ജാതിവിലക്കുകളുടെ ഇരുട്ടിൽ അറിവിന്റെ വെളിച്ചം പകർന്ന അഞ്ചു സഹോദരങ്ങൾ; ഗുണ്ടർട്ടിന്റെ മലയാള പഠനത്തിന് താങ്ങായ ഗുരുനാഥന്മാർ
:ചാലക്കര പുരുഷു
തലശ്ശേരി: ചൊക്ലി കവിയൂരിലെ ഊരാച്ചേരി ഭവനത്തിനു മുന്നിലൂടെയുള്ള വഴിയിലൂടെ കടന്നുപോകുന്നവർ ഇന്നും ഒരു നിമിഷം ആദരവോടെ തലകുനിക്കാറുണ്ട്. മലയാളത്തിന്റെയും സംസ്കൃതത്തിന്റെയും പാണ്ഡിത്യത്താൽ മാത്രമല്ല, ജാതിവിവേചനത്തിന്റെ ഇരുണ്ട കാലത്ത് അറിവിന്റെ ലോകത്തേക്ക് സ്വയം നടന്നുകയറി ചരിത്രത്തിൽ ഇടംനേടിയ അഞ്ചു മഹാപ്രതിഭകൾ ജീവിച്ച വീടെന്ന നിലയിലും ആ തറവാടിന് സവിശേഷമായ സ്ഥാനമുണ്ട്.
അവർണ്ണർക്ക് അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്, സവർണരുടെ പള്ളിക്കൂടത്തിൽനിന്ന് കേട്ടുപഠിച്ച് വിജ്ഞാനത്തിന്റെ വിശാലലോകത്തേക്ക് കടന്നുവന്നവരാണ് ഊരാച്ചേരി ഗുരുക്കന്മാർ. സഹോദരങ്ങളായ ഈ അഞ്ചുപേരുടെ ജീവിതം അറിവിനോടുള്ള അടങ്ങാത്ത അഭിവാഞ്ഛയുടെയും സാമൂഹിക വിലക്കുകളെ മറികടന്ന ആത്മവിശ്വാസത്തിന്റെയും അസാധാരണമായ ചരിത്രമാണ്.
കാലികളെ മേയിച്ച് അറിവിന്റെ ലോകത്തേക്ക്
ഇരുവനാട്ടെ പാട്ടിയമ്മയുടെ മക്കളെ പഠിപ്പിക്കുന്നതിനായി കോലത്തിരി തമ്പുരാൻ പയ്യന്നൂരിനടുത്ത വടക്കേശ്വരത്തുനിന്ന് വരുത്തിയ പണ്ഡിതശ്രേഷ്ഠനായിരുന്നു കുമാരഗുരു. പള്ളിക്കൂടത്തിന്റെ പരിസരത്ത് കാലികളെ മേയ്ക്കാനെത്തിയ കുഞ്ഞിക്കണ്ണനും സഹോദരങ്ങളും ഗുരുവിന്റെ അധ്യാപനം പുറത്തുനിന്ന് ശ്രദ്ധിച്ചുകേട്ടാണ് അറിവിന്റെ ആദ്യപാഠങ്ങൾ സ്വന്തമാക്കിയത്.
അസാധാരണമായ ഓർമ്മശക്തിയും പഠനതാൽപര്യവും തിരിച്ചറിഞ്ഞ തോടെ ഇവർക്ക് പള്ളിക്കൂടത്തിൽ പഠിക്കാൻ അവസരം ലഭിച്ചുവെന്നാണ് പ്രാദേശിക ചരിത്രവിവരണങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെ അറിവിന്റെ പടവുകൾ കയറിയ അഞ്ചു സഹോദരങ്ങളും പിന്നീട് നാട്ടിലെ പ്രശസ്തരായ ഗുരുനാഥന്മാരായി മാറി.
ഇന്നും ആ സരസ്വതീക്ഷേത്രത്തിൽ വിളക്കുവെക്കുന്ന പതിവുണ്ട്. വിജയദശമി നാളിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങും ഇവിടെ നടന്നുവരുന്നു.
കവികളുടെ ഊരായ കവിയൂരിലെ ഒരു സാധാരണ ഈഴവ കുടുംബത്തിൽ ജനിച്ച ഇവർ അക്കാലത്തെ മലയാളം, സംസ്കൃതം ഭാഷകളിലെ പണ്ഡിതന്മാരും പ്രശസ്തരായ വൈദ്യന്മാരുമായിരുന്നു.
ഗുണ്ടർട്ടിന്റെ മലയാള ഗുരുക്കന്മാർ
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ശ്രദ്ധേയമാ യ അധ്യായമാണ് ഊരാച്ചേരി ഗുരുക്കന്മാരും ജർമൻ മിഷനറിയും ഭാഷാപ ണ്ഡിതനുമായ ഡോ. ഹെർമൻ ഗുണ്ടർട്ടും തമ്മിലുണ്ടായിരുന്ന ആത്മബന്ധം. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിന്റെ സാംസ്കാരികവും വൈജ്ഞാ നികവുമായ നവോത്ഥാനത്തിന് സംഭാവന നൽകിയ ഈ ഗുരു-ശിഷ്യബ ന്ധം ഭാഷാചരിത്രത്തിലെ സവിശേഷമായൊരു ഏടാണ്.
ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ 1814-ൽ ജനിച്ച ഹെർമൻ ഗുണ്ടർട്ട് ബാസൽ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 1836-ൽ ഇന്ത്യയിലെത്തി. 1839-ൽ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ താമസമാക്കിയ അദ്ദേഹം മലയാള ഭാഷയെ യും കേരളീയ സംസ്കാരത്തെയും ആഴത്തിൽ പഠിക്കാൻ ശ്രമിച്ചു.
ഈ അന്വേഷണത്തിനിടെയാണ് ചൊക്ലിയിലെ ഊരാച്ചേരി ഗുരുക്കന്മാരെ ക്കുറിച്ച് ഗുണ്ടർട്ട് അറിയുന്നത്.
