തലശ്ശേരി: ലോക ഗുരു മലബാറിലാദ്യമായി ക്ഷേത്രം പണിയുന്നത് ഒരു നാടിന്റെയാകെ അഭ്യർത്ഥന മാനിച്ച് തലശ്ശേരിയിലായിരുന്നു. മധ്യ-തെക്കൻ കേരളത്തെ അപേക്ഷിച്ച് ഉച്ഛനീചത്വങ്ങൾ തുലോം കുറവായിരുന്നു തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും . ഇവിടെ ഉന്നത വിദ്യാഭ്യാസം നേടാൻ പിന്നോക്ക വിഭാഗക്കാർക്ക് അവസരം ലഭിച്ചിരുന്നു. തൊട്ടടുത്ത , ഫ്രഞ്ചുകാർ ഭരിച്ചിരുന്ന മാഹിയിലാവട്ടെ ഫ്രഞ്ചുകാർ പുലർത്തിയ സമഭാവന മുലം ജാതി വിവേചനമുണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ തലശ്ശേരിയും മാഹിയും ഗുരുവിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളുമായിരുന്നു.
നവോത്ഥാനപ്രഭ ചൊരിഞ്ഞ ജ്യോതിസ്
ക്ഷേത്രനിർമ്മിതിയുമായി ബന്ധപ്പെട്ട് ഗുരുവിന്റെ തുടർച്ചയായ സാന്നിധ്യം ജാതീയതയുടെ വേരറുക്കാനും , മാനവികതയുടെ മഹത്തായ ദർശനം മനുഷ്യ മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാനും സാധിതമായി. 1908 ൽ തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ചു കൊണ്ട് തന്റെ കർമ്മ സരണിയിൽ തലശേരിയേയും നവചിന്തകളുടെ പ്രഭവ കേന്ദ്രമാക്കി. മഹാഗുരുവിന്റെ ജീവിത കാലത്ത് തന്നെ 1927 സപ്ത സർ 11 നാണ് ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഗുരുദേവന്റെ പഞ്ചലോഹപ്രതിമ സ്ഥാപിക്കപ്പെട്ടത്. ലോകത്തിലെ തന്നെ ആദ്യ ഗുരുദേവ പ്രതിമയാണിത്. അതിന്റെ നുറാം വാർഷികാഘോഷങ്ങൾ നടന്നു വരികയാണ്.
ഊരാച്ചേരി ഗുരുനാഥന്മാർ
മലയാളത്തിന് ആദ്യമായി ഒരു വർത്തമാന പത്രവും, മാസികയും, നിഘണ്ടുവുമെല്ലാം സമ്മാനിച്ച ഹെർമ്മൻ ഗുണ്ടർട്ടിന് മലയാളവും, സംസ്കൃതവും വൈദ്യവുംവ്യാകരണവും പകർന്നേകിയത് ഊരാച്ചേരി ഗുരുക്കന്മാരായിരുന്നു. ചൊക്ലിയിലെ കവികളുടെ ഊരായ കവിയൂരിൽ ജനിച്ചു വളർന്ന ഈ സഹോദരന്മാർ,തലശ്ശേരി ഇല്ലിക്കുന്നിൽ കാൽനടയായി എത്തിയാണ് ഗുണ്ടർട്ടിന് മലയാള ഭാഷ പകർന്നേകിയത്. ഇവരുടെ താവഴിയിൽപ്പെട്ട ഒരു കുടുംബം താമസിച്ചിരുന്നത് ജഗന്നാഥ ക്ഷേത്രത്തിന് തൊട്ടടുത്തായിരുന്നു. തികഞ്ഞ ഗുരുഭക്തരായ ഇവരുടെ വീട്ടിൽ പലപ്പോഴായി ഗുരു താമസിച്ചിട്ടുണ്ട്. ദശകങ്ങൾക്ക് മുമ്പ് ഈ വീട്ടുകാർ വീട് വിറ്റെങ്കിലും ഗുരു ഉപയോഗിച്ചിരുന്ന അമൂല്യങ്ങളായ കട്ടിലും, കസേരയും തങ്ങൾക്കൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.
