മാഹി: ജൻ അഭിയാൻ ട്രസ്റ്റ്, കോഴിക്കോട് ഏർപ്പെടുത്തിയ 2026-ലെ കെ. ആർ. നാരായണൻ പുരസ്കാരത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകനും കവിയുമായ റീജേഷ് രാജൻ അർഹനായി. വിവിധ മേഖലകളിൽ കഴിവും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന്റെസ്മരണാർത്ഥമാണ് ട്രസ്റ്റ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
റീജേഷ് രാജന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ 'അക്ഷരക്കൂട്ടുകൾ' പരിഗണിച്ചാണ് സാഹിത്യ മേഖലയിലെ ഈ അംഗീകാരം. വൈവിധ്യമാർന്ന വിഷയങ്ങളെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതും സമകാലിക മലയാള കവിതയിൽ വേറിട്ടൊരു ആവിഷ്കാരശൈലി പുലർത്തുന്നതുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
നവംബർ 9 ന് കോഴിക്കോട് കൈരളി വേദിഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരംസമ്മാനിക്കും.
ചിത്രവിവരണം: കവി. റീജേഷ് രാജൻ
മെഹ്ബൂബ് പടിക്കലിനെ ആദരിച്ചു
മാഹി: വന്യജീവി സംരക്ഷകനും പാമ്പ് പിടുത്തക്കാരനുമായ മാഹി സ്വദേശി മെഹ്ബൂബ് പടിക്കലിനെ പുതുച്ചേരി വിമോചന ദിനാഘോഷ വേദിയിൽ വെച്ച് മന്ത്രി പി.രാജവേലു പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെയും മറ്റ് വന്യജീവികളെയും സുരക്ഷിതമായി പിടികൂടി കാട്ടിൽ വിട്ടയക്കുന്നതിൽ 15 വർഷത്തോളമായി സജീവമായി രംഗത്തുള്ള ഇദ്ദേഹം മാഹിയിലും പരിസരങ്ങളിലുമായി മൂർഖൻ. അണലി, പെരുമ്പാമ്പ് തുടങ്ങി 450 ഓളം പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും പിടികൂടി കാട്ടിൽ സുരക്ഷിതമായി തുറന്ന് വിട്ടിട്ടുണ്ട്.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വന്യമൃഗ സംരക്ഷണ സംഘടനയായ പ്രസാദ് അസ്സോസിയേഷനിലെ അംഗമാണ് മെഹ്ബൂബ്.
ചിത്രവിവരണം.. മന്ത്രി പി. രാജവേലു, മെഹബൂബിനെ ആദരിക്കുന്നു
ദേശീയ കർഷക രജിസ്ട്രിയിൽ 6നകം ചേരണം
മാഹിയിലെ പി.എം. കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കളായ കർഷകർ വിവരങ്ങൾ ദേശീയ കർഷക രജിസ്ട്രിയിലേക്ക് ബന്ധപ്പെടുത്തേണ്ടത് നിർബന്ധമാണ്.
നവംബർ 6 ന് മുമ്പായി പള്ളൂർ / മാഹി കൃഷി ഓഫീസുകളിൽ വന്നു ഇത് ചെയ്യാവുന്നതാണ്.
ആധാർ കാർഡും, സ്വന്തം പേരിലുള്ള സ്ഥലത്തിൻ്റെ സർവേ നമ്പറും, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എത്തിച്ചേരേണ്ടതാണ്.
കേന്ദ്ര കർഷക രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ ആനുകൂല്യങ്ങൾ റദ്ദുചെയ്യപ്പെടുന്നതായിരിക്കുമെന്ന്കൃഷി ഡെപ്യൂട്ടി ഡയറക്ടർഅറിയിച്ചു,
കവിതാ സംവാദം സംഘടിപ്പിച്ചു
ചൊക്ലി:നാടക് ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി . തലശ്ശേരി ആർട്സ് സൊസൈറ്റി ഹാളിൽ രാജൻ സി .എച്ച് കവിതാ ലോകം എന്ന കവിതാ സംവാദ പരിപാടി നടന്നു.
നാടകും തലശ്ശേരി ആർട്സ് സൊസൈറ്റിയും ചേർന്ന് നടത്തിയ പരിപാടിയായിരുന്നു.