കുഞ്ഞിക്കണ്ണൻ, കുഞ്ഞിച്ചന്തൻ, ഒതേനൻ, ചാത്തപ്പൻ, കോരൻ എന്നിവരാ യിരുന്നു ഈ അഞ്ചു സഹോദരങ്ങൾ. പുതുശ്ശേരി ഗുരുക്കന്മാർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ വിദ്യാഭ്യാസം നേടുന്നതിന് നിരവധി വിലക്കുകൾ നേരിട്ടിരുന്ന വിഭാഗത്തിൽപ്പെട്ടവരാ യിരുന്നിട്ടും സ്വന്തം പരിശ്രമത്തിലൂടെ മലയാളത്തിലും സംസ്കൃതത്തിലും വേദങ്ങളിലും ജ്യോതിഷത്തിലും വൈദ്യശാസ്ത്രത്തിലും ഇവർ പാണ്ഡിത്യം നേടി.
ഹെർമൻ ഗുണ്ടർട്ട് തന്റെ ഇല്ലിക്കുന്നിലെ ബംഗ്ലാവിലേക്ക് ഊരാച്ചേരി ഗുരുക്കന്മാരെ ആദരപൂർവം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രത്യേകിച്ച് മൂത്ത സഹോദരനായ കുഞ്ഞിക്കണ്ണൻ ഗുണ്ടർട്ടിനെ മലയാളവും സംസ്കൃതവും പഠിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ചരിത്രവിവരണങ്ങളിൽ പരാമർശമുണ്ട്.
ഭാഷയുടെ വ്യാകരണനിയമങ്ങൾക്കപ്പുറം മലയാളത്തിന്റെ തനതായ പ്രയോഗങ്ങൾ, പഴഞ്ചൊല്ലുകൾ, കാവ്യഭംഗി, നാടോടി വിജ്ഞാനീയങ്ങൾ എന്നിവയെല്ലാം ഗുരുക്കന്മാർ ഗുണ്ടർട്ടിന് പരിചയപ്പെടുത്തി. ഭാഷയെ പുസ്തകങ്ങളിൽനിന്നു മാത്രമല്ല, ജനജീവിതത്തിൽനിന്നും പഠിക്കണമെന്ന തിരിച്ചറിവിന് ഈ ബന്ധം സഹായകമായി.
മലയാള ഭാഷാചരിത്രത്തിലെ സംഭാവനകൾ
ഗുണ്ടർട്ടിന്റെ മലയാള ഭാഷാപഠനത്തിനും നിഘണ്ടു-വ്യാകരണ പ്രവർത്ത നങ്ങൾക്കും ഊരാച്ചേരി ഗുരുക്കന്മാരുടെ അറിവും സഹായവും വലിയ പിന്തുണയായിരുന്നുവെന്നാണ് ചരിത്രപരമായ വിലയിരുത്തൽ.
മലയാള ഭാഷയുടെ വ്യാകരണത്തെക്കുറിച്ചുള്ള പഠനങ്ങളും മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ നിർമാണവും ഉൾപ്പെടെ ഗുണ്ടർട്ടിന്റെ പ്രധാന ഭാഷാപരമായ പ്രവർത്തനങ്ങളിൽ നാട്ടിലെ പണ്ഡിതന്മാരുമായുള്ള ഇടപെടലുകൾ നിർണായകമായിരുന്നു.
'കേരളോൽപ്പത്തി', 'കേരളപ്പഴമ', 'ആയിരം പഴഞ്ചൊല്ലുകൾ', 'പാഠമാല' തുടങ്ങിയ കൃതികളിലും മലയാള ബൈബിൾ പരിഭാഷയിലും ഗുണ്ടർട്ടിന്റെ ഭാഷാപഠനവും കേരളീയ പണ്ഡിതരിൽനിന്ന് ലഭിച്ച അറിവും പ്രതിഫലിക്കുന്നു.
മലയാള ഭാഷയുടെ ലിപി, ചിഹ്നനരീതി, വ്യാകരണക്രമം എന്നിവയുടെ ആധുനികവൽക്കരണത്തിലും ഗുണ്ടർട്ട് ശ്രദ്ധേയമായ സംഭാവനകൾ നൽകി.
വിദ്യാഭ്യാസത്തിന്റെ വെളിച്ചം നാട്ടിലേക്കും
വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കണമെന്ന ആശയം ഗുണ്ടർട്ടും പത്നി ജൂലിയും ഇല്ലിക്കുന്നിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെട്ടു. ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ ചൊക്ലിയിലെയും കവിയൂരിലെയും സാമൂഹിക ജീവിതത്തിലും സ്വാധീനം ചെലുത്തി.
സ്വന്തം നാട്ടുകാർക്ക് അക്ഷരവെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ ഊരാച്ചേരി ഗുരുക്കന്മാർ 1871-ൽ ചൊക്ലിയിൽ 'ഗുരുകുലം എൽ.പി. സ്കൂൾ' സ്ഥാപിച്ചതായി പ്രാദേശിക ചരിത്രവിവരണങ്ങളിൽ പറയപ്പെടുന്നു.
സാധാരണക്കാർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അറിവ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ജീവിതത്തിലൂടെ തെളിയിച്ചവരായിരുന്നു അവർ. വടക്കൻ കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് ഈ പ്രവർത്തനങ്ങൾ പ്രചോദനമായി.
ഗുരുക്കന്മാരിൽ ഒരാൾ പ്രശസ്തനായ വൈദ്യനും മറ്റൊരാൾ അംശം അധികാരിയുമായി സേവനമനുഷ്ഠിച്ചിരുന്നതായും പറയപ്പെടുന്നു.
ഭാഷയോടും അറിവിനോടുമുള്ള അഗാധമായ സ്നേഹമാണ് ഒരു ജർമൻ പണ്ഡിതനെയും കേരളത്തിലെ ഒരു ഗ്രാമത്തിലെ അഞ്ചു പണ്ഡിത സഹോദരന്മാരെയും ഒന്നിപ്പിച്ചത്. ജാതിയുടെയോ ദേശത്തിന്റെയോ ഭാഷയുടെയോ അതിർവരമ്പുകൾക്കപ്പുറത്തായിരുന്നു അവരുടെ വൈജ്ഞാനിക ബന്ധം.
