മദ്യലഹരിയിൽ
ഓടുന്ന ബസ്സിന്
മുന്നിൽ സുഖശയനം
മാഹി: ഓടുന്ന ബസ്സിന് മുന്നിൽ മദ്യപന്റെ സുഖനിദ്ര. ഇന്ന് രാവിലെ 8:20 നാണ് മാഹി പാലത്തിൽ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ മദ്യപിച്ച് ലക്ക് കെട്ടയാൾ ബസ്സിന് മുൻപിൽ കിടന്നത്.
ട്രാഫിക് പൊലീസിന്റെ അഭാവം മൂലം മാഹി പാലം ജംഗ്ഷനിൽ മദ്യപന്മാർ അഴിഞ്ഞാടുകയാണ്. റോഡ് നിറഞ്ഞ് നടക്കുന്ന മദ്യപമാർ നോട്ടം തെറ്റിയാൽ വാഹനങ്ങൾക്കടിയിലകപ്പെടുന്ന അവസ്ഥയാണ്.
സ്റ്റേഷൻ മാസ്റ്ററുടെ കൃത്യനിർഹണം തടസ്സപ്പെടുതിയ ഒരാൾ കൂടി പിടിയിലായി
മാഹി:മദ്യപിച്ച് ബഹളമുണ്ടാക്കി മാഹി റെയിൽവേ സ്റ്റേഷൻ മാസ്റ്റരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസ്സിൽ ഒരാൾ കൂടിപിടിയിൽ.കോഴിക്കോട് സ്വദേശി സിപി ബജീസാണ്പിടിയിലായത്.കണ്ണുർവാരം സ്വദേശി വി പി അർഷാദിനെ നേരത്തെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.
മാഹി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ .കണ്ണുർവാരം സ്വദേശി വി പി അർഷാദും .കോഴിക്കോട് സ്വദേശി സിപി ബജീസും റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപമെത്തി അസഭ്യം പറയുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയുമായിരുന്നു. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് സ്റ്റേഷനിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടെങ്കിലും, തയ്യാറായില്ല. പിന്നീട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ ട്രെയിൻ യാത്രക്കിടെയാണ് കണ്ണുർവാരം സ്വദേശി വി പി അർഷാദിനെ റെയിൽവേ പൊലീസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംഘത്തിലെ രണ്ടാമൻ കോഴിക്കോട് തളിക്കുളങ്ങര മാങ്കാവ് സ്വദേശി സിപി ബജീസിനെ റെയിൽവേ പൊലീസ് പിടികൂടിയത്.ആർ പി.എഫ് ഇൻസ്പെക്ടർ .ജെ.വർഗ്ഗീസ്, എസ് ഐ മാരായ ശശി ,കെ.വി.മനോജ് കുമാർ, ആർ പി എഫ് ഉദ്യോഗസ്ഥരായ സജേഷ്, റിബേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചിത്രവിവരണം: പ്രതി ബജീസ് പൊലീസ് പിടിയിൽ
ജി പവിത്രൻ വധക്കേസ്:
ക്രൈംബ്രാഞ്ച് അനുബന്ധ
കുറ്റപത്രം നൽകി
തലശേരി:സി പി എം നേതാവ് തൊടീക്കളത്തെ ജി പവിത്രനെ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന കേസിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം നൽകി. മാഹി ചെമ്പ്രയിലെ സുബീഷ് പാറേമ്മൽ എന്ന കുപ്പി സുബീഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തിയാണ് ക്രൈംബ്രാഞ്ച് എട്ടുപ്രതികൾക്കെതിരായ കുറ്റപത്രം നൽകിയത്. ക്രൈംബ്രാഞ്ച് മലപ്പുറം എസ്‌പി പി വിക്രമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊടീക്കളം റേഷൻകടക്ക് സമീപം 2009 മാർച്ച് 27നാണ് സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്ഥിരംസമിതിചെയർമാനും സിഐടിയു കൂത്തുപറമ്പ് ഏരിയകമ്മിറ്റി അംഗവുമായ ജി പവിത്രനെ വെട്ടിക്കൊന്നത്. ദേശാഭിമാനി പത്ര വിതരണത്തിനിടെ അതിരാവിലെയായിരുന്നു നിഷ്‌ഠൂരമായ കൊലപാതകം. ലോക്കൽ പൊലീസ് അന്വേഷിച്ച് ആറ് ആർഎസ്‌എസുകാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (3)യിൽ വിചാരണ നടപടി തുടങ്ങുകയും ചെയ്‌തിരുന്നു.
