കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജി കെ എച്ച് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ നടി കുമാരി മീനാക്ഷി നിർവഹിച്ചു. കതിരൂർ പുല്ല്യോട് യു കെ ദിനേശനാണ് ലോഗോ രൂപകല്പന ചെയ്തത് .
പുതിയ തലമുറയെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടു കൂടിയാണ് നവംബർ 20 വരെ ഈ പദ്ധതി നടപ്പിലാക്കുന്നത് .
ജൻസികൾക്ക് ആവശ്യമുള്ള വിദ്യാഭ്യാസ ലോൺ, ലാപ്ടോപ്പ് ,കമ്പ്യൂട്ടർ, ക്യാമറ ,സൈക്കിൾ , ടൂവീലർ എന്നിവയല്ലാം ഈ പദ്ധതിയിലൂടെ കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കും നവംബർ 15ന് കതിരൂർ ബാങ്ക്ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ .വായ്പ വിതരണോദ്ഘാടനം കുമാരി മീനാക്ഷി നിർവഹിക്കും.
ഇതിന്റെ പ്രചരണാർത്ഥം വിവിധങ്ങളായ പരിപാടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.സഹകരണ രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കും. ലോഗോ പ്രകാശന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഡയറക്ടർമാരായ കെ.വി. അനീഷ് കുമാർ , ബീന , നഫീസത്തുൽ മിസ്രിയ, ബാങ്ക് സെക്രട്ടറി എം രാജേഷ് ബാബു, എൻ ബിന്ദു, സി പി പ്രമോദ് , കെ ബൈജു പങ്കെടുത്തു
ചിത്ര വിവരണം: നടി മീനാക്ഷി ലോഗോ പ്രകാശനം ചെയ്യുന്നു
കിണർജല മലിനീകരണത്തിൽ ശാസ്ത്രീയ അന്വേഷണം വേണം;
പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്.
മാഹി: പെട്രോൾ പമ്പുകളുടെ . അനിയന്ത്രിത വ്യാപനം മാഹിയുടെ പരിസ്ഥിതിക്കും ജനങ്ങളുടെ കുടിവെള്ളസുരക്ഷയ്ക്കും ഭീഷണിയാണെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പുതിയ പെട്രോൾ പമ്പുകൾക്ക്എൻ.ഒ.സി. അനുവദിക്കുന്നത് നിർത്തിവയ്ക്കണമെന്നും കുഞ്ഞിപ്പുരമുക്ക്, ചൊക്ലി മേഖലകളിലെ കിണർജലമലിനീകരണ ആശങ്കകളിൽ സമഗ്ര ശാസ്ത്രീയഅന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2005-ൽ പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി കോൺഗ്രസ്ആരോപിച്ചു. ബൈപ്പാസ് റോഡിനോട് ചേർന്ന പ്രദേശങ്ങളിൽ പോലും പമ്പുകൾക്ക് അനുമതി നൽകുമ്പോൾ യഥാർഥ ആവശ്യകതയുംപരിസ്ഥിതി ആഘാതവും പരിഗണിക്കണം. ജനസാന്ദ്രതയേറിയ ഉൾപ്രദേശങ്ങളിൽ എൻ.ഒ.സി. അനുവദിച്ചതിന്റെ നിയമസാധുതയും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ ഓയിൽ കമ്പനികളിൽനിന്നായി 12 എൻ.ഒ.സി. അപേക്ഷകൾ പരിഗണനയിലുണ്ടെന്നും പത്ത് സ്ഥലങ്ങളിൽക്കൂടി പമ്പുകൾആരംഭിക്കാനുള്ള നീക്കമുണ്ടെന്നും കോൺഗ്രസ്ചൂണ്ടിക്കാട്ടി. മലിനീകരണ സാധ്യതയുള്ള കിണറുകളിൽ ടി.പി.എച്ച്., ബെൻസീൻ ഉൾപ്പെടെയുള്ള പെട്രോളിയം ഘടകങ്ങളുടെ സാന്നിധ്യംപരിശോധിക്കണം. ഭൂഗർഭ ഇന്ധനടാങ്കുകൾ, പൈപ്പ് ലൈനുകൾ, ഇന്ധനംഇറക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുടെ സുരക്ഷയുംവിലയിരുത്തണം.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. മാർച്ചിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സത്യൻ കേളോത്ത്, ന്യൂനപക്ഷ കോൺഗ്രസ് പ്രസിഡന്റ് വി.ടി. ഷംസുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നാരായണി നിര്യാതയായി.