1859-ൽ അനാരോഗ്യം കാരണം ഗുണ്ടർട്ട് ജർമനിയിലേക്ക് മടങ്ങി. തലശ്ശേരിയിലെ ഇല്ലിക്കുന്നും അവിടുത്തെ പണ്ഡിതരുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാ യിരുന്നു.ഇന്നും ചൊക്ലി കവിയൂരിലെ ഊരാച്ചേരി ഗുരുക്കന്മാരുടെ തറവാടും തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവും ഈ ചരിത്രബന്ധത്തിന്റെ ഓർമകൾ നിലനിർത്തുന്നു. ഗുണ്ടർട്ട് ബംഗ്ലാവ് ഇന്ന് ഗുണ്ടർട്ട് മ്യൂസിയമായി അറിയപ്പെടുന്നു.
പിൽക്കാലത്തും തുടർന്ന പ്രതിഭാപാരമ്പര്യം
ഊരാച്ചേരി കുടുംബപരമ്പരയുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന പിൽക്കാല പ്രതിഭകളിലും ശ്രദ്ധേയരായ വ്യക്തികളുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ ജഡ്ജിയായിരുന്ന മാഹി ഇടവലത്ത് കക്കാട്ട് കൃഷ്ണൻ, വിഖ്യാത സസ്യശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാൾ, ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും ബഹുഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന പ്രൊഫ. പി. ജയേന്ദ്രൻ എന്നിവർ ഈ പരമ്പരയുടെ ചരിത്രവിവരണങ്ങളിൽ പരാമർശിക്കപ്പെടുന്നു.
ശ്രീനാരായണഗുരുവിന്റെ കസേരയും കട്ടിലും ജീവിതാന്ത്യം വരെ നിധിപോലെ സൂക്ഷിച്ചുവെച്ച വ്യക്തിയെന്ന നിലയിലും പ്രൊഫ. പി. ജയേന്ദ്രനെക്കുറിച്ചുള്ള പരാമർശം ശ്രദ്ധേയമാണ്.
ജാതിവിവേചനവും വിദ്യാഭ്യാസനിഷേധവും നിലനിന്നിരുന്ന ഒരു കാലത്ത് അറിവിന്റെ ശക്തികൊണ്ട് സ്വന്തം ഇടം കണ്ടെത്തിയവരാണ് ഊരാച്ചേരി ഗുരുക്കന്മാർ. അവർ നേടിയെടുത്ത പാണ്ഡിത്യവും പകർന്നുനൽകിയ വിജ്ഞാനവും ഒരു കുടുംബത്തിന്റെ മാത്രം അഭിമാനമല്ല; കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്.
വിദ്യാഭ്യാസം ചിലർക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും അറിവിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറക്കപ്പെടണമെന്നും അവരുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു. കവിയൂരിന്റെ സാംസ്കാരിക ഔന്നത്യത്തിനും വടക്കൻ കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനും ഊരാച്ചേരി ഗുരുക്ക ന്മാർ നൽകിയ സംഭാവനകൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടേണ്ടതാണ്.
ഊരാച്ചേരി ഗുരുനാഥന്മാരുടെ ചരിത്രം ഇനി സ്മാരക ഗാലറിയിൽ
മലയാള ഭാഷയുടെയും സംസ്കൃതത്തിന്റെയും വിജ്ഞാനചരിത്രത്തിൽ തനതായ ഇടം നേടിയ ഊരാച്ചേരി ഗുരുനാഥന്മാരുടെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചൊക്ലിയിലെ ഊരാച്ചേരി ഗുരുക്കൾ സ്മാരക ഗാലറി.
തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ ഊരാച്ചേരി ഹൗസിൽ താമസിച്ചിരുന്ന അഞ്ച് സഹോദരങ്ങളായ ഊരാച്ചേരി ഗുരുനാഥന്മാരുടെ സ്മരണ നിലനിർത്തുന്നതിനായാണ് സ്മാരക ഗാലറി ഒരുക്കിയിരിക്കുന്നത്.
കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ, കുഞ്ഞിക്കോരൻ ഗുരുനാഥൻ, കുഞ്ഞിച്ചന്തൻ ഗുരുനാഥൻ, ചാത്തപ്പൻ ഗുരുനാഥൻ, ഒതേനൻ ഗുരുനാഥൻ എന്നിവരായിരുന്നു ഈ അഞ്ചു സഹോദരങ്ങൾ. മലയാള ഭാഷ, വ്യാകരണം, വേദങ്ങൾ, സംസ്കൃതം, തത്ത്വചിന്ത തുടങ്ങിയ വിജ്ഞാന മേഖലകളിൽ ആഴത്തിലുള്ള അറിവും പാണ്ഡിത്യവും നേടിയ ഇവർ അക്കാലത്തെ ശ്രദ്ധേയരായ ഗുരുനാഥന്മാരായിരുന്നു.
ഇവരിൽ ഒതേനൻ ഗുരുനാഥൻ വിവിധ വിജ്ഞാനശാഖകളിലെ അറിവ് പകർന്നുനൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. മൂത്ത സഹോദരനായ കുഞ്ഞിക്കണ്ണൻ ഗുരുനാഥന് ജർമൻ ഭാഷാപണ്ഡിതനും മിഷനറിയുമായ ഡോ. ഹെർമൻ ഗുണ്ടർട്ടുമായുണ്ടായിരുന്ന ബന്ധവും മലയാള ഭാഷാചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
ചൊക്ലിയിലെ ഊരാച്ചേരി വീട്ടിൽനിന്ന് തലശ്ശേരിയിലെ ഇല്ലിക്കുന്നിലേക്ക് ദിവസവും നടന്നെത്തിയാണ് കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ ഗുണ്ടർട്ടിന് മലയാളവും സംസ്കൃതവും പഠിപ്പിച്ചിരുന്നത്. ഈ ഗുരു-ശിഷ്യ ബന്ധവും ഭാഷാപഠനത്തിലൂടെ കൈമാറിയ അറിവും ഗുണ്ടർട്ടിന്റെ മലയാള ഭാഷാപരമായ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായി. മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ രൂപീകരണത്തിനും ഈ വൈജ്ഞാനിക സമ്പർക്കം സഹായകമായി.