പടുവിലായി വാളങ്കിച്ചാലിലെ സിപി എം നേതാവ് മോഹനൻ വധക്കേസിൽ കുപ്പി സുബീഷിന്റെ അറസ്‌റ്റാണ് കേസിൽ വഴിത്തിരിവായത്. കോടതി അനുമതിയോടെയുള്ള തുടരന്വേഷണത്തിലാണ് മുഴുവൻപ്രതികളും കുടുങ്ങിയത്. എസ്‌ഐ മാരായ എ ശശിധരൻ, മനോഹരൻ തറമ്മൽ, എഎസ്‌ഐമാരായ കെ പ്രകാശൻ, കെ ബിജു, കെ ഷീജ എന്നിവരായിരുന്നു പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ചെറുവാഞ്ചേരിയിലെ വിനീഷ് (33), മാഹി ചെമ്പ്രയിലെ എമ്പ്രാന്റവിട ഹൗസിൽ സുബീഷ് പാറേമ്മൽ എന്ന കുപ്പി സുബീഷ് (38), പാനൂർ കൂറ്റേരി താഴെക്കണ്ടിയിൽ ഹൗസിൽ ടി കെ സുബിൻ എന്ന ജിത്തു(43), മണ്ണയാട് ഇടത്തിലമ്പലം ജസിത നിവാസിൽ എം പി റജുൽ (44), കതിരൂർ പൊന്ന്യത്തെ ചെങ്കളത്തിൽ പ്രശാന്ത് (41), തലശേരി എംഎം റോഡ് ചെട്ടിമുക്കിലെ കളത്തിൽ ഹൗസിൽ എം മകേഷ് എന്ന കുട്ടി മകേഷ് (30), കതിരൂർ മൂന്നാംമൈൽ സ്വദേശിയും നിലവിൽ കക്കറയിൽ താമസക്കാരനുമായ കണ്ടോത്തുംകണ്ടിയിൽ കെ കെ മഹേഷ് (40), ചെറുവാഞ്ചേരി ചെറുവത്തൽ ഹൗസിൽ നാരോത്ത് സുരേന്ദ്രൻ എന്നിവരെ പ്രതിചേർത്താണ് അനുബന്ധ കുറ്റപത്രം. കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലോടെ വിദേശത്തേക്ക് രക്ഷപ്പെട്ട എം മകേഷ് ഒളിവിലാണ്. നാരോത്ത് സുരേന്ദ്രൻ പിന്നീട് മരണപ്പെട്ടു
പൊലീസ് മുമ്പാകെയുള്ള കുറ്റസമ്മത മൊഴിക്ക് പുറമെ ബിജെപി പ്രവർത്തകനുമായുള്ള ഫോൺ സംഭാഷണവും കേസിൽ നിർണായക തെളിവായി. റെക്കൊഡ് ചെയ്‌ത ഫോൺ സംഭാഷണം പ്രതി സുബീഷിന്റെതാണെന്ന് ശബ്ദപരിശോധനയിൽ സ്ഥിരീകരിച്ചു. അക്രമത്തിനിടെ പൊന്ന്യത്തെ കുട്ടി മഹേഷിന് പരിക്കേറ്റിരുന്നു. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ വെട്ടേറ്റ മുറിവാണെന്നും തെളിഞ്ഞു.