ഗുരുഭക്തനായ പ്രൊഫ: പി.ജയേന്ദ്രൻ
ഊരാച്ചേരി ഗുരുക്കന്മാരുടെ പരമ്പരയിലെ പിന്തുടർച്ചക്കാരനും, മഹാഗുരുവിൻ്റെ അനുഗ്രഹങ്ങൾ കൊണ്ട് സാംസ്കാരിക ഔന്നത്യങ്ങൾ സ്വായത്തമാക്കുകയും ചെയ്ത ജഗന്നാഥക്ഷേത്രത്തിനടുത്ത അറക്കളം തറവാട്ടംഗവുമായ പ്രൊഫ: പി.ജയേന്ദ്രൻ ദശകങ്ങളായി കോഴിക്കോടിൻ്റെ സാംസ്ക്കാരിക ജീവിതത്തിലെ അവിഭാജ്യഘടകമാണ്. മലയാളത്തിന് പുറമെ, ഇംഗ്ലീഷ് ബംഗാളി സംസ്കൃതം, പേർഷ്യൻ ഭാഷകളിൽ അനിതരസാധാരണമായ സിദ്ധിവൈഭവമുണ്ടായിരുന്നു. ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നഈഗുരുനാഥൻ്റെക്ലാസ്സുകളിൽ കവിതകളും ലോക ക്ലാസ്സിക് കഥകളും ചാലിട്ടൊഴുകുമായിരുന്നു.രവീന്ദ്ര നാഥ ടാഗോറിൻ്റെ വീടായ ശാന്തിനികേതനിലെ ,പൗഷാലി, എന്ന പേരു തന്നെയാണ് ജയേന്ദ്രൻ മാഷ് കരുവിശ്ശേരിയിലെ തൻ്റെ വീടിനും നൽകിയത് .പേരിനെ അന്വർത്ഥമാക്കും വിധം അലമാരകൾ നിറഞ്ഞ് കവിഞ്ഞ് കട്ടിലിലും, മേശകളിലും ജനൽപടികളിലും,ഗോവണികളിലുമെല്ലാം വിലപ്പെട്ട ഗ്രന്ഥങ്ങളുള്ള അത്യപൂർവ്വമായ ഗ്രന്ഥപ്പുര തന്നെയാണ് ഈ അക്ഷരവീട്. തൻ്റെ മുൻഗാമികൾ താമസിച്ചിരുന്ന ജഗന്നാഥക്ഷേത്രത്തിന്നടുത്തുള്ള തറവാട് വീട്ടിൽ പലപ്പോഴും ശ്രീനാരായണഗുരു താമസിക്കാനെത്തിയിരുന്നു. ഗുരുവിന് വിശ്രമിക്കാനും കിടക്കാനും വേണ്ടി മാത്രം വീട്ടുകാർ വാസ്തുശിൽപ്പചാരുതയാർന്ന ചാരു കസേരയും,കട്ടിലും നിർമ്മിച്ചിരുന്നു. വിഖ്യാതസംഗീതജ്ഞൻ കെ.രാഘവൻമാസ്റ്റരാണ് ,ശരവണം ' എന്ന ആ വീട് വാങ്ങിച്ചത്. എന്നാൽ ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും ജയേന്ദ്രൻ മാഷിൻ്റെ മാതാപിതാക്കൾ സൂക്ഷിച്ചുവെച്ചു. ജയേന്ദ്രൻ മാഷിൻ്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തുക്കൾ പലരും സമീപിച്ചെങ്കിലും മരണം വരെയും മാഷ് വിട്ടു നൽകിയില്ല. ഗുരുതാമസിച്ചിരുന്ന ശരവണം വീട്ടിൽ ഇപ്പോഴുംപൂജാമുറിയുണ്ട്. വായിച്ചു തീരാത്ത ഒരുസർവ്വവിജ്ഞാനകോശമായിരുന്നു പ്രൊഫ:ജയേന്ദ്രൻ .പുസ്തകങ്ങളെ പ്രണയിച്ച മാഷ്അ വിവാഹിതനായിരുന്നു. പ്രസിദ്ധനായ ഈ ഇംഗ്ലീഷ് അധ്യാപകൻ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു
കുഞ്ഞമ്പുവിന്റെയും രോഹിണിയുടെയും മകനായി തലശ്ശേരിയിലാണ് ജനിച്ചത്. വിഖ്യാത നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ സഹപാഠിയായിരുന്നു ജയേന്ദ്രൻ, ഇർവിങ് സ്റ്റോൺ എഴു തിയ വിൻസെൻ്റ് വാൻഗോ ഗിന്റെ ജീവചരിത്രനോവലായ 'ലസ്റ്റ് ഫോർ ലൈഫ്' എന്നകൃതി'ജീവിതാസക്തി' എന്ന പേരിൽ മൊഴിമാറ്റി ക്കൊണ്ടാണ് വിവർത്തനരംഗത്തക്ക് പ്രവേശിച്ചത്. രബീന്ദ്രനാഥടാഗോറിന്റെ പ്രശസ്ത നോവലായ 'ഷെഷേർ കൊബിത', ജർമൻ എഴുത്തു കാരനായ എന്റ്റിക് മരിയ റിമാർക്കിന്റെ യുദ്ധനോവലായ 'ഓൾ ക്വയറ്റ് ഓൺ വെ സ്റ്റേൺ ഫ്രണ്ട് ', ബംഗാളി എഴുത്തുകാരനായ ശങ്കർ,സ്വാമിവിവേകാനന്ദനെക്കു റിച്ച് എഴുതിയ 'ദ മങ്ക് ഏസ് മാൻ' എന്നീ പുസ്തകങ്ങളും അദ്ദേഹംമലയാളികൾക്ക് പരിചയപ്പെടുത്തി. ഓർമ്മകളുടെയും ലേഖനങ്ങളുടെയും സമാഹാരമായ 'മുട്ടായിത്തെരുവും മക്കോണ്ടോയും' ആണ് അവസാന കൃതി. എം.എൻ. സത്യാർഥി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്ക് താമസം മാറ്റിയെങ്കിലും,ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച അദ്ദേഹം, ഗൃഹതുരത്വ സ്മരണകൾ വല്ലാതെ അനുഭവപ്പെടുമ്പോഴെല്ലാം തലശ്ശേരിയിലെത്തുമായിരുന്നു.ഗുരുഭക്തനായ ടി.വി. വസുമിത്രൻ എഞ്ചിനീയർ ജയേന്ദ്രൻ മാഷിന്റെ ആത്മമിത്രമായിരുന്നു. ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും,കസേരയും, ഗുരുവിന്റെ കരങ്ങളാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിന് കൈമാറാനുള്ള മാഷിന്റെഅഭിലാഷമാണ് , മാഷിന്റെ ബന്ധുക്കൾ ഇപ്പോൾ നിറവേറ്റുന്നത്. നവമ്പർ 22 ന് വൻ ഘോഷയാത്രയായി ഈ അതിവിശിഷ്ട ശേഷിപ്പുകൾ ആയിരങ്ങളുടെ അകമ്പടിയോടെ, പഞ്ചലോഹപ്രതിമക്ക് സമീപമുളള ജഗന്നാഥക്ഷേത്രത്തിലെ ഗുരു മ്യൂസിയത്തിൽ സ്ഥാപിക്കും.
ചിത്രവിവരണം : മഹാഗുരുവും പ്രൊഫ: ജയേന്ദ്രനും
ഗുരുസ്വാമിമാർ ഭജനയും അന്നദാനവും നടത്തി
മാഹി:പള്ളൂർ അയ്യപ്പ ഭജന സമിതിയുടെ നേതൃത്വത്തിൽ പള്ളൂർ കൊയ്യോട്ട് പുത്തനമ്പലം ക്ഷേത്രത്തിൽ വച്ച് പലയിടങ്ങളിലെ ഗുരുസ്വാമിമാർ ചേർന്നുള്ള ഭജന നടത്തി. തുടർന്നു അന്നദാനവും ഉണ്ടായി. ഭജനയിലും അന്നദാനത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.ഭജനയ്ക്ക് ഗുരുസ്വാമിമാരായ എം കെ മോഹൻദാസ്, സനിൽ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രവിവരണം: ഗുരുസ്വാമിമാർ ഭജന നടത്തുന്നു
തിരുശേഷിപ്പുകളേറ്റുവാങ്ങാൻ തലശ്ശേരി ഒരുങ്ങുന്നു.
