തലശ്ശേരി: കലയേയും സംഗീതത്തേയും, നെഞ്ചേറ്റുകയും അവയുടെ പ്രചാരകനും സംഘാടകനുമായി മാറുകയും ചെയ്ത അതുല്യ സാംസ്ക്കാരിക നായകനായ തിരുവങ്ങാട്ടെ സി.വി.സുധാകരൻ അരങ്ങൊഴിഞ്ഞിട്ട് ഒക്ടോബർ മൂന്നിന് ഒരു വർഷം തികയുന്നു തലശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും കലാസാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന സുധാകരൻ്റെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമായിത്തന്നെ നിലനിൽക്കുന്നു.
അറിയപ്പെടുന്ന ഗായകനും, നാടകനടനും, മികച്ച സംഘാടകനുമായ സുധാകരൻ, തലശ്ശേരിയിലെ പ്രമുഖ കലാ സ്ഥാപനങ്ങളായ സ്പോർട്ടിങ്ങ് യൂത്ത് സ് ലൈബ്രറിയുടേയും, ശ്യാമയുടേയും, രണ്ട് ദശാബ്ദക്കാലമായി സെക്രട്ടരിയായിരുന്നു. തലശ്ശേരിയിൽ നടക്കുന്ന ഒട്ടുമിക്ക മെഗാ കലാപരിപാടികളുടേയും മുഖ്യ സംഘാടകനായിരുന്നു സുധാകരൻ. 2006 ൽ നടന്ന ദേശീയ ഫിലിം ഫെസ്റ്റിവലിൻ്റെയും, 2019ൽ നടന്ന സംസ്ഥാന ചലച്ചിത്ര മേളയുടേയും 2020 ൽ നടന്ന അന്തർദേശീയ ഫെസ്റ്റിവലിൻ്റേയും മുഖ്യ സംഘാടകനായിരുന്നു. സ്പോർട്ടിങ്ങ് യൂത്ത് സ് ലൈബ്രറി കെട്ടിടത്തിലേക്ക് കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറി കൊണ്ടുവരാനായത് സുധാകരൻ്റെ കഠിന പരിശ്രമത്തിലാണ്.ഗാലറിയിൽ നടന്ന നൂറാമത് ചിത്രപ്രദർശനത്തോടനുബന്ധിച്ച്, നൂറ് ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് നടന്ന ശതവർണ്ണം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയത്തിനും, മതത്തിനുമപ്പുറം വിപുലമായ സുഹൃദ് ബന്ധങ്ങളുള്ള സുധാകരൻ, പഠന - വിനോദയാത്രകളുടേയും, സുഹൃദ് സംഗമങ്ങളുടേയും സൂത്രധാരനും, സംഘാടകനുമാണ്. വിവിധ തുറകളിലെ കലാ-സാംസ്ക്കാരിക പ്രവർത്തകരെ സംഘടിപ്പിച്ച്, ഭാരത യാത്രയടക്കം ഒട്ടേറെ വിജ്ഞാന വിനോദ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ശ്യാമയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഹിന്ദുസ്ഥാനി ,കർണ്ണാട്ടിക് സംഗീതവും കഥക്, സിത്താർ പരിശീലനവും നടത്തി വരുന്നുണ്ട്. ഒപ്പം ചെസ്സ് പരിശിലനവും നൽകി വരുന്നു. ഒട്ടേറെ തെരുവ് നാടകങ്ങൾ ആവിഷ്ക്കരിച്ച് അവതരിപ്പിച്ചിട്ടുണ്ട്.ശ്യാമയിൽ വർഷങ്ങളായി നടത്തി വരുന്ന ജനപ്രിയ പ്രതിവാര പരിപാടിയായ 'എല്ലാരും പാടണ്' സംഗീത പരിപാടി മുടങ്ങാതെ നടത്തി വരുന്നുണ്ട്. പുതിയ തലമുറയിലെ കലാകാരന്മാരെ കണ്ടെത്താന്നും പ്രോത്സാഹിപ്പിക്കാനും സുധാകരൻ കാണിച്ച താത്പര്യം ശ്രദ്ധേയമാണ്. ഒട്ടേറെ കലാപ്രതിഭകൾ വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ വിജയികളായി മാറാൻ ഊർജമായത് ശ്യാമ യിലെ പരിശീലനമായിരുന്നു.സുധാകരനെ മാറ്റി നിർത്തിയുള്ള കലാകായിക സംഗിത സാംസ്ക്കാരിക പരിപാടികൾ ഒരു വാഴവട്ടക്കാലത്തിലേറെയായിതലശ്ശേരിനഗരത്തിൽ നടക്കാറില്ലെന്നത് വസ്തുതയാണ്.
ചിത്രവിവരണം: സി.വി.സുധാകരൻ
ഈ മനോഹര തീരത്ത്
ഇനിയൊരു ജന്മം ....?
വർഷം ഒന്ന് തികയുമ്പോഴും,
മറക്കാനാവുന്നില്ലല്ലോ
പ്രിയ സുഹൃത്തേ നിന്നോർമ്മകൾ....
ജീവിതത്തിലെ അതിസങ്കീർണ്ണമായ ചുഴികളിൽപ്പെട്ടുഴലുമ്പോഴൊക്കെ കൈ പിടിക്കാൻ നീയുണ്ടായിരുന്നുവല്ലോ..
