മാഹി: മതമൈത്രിയുടെ മണിനാദം മുഴങ്ങുന്ന മയ്യഴി ബസലിക്കയുടെ തിരുന്നാൾ മഹോത്സവത്തിനിടയിൽ കടന്നുവന്ന വിജയദശമി നാളിൽ പതിവു പോലെ ഇത്തവണയും ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ കുരുന്നുകൾക്ക് ആദ്യാക്ഷര മധുരംപകർന്നേകി.
നിലവിളക്കിനെ സാക്ഷി നിർത്തി, കുഞ്ഞു വിരലുകൾവൈദികന്റെകരസ്പർശത്തിൽ അരിയിൽഅക്ഷരങ്ങൾ ആലേഖനംചെയ്തു. നിരവധി കുട്ടികളാണ് വിശുദ്ധ മാതാവിന്റെ ദേവാലയത്തിൽ പെരുന്നാൾ വേളയിൽ,ആത്മീയവിശുദ്ധിയുടെ സുഗന്ധം വഴിയുന്നഅന്തരീക്ഷത്തിൽ,അക്ഷരലോകത്തേക്ക് കടന്നുവന്നത്.
ഇന്ന് ഉച്ചയോടെ , കഴിഞ്ഞ 17 ദിവസമായി പൊതു വണക്കത്തിന് വെച്ച വിശുദ്ധ മാതാവിന്റെ തിരുസ്വരൂപം തിരിച്ച് രഹസ്യ അറയിലേക്ക് ബസലിക്ക റെക്ടർ കൊണ്ടുപോകുന്നതോടെ ലക്ഷങ്ങൾ പങ്കെടുത്ത പെരുന്നാളിന് കൊടിയിറങ്ങും.
ചിത്രവിവരണം: റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നേകുന്നു.
കേരള സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ടി. അസഫലി ബസലിക്ക സന്ദർശിച്ചപ്പോൾ
ആർ.എസ്.എസ്. മയ്യഴി മണ്ഡലം വിജയദശമി മഹോത്സവത്തിൽ പ്രമുഖ ഗാന്ധിയൻ കീഴന്തുർ പത്മനാഭൻ അദ്ധ്യക്ഷഭാഷണം നടത്തുന്നു.
സംഘടിതശക്തിയിലൂടെ രാഷ്ട്രവിജയം; കുടുംബമൂല്യങ്ങൾ സംരക്ഷിക്കണം: കെ.എം. ശ്രീധരൻ മാസ്റ്റർ
ചാലക്കരയിൽ ആർ.എസ്.എസ്. പഥസഞ്ചലനവും വിജയദശമി ആഘോഷവും
മാഹി: സംഘടിതമായ സമാജശക്തിയിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ സമഗ്രവികസനവും ധാർമികമൂല്യങ്ങളുടെ സംരക്ഷണവും സാധ്യമാകൂവെന്ന് ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ കെ.എം. ശ്രീധരൻ മാസ്റ്റർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം മാഹി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ചാലക്കരയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയദശമി ധർമത്തിന്റെ വിജയത്തെ ഓർമിപ്പിക്കുന്ന ദിനമാണെന്നും നൂറുവർഷം പിന്നിട്ട സംഘപ്രവർത്തനം സംഘടിതശക്തിയുടെ പ്രാധാന്യമാണ് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിലെ മൂല്യശോഷണം, ലഹരിയുടെ വ്യാപനം, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം, യുവതലമുറ നേരിടുന്ന മാനസികസംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഗൗരവത്തോടെ കാണണം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്തിയും കുട്ടികളിലും യുവാക്കളിലും ധാർമികബോധവും കർത്തവ്യനിഷ്ഠയും വളർത്തിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി, ഭാഷ, സാമ്പത്തികനില തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന സമാജമാണ് ഭാരതീയ ദർശനം മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലമുറകൾ തമ്മിലുള്ള അകലം വർധിപ്പിക്കുന്നതിനുപകരം മൂല്യങ്ങളുടെ തുടർച്ച ഉറപ്പാക്കണം. ഗ്രാമങ്ങളിലും നഗരങ്ങളിലും സേവനസന്നദ്ധരും മൂല്യബോധമുള്ളവരുമായ വ്യക്തികളിലൂടെ ശക്തമായ സമാജത്തെ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കീഴന്തൂർ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സായന്ത് ടി. പരിചയഭാഷണം നടത്തി.