തലശ്ശേരി: മറ്റൊരു മഹോത്സവത്തിന്റെ പ്രൗഢിയോടെ,മഹാ ഗുരുവിന്റെ അമൂല്യ ശേഷിപ്പുകൾ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ആനയിക്കാൻ ക്ഷേത്രത്തിലും ദേശീയ പാതയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
നവമ്പർ 22 ന് ഉച്ചക്ക് 2 മണിയോടെ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടേയും, താന്ത്രികാചാര്യന്മാരുടെയും കാർമ്മികത്വത്തിൽ ഗുരു ചൈതന്യം തുടിക്കുന്ന കട്ടിലും, ചാരു കസേരയും കൊയിലാണ്ടി നന്തിയിലെ വീരപഞ്ചേരി അന്നപൂർ ണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങും.
തുടർന്ന് പ്രത്യേകമായി അലങ്കരിച്ച വാഹനത്തിൽ, നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ 2.15 ന് മഹാഘോഷയാത്രയായി നന്തിബസാറിലെത്തും.
2.45 ന് പയ്യോളി, 3.45 ന് വടകര 4.45 ന് മാഹി, 5 മണി ഏടന്നൂർ, 5.15 പുന്നോൽ, 5.30 ന് തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റ്, 5.45 പുതിയ ബസ് സ്റ്റാന്റ്, 6 മണിക്ക് മഞ്ഞോടി എന്നിവിടങ്ങളിലെസ്വീകരണങ്ങളേറ്റുവാങ്ങി6.30ന്ശ്രീജഗന്നാഥക്ഷേത്രത്തിലെത്തിച്ചേരും.
തുടർന്ന്പ്രമുഖർപങ്കെടുക്കുന്നസാംസ്ക്കാരികസമ്മേളനവും,വിവിധകലാപരിപാടികളും അരങ്ങേറും.
അവലോകന യോഗത്തിൽ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ അഡ്വ.കെ. സത്യൻ, സി. ഗോപാലൻ, രാജീവ ൻ മാടപ്പിടിക,, സുധീർ ഏടന്നൂർ, മാതൃസമിതി അദ്ധ്യക്ഷ രമാഭായ് ടീച്ചർ, സെക്രട്ടരി സീന സൂർജിത്ത്സംസാരിച്ചു. ചാലക്കര പുരുഷു സ്വാഗതവും, ടി.സി. ദിലീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻപരിപാടികൾ വിശദീകരിക്കുന്നു.
ന്യു മാഹിയിൽ സൈബർ തട്ടിപ്പ്
മാടപ്പീടിക സ്വദേശിക്ക് നഷ്ടമായത് 61000 രൂ
ന്യു മാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടപ്പീടിക സ്വദേശി സൈബർ തട്ടിപ്പിനിരയായി.
ദേവീ നിവാസിൽ പി.വി. ഷരേഷിനാണ് വ്യാജ ആപ്പിലൂടെ പണം നഷ്ടമായത്.
പോപ്പാത്ത് എന്ന സൈറ്റ് തൻ്റെ മൊബൈൽ ഫോണിൽ തെളിഞ്ഞതിന് പിറകെ പണംനഷ്ടപ്പെടുകയായിരുന്നു. ന്യൂ മാഹി പൊലീസിൽ പരാതി നൽകി.