മാഹി.. ചാലക്കര വയലിലെ പരേതനായ കാരായി കുഞ്ഞിരാമന്റെ ഭാര്യ 'ശ്രീആശ്രം :നാരായണി ( 89 ) നിര്യാതയായി.
മക്കൾ:ഡോ: ഭാസ്ക്കരൻ കാരായി, മീനാക്ഷി ,അനിൽകുമാർ ,രാജൻ ,ഷജിത ,
ശ്രീലേഖ ശ്രീലത,പരേതനായ ശ്രീകമൽ
മരുമക്കൾ: നിഷാ ഭാസ്ക്കരൻ, പരേതനായ പി.പി.ശശിധരൻ , റിത്താഅനിൽകുമാർ .
ഷീന രാജൻ, ,സുന്ദരൻ (റിട്ട: എസ്.ബി.ഐ) അനിഷ്കുമാർ .
മാതൃ വാത്സല്യത്തിന്റെ ചിരാതണഞ്ഞു.
:ചാലക്കര പുരുഷു
നവതിയോളം സ്നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ ആലക്ഷ്മിവിളക്കണഞ്ഞു. വറ്റാത്ത സ്നേഹത്തിന്റെ ഉറവക്കണ്ണായിരുന്നു,, ഗ്രാമ വിശുദ്ധിയുടെ ആ അമ്മ മനസ്സ് .
വിളിക്കുന്നത് നാരായണിയേച്ചി എന്നാണെങ്കിലും, അവരെനിക്ക് സ്വന്തം അമ്മതന്നെയായിരുന്നു. ചാലക്കരയിലെ ആദ്യ കമ്മ്യൂണിസ്റ്റും, പിന്നീട് കീഴന്തൂർക്ഷേത്രത്തിലെ വെളിച്ചപ്പാടും, നാടാകെ അറിയുകയും, നാടിനെ അറിയുകയും ചെയ്ത കാരായി കുഞ്ഞിരാമേട്ടന്റെ സഹധർമ്മിണിയാണിവർ. എന്റെ അച്ഛന്റെ ആത്മ സുഹൃത്ത്... എന്റെ തറവാടിന്റെ വേർപിരിക്കാനാവാത്ത കുടുംബ സുഹൃത്ത്.. അവരുടെ മകൻ ഡോ: ഭാസ്ക്കരൻ കാരായി എന്റെ കളിക്കൂട്ടുകാരനായിരുന്നു..
അരനൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് ഓർമ്മകൾ ശരമെറിയുകയാണ്.
നോക്കെത്താ ദൂരത്ത് നെല്ല് വിളഞ്ഞ് കിടക്കുന്ന വിശാലമായ ചാലക്കര വയൽ. നാണു മാഷിന്റെ വീട്ടിൽ നിന്ന് നോക്കിയാൽ, കുറിച്ചിയിലെ റെയിൽ പാളത്തിലൂടെ കരിവണ്ടി പുക തുപ്പി ഓടുന്നത് കാണാം.വയലിന്റെ മധ്യത്തിൽ ഒരു കൊച്ചു വിട്.
അവിടെ ഒരു വിട് പണിയാനുള്ള പ്രചോദനം എന്റെ അച്ഛനായിരുന്നു.
വീടിന്റേയും, കിണറിന്റേയുമൊക്കെ പണിയെടുത്തതും അച്ഛനായിരുന്നു. വീട്ടിലേക്ക് മുന്നിലൂടെ വഴിയുണ്ടായിരുന്നില്ല. വലിയ വരമ്പത്ത് നിന്ന് തെന്നിമാറി,
കണ്ണൻ നായരുടെ കുളവും കടന്ന്,
കാപ്പ് കുളത്തിൽ നിന്നുംഒഴുകിയെത്തുന്ന തോടിന് കുറുകെ ഇട്ടിരുന്ന തെങ്ങിൻ തടികൾ കടന്ന് വേണം വീടിന് പുറകിലെത്താൻ. മഴക്കാലമായാൽ വിടിന് ചുറ്റിലും, വയലാകെവെള്ളത്തിൽ മുങ്ങിക്കിടക്കും. വീട് തീർത്തും ഒറ്റപ്പെട്ട നിലയിലായിരിക്കും.