പൊതുപരിപാടിക്ക് മുന്നോടിയായി പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനം ഇരട്ടപ്പിലാക്കൂൽ, പള്ളൂർ പോലീസ് സ്റ്റേഷൻ വഴി ചാലക്കര മഹാത്മാഗാന്ധി ഗവ. കോളജ് ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് സ്വയംസേവകരുടെ ശാരീരിക പ്രദർശനങ്ങളും അരങ്ങേറി.
ജഗന്നാഥ ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പതിനൊന്ന് ദിവസങ്ങളിലായി നടന്ന നവരാത്രി ആഘോഷം സമാപിച്ചു. വിജയദശമി ദിനത്തിൽ ക്ഷേത്രം മേൽശാന്തി രാമചന്ദ്രന്റെ കാർമികത്വത്തിൽ വിദ്യാരംഭം നടന്നു.
വിനു ശാന്തി, ബിനീഷ് ശാന്തി, അനുപ് ശാന്തി, രാതുൽശാന്തി എന്നിവരാണ്
കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ ആയുധപൂജയും വാഹനപൂജയും നടന്നു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാസംഘങ്ങളുടെ നേതൃത്വത്തിൽ ഭജൻ, കർണാടക സംഗീതം, ഭക്തിഗാനമേള, സംഗിതാർച്ചന, നൃത്തപരിപാടികൾ എന്നിവ അരങ്ങേറി. ക്ഷേത്രം ഡയറക്ടർമാർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
ചിത്രവിവരണം: ജഗന്നാഥക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നേകുന്നു
ഊരാച്ചേരി ഗുരുസന്നിധിയിൽ
ചൊക്ലി:ഊരാച്ചേരി ഗുരുസന്നിധിയിൽ വിദ്യാരംഭം കുറിച്ചു വിജയദശമി നാളിൽ രാമവിലാസം റിട്ടയർഡ് പ്രിൻസിപ്പാൾ എം ഹരീന്ദ്രൻ മാസ്റ്ററാണ് കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകിയത് തുടർന്ന് നടന്ന ചടങ്ങിൽ എം ഹരീന്ദ്രൻ, കെ.പി.വിജയൻ കെ കുഞ്ഞൻ മാസ്റ്റർ, ടി.ടി.കെ ശശി സംസാരിച്ചു.പ്രഫ: എം.അശോകൻ അധ്യക്ഷതവഹിച്ചു. കെ.ടി.കെ പ്രദീപൻ സ്വാഗതവും വി.കെ.രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: എം. ഹരീന്ദ്രൻ മാസ്റ്റർ ആദ്യാക്ഷരം പകർന്ന് നൽകുന്നു.
പരിമഠം ദുർഗാ ക്ഷേത്രത്തിൽ വൻ തിരക്ക്
ന്യൂമാഹി:വിജയദശമി നാളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുരാതനമായ പരിമഠം ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തി. നവരാത്രി ആഘോഷങ്ങളുടെയും പൂജവെപ്പിന്റെയും സമാപനം കുറിച്ചുകൊണ്ട് നടന്ന വിജയദശമി ചടങ്ങുകളിൽ പങ്കെടുക്കാൻ ഭക്തരുടെ വലിയ തിരക്കാണ്അനുഭവപ്പെട്ടത്. പ്രമുഖരുടെ സാന്നിധ്യത്തിൽ നിരവധി കുട്ടികൾ അക്ഷരവെളിച്ചത്തിലേക്ക് ആദ്യചുവടുവെച്ചു. നാവിൻതുമ്പിൽ ഹരിശ്രീ കുറിച്ച്, അരിയിൽ ആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്ക് മധുരവും സരസ്വതീ പ്രസാദവും വിതരണം ചെയ്തു.