തുടരന്വേഷണമില്ലാതെ ഫസൽകേസ്
ജി പവിത്രന് പുറമെ സിപിഎം നങ്ങാറത്ത്‌പീടിക ബ്രാഞ്ചംഗം കെ പി ജിജേഷ്, എൻഡിഎഫ് പ്രവർത്തകൻ ഫസൽ എന്നിവരെകൊലപ്പെടുത്തിയതും താനുൾപ്പെട്ട സംഘമാണെന്ന്‌കുപ്പി
സുബീഷ് കുറ്റസമ്മതം നടത്തിയിരുന്നു. ഇതനുസരിച്ച് കെ പി ജിജേഷ് വധക്കേസിൽ തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി
ധർമ്മടം മണ്ഡലത്തിലെ വിവിധ
പദ്ധതികളുടെപുരോഗതി
മുഖ്യമന്ത്രി വിലയിരുത്തി
തലശ്ശേരി: ധർമ്മടം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ
പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സാംസ്കാരിക വകുപ്പിൻ്റെ നേത്യത്വത്തിൽ നിർമ്മിക്കുന്ന കൾച്ചറൽ സെൻ്ററിൻ്റെ ഡി പി ആർ സെപ്റ്റംബർ 30 ന് അകം തയ്യാറാവും . നാലര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തികരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലയാട് സിനി തീയേറ്ററിൻ്റെ ഡി പി ആർ ഒരു മാസത്തിനകം തയ്യാറാകും .
അഞ്ചരക്കണ്ടി ഫയർ അക്കാദമിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന് തടസ്സമില്ലെന്ന് യോഗം വിലയിരുത്തി. അക്കാദമി സ്ഥാപിക്കുമ്പോൾ പതിനഞ്ച് കുടുംബങ്ങളുടെ വഴി തടസപ്പെടുന്ന സാഹചര്യം ഉണ്ടാവും . ഏറ്റെടുത്ത ഭൂമിയിൽ ഇവർക്കായി പ്രത്യേകം വഴി ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഉണ്ടെന്ന് കണ്ണൂർ ജില്ലാ കളക്ടർ
യോഗത്തിൽ ഉറപ്പ് നൽകി. പിണറായി സ്പെഷ്യാലിറ്റി സെൻ്ററിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി
25 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന നിർദിഷ്ട ഐ ടി പാർക്കിൻ്റെ ഡി പി ആർ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 50000 ചതുരശ്ര അടി വിസ്തീർണമാണ് ഐടി പാർക്കിന് ഉണ്ടാവുക. ഓപ്പൺ എയർ ഓഡിറ്റോറിയവും ,ക്ലബ് ഹൗസും , ഫുഡ് കോർട്ടും ഐടി പാർക്കിൻ്റെ ഭാഗമാകും . 293 കോടി രൂപ മുതൽ മുടക്കിലാണ് പാർക്ക് സ്ഥാപിക്കുന്നത്. 2025 ൽ പദ്ധതി ടെണ്ടർ ചെയ്യും . തുടർന്ന് 30 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ ആണ് ഉദേശിക്കുന്നത്. പാർക്കിലേക്ക് വരുന്ന പനയത്തംപറമ്പ- കീഴല്ലൂർ റോഡ് വീതി കൂട്ടാനും യോഗം തീരുമാനിച്ചു . സയൻസ് പാർക്കിന് ജനുവരിയിൽ തറക്കല്ലിടും.
ഇതിൻ്റെ ഡി പി ആർ അവസാന ഘട്ടത്തിലാണ്.
എ കെ ജി മ്യൂസിയത്തിൻ്റെ ഭാഗമായ ബിൽഡിംഗിൻ്റെ 97% പൂർത്തിയായി. വരുന്ന മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ ആണ് ഉദ്യേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ അതുപോലെ തന്നെ നിലനിർത്തി ലാൻഡ് സ്കേപ്പിംഗ് നടത്തും. ഇത് കൂടി ഉൾപ്പെടുത്തി പുതിയ ഡി പി ആർ തയ്യാറാക്കും .