വേനൽക്കാലമായാൽഅവിടെ വെള്ളരിയും .നിറയെ,പച്ചക്കറി കൃഷിയുമായിരുന്നു. ഞാനും, എന്റെ ജേഷ്ഠൻ ബാലേട്ടനും, വർഷങ്ങളോളം കാലത്തും വൈകിട്ടും അവിടെ വെള്ളം കോരാൻ പോകും. കുഞ്ഞിരാമേട്ടന് വിശാലമായ വയലുണ്ടായിരുന്നു. അവിടെ കൃഷിപ്പണി ചെയ്തിരുന്നത് നാരായണിയേച്ചിയായിരുന്നു. പറക്കമുറ്റാത്ത കുട്ടികളെ നോക്കണം. വീട്ടുപണിയെടുക്കണം.എന്നിട്ട് വേണം വയലിലെ പിടിപ്പത് പണിയെടുക്കാൻ . പാലക്കൂൽ താഴെ യിലെ കുളത്തിന്നരികിലെ പാലത്തിലാണ് ഭാസ്ക്കരനും, ഞാനും , കളത്തിൽ രവിന്ദ്രനും, എം എ കൃഷ്ണനും മുലേരിരാമകൃഷ്ണനും, വാഴയിൽദാമോദരനും, .അച്ചമ്പത്ത്ഗംഗനും, വത്സകുമാറും,ദിനേശനുമൊക്കെ അടങ്ങുന്ന സുഹൃദ് സംഘത്തിന്റെ വർഷങ്ങളോളമുള്ള താവളം. രാത്രി വൈകും വരെ ചീവിടുകളുടെയും പോക്രാച്ചി തവളകളുടേയും കരച്ചിൽ കേട്ട് , ആകാശത്തെ അസംഖ്യം നക്ഷത്രങ്ങളിലേക്ക് കണ്ണോടിച്ച് അങ്ങിനെ മലർന്ന് കിടക്കും. നാട്ടുവർത്തമാനങ്ങൾ പറയും. അവിടെ നിന്ന് ഭാസ്ക്കരന്റെ വീട്ടിലെത്തിയാൽ വെല്ലക്കാപ്പിയും , എന്തെങ്കിലും ഒരു പുഴുക്കും ഉറപ്പാണ്.
ചിലപ്പോൾ നെല്ല് കുത്തിയ അരിയുടെ പായസവും കിട്ടും.
ഇല്ലായ്മയുടെ നാളുകളിൽ അത് രുചിയേറും വിഭവങ്ങളായിരുന്നു.
ഉച്ചയൂണിന് വാഴയുടെ കുമ്പോ ,കാമ്പോ, കണ്ട യോ വറവായി ഉണ്ടാകും.
ഞങ്ങളെല്ലാം ആ അമ്മക്ക് മക്കൾ തന്നെയായിരുന്നു. പാലക്കൂൽ താഴെയിലെ സായന്തന ചർച്ചകളിൽ നിന്നാണ് ഒൻപതംഗങ്ങളടങ്ങിയ നവരംഗ് യങ്ങ് സ്റ്റേർസ് അറീന എന്ന സാംസ്ക്കാരിക സംഘടന .പിറവിയെടുത്തത്. സർഗ്ഗ ബിന്ദു എന്ന കൈയ്യെഴുത്ത് മാസിക വർഷങ്ങളോളം മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടു. നവരംഗ് ട്യൂഷൻ സെന്ററിൽ ഞങ്ങളിൽ പലരും ഏറെക്കാലം അദ്ധ്യാപകരായിരുന്നു. സാഹിത്യ ചർച്ചകൾ,. വാർഷിക പരിപാടികൾ എന്നിവയ്ക്ക് തുണയായി .ടി.ബാലകൃഷ്ണൻ മാസ്റ്റർ മാർഗ്ഗദർശിയായി നിലകൊണ്ടു.കശുവണ്ടി പെറുക്കി വിറ്റ് കിട്ടുന്ന തുകയുമായി
കുറിച്ചിയിലെ ആദർശ് ഹോട്ടലിൽ മസാല ദോശ തിന്നാനുള്ള നീണ്ടകാൽനടയാത്രകൾ... നസീറിനേയും, ഷീലയേയും , ജയഭാരതിയേയും കാണാൻ തലശ്ശേരിയിലെ മുകുന്ദ് ടാക്കിസിൽ സിനിമ കാണാനുള്ള ആവേശകരമായയാത്രകൾ...