കഴിഞ്ഞ അൻപത്തഞ്ച് വർഷമായി രചനാ രംഗത്തുള്ള രാജൻ സി. എച്ച് ഇതു വരെയായി മുപ്പത്തിയഞ്ച് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാലത്തോടൊപ്പം സഞ്ചരിച്ച് കാലത്തോട് ചേർന്ന് രചിക്കപെട്ടിട്ടുള്ള രാജൻ്റെ കവിതകൾ ഏറെ വായിക്കപ്പെട്ടിട്ടില്ല എന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹത്തിൻ്റെ കവിതകൾ വിശദമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് സന്തോഷ് മാനിച്ചേരി അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം കവിതയുടെ സ്ത്രീപക്ഷ വായന എന്ന വിഷയത്തിലൂന്നിക്കൊണ്ട് ഡോ: സ്മിതാ പന്ന്യനും സംസാരിച്ചു. ഇത്രയധികം പുസ്തകൾ, അതും കാതലായതും വ്യത്യസ്ഥമായതുമായ മുപ്പത്തിയഞ്ച് പുസ്തകങ്ങൾ എഴുതിയ ഈ കവിയെ ഇതിന് മുൻപ് ശ്രദ്ധിക്കാൻ പറ്റാതിരുന്നത് ഒരു വായനക്കാരിയെന്ന നിലയിൽ എൻ്റെ പരിമിതി തന്നെ എന്നും അവർ പറഞ്ഞു.ചടങ്ങിൽ നാടക് ജില്ലാ പ്രസിഡണ്ട് ടി ടി വേണുഗോപാലൻ അദ്ധ്യക്ഷനായി.
സുബൈർ മാസ്റ്റർ, എൻ. കെ. ഹരിദാസ്, സജീന്ദ്രൻ മൂക്കായി, സന്തോഷ് മാഷ്, പ്രേംനാഥ് കബനി, എൻ. ധനഞ്ജയൻ,ബാലകൃഷ്ണൻ കതിരൂർ തുടങ്ങിയവർ സംസാരിച്ചു
ചിത്ര വിവരണം:സന്തോഷ് മാനിച്ചേരി കവിതകൾ അവതരിപ്പിക്കുന്നു
പെട്രോൾ പമ്പുകൾക്കെതിരെപ്രതിഷേധം കരുത്താർജ്ജിക്കുന്നു.
പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ നടന്ന ജനകീയ കൂട്ടായ്മയിൽ വെച്ചു മാഹീ മേഖലയിൽ വിവിധ പ്രദേശങ്ങളിൽ ആയി ഉണ്ടായിരുന്ന പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ചോർന്നു കുടിവെള്ളം മുട്ടിയ പ്രദേശങ്ങളിലെ കോൺഫെഡറേഷൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. എഗൈൻസ്റ്റ് പെട്രോൾ പമ്പ് ചൊക്ലി- ഈസ്റ്റ് പള്ളൂർ റോഡ് , സേവ് ഔർ വാട്ടർ മാർവെൽ ചൊക്ലി , കുഞ്ഞിപ്പുര മുക്ക് റെസിഡൻസ് ആക്ഷൻ കമ്മിറ്റി ചാലക്കര, പെട്രോൾ പമ്പ് വിരുദ്ധ സമിതി പന്തക്കൽ എന്നീ സമിതികൾ ഒന്നായി ചേർന്നു ജോയിൻ്റ് ആക്ഷൻ കൗൺസിൽ എഗൈൻസ്റ്റ് ഫ്യൂവൽ കണ്ടാമിനേഷൻ മാഹീ ഏരിയ എന്ന പേരിൽ സംഘടന രൂപീകരിച്ചു. ചടങ്ങിൽ കെ.പീതാംബരൻ സ്വാഗതവും പി ടി പ്രേമരാജൻ നന്ദിയും അഡ്വ അശോകൻ കെ പള്ളൂർ ഉദ്ഘടനവും നിർവഹിച്ചു . വിവിധ സമിതികളെ പ്രധിനിധികരിച്ചു കൊണ്ട് എം അശോകൻ , കെ ഇബ്രാഹിം കുട്ടി , കെ അനീഷ് കുമാർ ,അഷ്കർ മഹിമ , കെ ലിജീഷ് എന്നിവർ സംസാരിച്ചു ഭാരവാഹികൾ ആയി അഡ്വ . അശോകൻ കെ പള്ളൂർ പ്രസിഡന്റ്, സെക്രട്ടറി രാഗേഷ് വി എം, വൈസ് പ്രസിഡന്റ് മാരായി എം അശോകൻ , കെ.സുജിത് കുമാർ , ജോയിന്റ് സെക്രട്ടറി ഇബ്രാഹിം കുട്ടി ,കെ. ലിജീഷ്, ട്രഷറെർ അരുൺകുമാർ കൺവീനർ പ്രേമരാജൻ പി.ടി എന്നിവരെ തിരഞ്ഞെടുത്തു.. കുടിവെള്ളം ഇന്ധനം കലർന്ന് ഉപയോഗശൂന്യമായതിനാൽ ജന ജീവിതം ദുഃസ്സഹമാക്കിയ മേഖലയിലെ നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ അടച്ചു പൂട്ടുക പുതുതായി പെട്രോൾ പമ്പുകൾ അനുവദിക്കാതിരിക്കുക പെട്രോൾ പമ്പുകളിലെ ശുചിമുറി മാലിന്യം കലർന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കരുതെന്നു ആവശ്യപ്പെട്ടും നവംബർ 9 നു രാവിലെ 10മണിക്ക് താഴെ ചൊക്ലി മുതൽ പാറാൽ പള്ളി വരെ ജനകീയ പ്രതിഷേധ മാർച്ച് നടത്തുവാൻ തീരുമാനിച്ചു.