പിണറായി പൊലീസ് സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം വരുന്ന ഒക്ടോബറിൽ നടക്കും . ഒന്നര കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാവും. മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി വികസനം വരുമ്പോൾ ശുചീകരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബീച്ചിൽ ഇതിന് പറ്റിയ സംവിധാനം ഉണ്ടാവണം. കളക്ടർ , ടൂറിസം , ശുചിത്വമിഷൻ ,പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ഇതിനായി ചേരാനും തീരുമാനമായി.
962 കോടി മുതൽ മുടക്കിൽ പണിയുവാൻ പോകുന്ന കൊടുവള്ളി - കണ്ണൂർ എയർപോർട്ട് റോഡിൻ്റെ ഡി. പി. ആർ പൂർത്തിയായി. പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം പൂർത്തിയായി. 2027 ജൂണിൽ റോഡിൻ്റെ നിർമ്മാണം പൂർത്തിയാവും .
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ഫയർഫോഴ്സ് മേധാവി പദ്മകുമാർ , മ്യൂസിയം ഡയറക്ടർ, ചലച്ചിത്ര കോർപ്പറേഷൻ എംഡി, ഡയറി വകുപ്പ് എംഡി, ടൂറിസം വകുപ്പ് ഡയറക്ടർ, DHS,KRFB എംഡി, കണ്ണൂർ ജില്ലാ കളക്ടർ, ആറളം ഫാം എംഡി,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബോട്ട്ജെട്ടിയുടെ മറവിൽ മണലൂറ്റൽ
തലശ്ശേരി:ധർമ്മടം പഞ്ചായത്ത് പതിനേഴാം വാർഡിലെ പുഴക്കര റോഡ് കുണ്ടും കുഴികളുമായി തീർന്നതിനാൽ യാത്ര ദുർഘടമായി തീർന്നു. ബോട്ട് ജെട്ടിയുടെ മറവിൽ മണലൂറ്റൽ സജീവവുമായി. പുഴയിൽ നിന്നും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി വൻതോതിൽ ആണ് മണൽ ഊറ്റി കടത്തുന്നത് .
അവരിൽ നിന്ന്ചിലർ കമ്മീഷൻ പറ്റിയെന്നും ആരോപിക്കുന്നുമുണ്ട്. ദിനംപ്രതി ടെൻ കണക്കിന് മണ്ണുമായി പോകുന്ന ടോറസ് ലോറി കാരണം ഇവിടുത്തെ റോഡുകളെല്ലാം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതും. ഇത് കാരണം ഈ പ്രദേശത്തേക്ക് ഓട്ടോറിക്ഷ ആംബുലൻസ് മുതലായ വാഹനങ്ങൾക്ക് വരാൻ കഴിയാത്ത അവസ്ഥയിലുമായി. റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ പറഞ്ഞപ്പോൾ കരാറുകാർ പുഴയിൽ നിന്നും എടുത്ത കക്ക ആണ് റോഡുകളിൽ കുഴിയടക്കാൻ ഉപയോഗിക്കുന്നതെ തെന്നുമാണ് പരാതി.