വിവാഹം
ഗൗതം - മേഘ്ന
മാഹി: ചാലക്കര കണ്ടോത്ത് പൊയിൽ തറവാട്ടംഗം കെ.പി. സ്മിതയുടേയും മൊകേരി കല്യാണി വില്ലയിൽ കെ.പി.ശിവപ്രസാദിന്റെയും മകൻ ഗൗതവും, അഴിയൂർ ദീപ്ത ത്തിലെ സുനിൽകുമാർ - ഷിബി ലി ദമ്പതികളുടെ മകൾ മേഘ്നയും വിവാഹിതരായി.
വിവാഹം
ഡോ: ശ്രേയസ് കൃഷ്ണ --ഡോ: അനശ്വര
മാഹി: ചൂടിക്കോട്ടയിലെ ഹെവനിൽ കെ.എം. പവിത്രന്റേയും, വി പി. സുജാതയുടേയും മകൾ ഡോ: അനശ്വരയും, കടവത്തുരിലെ വൃന്ദാവനിൽ അഡ്വ.ജയകൃഷ്ണന്റേയും, പി.വി.ഭാരതിയുടേയും മകൻ ഡോ: ശ്രേയസ് കൃഷ്ണയും മാഹി കക്കാട്ട് കൺവൻഷൻ സെന്ററിൽ വിവാഹിതരായി.
ഭാരതീയ കുടുംബ സംവിധാനം ലോകത്തിന് മാതൃക: ശശി കമ്മട്ടേരി
മാഹി:ലോകം മുഴുവൻ വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോഴും ,ഭാരതത്തിന് മുന്നോട്ട് പോകാൻ തുണയായത് ഭാരതീയകുടുംബ സംവിധാനമാണെന്ന് ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരിഅഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച സരസ്വതി ദക്ഷിണയും കുടുംബ സംഗ മവുംപരിപാടിയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിൽ അനുഷ്ഠിക്കേണ്ട മഹത്തായ കാര്യങ്ങൾ ഉപദേശിച്ചു തന്ന ഋഷിവര്യൻമാരും അവരുടെ പാത പിന്തുടരുന്ന സന്യാസിമാരുമാണ് കുടുംബ വ്യവസ്ഥചിട്ടപ്പെടുത്തിയത്. എന്നാൽ ഇന്ന് കുടുംബവ്യവസ്ഥ തകർക്കാനും സന്യാസിമാരെ ഭിന്നി പ്പിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കയാണ് അവയെ നാം ജാഗ്രതയോടെ നേരിടണം-അദ്ദേഹം പറഞ്ഞു.
ഇരട്ടപ്പിലാക്കൂൽ എ.വി.എസ് ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. ബി. ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. മനോജ് സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഏർപ്പെടുത്തിയ കർമ്മ കീർത്തി പുരസ്കാരം ക്ഷീരകർഷകനും, തൊഴിൽ സംരംഭകനും, പരിസ്ഥിതിസംരക്ഷകനും, തൊഴിൽ ദാതാവുമായ മനോജ് കൊത്താളിന് ശശി കമ്മട്ടേരി സമ്മാനിച്ചു
ചിത്ര വിവരണം: കുടുംബ സംഗമത്തിൽ ശശി കമ്മട്ടേരി മുഖ്യഭാഷണം നടത്തുന്നു
ബാലശാസ്ത്ര സംസ്ഥാന
മത്സര വിജയികൾ
മാഹി: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി രണ്ട് വിദ്യാർത്ഥികൾ മാഹിയിൽ നിന്നും ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെ ട്ടു.ജൂനിയർ വിഭാഗത്തിൽ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ വി എസ്.ഋതുപർണയും സീനിയർ വിഭാഗത്തിൽ ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആരോൺ ടെനിസനും ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടി.
കസ്തൂർബാ ഗാന്ധി ഗവണ്മെൻ്റ് ഹൈസ്കൂളിലെ ഷമീദ ടീച്ചറും ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീപ്രിയ ടീച്ചറുമാണ് വിദ്യാർത്ഥികളെ ഗൈഡ് ചെയ്തത്.