മനസ്സ് തീയിൽ വെന്തെരിഞ്ഞ സന്ദർഭങ്ങളിലൊക്കെ, നിൻ്റെ വാക്കുകളും ശ്യാമ യിലെ സംഗീതവും എനിക്കും കുടുംബത്തിനും ആശ്വാസമായി. എല്ലാം മറന്ന് സന്തോഷിച്ച നാളുകൾ.. ടൗൺ ഹാളിൽ എൻ്റെ വിവാഹത്തിനും ,മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം എൻ്റെ മകളുടെ വിവാഹത്തിനും നീ എല്ലാം മറന്ന് വീട്ടുകാരനായി.ആടിയുംപാടിയും ഉത്സവമാക്കി.
ഒരു മാസത്തോളം നീണ്ട ഭാരത യാത്രയിൽ നമ്മൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഒന്നിച്ച് കിടന്നുറങ്ങി.ആടിപ്പാടി. പെട്ടെന്ന് വീട്ടിലെ അംഗങ്ങൾ വർദ്ധിച്ചത് പോലുള്ള അനുഭൂതി. ഒരു മാസക്കാലം ബസ്സ് നമ്മുടെ വീടായി.ആ യാത്രയിലുണ്ടായിരുന്ന, ഇന്ന് ജീവിച്ചിരിക്കുന്നവരൊക്കെ, ചേതനയറ്റ് കിടക്കുന്ന നിന്നെക്കണ്ട് വിതുമ്പുന്നത് ഇന്നും ഓർക്കുന്നു . മീശ മുളക്കും പ്രായത്തിൽ നീ നഗരത്തിലെ കവലകൾ തോറും അഭിനയിച്ച തെരുവ് നാടകങ്ങൾ കണ്ണുകളിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
സംഗീതവും, നൃത്തവും, നാടകവും, സിനിമയും, വർണ്ണചിത്രങ്ങളുമെല്ലാമുള്ള ഏതോ മനോഹര തീരത്ത് നീ എത്തിയിരിക്കാം. അപ്പോഴും, ഞായറാഴ്ചകളിലെങ്കിലും നീ സങ്കടപ്പെടാതിരിക്കില്ല. കനകേട്ടൻ്റെ ആരും കേൾക്കാത്ത എ.എം.രാജയുടെ പഴയ ഗാനം കേൾക്കാനാവുന്നില്ലല്ലോ എന്നോർത്ത്. പാട്ടു മുറുകുമ്പോൾ ഉച്ചഭാഷിണി പണിമുടക്കിയാൽ, ദിനേശേട്ടനോട് അകാരണമായി ചൊടിക്കാനാവുന്നില്ലല്ലോയെന്നോർത്ത് .. അടിപൊളി പാട്ട് കഴിഞ്ഞിട്ടും തമ്പിയണ്ണൻ കടയിൽ നിന്നും മിഠായിയുമായി ഓടിവരാത്തതെന്തേയെന്നോർത്ത് ... മതിയായ ഹോം വർക്കില്ലാതെ പാടിയ മനോജിൻ്റെ പാട്ടിന് പതിവ് ഗന്ധർവ്വ സ്പർശമില്ലാതെ പോയതിന് പരിഭവപ്പെടാനാകന്നില്ലല്ലോയെന്നോർത്ത് ..
'ഹൃദയമുരുകി നീ .കരയില്ലെങ്കിൽ .... -എന്ന് തുടങ്ങുന്ന രാഘവൻ മാഷിൻ്റെ അതിഭാവതീവ്രമായ ഗാനം പാടാനാവില്ലല്ലോ എന്ന സങ്കടം നിന്നേക്കാൾ കൂടുതൽ ഞങ്ങൾക്കുണ്ട്.
പാതിരാവായില്ല, പൗർണ്ണമി സന്ധ്യക്ക് പതിനേഴോ പതിനെട്ടോ പ്രായം ...
യവന സുന്ദരി ... മാലിനിനദിയിൽ ... തുടങ്ങി എത്രയെത്ര യുഗ്മഗാനങ്ങളാണ് നീ അനശ്വരമാക്കിയത്?
നീ എന്നും ഒന്നാമനാണല്ലോ.. നീ അവിടെ തനിച്ചാവില്ലല്ലോ.ശ്യാമയുടെ സംഗീത രാവുകളെ രാഗാർദ്രമാക്കിയ
നിൻ്റെ അരുമയായിരുന്ന.ഐശ്വര്യ മനോഹരനും, പ്രിയതോഴനായ സത്യനും കൂട്ടായി നിനക്കൊപ്പമുണ്ടല്ലോ.
സങ്കടം താങ്ങാനാവാതെ വരുമ്പോൾ എഴുത്തും.സംഗീതവുമാണ് എൻ്റെ രക്ഷാമാർഗ്ഗം. പലവട്ടം എഴുതി. നിങ്ങളെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്താനും സങ്കടപ്പെടുത്താനുമല്ല ഈ കുറിപ്പ്.. എൻ്റെ സ്വാർത്ഥമായ മനസ്സമാധാനത്തിന് വേണ്ടി മാത്രം' ക്ഷമിക്കുക.
മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, നീ കൺമുന്നിൽ തന്നെ പുഞ്ചിരിച്ച് നിൽക്കുന്നല്ലോ!
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group