പെട്രോൾ പമ്പുകൾക്കെതിരെയുള്ള വിവിധ കൂട്ടായ്മകളുടെ സംയുക്ത യോഗം
ആയില്യംനാൾ ആഘോഷം
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യംനാൾ ഭക്തിനിർഭരമായി ആചരിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപം നടന്നു. ഉച്ചയ്ക്ക് മുട്ട സമർപ്പണം, നാഗപൂജ എന്നിവയും തുടർന്ന് പ്രസാദ ഊട്ടും നടന്നു.
ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.
ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 26 വരെ വിവിധ പരിപാടികളോടെ നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശ്രീധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. അടുത്ത ആയില്യംനാൾ ആഘോഷം നവംബർ 29-ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു
അധ്യാപക സംഘടനയുടെ അമരത്ത് വളയിട്ട കൈകൾ
മാഹി : മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയായ ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അമരത്തേക്ക് വളയിട്ട കൈകൾ. കഴിഞ്ഞദിവസം നടന്ന ജനറൽബോഡിയോഗത്തിലാണ് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് അധ്യാപികമാരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി
വി കെ. ഷമീന (പ്രസിഡൻ്റ്) , അനിത. കെ പി, ഉമ വി. കെ (വൈ. പ്രസിഡൻ്റുമാർ ) സജില.വി.എം ( ജന: സെക്രട്ടറി ) സജിന.വി. കെ , അനുഷ. കെ (ജോയിൻ്റ് സെക്രട്ടറിമാർ) സ്വപ്ന.കെ.എം ( ട്രഷറർ ) എന്നിവരെയാണ് ഐകകണ്ഠേന തിരഞ്ഞെടുത്തത്.
വിജയലക്ഷ്മി ചെന്നൈയിൽ നിര്യാതയായി
മാഹി: പള്ളൂർ കുരുന്നൻ മഠത്തിൽ വിജയലക്ഷ്മി (78) ചെന്നൈ വ്യാസർ പാടിയിൽ നിര്യാതയായി. പരേതരായ കോയ്യോടാൻ കോറോത്ത് ഗോപാലൻ നമ്പ്യാരുടെയും കുരുന്നൻ മഠത്തിൽ ചിന്നു അമ്മയുടെയും മകളാണ്. ഭർത്താവ്: വിശ്വനാഥൻ നമ്പ്യാർ (റിട്ട.സർക്കിൾ ഇൻസ്പെക്ടർ, ചെന്നൈ). മക്കൾ: ശശിധരൻ.എം.വി (ചെന്നൈ), മനോഹരൻ (ഡെപ്യൂട്ടി കമ്മീഷൻ ഓഫ് പോലീസ്, ചെന്നൈ), ഗീത (കോഴിക്കോട്). മരുമക്കൾ: സുനിൽകുമാർ (കോഴിക്കോട്), പ്രസീത (ചെന്നൈ), സാര (ചൊക്ലി).
സഹോദരങ്ങൾ: ചന്ദ്രി, കരുണാകരൻ കോറോത്ത്, കെ.എം.ചന്ദ്രൻ.
ശിവസൂര്യയെ കണ്ടെത്തണം; ജനകീയ പ്രതിഷേധം ശക്തമാക്കും
കാണാതായിട്ട് രണ്ടര മാസം; ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനും ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് ബഹുജന ധർണ നടത്താനും തീരുമാനം
ചൊക്ലി: രണ്ടര മാസം മുമ്പ് കാണാതായ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും കരിയാട് സ്വദേശിയുമായ ശിവസൂര്യയെ കണ്ടെത്തുന്നതിനായി ശക്തമായ ജനകീയ പ്രതിഷേധം ഉയർത്താൻ തീരുമാനം. വിദ്യാർഥിയെ അടിയന്തരമായി കണ്ടെത്തണമെന്നും അന്വേഷണത്തിലെ വീഴ്ചകളും പോരായ്മകളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന ബഹുജന കൺവെൻഷനിലാണ് സമരപരിപാടികൾ പ്രഖ്യാപിച്ചത്.