ചിത്രവിവരണം:ജേതാക്കൾഅദ്ധ്യാപികമാർക്കൊപ്പം
സൗജന്യ ദീപാവലി കിറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും
മാഹി: മയ്യഴി മേഖലയ്ക്ക് അനുവദിച്ച സൗജന്യ ദീപാവലി കിറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും.
ഒരു റേഷൻ കാർഡിന് ഒരു കിറ്റ് എന്ന തോതിൽ (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമ കൾക്കൊഴികെ) മയ്യഴിയിലെ വിവിധ റേഷൻ കടകളിൽ നിന്നും നവ:17മുതൽ 30വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വിതരണംചെയ്യുന്നതാണ്.
കൂടാതെ ഫെബ്രവരി, മാർച്ച് മാസങ്ങളിലെ സൗജന്യ ഗോതമ്പ് ഇതുവരെ വാങ്ങിക്കാത്തവർക്ക് അതത് റേഷൻ കടകളിൽ നിന്നും വാങ്ങാവുന്നതാണ്. റേഷൻ കട വിടുന്നതിനു മുൻപായി താഴെപ്പറയുന്ന സാധങ്ങൾ കിറ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. പഞ്ചസാര - 2 കിലോ,സൺഫ്ലവർ ഓയിൽ - 2 ലിറ്റർകടലപ്പരിപ്പ് - 1 കിലോ, റവ -500 ഗ്രാം, മൈദ - 500 ഗ്രാം.
പെൻഷൻ ദിനം: വഞ്ചനാദിനമായി ആചരിച്ചു
കേന്ദ്ര സർക്കാരും പ്രൊവിഡന്റ് ഫണ്ട് പെൻഷൻ അധികാരികളും പാവപ്പെട്ട പെൻഷൻകാരോട് കാണിക്കുന്ന നീതികേടിനെതിരെ പെൻഷൻ ദിനത്തിൽ വഞ്ചന ദിനമായി ആചരിച്ചു. പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാഹി പാലം ജംഗ്ഷനിൽ പതാകദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ഭരതൻ ഒളവിലം പതാകഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ശ്രീജയൻ, പി.രാമചന്ദ്രൻ, മേഖല ഭാരവാഹികളായ കല്ലിൽ ശ്രീധരൻ, എ.പി.രവീന്ദ്രൻ, കെ.കെ.നാരായണൻ, സംസാരിച്ചു. കെ.അരവിന്ദൻ, മേബിൾ ഫെർണാണ്ടെസ്, പി.ടി.ലീല, എ.ഇ.ശശിധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.
അപകട വളവിലെ പരസ്യ ബോർഡ് ഭീഷണിയായി
മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിൽ നിന്നും മെയിൻ റോഡിലേക്കുള്ള പ്രവേശന കവാടത്തിൽ വൈദ്യുതി പോസ്റ്റിനോട് ചേർത്ത് വെച്ചിട്ടുള്ള പരസ്യ ബോർഡ് വാഹന യാത്രികർക്ക് ഭീഷണിയാകുന്നു.
പൂഴിത്തല ഭാഗത്തു നിന്നും വലിയ കയറ്റം കയറിയാണ് വാഹനങ്ങൾ കടന്നുവരിക.
പൂഴിത്തല ഭാഗത്തേക്കാകട്ടെ ഇറ ക്കമായതിനാൽ നല്ല വേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുക. ആശുപത്രി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെകാഴ്ച മറയ്ക്കുന്നവിധത്തിലാണ് ബോർഡിന്റെ കിടപ്പ്. വാഹനങ്ങൾ മുഖാമുഖം എത്തിയാൽ മാത്രമേ ഇരുഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളെ കാണാനാവൂകയുള്ളൂ.അടിയന്തിരമായി ബോർഡ് നീക്കം ചെയ്യണമെന്ന് പരിസര വാസികളും വാഹന ഡ്രൈവർമാരും ആവശ്യപ്പെടുന്നു.
ചിത്രവിവരണം: അപകടംമാടിവിളിക്കുന്ന പരസ്യ ബോർഡ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































