തു, നൂറിലേറെ തവണ രക്തദാനം ചെയ്ത ടി ടി അസ്ക്കർ
പൊന്ന്യംപാലം, മുതിർന്ന മാധ്യമപ്രവർത്തകൻ പൊന്ന്യംകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
വിവിധ കലാപരിപാടികൾ, ക്വിസ് മത്സരം, കരാത്തെ പ്രദർശനം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. രാഷ്ട്രീയ - സാമൂഹ്യ- സാംസ്കാരിക - വ്യാപാര - മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി എം അഷ്റഫ്, വി രാജേഷ് മോഹൻ മാസ്റ്റർ, എം സി ഷഫീക്ക്, നിസാം മാസ്റ്റർ എന്നിവർ അറിയിച്ചു.
പാറപ്രം സമ്മേളനത്തിൻ്റെ
രണ സ്മരണ പുതുക്കി
തലശ്ശേരി:സമരേതിഹാസങ്ങളുടെ നൂറ് വർഷത്തോടടുക്കുന്ന ഇന്ത്യൻ
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളഘടക
ത്തിൻറെ രൂപീകരണം 1939 ൽ
പിണറായി പാറപ്രത്ത് നടന്നതിൻ്റെ
വാർഷികം പാർട്ടി ആഘോഷിച്ചു.
മുതിർന്ന പാർട്ടി നേതാവ് ഇ.വി കുമാരൻ പതാക ഉയർത്തി.പാർട്ടി
മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ് നിഷാദിൻറെ അദ്ധ്യക്ഷതയിൽ ജില്ലാ
അസി:സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൻ്റെ മുഖം ചുവപ്പിച്ച
ഇതിഹാസ സ്മൃതികൾക്ക് അമര
ഭാവങ്ങളാണെന്നും അതിനെ വിസ്മൃതിയിലാഴ്ത്താൻ ഒരുശക്തിക്കും സാദ്ധ്യമല്ലെന്നും
എ.പ്രദീപൻ പറഞ്ഞു.സമരബോധത്തിൻ്റെ താപതുടിപ്പുള്ള മനസ്സുമായി
സന്ധിയില്ലാത്ത പോരാട്ടങ്ങളാണ്
കമ്മ്യൂണിസ്റ്റുകാർ നടത്തിയതെന്നും
അദ്ദേഹം പറഞ്ഞു.പാർട്ടി
നേതാക്കളായ എം.മഹേഷ് കമാർ, എം.ബാലൻ,സി.എൻ ഗംഗാധരൻ സംസാരിച്ചു.
പാർട്ടി പ്രവർത്തകർ
പാറപ്രം ടൗണിൽ പ്രകടനവും നടത്തി.
ചിത്രവിവരണം: സി.പി.ഐ ജില്ലാ
അസി:സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.
നല്ല മനുഷ്യരെ സൃഷ്ടിക്കാനുള്ള അറിവിൻ്റെ തീർത്ഥാടനം: സ്വാമി സുരേശ്വരാനന്ദ
തലശ്ശേരി: അറിവിൻ്റെ തീർത്ഥാടനമായ ശിവഗിരി തീർത്ഥാടനംകൊണ്ട് ഗുരു ലക്ഷ്യമിട്ടത്, നമ്മുടെ ജീവിതവൃത്തിക്ക് വെളിച്ചവുംകരുതലുമാകാനാണെന്ന് ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ ഉദ്ബോധിപ്പിച്ചു. വ്രതാനുഷ്ഠാനങ്ങൾക്കൊപ്പം, പരിശുദ്ധമായ മനസ്സും ശരീരവും വാർത്തെടുക്കുവാനും,
നല്ല മനുഷ്യരെ സൃഷ്ടിക്കുവാനുമാണ്
ഗുരു തീർത്ഥാടനംകൊണ്ട് അർത്ഥമാക്കിയത്.പ്രതിഷ്ഠയുടെ പ്രതിഫലനം കൂടിയാണത്.
അനുഗ്രഹഭാഷണം നടത്തിയ ശിവഗിരി മഠത്തിലെ
സുരേശ്വരാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചു.
ഒരു മനുഷ്യൻ്റെ ജീവിതത്തിൻ്റെ പ്രധാന ചര്യകളെല്ലാം ഗുരു നിഷ്കർഷിച്ചിട്ടുണ്ടെന്നും ശിവഗിരി തീർത്ഥാടനത്തിലെ അഷ്ടലക്ഷ്യങ്ങൾ ഇതിനുദാഹരണമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ.രത്നകുമാരി അഭിപ്രായപ്പെട്ടു. ജ്ഞാനോദയ യോഗം പ്രസിഡണ്ട്അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ മുഖ്യാതിഥിയായിരുന്നു.
വിനയകുമാർ (ശ്രീകണ്ഠേശ്വര ക്ഷേത്രം)
ജയകുമാർ (സുന്ദരേശ്വര ക്ഷേത്രം)രാമനാഥൻ (കോ-ഓർഡിനേറ്റർ)
ശുഭ ശ്രീകുമാർ
സ്വാമി പ്രേമാനന്ദ സംസാരിച്ചു.
സി. ഗോപാലൻ സ്വാഗതവും,
രാഘവൻ പൊന്നമ്പത്ത് നന്ദിയും പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന സന്ദേശം ജനമനസ്സുകളിലെത്തിക്കുന്നതിന് ദിവ്യജ്യോതി പ്രയാണം സംഘടിപ്പിക്കുന്നു.
ശ്രീ ജഗന്നാഥ ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യജ്യോതി ശിവഗിരിയിലെ മഹാവിജ്ഞാന വേദിയിൽ തെളിയിക്കും. ഡിസമ്പർ 26 മുതൽ 30 വരെ നീളുന്ന പ്രയാണത്തിന് -വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ നൽകും.
ചിത്രവിവരണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group