ജീവിതത്തിന്റെ വസന്തകാലമായിരുന്നു ഞങ്ങൾക്കത്. ജീവിതവഴികളിൽ പലരും പലയിടങ്ങളിൽ ചേക്കേറി. ഭാസ്ക്കരന് ചാലക്കരയിലാദ്യമായി എം ബി.ബി.എസ്. ലഭിച്ചപ്പോൾ, നിഷ്ക്കളങ്കയായ ആ നാട്ടുമ്പുറത്തുകാരി അമ്മയുടെ സ്നേഹാതിരേകം ഇന്നലെയെന്നപോൽ മനസ്സിൽ മായാതെ കിടപ്പുണ്ട്.കളത്തിൽ രവീന്ദ്രനും, എം എ കൃഷ്ണനും പുതുച്ചേരി സർക്കാരിൽ ഉദ്യോഗസ്ഥരായി. ഒരാൾ ഗ്രന്ഥകാരനും, മറ്റെയാൾ കലാ-സാംസ്ക്കാരിക വകുപ്പിന്റെ മയ്യഴിയിലെ ചുമതലക്കാരനുമായി. വത്സകുമാർ മാഹിയിലും, ഗംഗൻ ബോട്സ്വാനയിലും മികച്ച അദ്ധ്യാപകരായി. ദിനേശൻ സഹകരണ പ്രസ്ഥാനത്തിന്റെ മയ്യഴിയിലെ മികച്ച ആസൂത്രകനായി. വാഴയിൽ ദാമോദരൻ ഏതാണ്ട് അരനൂറ്റാണ്ടു കാലമായി മുംബെയിൽ പ്രമുഖ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായി. രാമകൃഷ്ണൻ വില്ലേജ് ഓഫീസറായി. ഈയുള്ളവൻ എഴുത്തിന്റെ വഴിയൽ ഇന്നും സജീവ സാന്നിധ്യമായി. ഭാസ്ക്കരനാവട്ടെ, കടന്നു വന്ന വഴികൾ മറക്കാത്ത ജനകീയ ഡോക്ടറുമായി. എല്ലാവരുടേയും അമ്മയായ നാരായണിയേടത്തിക്ക് ഞങ്ങൾ അഭിമാനമായിരുന്നു , വല്യച്ഛൻമാരായ ഞങ്ങളെല്ലാം ഇന്നും മക്കൾ തന്നെയാണ് അവർക്ക്.....ആ സ്നേഹത്തിന്റെ ഊഷ്മളതയും ആർദ്രതയുമെല്ലാം അനുഭവിക്കാനായത് ജീവിതപുണ്യം.. ചാലക്കരയുടെ ആകാശത്ത് വെള്ളിയാഴചയിലെ പുലർകാലത്ത്, ധ്രുവദീപ്തി ചൊരിയുന്ന നക്ഷത്രമായി അവർ ഇനിയും ഞങ്ങൾക്ക് വെളിച്ചമേകാൻ അകലെ ആകാശത്ത് മിഴിതുറന്നിരിപ്പുണ്ടാകും
കൂടാളി യോഗി മാതാ ആശ്രമത്തിൽ ഹരിദാസൻ ആചാരി പാറാലും സംഘവും അവതരിപ്പിച്ച സംഗീത സുധ
സ്തനാർബ്ബുദ മാസാചരണം
കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.
കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, ധർമ്മടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി, സ്വാമിക്കുന്ന് യോഗ ടീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കെസിസിസി പ്രസിഡണ്ട് നാരായണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ഗീതമ്മ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ സ്വാഗതവും യോഗ ടീം ലീഡർ കെ ആശ നന്ദിയും പറഞ്ഞു.
പഞ്ചായത്തു മെമ്പർമാരായ ടി കെ മോഹനൻ, വി പ്രീജ എന്നിവരും സാന്ത്വനം സെക്രട്ടറി കെ കെ സന്തോഷ് കുമാറും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എം സി സി കമ്യൂണിറ്റി ഓങ്കോളജി ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ് ഡോ. എ പി നീതുവും ഡോ. ഫിൻസ് എം ഫിലിപ്പും കാൻസർ രോഗ നിർണ്ണയം, പ്രതിരോധം എന്നിവയെ കുറിച്ച് ക്ലാസുകൾ എടുത്തു. അറുപതോളം സ്ത്രീകൾ പരിശീലന പരിപാടികളിൽ പങ്കെടുത്തു.