ചിത്രവിവരണം: ബോട്ട്ജെട്ടിയിലേക്കുളള റോഡ്
വയോജന മെഡിക്കൽ കേമ്പ് നടത്തി
മാഹി:പുതുച്ചേരി ആയുഷ് വകുപ്പിന്റെയും മാഹി ആയുഷ്ആരോഗ്യമന്ദിറിന്റേയും ആഭിമുഖ്യത്തിൽ മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ പന്തക്കൽ ഗവൺമെന്റ് ആയുർവേദഡിസ്പൻസറിയിൽ വെച്ച് വയോജന മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
മാഹി .എം എൽ.എ.രാമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി റീജിയണൽ അഡ്മിൻസ്ട്രേറ്റർ ഡി.മോഹൻകുമാർ അധ്യക്ഷത വഹിച്ചു.മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കുബേർ സാംഗ്. മുഖ്യ ഭാഷണം നടത്തി. പന്തക്കൽ പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽഓഫീസർ ഡോ.കെ. മുഹമ്മദ് സംസാരിച്ചു..മാഹി ഗവ: ജനറൽ ഹോസ്പിറ്റലിലെ ഡെപ്യുട്ടിഡയറക്ടർ ഡോ.എ.പി.ഇഷാക് സ്വാഗതവും മാഹി ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ.ടി.ടി.അംഗന നന്ദിയും പറഞ്ഞു
മാഹി ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റൽലെ ചീഫ്ഡെന്റൽ സർജൻ ഡോ.സതീഷ്, മാഹി ആർ.ജി.എ.എം.സി. യിലെ ഡോ.കെ.എസ്.ബിനു. എന്നിവർ ബോധവൽക്കരണ ക്ലാസ്സും
മാഹി ആർ.ജി എം സി യിലെ ഡോ.റീമായുടെ നേതൃത്വത്തിൽ യോഗക്ലാസും നടത്തി.
മാഹി ആർജിഎംസി യിലെ ഡോ.ആർ.എസ്.റെജുലയുടെ നേതൃത്വത്തിൽ നേത്രരോഗ നിർണ്ണയവും ഇ.ഏൻ.ടി. പരിശോധനയും നടന്നു.
നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു
തലശേരി : റോഡുകളിലും ഇടവഴികളിലും ഒഴിഞ്ഞ പറമ്പുകളിലും ദിവസേന പെരുകി വരുന്ന തെരുവ് പട്ടി ആക്രമണ ഭീതിക്ക് പിറകെ പകൽ നേരങ്ങളിൽ കുറുക്കനും നാട്ടിലിറങ്ങിആളുകളെ കടിക്കുന്നു. ഏറ്റവും ഒടുവിലായി കതിരൂരിനടുത്ത കോട്ടയം പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ നിന്നുംകുറുക്കന്റെ കടിയേറ്റ പരിക്കുകളോടെ വയോധികൻ ഉൾപെടെ 4 പേർ കുത്തിവെപ്പ് ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി - സോപാനം വീട്ടിൽ രാജൻ മാസ്റ്റർ (72 ),ചൈതന്യയിൽ ദിനേശൻ ( 52 ),കാർത്തോടി രാജീവൻ (53], കെ.ഭാസ്കരൻ(52) എന്നിവർക്കും നിലാവ് വീട്ടിൽ ഷൽവിനയുടെ ഏതാനും വളർത്തുനായ്ക്കൾക്കും കുറുക്കന്റെ കടിയേറ്റു. സാധാരണയായി രാത്രിയിൽ മാത്രം മറവിൽ നിന്നും പുറത്തിറങ്ങി ഇരതേടുന്ന കുറുക്കന്മാർ രാപകൽ ഭേദമില്ലാതെ നാട്ടിലിറങ്ങി കണ്ണിൽ കണ്ടവരെ കടിക്കുന്നത് പതിവായിട്ടുണ്ട്
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
തലശ്ശേരി : കതിരൂർ പബ്ലിക്ക് വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി കൺസ്യൂമർ ഫെഡ് ഓണച്ചന്തയുടെ ഉദ്ഘാടനം കതിരൂർ പ്രിൻസിപ്പൾ എസ്. ഐ വി എം ഡോളി നിർവ്വഹിച്ചു.. ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് എ പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ഇ ഡി ബീന ആദ്യവിൽപ്പന നടത്തി. ഒ ഹരിദാസൻ , കെ. രാമചന്ദ്രൻ മാസ്റ്റർ, കെ. കെ നാരായണൻ മാസ്റ്റർ,കെ ലതിക സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി പി ജിഷ സ്വാഗതവും വൈ. പ്രസി എൻ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:വി.എം. ഡോളി ഉദ്ഘാടനം ചെയ്യുന്നു.