ഊരാച്ചേരി ഗുരുനാഥന്മാരുടെ ജീവിതവും സംഭാവനകളും മാത്രമല്ല, ചൊക്ലിയുടെ ചരിത്രത്തിൽ ഇടംനേടിയ മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവിതവഴികളും സ്മാരക ഗാലറിയിൽ ചിത്രങ്ങളിലൂടെ പരിചയപ്പെ ടുത്തുന്നുണ്ട്.
ഒരു ദേശത്തിന്റെ വിജ്ഞാനപൈതൃകവും ചരിത്രസ്മരണകളും പുതിയ തലമുറയ്ക്ക് കൈമാറുന്ന ഈ ചിത്രഗാലറി ചൊക്ലിയുടെ സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ സ്മാരകമാണ്.
അറിവിന്റെ ലോകത്തേക്ക് സ്വയം നടന്നുകയറി ചരിത്രത്തിൽ ഇടംനേടിയ അഞ്ചു മഹാപ്രതിഭകൾ ജീവിച്ച വീടെന്ന നിലയിലും ആ തറവാടിന് സവിശേഷമായ സ്ഥാനമുണ്ട്.പഴയ കാലത്തെ തി
രുശേഷിപ്പും വർത്തമാന കാലത്തെ ആടയാളപ്പെടുത്തലും ,,
ചിത്രം: ഊരാച്ചേരി ഗുരുനാഥന്മാർ
:ചാലക്കര പുരുഷു
ഗുരുദേവ തിരുശേഷിപ്പ്;
നാടെങ്ങും
വമ്പിച്ച ഒരുക്കങ്ങൾ
തലശ്ശേരി: നന്തിയിലെ വീരപഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിലേക്ക് ഗുരുവിന്റെ തിരുശേഷിപ്പുകൾ ഘോഷയാത്രയായി കൊണ്ടു വരുമ്പോൾ , നവമ്പർ 22 ന് വൈ:4.45ന് മാഹി മുൻസിപ്പാൽ മൈതാനിയിൽ ആത്മീയ വിശുദ്ധി തുടിക്കുന്ന ഉജ്വല വരവേൽപ്പ് നൽകാൻ എസ്.എൻ.ഡി.പി.. ഗുരുധർമ്മസഭാ യോഗങ്ങൾ സംയുക്തമായി തീരുമാനിച്ചു. സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പി.സി.ദിവാനന്ദൻ, രാജേഷ് അലങ്കാർ , പ്രേമൻ കല്ലാട്ട് , കെ.പി. സജീവൻ,ടി.ശശികുമാർ,രാജേഷ് വി.ശിവദാസ് , ജിന ദാസ് സംസാരിച്ചു.
ഗുരുവിനെ ജഗന്നാഥക്ഷേത്രനിർമ്മിതിക്കായി തലശ്ശേരിയിലേക്ക് ക്ഷണിച്ച് കൊണ്ടുവന്ന വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ തറവാടിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് ശ്രീനാരായണ വേലായുധൻ കോവിൽ ട്രസ്റ്റ് ചെയർമാൻ പി.ജ്യോതിഷ് അറിയിച്ചു.
തിരുശേഷിപ്പ് ഘോഷയാത്രക്ക് വൈ.5.30 ന് സൈദാർ പള്ളിക്ക് സമീപം ദീപം തെളിയിച്ച് ഭക്തിനിർഭരമായി വരവേൽക്കുമെന്ന് കൈവട്ടം നരനാരായണമഠം ഭാരവാഹികൾ അറിയിച്ചു. ഏടന്നൂർ, പുന്നോൽ, പഴയ ബസ്സ് സ്റ്റാന്റ് പുതിയ ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിലും സ്വീകരണമൊരുക്കാൻ സംഘാടക സമിതികൾ സജീവമായി പ്രവർത്തിച്ചുവരുന്നു.
ബ്രൺകോമെയ്റ്റ്സ് സംഗമിച്ചു
തലശ്ശേരി:1977-79 കാലത്ത് പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ച വിദ്യാർഥികളുടെ സംഘടനയായ ബ്രൺകോമെയ്റ്റ്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗെറ്റ് ടുഗതർ നടത്തി. കോളേജിൽ എത്തിയതിന്റെ 49 വർഷമാണിത്. ബ്രൺകോ മെയ്റ്റ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് ഗെറ്റ് ടുഗതറാണിത്. ചടങ്ങ് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഡോ - അലോഷ്യസ് ഒ.സി ഉദ്ഘാടനം ചെയ്തു. 2026 ലെ വയലാർ അവാർഡ് നേടിയ കോളേജിലെ തന്നെ ടീച്ചറായ ഡോ.ആർ. രാജശ്രീയെ ചടങ്ങിൽ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. കെ.ശിവദാസൻ ഉപഹാരവും . കെ.ടി. അനിത പൊന്നാടയും അണിയിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഭക്ത വൽസലൻ. കുമാരി പി.കെ. അൽക്ക എന്നിവരെ ആദരിച്ചു. ആർ.രാജശ്രീ .
കെ.ശിവദാസൻ ,ഡോ - പുത്തൂർ മുസ്തഫ, ആശാറാവു. സി.റജുള,. കൃഷ്ണപ്പൻ വയനാട് . കെ.ഭക്തവൽസൻ . ഒ.വി.റഫീഖ്, കെ.സനൽ.പി.വി. ഹരീന്ദ്രനാഥ്. അക്ബർ സിദ്ദീഖ്. ടി.നാരായണൻ, കെ.റഹ്മത്തുള്ള . സത്യൻ മാവിലായി സി. സുജാത പ്രസംഗിച്ചു.
പ്രസിഡണ്ട് പുരുഷോത്തമൻ പടിക്കലേട്ടി അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ കെ.ടി. അനിത സ്വാഗതവും . ആർ.പ്രജയ് നന്ദിയും പറഞ്ഞു.
തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ വിവിധകലാപരിപാടികൾ അരങ്ങേറി.