ക്ഷേത്രത്തിലെത്തിയ മുഴുവൻഭക്തജനങ്ങൾക്കുമായി വിപുലമായ പ്രഭാതഭക്ഷണ വിതരണവും ക്ഷേത്ര ട്രസ്‌റ്റി ബോർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
ചിത്രവിവരണം: ദർശനത്തിനെത്തിയ ഭക്തർ
മാഹി മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ ഇന്ന് കാലത്ത് നടന്ന വിദ്യാരംഭം ചടങ്ങിൽ ക്ഷേത്രം മേൽ ശാന്തി ശ്രീ മണിലാൽ കുട്ടികൾക്ക് ദേവീ സ്തോത്രങ്ങൾ ചൊല്ലിക്കൊടുക്കുന്നു.
കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് സി.വി. രാജൻ പെരിങ്ങാടി
ഒളവിലം: മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി. രാജൻ പെരിങ്ങാടി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.
വരപ്രത്ത് കാവിൽ നവരാത്രിആഘോഷങ്ങൾ സമാപിച്ചു.
ന്യൂമാഹി :ഭക്തിസാന്ദ്രമായചടങ്ങുകളും, വൈവിധ്യമാർന്ന കലാപരിപാടികളുമായി ചാലക്കര ശ്രീ വരപ്രത്ത് കാവിൽ നവരാത്രിആഘോഷങ്ങൾ സമാപിച്ചു
ക്ഷേത്രം പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ സാംസ്ക്കാരിക സദസ്സ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ കെ.കെ.രാജീവ് സംസാരിച്ചു. മാതൃ സമിതി പ്രസിഡണ്ട് ലീന സ്വാഗതവും, രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കലൈമാമണി കെ.കെ.രാജീവ് നയിച്ച സംഗീതാർച്ചനയിൽ യുവ സംഗീതജ്ഞരായ കെ. പി അദിബ്. കെ.കെ.ഷാജ്, കെ.കെ.പ്രദീപ് ഉൾപ്പടെ നിരവധി ഗായകർ പങ്കെടുത്തു.
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരമുള്ളപ്പറമ്പ് ക്ഷേത്രത്തിൽ വിദ്യാരംഭം
മാഹി: ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങ് നടന്നു. ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി ഹരിശ്രീ കുറിച്ചുനൽകി. തുടർന്ന് ഗ്രന്ഥം എടുത്തു.
മഹാനവമി നാളിൽ വാഹനപൂജയും നവരാത്രി ദിനങ്ങളിൽ സരസ്വതീപൂജ, ഗണപതിഹോമം എന്നിവയും നടന്നു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണവും ഭജനയും സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
കീഴന്തൂർ പത്മനാഭൻ
ആർ.എസ്.എസ്. വേദിയിൽ
മാഹി: മാഹിയിലെ പ്രമുഖ ഗാന്ധിയനും , മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവും, മാഹി വിമോചന സമര നേതാവ് ഐ.കെ.കുമാരൻ മാസ്റ്ററുടെ സന്തത സഹചാരിയുമായിരുന്ന കീഴന്തുർ പത്മനാഭൻ ആർ.എസ്.എസ് വേദിയിൽ.
വിജയദശമിയോടനുബന്ധിച്ച് ചാലക്കരയിൽ നടന്ന പദസഞ്ചലന സമാപന വേദിയിലാണ് പത്മനാഭൻ അദ്ധ്യക്ഷനായത്. പുതിയ കാലത്ത് ആർ.എസ്.എസ്. പ്രവർത്തനം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രവിവരണം: ആർ.എസ്. എസ്.വേദിയിൽ ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