നോർത്ത് കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നവംബർ 7 ന് മാഹിയിൽ
മാഹി: ഫിറ്റ്നസ് അക്കാദമിയും കേരള കിഡ്സ് അക്കാദമിയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന നോർത്ത് കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്-- 2026 നവംബർ 7 ശനിയാഴ്ച മാഹി കോളേജ് ഗ്രൗണ്ടിൽ നടക്കും.
മാഹിയിലെയും വടക്കൻ കേരളത്തിലെയും കുട്ടികൾക്ക് ഒരേ വേദിയിൽ തങ്ങളുടെ കായികമികവ് പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സ്കൂളുകൾക്കും രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കും സ്പോർട്സ് അക്കാദമികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരയിനങ്ങൾ: 50 മീറ്റർ ഓട്ടം, 50 മീറ്റർ ഹർഡിൽസ് ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, കിഡ്സ് ജാവലിൻ, 4 × 50 മീറ്റർ ഷട്ടിൽ റിലേ. അണ്ടർ-8, അണ്ടർ-10, അണ്ടർ-12 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് ക്യാഷ് പ്രൈസ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് പുതുച്ചേരി അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭ്യമാക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും നൽകും.
രജിസ്ട്രേഷൻ അവസാന തീയതി: ഒക്ടോബർ 26.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
നിഖിൽ രവീന്ദ്രൻ: 99955 5727, ഹിമേഗ്: 81293 36374, അർച്ചന 96566 88619. വാർത്താ സമ്മേളനത്തിൽ
പി.സി.ദിവാനന്ദൻ , പ്രേമൻ കല്ലാട്ട് , നിഗിൽ രവീന്ദ്രൻ , വ വി .എൻ .വത്സരാജ് , സുജിത്ത് കുമാർ സംബന്ധിച്ചു.
കെ.പി. ഫൗസിയ നിര്യാതയായി
മാഹി:ചാലക്കര കുഞ്ഞിപറമ്പത്ത് പരേതരായ മൊയ്തു - റാബിയ ദമ്പതികളുടെ മകൾ കാരായിൻ്റവിട കെ.പി.ഫൗസിയ (56) നിര്യാതയായി ഭർത്താവ്: കെ.ടി. റഷീദ് മകൻ.കെ.പി.ഷനീസ(മെക്കാനിക്കൽ എഞ്ചിനിയർകുവൈത്ത്) സഹോദരങ്ങൾ: സക്കരിയ,എം.വി.ശരീഫ.കെ.പി റൗഷത്ത് പരേതരായ എം.വി ഹംസ, കെ.പി റഫീക്ക്
ആണ്ടി മാസ്റ്ററെ അനുസ്മരിച്ചു
പള്ളൂർ എട്ടാം വാർഡ്കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുംപൗരപ്രമുഖനുമായിരുന്ന എ എം ആണ്ടിമാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി പരേതൻ അന്ത്യവിശ്രമം കൊള്ളുന്ന സ്വവസതിപരിസരത്ത് ചേർന്ന് അനുസ്മരണ യോഗത്തിൽ കെ മോഹനൻ, എം ശ്രീജയൻ, സജീവൻ മണ്ടപ്പറമ്പ് ,കുന്നുമ്മൽ ബാലൻ എന്നിവർ സംസാരിച്ചു
ഫോട്ടോ വിവരണം :
ആണ്ടിമാസ്റ്ററുടെ ചായ പടത്തിൽ കോൺസ്സ് പ്രവർത്തരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തുന്നു
ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
മാഹി.. ലോറിയിട്ടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
കല്ലിൽ താഴെ പ്രിയദർശിനി ബസ്റ്റോപ്പിന് സമീപം പറയന്റവിട കൃഷ്ണ നിവാസിൽ കോടിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്കെ. മനോജ് കുമാർ ( 59 ) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ എട്ടു മണിയോടെ പള്ളൂർ സബ്സ്റ്റേഷൻ സമീപത്തുള്ള സർവീസ് റോഡിലാണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ യാത്രക്കാരനായ മനോജ് കുമാറിനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.' സംഭവ സ്ഥലത്തുവച്ച് തന്നെ മനോജ് കുമാർ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കല്ല് ഇറക്കിയ ശേഷം തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന KL 56 W 5159 നമ്പർ ലോറിയാണ് അപകടത്തിനിടയാക്കിയത് .തലശ്ശേരി കോടിയേരി കൃഷ്ണ നിവാസിൽ അനന്തൻ്റെ മകനാണ് മരണപ്പെട്ട മനോജ് കുമാർ. അവിവാഹിതനാണ്
പരേതനായ കോറോത്ത് അനന്തന്റേയും . ജാനകിയുടെയും മകനാണ്.. സഹോദരങ്ങൾ ശൈലജ,
പവിഷരാജ്,ഷൈമ ,ഷാമിക,രഹിതൻ(മുംബൈ)പരേതരായ വാമനൻ, ക്യഷ്ണദാസ്, ശശിന്ദ്രൻ
വികസിത് ഭാരത് യങ് ലീഡേർസ് ഡയലോഗ് 2027: മാഹിയിലെ സർക്കാർ സ്കൂളുകളുടെ പ്രാതിനിധ്യം എവിടെ?