സ്കൂൾ മേനേജ്മെന്റ് കമ്മിറ്റിയെ അവഗണിക്കുന്നരീതി അവസാനിപ്പിക്കണം
മാഹി:മാഹിയിലെ ഗവൺമെന്റ് സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ
സ്കൂൾ മേനേജ്മെന്റ് കമ്മിറ്റിയെ അവഗണിക്കുന്ന രീതി വിദ്യാഭ്യാസ വകുപ്പ് അവസാനിപ്പിക്കണമെന്നും,മാഹിയിലെ ഗവൺമെന്റ് സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ മാനേജ്മെന്റ്കമ്മിറ്റികൾക്ക് അർഹമായ പരിഗണനയുംപ്രാധാന്യവും നൽകാതെ മാഹി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും, സ്കൂളുകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽകമ്മിറ്റികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന കലോത്സവം പോലുള്ള വിദ്യാഭ്യാസ - സാംസ്കാരിക പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്ക് അർഹമായ സ്ഥാനവും ഉത്തരവാദിത്തവും നൽകേണ്ടതാണ്. മെനേജ്മെന്റ്കമ്മിറ്റികളുടെ പ്രാധാന്യവും ഉത്തരവാദിത്തവും കുറച്ചുകാണിക്കുന്ന വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ പ്രവണത അംഗീകരിക്കാനാവില്ല.
സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് വിനോദസഞ്ചാര ബസുകൾഏർപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും യാത്രാസൗകര്യവും ഉറപ്പു വരുത്തണം.
ചില സ്കൂളുകളിൽ അധ്യാപകരുടെഒത്താശയോടെ ഇടനിലക്കാർ മുഖേന ബസുകൾ മുൻകൂട്ടി ഉറപ്പിക്കുന്നതായും, സർക്കാർ സാമ്പത്തിക - ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന പരാതികൾഉയർന്നി ട്ടുണ്ട്. അതിനാൽ നടപടിക്രമങ്ങൾ പാലിക്കുന്നത് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെമേൽനോട്ടത്തിലുംഅംഗീകാരത്തിലും സുതാര്യമായ രീതിയിൽനടപ്പിലാക്കണം.
സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് ഒരുഅധ്യാപകന് പരിക്കേറ്റ സംഭവം ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സ്കൂളുകളിലെയും കെട്ടിടങ്ങൾ, വൈദ്യുത സംവിധാനങ്ങൾ, വയറിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷണം ഉറപ്പു വരുത്തണം.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ യോഗങ്ങൾ വെറും ഔപചാരികത യായി മാറരുത്. കമ്മിറ്റികളുടെ നിർദേശങ്ങളും തീരുമാനങ്ങളും ബന്ധ പ്പെട്ട അധികാരികൾ അർഹമായ ഗൗരവത്തോടെ പരിഗണിച്ച്സ്കൂളുകളു ടെ സമഗ്രമായപുരോഗതിക്കുംവിദ്യാർത്ഥികളുടെ .സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പാക്കണമെന്നും വാർത്താ സമ്മേളനത്തിൽ എസ്.എം.സി. ഭാരവാഹികളായ അൻസിൽ അരവിന്ദ്, പി.പി.പ്രേമരാജ്, സിനി.കെ.എൻ, സന്ദീപ് എം എന്നിവർ ആവശ്യപ്പെട്ടു.
നിടുമ്പ്രം ഗ്രാമത്തിന്റെ അനുമോദനം .
ചൊക്ലി:വിശിഷ്ട സേവനത്തിന്, മുഖ്യമന്ത്രിയുടെ പൊലീസ് മെനേടിയ നിടുമ്പ്രത്തെ ഇളന്തോടത്ത് മിത്തൽ ഇ എം സുരേഷിനെയും, വീട്ടുമുറ്റത്ത് കളിക്കാൻ ഇറങ്ങിയ നിടുമ്പ്രം വെള്ളച്ചേരി അൽ - ഇസ വീട്ടിലെ ഫൈസ് റബ്ബാനി ന്യൂ മാഹി എം എം സ്ക്കൂളിലെ ആറാം ക്ലാസ്സുകാരൻ തന്റെ അയൽപക്കക്കാരായായ ഷെമി മഹലിലെ ഹമ്ദാൻ, ഹാമീദ് എന്ന തന്നെക്കാൾ പ്രായം കുറഞ്ഞ കൂട്ടുകാരെ തെരുവുനായ കടിക്കാൻ വന്നപ്പോൾ തന്റെ കൊച്ചു സൈക്കിൾഉപയോഗിച്ച് പ്രതിരോധത്തിലൂടെ രക്ഷിച്ചെടുക്കുകയായിരുന്നു. ഇ എം സുരേഷിനെയും, ഫൈസ് റബ്ബാനിയെയും ഒന്നാം വാർഡ് വികസന സമിതിയുടെ നേതത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ പി. അജീന്ദ്രന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺപി.ജയചന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഇ എം സുരേഷിനെയും, ഫൈസ് റബ്ബാനിയെയും ആദരിച്ചു. ചൊക്ളിഅബ്ദൂൾ ഖാദർ കൾച്ചറൽ സെന്ററിന്റെ ഉപഹാരംതാജൂ കുലോത്ത നൽകി.കെ.മുകുന്ദൻ, കെ.കെ.പ്രദീപ്, പ്രിൻസിപ്പാൾ.ഇ എം സത്യൻ, നിധീഷ് കേളോത്ത്, കെ.വി. സുനിൽ, താജൂ കുലോത്ത് തുടങ്ങിയവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എം.കെ. റിജിന സ്വാഗതം പറഞ്ഞു.
വിമലൻ നിര്യാതനായി.
മാഹി:ഇടയിൽ പീടികയ്ക്ക് സമീപം കോടിയേരി വയലിൽ കോട്ടേൻ്റവിട വിമലൻ (57) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ബിന്ദുകുമാരി (ചമ്പാട്). മക്കൾ: ശ്രീനന്ദ്, ശിവദ. സഹോദരങ്ങൾ: വിനോദൻ, വിജിന.