ശിവസൂര്യയുടെ പിതാവ് ജിഗീഷ് പാറേമ്മലും വല്യച്ഛൻ പി. ഭാസ്കരനും യോഗത്തിൽ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്ക് വേദിയായി.
കേസിലെ പ്രാഥമിക അന്വേഷണത്തിലെ പോരായ്മകൾ പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കാനും തീരുമാനിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് ചൊക്ലി പോലീസ് സ്റ്റേഷനു മുന്നിൽ ബഹുജന ധർണ നടത്തും. തുടർപ്രക്ഷോഭങ്ങളിലൂടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ സമ്മർദം ചെലുത്താനും കൺവെൻഷൻ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കണ്ണൂർ ജില്ലാ പൗരാവകാശ സമിതി കൺവീനർ സുചിത്ര വിവേക് ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളായ വി.വി. ഷെഫീഖ്, വിജി ദീപ, എ. ഉഷ, കെ.പി. ഷെമിന, എം.സി. ഷിജിൽ, കെ.പി. ഷിനോജ്, എൻ.പി. സജിത, സ്കൂൾ ലീഡർ ശ്രീസ്വര, റാവിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. സുധാകരൻ മാസ്റ്റർ, എം. സജീവൻ, പി. ഭാസ്കരൻ, അതുൽനാഥ് കല്ലറ എന്നിവർ സംസാരിച്ചു.
ശിവസൂര്യയെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി വി.വി. ഷെഫീഖിനെയും കൺവീനറായി ടി. ജയേഷിനെയും തെരഞ്ഞെടുത്തു.
ബിജെപി പുതുച്ചേരി സംസ്ഥന പ്രസിഡണ്ട് വി.പി. രാമ ലിഗം ഇന്ന് മാഹിയിൽ
മാഹി:ജനാധിപത്യം സംരക്ഷിക്കുക .ആൾക്കൂട്ട അരാജകത്വം അവസാനിപ്പിക്കുകഎന്ന മുദ്രാവാക്യം ഉയർത്തി ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
2026 നവംബർ 4-ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി ടാഗോർ പാർക്കിന് മുന്നിൽനിന്ന് ആരംഭിക്കുന്ന ബഹുജന റാലി മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.പി. രാമലിഗം ഉദ്ഘാടനം ചെയ്യും. മുൻനിയമസഭ സ്പീക്കർ ഏമ്പലം ആർ ശെൽവം പ്രസംഗിക്കും മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ അദ്ധ്യക്ഷതവഹിക്കും
ബിജെപി മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി
മാഹി: രാജ്യത്ത് കലാപവും അസ്ഥിര തയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോൺഗ്രസ്സ് - സിപിഎം കൂട്ടുകെട്ടിൻ്റ ഇരട്ടത്താപ്പും കാപട്യവും വിശദീകരിക്കുന്നതിന് വേണ്ടി ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വാഹന പ്രചരണ ജാഥ നടത്തി. മൂലക്കടവിൽ വെച്ച് മുൻ മണ്ഡലം സിക്രട്ടറി കെ.പി മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർനയിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടായി.
മണ്ഡലം ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ, കെ. എം. ത്രിജേഷ്, അഡ്വ. എൻ കെ . ഇന്ദ്രപ്രസാദ്, വി കെ രാംദാസ് , ടി. എ ലതീബ്, ഒബിസി മോർച്ച സംസ്ഥാന സമിതിയംഗം ജയസൂര്യ ബാബു.കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് കാവിൽ രാജൻ , മണ്ഡലം ജനറൽ സിക്രട്ടറി രാമചന്ദ്രൻ കേളോത്ത് സംസാരിച്ചു.. സുധീർ കരുണൻ,പുനത്തിൽ ദാമോദരൻ കെ ചന്ദ്രൻ , മിധുൻപന്തക്കൽ നേതൃത്വം നൽകി
ചിത്രവിവരണം:മൂലക്കടവിൽ വെച്ച് മുൻ മണ്ഡലം സിക്രട്ടറി കെ.പി മനോജ് ഉദ്ഘാടനം ചെയ്യുന്നു
അവകാശങ്ങൾ ആനുകൂല്യങ്ങളല്ല, അർഹതപ്പെട്ട നീതിയാണ്
കത്തുകൾ:-
നമ്മുടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം സ്വാഗതാർഹമാണ്. എന്നാൽ, ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിനൊപ്പം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ന്യായമായ അവകാശങ്ങളും സർക്കാർ ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്.
ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും സമയബന്ധിതമായി അനുവദിക്കണം. 2024-ൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ, മെഡിസെപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ എന്നിവയിലും ഇതുവരെ ഫലപ്രദമായ പരിഹാരം ഉണ്ടായിട്ടില്ലെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
ജീവനക്കാരുടെ സേവനവ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാലതാമസമില്ലാതെ പരിഹാരം കാണണം. ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതുപോലെതന്നെ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും നിയമപരമായും അർഹതപ്പെട്ടതുമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയോ അനാവശ്യമായി വൈകിക്കുകയോ ചെയ്യരുത്.
ജീവനക്കാരുടെ ആത്മവിശ്വാസവും ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയും വർധിക്കണമെങ്കിൽ അവരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കുകയും ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുകയും വേണം. അതിനാൽ, ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം.
സുജിത്ത് സി പെരിങ്ങാടി
അനുസ്മരണവും പുസ്തക പ്രകാശനവും
മയ്യഴി:കവിയും നാടക പ്രവർത്തകനുമായ രഘുവരൻ പള്ളൂർ പതിനൊന്നാമത് ചരമവാർഷികത്തോടനന്ധിച്ച് 8ന് കോയ്യോട്ടുതെരു ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അനുസ്മരണ യോഗവും പുസ്തക പ്രകാശനവും നടക്കും. വൈകിട്ട് 3..30ന് ടി അശോക്കുമാർ എംഎൽഎ അനുസ്മരണം ഉദ്ഘാടനം ചെയ്യും. രഘുവരൻ സന്പൂർണ കൃതികളുടെ പ്രകാശനം ദേശാഭിമാനി വാരിക പത്രാധിപർ ഡോ കെ പി മോഹനൻ നിർവഹിക്കും. ഗണപതിവിലാസം സ്കൂൾ മുൻ പ്രധാനധ്യാപകൻ ടി സി പ്രദീപൻ പുസ്തകം ഏറ്റുവാങ്ങും.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുന്പായി അനുസ്മരണ പ്രഭാഷണം നടത്തും. തലശേരിതാലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാമത്സരത്തിൽ വിജയിച്ച് വിമാനയാത്ര നടത്തിയ എം സാൻവിയ, എം സാനിയ, സി വേദിക എന്നിവരെയും ദേശീയ ചെസ് മത്സരത്തിലേക്ക് യോഗ്യത നേടിയ തരുൺ കൃഷ്ണനെയും അനുമോദിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന മെഡിക്കൽ ക്യാന്പ് തലശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മുതൽ എൽപി, യുപി സ്കൂൾ വിദ്യാർഥികൾക്കായി രഘുവരൻ സ്മാരക ക്യാഷ്പ്രൈസിനായുള്ള പ്രശ്നോത്തരി. തലശേരി സൗത്ത്, ചൊക്ലി സബ്ജില്ലകളിലെയും മാഹിമേഖലയിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം.
മാഹിയിൽ വിക്സിത് ഭാരത് യുവ സംവാദ് സംഘടിപ്പിച്ചു
മാഹി: മൈ ഭാരത് മാഹിയുടെയും ശ്രീനാരായണ കോളേജ് ഓഫ് എജ്യുക്കേഷൻ മാഹിയുടെയും സംയുക്താഭിമുഖ്യത്തിൽ 2026 നവംബർ 3-ന് വിക്സിത് ഭാരത് യുവ സംവാദ് പരിപാടി സംഘടിപ്പിച്ചു.
'Know Your Vote' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടിയിൽ യൂത്ത് ഐക്കൺ അലീഷ അനിൽ വിഷയാവതരണം നടത്തി. വോട്ടവകാശത്തിന്റെ പ്രാധാന്യം, ജനാധിപത്യ പ്രക്രിയയിൽ യുവജനങ്ങളുടെ പങ്കാളിത്തം, ഉത്തരവാദിത്തപൂർവമായ വോട്ടിംഗ്, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ യുവതലമുറയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സനൂപ് സി., ശ്രീനാരായണ കോളേജ് ഓഫ് എജ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ. രമ്യ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