മൂന്ന് ഗ്രൂപ്പ് ഇനങ്ങളിൽ പങ്കാളിത്തം ഒരു ഇനത്തിൽ മാത്രം; വിദ്യാഭ്യാസ മേഖലയിൽ ഗൗരവമായ ചർച്ച വേണം
മാഹി: യുവജനങ്ങളുടെ ആശയങ്ങളും കഴിവുകളും ദേശീയ വികസനത്തിനായുള്ള കാഴ്ചപ്പാടുകളും അവതരിപ്പിക്കാൻ കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് അവസരമൊരുക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027 പരിപാടിയുടെ ഗ്രൂപ്പ് ഇനങ്ങളിൽ മാഹിയിലെ സർക്കാർ സ്കൂളുകളുടെ പ്രാതിനിധ്യം തീർത്തും പരിതാപകരം.
മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ മാഹിയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് പങ്കാളിത്തമുണ്ടായത് ഗ്രൂപ്പ് സോങ് ഇനത്തിൽ മാത്രമാണ്. ഐ.കെ. കുമാരൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് ഈ ഇനത്തിൽ പങ്കെടുത്തത്. മറ്റ് ഗ്രൂപ്പ് ഇനങ്ങളിൽ മാഹിയിലെ സർക്കാർ സ്കൂളുകളുടെ പ്രാതിനിധ്യമില്ലാത്തത് നിരാശാജനകമാണ്.
വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളും നേതൃത്വപാടവവും സംഘപ്രവർത്തനശേഷിയും ദേശീയതലത്തിലുള്ള വേദികളിൽ പ്രകടിപ്പിക്കാനുള്ള ഇത്തരം അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അവസരങ്ങൾ പരിചയപ്പെടുത്തുന്നതിലും അവരെ പരിശീലിപ്പിച്ച് മത്സരങ്ങൾക്ക് സജ്ജരാക്കുന്നതിലും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികൃതരും ശ്രദ്ധിക്കാത്തത് ഗൗരവമായ വിഷയമായി കാണേണ്ടതാണ്
മാഹിയിലെ സർക്കാർ സ്കൂളുകളിൽ കഴിവുള്ള വിദ്യാർത്ഥികൾക്ക് കുറവില്ല. എന്നാൽ അവരുടെ കഴിവുകൾ ഇത്തരം വേദികളിലേക്ക് എത്തിക്കുന്നതിനുള്ള ആസൂത്രണവും പ്രോത്സാഹനവും ഏകോപനവും നടക്കുന്നില്ല. ഭാവിയിൽ ഇത്തരം പരിപാടികളിൽ മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വിദ്യാർത്ഥികളുടെ കഴിവുകൾക്ക് അതിരുകളില്ല;അവ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉറപ്പാക്കുക എന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്.
സർക്കാർ ഹയർസെക്കന്ററി തലത്തിലെ കുട്ടികൾക്ക് സംസ്ഥാന തലത്തിലും ദേശീയതലത്തിലും മത്സരിക്കാനുള്ള അവസരമാണ് നഷ്ടമായത്
കിണർവെള്ളത്തിൽ പെട്രോൾ കലർന്ന സംഭവം: പ്രതിഷേധ ധർണ
മാഹി: പെട്രോൾ പമ്പിൽനിന്ന് കിണർവെള്ളത്തിൽ പെട്രോൾ കലർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുഞ്ഞിപ്പുരമുക്ക് റസിഡൻസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.പി. ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് കെ.പി. യതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.ടി. പ്രേമരാജൻ സമരാവശ്യങ്ങൾ വിശദീകരിച്ചു. ഷാജി പിണക്കാട്, കനക കനകരാജ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ.എം. പീതാംബരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗിരീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