ഖത്തർ ബി ഡി കെ സിങ്കിൾ ഡോണർ പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി:- .ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തി | ൽ പ്രത്യേക പ്ലേറ്റ്ലെറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടന്ന പ്ലേറ്റ്ലെറ്റ് ഡൊണേഷൻ ക്യാമ്പിൽ 52 പേർ പങ്കെടുത്തു.28 പേർ പ്ലേറ്റ്ലെറ്റും കുറച്ച് പേർ ബ്ലെഡ് സെന്ററിൽ രക്തദാനവും ചെയ്തു.
ബി ഡി കെ പ്രസിഡന്റ് സബിൻ, വൈസ് പ്രസിഡന്റ് റിയാസ്, ജോയിന്റ് സെക്രട്ടറി രഞ്ചിത്, ഇവന്റ് കോർഡിനേറ്റർ ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മുഷ്താഖ്, മുഹമ്മദ് റാഷിദ്,എ.പി.റാഷിദ് എന്നിവരടങ്ങിയ ബി ഡി കെ ടീം പ്ലേറ്റ്ലെറ്റ് നൽകിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.മാഹിയിലെയും, തലശ്ശേരിയിലെയുമടക്കം കേരളത്തിലെ മിക്കതാലൂക്കുകളിലുമുള്ളവർ പ്ലേറ്റ്ലെറ്റ് ദാനക്യാമ്പിൽ പങ്കെടുത്തു. ജോലിത്തിരക്കിനടയിൽ ആഴ്ചയിൽ കിട്ടുന്ന ലീവിന് ഒന്നര മണിക്കൂറോളം പ്ലേറ്റ്ലെറ്റ് ദാനത്തിന് ചിലവഴിക്കാൻ മണിക്കൂറുകൾ യാത്ര ചെയ്ത് ബ്ലഡ് സെന്ററിൽ എത്തിയവർ മലയാളികൾക്ക് അഭിമാനമായി.
വർഷത്തിൽ എല്ലാമാസവും 100 ൽ കൂടുതൽ പേരെ സംഘടിപ്പിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാറുള്ള ഖത്തർ BDK,ബ്ലഡ് സെന്ററിലെ രക്തത്തിന്റെ ആവശ്യങ്ങൾ അനുസരിച്ച്ഇതുപോലുള്ള പ്ലേറ്റ്ലെറ്റ് ക്യാമ്പുകളടക്കം നടത്താറുണ്ടെന്നും,നവംമ്പർ 27 ന് സന്നദ്ധ രക്തദാന ക്യാമ്പും, ഡിസംബർ 18 ന് ഖത്തർ നേഷനൽ ഡേയുമായി ബന്ധപ്പെട്ട് മെഗാ സന്നദ്ധ രക്തദാന ക്യാമ്പും ഫ്രീ മെഡിക്കൽ ക്യാമ്പും ഖത്തർ ബി ഡി കെ നടത്തുന്നുണ്ടെന്നും പ്രസിഡന്റ് സബിൻ കൊല്ലം,ക്യാമ്പിൽ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ച് കൊണ്ട് സംസാരിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിന് ബി ഡി കെ ഖത്തർ പ്രസിഡന്റ് സബിൻ കൊല്ലം, ജോയിന്റ് സെക്രട്ടറി രഞ്ചിത്ത് തൃശൂർ , വൈസ്പ്രസിഡന്റ് റിയാസ് കൊല്ലം, ഇവന്റ് കോ-ഓർഡിനേറ്റർ ഫൈസൽ തൃശൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു, മുസ്താഖ്, റാഷിദ് എന്നിവർ നേതൃത്വം നൽകി.
ജി.കെ.എച്ച്. പദ്ധതി ഉദ്ഘാടനം ചെയ്തു
കതിരൂർ: കതിരൂർ സർവീസ് സഹകരണ ബാങ്ക് 18നും 35നും ഇടയിൽ പ്രായമുള്ള പുതുതലമുറയെ ബാങ്കുമായി ബന്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ജി.കെ.എച്ച്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രശസ്ത സിനിമാനടി കുമാരി മീനാക്ഷി നിർവഹിച്ചു.
യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ 1,100 പുതിയ അംഗങ്ങളെ ബാങ്കിൽ ചേർക്കാൻ കഴിഞ്ഞു. ഇവർക്ക് ആവശ്യമായ ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ക്യാമറ, സൈക്കിൾ, വെഹിക്കിൾ എന്നിവ വാങ്ങുന്നതിനുള്ള വായ്പകൾ ഡിസംബർ 31 വരെ കുറഞ്ഞ പലിശനിര ക്കിൽ ലഭ്യമാക്കും.
പദ്ധതിയുടെ ഭാഗമായി വായ്പാ വിതരണവും പ്രചാരണത്തിന്റെ ഭാഗമാ യി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും കുമാരി മീനാക്ഷി നിർവഹിച്ചു.
തലശ്ശേരി എം.എൽ.എ. കാരായി രാജൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ, പിണറായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രത്നാകരൻ, കെ.സി.ഇ.യു. സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബാങ്ക് സെക്രട്ടറി എം. രാജേഷ്ബാബു സ്വാഗതവും അസിസ്റ്റന്റ് സെക്ര ട്ടറി എൻ. ബിന്ദു നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ബി.കെ.എച്ച്. പദ്ധതി
പ്രശസ്ത സിനിമാനടി കുമാരി മീനാക്ഷി നിർവഹിക്കുന്നു.
വി.കെ.ചന്ദ്രൻ മാസ്റ്റർ നിര്യാതനായി
ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജ് പഠന വിഭാഗത്തിന് കൈമാറി
മാഹി: സാമൂഹ്യ സാംസ്ക്കാരിക രംഗത്തെനിറസാന്നിധ്യമായപള്ളൂർ കോഹിനൂർ ഫുട്പാത്തിനു സമീപം ഉദ്യമത്തിൽ വി.കെ.ചന്ദ്രൻ മാസ്റ്റർ (81) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: നിധിന, നിമ്ന. മരുമക്കൾ: ബൈജു, പിയൂഷ്. സഹോദരങ്ങൾ: പരേതരായ ശേഖരൻ, സുരേഷ് ബാബു, ദേവൂട്ടി, ജാനു, ശൈലജ. ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജ് പഠന വിഭാഗത്തിന് കൈമാറി.