സെയ്‌താർപ്പള്ളി വാർഡ്
മുസ്ലിം ലീഗ് കൺവെൻഷൻ
തലശ്ശേരി: നഗരസഭ സെയ്‌താർപ്പള്ളി വാർഡിനോട് കാണിക്കുന്ന നിഷേധ നിലപാടിൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. അന്യായമായി നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചതിനെതിരെ സപ്ലൈക്കോ ഓഫീസിന് മുന്നിൽ നടത്തുന്ന ധർണാ സമരം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എ. കെ. സകരിയ അധ്യക്ഷത വഹിച്ചു. നഗരസഭ തല ഭാരവാഹികളായ വി. ജലീൽ, ടി. കെ. ജമാൽ, കെ. സി. ഷബിർ സംസാരിച്ചു. സെയ്‌താർപ്പള്ളി, അമ്പലവട്ടം ശാഖ കമ്മിറ്റികൾ ലയിച്ചു സെയ്‌താർപ്പള്ളി വാർഡ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അറയിലകത്ത് ആബൂട്ടി (പ്രസിഡന്റ്), പി. എം. കെ. അനസ് (വർക്കിങ് പ്രസിഡണ്ട്), പി. പി. സിറാജ്, ഒ. കെ. നിസാർ, കെ. സി. മമ്മൂട്ടി (വൈസ് പ്രസിഡന്റ്റുമാർ), റയീസ് കെ. (ജനറൽ സെക്രട്ടറി), പി. കെ. മുഹമ്മദ് റാഫി, ഇക്ബാൽ പി., റുഫൈസ് വി. പി. (സെക്രട്ടറിമാർ), മഹറൂഫ് മാണിയാട്ട്
ചിത്രവിവരണം:സെയ്‌താർപ്പള്ളി വാർഡ് മുസ്ലിം ലീഗ് കൺവെൻഷനിൽ എ. കെ. സകരിയ സംസാരിക്കുന്നു
ജെ സി ഐ വാരാഘോഷം 15 ന് സമാപിക്കും-
തലശ്ശേരി : ജെ സി ഐ ടെലിച്ചറി ഗോൾഡൻഡ്രീംസ് ചാപ്റ്റർ സമൂഹത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ച് സംഘടിപ്പിച്ചു വരുന്ന വാരാഘോഷ പരിപാടികൾ ഈ മാസം 15 ന് സമാപിക്കും. ഇന്നലെ - (തിങ്കളാഴ്ച ) വൈകിട്ട് പാലയാട്ടെ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഹാളിൽ ഉത്ഘാടനം ചെയ്യപ്പെട്ട വാരാഘോഷത്തിന്റെ തുടർ നാളുകളിൽ മുതിർന്ന ജെ സി ഐ നേതാക്കളെയും മുതിർന്ന പൗരന്മാരെയും ആദരിക്കലും പരിഗണിക്കലും,, മാനസിക ശാരീരിക ആരോഗ്യ പരിശീലനങ്ങൾ സംഘടിപ്പിക്കൽ,. പരിസ്ഥിതി സംരക്ഷണ പരിപാടികൾ, യുവാക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, യുവാക്കൾ നേരിടുന്ന വെല്ലുവിളികളെ മനസിലാക്കൽ,വ്യാപാര മേഖലയെ സംബന്ധിക്കുന്ന പരിപാടികൾ, മികച്ച യുവ വ്യവസായിയെ പുരസ്‌കാരം നൽകി ആദരിക്കൽ, സ്ത്രീ ശക്തീകരണവും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിപാടികൾ, മുതിർന്ന സാമൂഹിക സേവകയായ സ്ത്രീയെ ആദരിക്കൽ തുടങ്ങിയവയാണ് ആസൂതണം ചെയ്ത് നടപ്പാക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാപന ദിവസം.