റോബോട്ടിക് ടെലി സർജറി സിസ്റ്റം വികസിപ്പിച്ചെടുത്ത മാഹി സ്വദേശിക്ക് അമേരിക്കൻ പാറ്റെന്റ്
മാഹി: മാഹി-അഴിയൂർ സ്വദേശി റോബോട്ടിക് ടെലി സർജറി സിസ്റ്റത്തിൽ അമേരിക്കൻ പാറ്റെന്റ് കരസ്ഥമാക്കി. റോബോട്ടുകളുടെ സഹായത്തോടെ വിദൂര രാജ്യങ്ങളിലിരുന്ന് മറ്റൊരു രാജ്യത്തുള്ള രോഗികളുടെ ശസ്ത്രക്രിയ ചെയ്യുന്ന സിസ്റ്റം വികസിപ്പിച്ചെടുത്തതിനാണ് ഡോ. സജീഷ് കുമാറിന് US Patent and Trademarks ൽ നിന്നും പാറ്റെന്റ് ലഭിച്ചത്.
അമേരിക്കയിലെ ടെന്നസ്സി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആണ് ഡോ.സജീഷ് കുമാർ.
വിദൂര ശസ്ത്രക്രിയ (ടെലിസർജറി) യെ കുറിച്ച് ആധികാരികമായുള്ള ആദ്യ പുസ്തകം ഇദ്ദേഹവും ഫ്രാൻസിലെ ഡോ. ഴാക് മാർസോവും ചേർന്നു രചിച്ചതാണ്. സാമൂഹ്യ-ആരോഗ്യ സേവനം, ലൈസൻസ്ഡ് പൈലറ്റ് - സിംഗിൾ എൻജിൻ വിമാനം പറത്തൽ, സ്കൂൾ കുട്ടികളുമായി ശാസ്ത്ര സംവാദം എന്നിവയിൽ വ്യാപൃതനാണ് ഡോ. സജീഷ് കുമാർ. മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥിയാണ്.
പള്ളൂരിലെ വേലികേളോത്ത് രാഘവന്റെയും, അഴിയൂർ കോറോത്ത് മാനംചാലിൽ പരേതയായ കമലദേവിയുടെയും മകനാണ്.
മുകുന്ദൻ നിര്യാതനായി.
ചൊക്ലി,കാഞ്ഞിരത്തിൻ കീഴിൽ കുഞ്ഞിപ്പറമ്പത്ത് മുകുന്ദൻ (80) നിര്യാതനായി. പരേതരായ ചീരുവിന്റെയും അച്ചുതന്റെയും മകനാണ്.സി.പി.എമ്മിൻ്റെ പഴയ കാല പ്രവർത്തകനും നല്ല വായന ക്കാരനുമായിരുന്നു.അസുഖമായികിടക്കുന്ന സമയത്ത് 3,000 ത്തോളം പുസ്തകങ്ങൾ വായിച്ചു തീർത്ത അദ്ദേഹത്തെ കവിയൂർ രാജൻ സ്മാരക വായനശാല ഗ്രാമപഞ്ചായത്തിലെ ഒന്നാമത്തെ വായനക്കാ എന്ന നിലയിൽ ആദരിച്ചിരുന്നു.
മക്കൾ. കെ.പി. ഷാജി(സി.പി. എം കാഞ്ഞിരം സൗത്ത് ബ്രാഞ്ച് മെമ്പർ),
ഷാലി,.ജാമാതാവ്. പവിത്രൻ(പുന്നോൽ)കാരായി രാജൻ എം എൽ എ വസതിയിലെത്തി അനുശോചനമറിയിച്ചു.
അനുശോചിച്ചു
തലശ്ശേരി:എൻസിപി (എസ്പി) തലശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചാലിൽ മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ജോസ് പ്രകാശിന്റെ നിര്യാണത്തിൽ എൻസിപി (എസ്പി) തലശ്ശേരി ബ്ലോക്ക് കമ്മിറ്റി യോഗം അനുശോചിച്ചു. യോഗത്തിൽപുരുഷു വരക്കുൽ അദ്ധ്യക്ഷത വഹിച്ചു, പി. പ്രസന്നൻ, എം.സുരേഷ്ബാബു, വി.എൻ . വത്സരാജ്, കെ. മുസ്തഫ, കെ.പി.വത്സരാ ജൻ,പി കെ.രാഗേഷൻ, റജിന പ്രവീൺ കെ.പി.കെ. ആനന്ദൻ സംസാരിച്ചു.
ജഗന്നാഥ ക്ഷേത്ര ത്തിൽ മണ്ഡല മഹോത്സവം തുടങ്ങി
തലശ്ശേരി: ശ്രീ ജഗന്നാഥക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് തുടക്കമായി. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിൽ വൈ 6.30 ന് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പുനലൂർ പ്രഭാകര സ്വാമികൾ, പ്രേമാനന്ദ സ്വാമികൾ,സി.പി.നായർ ,രമ്യ മനോജ് ഉല്ലല , സുലേഖ ടീച്ചർ കോട്ടയം, സോഫി വാസുദേവൻ, വികാസ് നരോൻ , ലീന ടീച്ചർപയ്യനൂർ, ബിബിൻ ഷാൻ കോട്ടയം, രഞ്ജൻ കയനാടത്ത് , ധന്യ ബൻസിലാൻ, സുനിൽ മാസ്റ്റർ, ദിലീപ് വാസവൻചങ്ങനാശേരി, പത്മനാഭൻ മാസ്റ്റർ തൃക്കരിപ്പൂർ , കുമാരി സ്വാതി ഗിരീഷ് കോട്ടയം, സ്വാമി ബാലകൃഷ്ണൻ , എന്നിവർ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിലായി ഭജൻസ് , സംഗീതാരാധന. ഭക്തി ഗാനമേള, ഭജനാമൃതം, നൃത്തനൃത്യങ്ങൾ, വയലിൻഫ്യൂഷൻ, അരങ്ങേറ്റം , പ്രാണനൃത്തോത്സവം, തിരുവാതിരക്കളി എന്നിവയുണ്ടാകും.
നവമ്പർ 29 ന് മാതൃസമിതി വാർഷികം കലാപരിപാടികൾ. എന്നിവയു ണ്ടാകും. ഡിസമ്പർ രണ്ടിന് ദിവ്യശ്രീ ചൈതന്യസ്വാമികളെക്കുറിച്ച് സ്വാമി പ്രേമാനന്ദ അനുസ്മരണ ഭാഷണം നടത്തും.
തുടർന്ന് സംഗീതസംവിധായകൻ കെ.രാഘവൻ മാസ്റ്റർക്കുള്ള ഗാനസ ന്ധ്യ രാഘവീയം"ഡിസമ്പർ
20ന് വൈ.. 6.30 അയ്യപ്പ വിളക്ക്. എള്ളുതിരി സമർപ്പണം. ഭജന പ്രഭാഷണം 24 ന് ധനുമാസത്തിലെ തിരുവാതിര. 26, 27, 28 തിയ്യതികളിൽ വൈ: 3 മണി മുതൽ പ്രാണാ ഫെസ്റ്റ് നൃത്തോത്സവം ഡിസമ്പർ 27 ന് വൈ:.6.30 സർവ്വൈശ്വര്യ പുജ. ഗുരുദേവ വിഗ്രഹ ശതാബ്ദി സമ്മേളനം
ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവംതുടങ്ങി
മാഹി: പുണ്യ പുരാതനമായ ചെമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേതത്തിലെ കാർത്തിക മഹോത്സവം നവംബർ 17 മുതൽ 25 വരെ ക്ഷേത്ര ആചാര അനുഷ്ഠാന കർമ്മങ്ങോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിപ്പാടിൻ്റ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കുകയാണ്
ഇന്നലെ വൈകുന്നേരം 6 ന് കലവറ നിറക്കൽ നടന്നു.
18 ന് രാത്രി 8നും 8.30 നും ഇടയിൽ കൊടിയേറ്റം
9 ന് തിരുവാതിരക്കളി
19 ന് രാത്രി 9 ന് കരോക്കെ ഗാനമേള
20 ന് രാത്രി 9 ന് കരോക്കെ ഗാനമേള
21 ന് രാവിലെ 8ന് ഉത്സവബലി, ഉത്സവബലിദക്ഷിണ
6.30 ന് കരോക്കെ ഗാനമേള
9.30 ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം
22 ന് വൈകുനേരം 6.30 ന് പ്രഭാഷണം, അഡ്വ: അശോകൻ പള്ളൂർ (ക്ഷേത്ര ആരാധന എന്ന വിഷയത്തിൽ സംസാരിക്കും)
9.30 ന് സംഗീത നൃത്ത വിരുന്ന്
23 ന് വൈകുന്നേരം 6.30 ന് ഭജന (ശ്രീ കുറുബഭഗവതിക്ഷേത്രഭജന സമിതി മാഹി )
9 ന് കലാപരിപാടികൾ (അവതരണം മാതൃ സമിതി)
24 ന് രാവിലെ 11 ന് കാർത്തിക അഭിഷേകം, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം, രാത്രി 8ന് നഗര പ്രദിക്ഷണം തുടർന്ന് പള്ളിവേട്ട
25 ന് രാവിലെ 10.30 ന് യാത്രാ ബലി ( ആറാട്ട് കടവിൽ എഴുന്നള്ളത്ത)
11 ന് ആറാട്ട്, കൊടിയിറക്കം, തുടർന്ന് പ്രസാദഊട്ട്
ഡിജിറ്റൽ കറൻസി പദ്ധതിനടപ്പിലായി
മാഹി:സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള പൊതുവിതരണ ശൃംഖല കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) പദ്ധതി വഴിയുള്ള സേവനങ്ങൾ ആരംഭിച്ചു
ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട (വൈറ്റ്ലിസ്റ്റ് ചെയ്ത) ചുവപ്പ് റേഷൻ കാർഡ് ഉടമകൾക്ക് അംഗീകൃത കടകള്‍ വഴി ഭക്ഷ്യധാന്യങ്ങളും പയറുവർഗ്ഗങ്ങളും കൈപ്പറ്റാവുന്നതാണ്: കാനറാ ബാങ്ക് ഡിജിറ്റല്‍ റുപീ ആപ്പ് വഴിയോ വൈറ്റ്ലിസ്റ്റ് ചെയ്യപ്പെട്ട മൊബൈല്‍ നമ്പറില്‍ ലഭിച്ച വൗച്ചര്‍ കോഡ് വഴിയോ താഴെ നല്‍കിയിരിക്കുന്ന കടകളില്‍ നിന്നും മേല്പറഞ്ഞ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
പള്ളൂര്‍, മാഹി കാനറ ബാങ്കുകള്‍ ഈ ഓഫീസിലേക് നല്കിയ കടകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. സംശയങ്ങള്‍ക്ക് പള്ളൂര്‍, മാഹി മേഖലകളിലെ കാനറ ബാങ്കുകളുമായി ബന്ധപ്പെടാവുന്നതാണ്.
കട / കടയുടമയുടെ പേര് കടയുടെ വിലാസം
അരോമ സൂപ്പര്‍ മാര്‍ട്ട് മൃഗാശുപത്രിക്ക് സമീപം, പള്ളൂര്‍
എയ്സ് മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ആയുര്‍വേദ ആശുപത്രിക്ക് സമീപം, ചാലക്കര
വിനായക സ്റ്റോര്‍ കാനറ ബാങ്കിന് സമീപം
കൊയ്യോട്ടു തെരു, പള്ളൂര്‍
ദില്‍ന ട്രേഡേഴ്സ് ഐ.കെ.കുമാരന് മാസ്റ്റര്‍ റോഡ്, മാഹി
മാഹി കൺസ്യൂമര്‍ കോ. ഓപറേറ്റിവ് സ്റ്റോര്‍സ് മാഹി റെയില്‍വേ സ്റ്റേഷന് റോഡ്, മാഹി
യൂലിയ സ്റ്റോര്‍സ് സെന്റ് തെരേസാ ബസിലിക്കയ്ക്ക് സമീപം, മാഹി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group























