ചാപ്റ്ററിന്റെ പത്താം വാർഷികാഘോഷവും, കുടുംബ കൂട്ടായ്മ, ഓണാഘോഷം തുടങ്ങിയ പരിപാടികളും നടത്തും . പ്രസിഡണ്ട് ജൂബിഷ് മാത്തളത്ത്, വൈസ് പ്രസിഡണ്ട് ഹരി വിശ്വദീപ്, പാസ്റ്റ് സോൺ ഓഫിസർ പി. വിജിഷ് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വിവാഹം
അംജീഷ് രമേഷ് - കൃഷ്ണദീപ്തി
മാഹി: പുത്തലം ക്ഷേത്രത്തിന്നടുത്ത
ചൂടിക്കോട്ട ഇട്ടിയക്കണ്ടി വേണുഗോപാലിന്റെ മകൾ കൃഷ്ണദീപ്തിയും, മഞ്ചക്കൽ രംഗീതിൽ കുടക്കായി കരിയാണ്ടി രമേഷിന്റെ മകൻ അംജീഷ് രമേഷും വിവാഹിതരായി.
അരുൺ പ്രസാദ് - ശ്രുതി
മാഹി:പുത്തലം ക്ഷേത്രത്തിന്നടുത്ത
ചൂടിക്കോട്ട ഇട്ടിയക്കണ്ടി വേണുഗോപാലിന്റെ മകൻ അരുൺ പ്രസാദും, കൊല്ലം പിറവത്തൂരിലെ ശ്രുതിഭവനിൽ മൻമഥന്റെ മകൾ ശ്രുതിയും വിവാഹിതരായി.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
ഷജിൽ അനുസ്മരണം നടത്തി
മാഹി: ചാലക്കര കളത്തിൽ ഷജിലിൻ്റെ അകാലത്തിലുള്ള ദാരുണാന്ത്യത്തിൽ പള്ളൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എസ്.എസ്.സി ബാച്ച്
(1986 - 87) അനുസ്മരിച്ചു. പള്ളൂരിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, കെ.പി.ഷാജിഷ്, വി.പി.സുരേഷ് ബാബു, കെ.പി.നൗഷാദ്, കെ.കെ.ഷാജ്, സുനിൽ പ്രശാന്ത്, ഗോപിനാഥ്, രമേശൻ, സതീശൻ, സുരേഷ്, പ്രശാന്ത്, സി.പവിത്രൻ, സത്യപാലൻ, കെ.സി. ഷാജി, ചിത്രാഗധൻ, ശ്രീജിത്ത് സംസാരിച്ചു.
ഓണക്കിറ്റുകൾ വിതരണം ചെയ്തു
തലശ്ശേരി :തലശ്ശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന് കീഴിലുള്ള ധർമ്മടത്തെ സ്നേഹകൂടിൽ വച്ച് പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി വ്യവസായിയും ജീവകാരുണ പ്രവർത്തകനുമായ വാസു അത്തോളിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മേജർ പി ഗോവിന്ദൻ സ്വാഗതവും പി.വി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു. കെ.എസ്. ശ്രീനിവാസൻ, മുരിക്കോളി രവീന്ദ്രൻ, പ്രഫ. രാമൻകുട്ടി, ഇ പ്രദീപൻ, എം.പി. അസൈനാർ പി.കെ .വസന്തൻ തുടങ്ങിയവർ സംസാരിച്ചു
ഇ സുലോചന പി ശ്രീജ , ടി സുഗദ സി. സി .വസന്ത് , വി. സ്മൈലേഷ് എന്നിവർ നേത്യത്വം നൽകി.
ചിത്രവിവരണം..വാസു അത്തോളിൽ
വിതരണോദ്ഘാടനം നിർവഹിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group